ആലപ്പുഴ: വയലാർ രാമവർമയുടെ സ്മരണാർഥം യുവകലാ സാഹിതി ഏർപ്പെടുത്തിയ പ്രഥമ വയലാർ രാമവർമ കവിതാ പുരസ്കാരം ആര്യ ഗോപിക്ക്. പകലാണിവൾ എന്ന കവിതാ സമാഹാരമാണ് ആര്യയെ പുരസ്കാരത്തിനു അർഹയാക്കിയതെന്ന് ജഡ്ജിംഗ് കമ്മിറ്റി ചെയർമാൻ വയലാർ ശരത്ചന്ദ്രവർമ പത്രസമ്മേളനത്തിൽ വ്യക്‌തമാക്കി. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 30നു വയലാറിന്റെ 90–ാം ജന്മദിനത്തിൽ രാഘവപ്പറമ്പിലെ സ്മൃതികുടീരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
40 വയസിൽ താഴെയുള്ളവരെയാണ് ഇക്കുറി അവാർഡിനായി പരിഗണിച്ചത്. വരും വർഷങ്ങളിൽ അത് 47നു താഴെയെന്നാക്കും. 60 കൃതികളാണ് സംസ്‌ഥാനതലത്തിലുള്ള അവാർഡിന്റെ പരിഗണനയിൽ വന്നത്. ഇവയിൽ രണ്ടാമതെത്തിയ കാണാത്തമഴ എന്ന കാവ്യസമാഹാരത്തിന്റെ രചയിതാവ് ഫാസില സലീമിന് പ്രത്യേക ജൂറി പുരസ്കാരവും നല്കും. പത്രസമ്മേളനത്തിൽ യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, കവി രാജൻ കൈലാസ്, ജില്ലാ സെക്രട്ടറി അസീഫ് റഹീം എന്നിവരും പങ്കെടുത്തു.