മധു കെ.
വടക്കൻ കേരളത്തിന്റെ സംസ്കൃതിയുടെ നാഡി – ഞരന്പുകളിലൂടെ അനുസ്യൂതമായി പ്രവഹിക്കുന്ന ജീവരക്തമാണ് തെയ്യങ്ങൾ. ആ പ്രവാഹത്തിനുണ്ടാകുന്ന ഏതു തടസ്സവും ക്രമേണ ഒരു ജനസംസ്കൃതിയുടെ തിരുശേഷിപ്പുകളില്ലാത്ത അന്ത്യത്തിലേക്കു നയിക്കും.പരമ്പരാഗതമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരുടേയും ഭക്തരുടേയും ആസ്വാദകരുടേയും നിസ്വാർത്ഥതയും അഭിനിവേശവുമാണ് ഈ അനുഷ്ഠാനത്തെ മുന്പോട്ടു നയിച്ചത്. അത്തരത്തിലുള്ള ഒരു തെയ്യ പാരമ്പര്യത്തിന്റെ തിളങ്ങുന്ന കണ്ണിയാണ് ശ്രീ. കുഞ്ഞിരാമൻ പണിക്കർ പെരുന്തലേരി.
ഇപ്പോൾ 76 കാരനായ അദ്ദേഹം ആറാം വയസ്സിൽ ആടിവേടൻ കെട്ടിയാണ് തെയ്യത്തിൽ ഹരിശ്രീ കുറിച്ചത്.
10 വയസ്സു മുതൽ ഗുളികൻ.വിഷ്ണുമൂർത്തി ,പൊട്ടൻ ദൈവം തുടങ്ങിസ്വസമുദായത്തിലെ ഏതാണ്ട് എല്ലാ തെയ്യങ്ങളേയും അവതരിപ്പിച്ചു തുടങ്ങി.
പതിനഞ്ചാം വയസ്സിൽ തീച്ചാമുണ്ഡി ചെയ്ത് കുറുമാത്തൂർ തമ്പുരാന്റെ കൈയിൽ നിന്ന് ആചാരം ലഭിച്ചു. ആ സപര്യ
2015 വരെ തുടർന്നു. അദ്ദേഹത്തിന്റെ മുടി വച്ച ഗുളികൻ ഏറെ പ്രശസ്തമാണ്. ആസ്വാദക മനസ്സിൽ ചിരസ്ഥായിയായി നില്ക്കുന്ന ഒരനുഭവമായിരുന്നു അത്. 800 ൽ അധികം ക്ഷേത്രാങ്കണങ്ങളിൽ അദ്ദേഹം ഗുളികനെ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു പക്ഷെ അതൊരു ‘റിക്കോർഡാ’യിരിക്കും. നമ്മൾ വിലമതിക്കാതെ പോയ ‘റിക്കോർഡ് ‘. തെയ്യക്കോലങ്ങൾക്ക് വിരാമമിട്ടെങ്കിലും ജീവന്റെ ഭാഗമായ തെയ്യത്തെ ഉപേക്ഷിക്കാൻ അദ്ദേഹത്തെപോലുള്ള കലാകാരന്മാർക്കാവില്ല. അവരുടെയൊക്കെ ജീവിതം തെയ്യത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടതാണ്.
അതു കൊണ്ടു തന്നെ അണിയല നിർമ്മാണവും അവയുടെ നവീകരണങ്ങളുമൊക്കെ ആയി ഇന്നും അദ്ദേഹം സജീവമാണ്. തെയ്യവുമായി ബന്ധപ്പെട്ട മുഖത്തെഴുത്ത്, തോറ്റം , ചെണ്ട, അണിയലനിർമ്മാണം എന്നിങ്ങനെ എല്ലാ മേഖലകളിലും നിഷ്‌ണാതനാണദ്ദേഹം.
ശ്രീ.കേളുപ്പണിക്കരുടേയും ശ്രീമതി .ചെറിയയുടേയും മകനായ കുഞ്ഞിരാമൻ പണിക്കർക്ക് തെയ്യത്തെക്കുറിച്ചറിയാൻ ദൂരെയെങ്ങും പോകേണ്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ അച്ഛൻ അത്ര പ്രശസ്തനായ
തെയ്യം കലാകാരനായിരുന്നു. ആ കാലഘട്ടത്തിൽ ആചാരം ലഭിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. ഈ മഹിതമായ പാരമ്പര്യത്തെ ഭദ്രമായി പുതുതലമുറയിലേക്ക് പകരാൻ ശ്രീ .കുഞ്ഞിരാമൻ പണിക്കർക്ക്
കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പുത്രൻ ശ്രീ.പ്രേമൻ പണിക്കർ അറിയപ്പെടുന്ന തെയ്യക്കാരനാണ്. പേരമകൻ പ്രമീഷ് പണിക്കർ സമകാലീന തെയ്യം രംഗത്തെ ശക്തമായ യുവ സാന്നിദ്ധ്യമാണ്.തെയ്യം നിനവും കനവുമായി കൊണ്ടു നടക്കുന്ന ഇത്തരം പ്രതിഭകളെ ഓർമ്മിക്കാനും സഹായിക്കാനും കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതിനെക്കുറിച്ച് നാം ഗൗരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശ്രമങ്ങൾ
ഇല്ലെന്നല്ല. പക്ഷെ അവയ്ക്ക് കൃത്യമായ ഒരു ഏകോപനം ഉണ്ടാവേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു ശ്രമം
എവിടുന്നാണ് തുടങ്ങുക?
ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം. തെയ്യം തന്നെ ജീവിതമാക്കി അതിനു വേണ്ടി മാത്രം ജീവിക്കുന്ന ശ്രീ.കുഞ്ഞിരാമൻ പണിക്കർക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.