വരുൺ അടുത്തില
അതിയടത്തോറ് തെയ്യത്തെയും കവിഞ്ഞ തെയ്യക്കാരനായിരുന്നു. അതിയടം ഗ്രാമത്തിന്റെ കുലചിഹ്നം. കണ്ണപ്പെരുവണ്ണാനിൽ അതിയടം നാടും അതിയടം മണ്ണിൽ കണ്ണപ്പെരുവണ്ണാനും അലിഞ്ഞു ചേർന്നു….
തെയ്യം ഒരാഘോഷമായിട്ടില്ലാത്ത ഇന്നലകളുടെ വറുതിയിൽ പൊരുതി വളർന്ന വാല്യക്കാരൻ. ജാതീയതയുടെ കനലുകൾ കെട്ടു പോയിട്ടില്ലാത്ത നിരിപ്പിൽ ചവുട്ടി പൊള്ളിത്തഴമ്പിച്ച കാലുകളിലെ ചിലമ്പുകൾ ഗർജിച്ചു കൊണ്ടിരുന്നു. ഒരു തെയ്യക്കാരന് താണ്ടാൻ പറ്റാത്ത ദൂരങ്ങളിലത്രയും കണ്ണപ്പെരുവണ്ണാൻ നഗ്ന പാദനായി നടന്നു. തെയ്യക്കാരന്റെ ശരീരമെന്നത് ഒരു സമരായുധം കൂടിയാണ്. എല്ലാ പരിമിതികൾക്കപ്പുറമുള്ള നിത്യമായ നിഗൂഢതയായി ശരീരമെന്ന വിസ്മയം തെയ്യത്തെ കരുതി കാത്ത് വെച്ചു. തെയ്യം പല പുഴകളായി അതിയടം കണ്ണപ്പെരുവണ്ണാന്റെ ഗാത്ര സമുദ്രത്തിൽ ഒഴുകിയ വസാനിച്ചു. വണ്ണാൻ കണ്ണന്റെ വരവിളിയിൽ കദനൂരും മുത്താർ മുടിയും ഞെട്ടി വിറച്ചു. പുളഞ്ഞ് വീശുന്ന ഉറുമിയിലെ തീയിൽ വന്താർമുടി കരിഞ്ഞുണങ്ങി. തെയ്യക്കാരന്റെ കായ കാന്താരത്തിൽ വൻ മരങ്ങളുലഞ്ഞു. വന്യവീര്യം ഉറഞ്ഞു. വരവിളി കേട്ട് ചുരമിറങ്ങിയ കതിവനൂർ വീരനെന്ന കാട്ടുദേവൻ ഉച്ച സൂര്യനെ പോലെ പോർ നിലത്തിലുറയുന്ന അതിയടത്തോറെ കണ്ട് ഭയഭക്തിയോടെ തൊഴുത് നിന്നു. അതിയടം കണ്ണപ്പെരുവണ്ണാനും മരിച്ച മന്നപ്പനും ചെമ്മരത്തിക്കുമൊപ്പം
വന്താർ മുടിയാറ്റിൽ നീരാടി. … അതിയടം നാട്ടിലെ മണ്ണും മരവും ആകാശവും വെട്ടിയുറഞ്ഞ് വെളിപ്പെട്ടു. ദൈവക്കരുവായി വെള്ളി നക്ഷത്രമായി കണ്ണപ്പെരുവണ്ണാൻ ഉച്ച വാനിൽ തെളിഞ്ഞു…….