‘ധാർമ്മിക’ ജീവിതം നയിക്കുന്നവരുടെ ഒരു മ്യൂസിയം ആണത്. ലോകത്തിന്‍റെ ഒരു മിനിയേച്ചർ വർക്ക്. മിനി ഗോള്‍ഡ് എന്ന പോലെ. തന്റെ ജീവിതം തുറന്നതും ശുദ്ധവും ആണെന്ന്‍ ഫോണിലൂടെ ഉറക്കെ മിണ്ടുന്നവർ അർത്ഥമാക്കുന്നുണ്ട്. ശരീരം ഒരു ഭാഷാ പ്രയോഗമാണെങ്കിൽ അതിലെ വാചക ഘടന മുതൽ സ്പെല്ലിംഗ് വരെ പൊതു ഉപയോഗത്തിന് ഉള്ളതാണെന്ന നിലയിൽ ക്രമീകരിച്ചു വെച്ചിരിക്കുകയാണ്. ആണും പെണ്ണും അതെ! തങ്ങൾ അപ്പോൾ അവിടെ ഉള്ളവർ അല്ലെന്നും നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു സീ സീ ടീവി ദ്രിശ്യമാണെന്നും അവർ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നു.
സീറ്റിൽ എത്തി രണ്ടാം മിനിറ്റിൽ ഒരു ഓഫീസ് അനക്സ് സ്വയം ഉദ്ഘാടനം ചെയ്തു കൊണ്ട് രണ്ടോ മൂന്നോ ഭാഷകളിൽ പ്രവർത്തനമാരംഭിക്കുന്ന ‘മിടുക്കരായ’ ചില ചെറുപ്പക്കാർ. ലാപ് ടോപ് ചാർജ് ചെയ്യാൻ വെക്കുന്നതോടെയാണു മീറ്റർ ചാടുക. ”നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും ഏതോ യുദ്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്കതിനെ കുറിച്ച് ഒന്നുമറിയില്ല. ക്ഷമിച്ചാലും” എന്ന രീതിയില്‍ ഒരു ഉദ്ദരണി കണ്ടിട്ടുണ്ട്. ”സമ്മതിച്ചിരിക്കുന്നു. പക്ഷെ ഞങ്ങള്‍ ഇതൊന്നു മുഴുവനാക്കിക്കോട്ടേ ” (സോമന്‍ ജെ.പി.ജെ )
സ്മാർട്ട് ഫോണിൽ പെൺകുട്ടികളുടെ പോസ്റ്റിനു താഴെ തുറന്നു പ്രവർത്തിക്കുന്ന ‘അശ്ലീല കമന്റ് സൈറ്റുകൾ’ സേർച്ച് ചെയ്തും സ്ക്രോള്‍ ചെയ്തും ലൈക്ക് ചെയ്തും കൺപോള വീർത്ത് ഭംഗിയും ഗ്രെയ്സും നഷ്ടപ്പെട്ട് പഴകിയ എണ്ണക്കടികൾ പോലെയിരിക്കുന്ന ആണ്മുതലാളിമാരാണു വേറെ ഒരു പ്രധാന ആകർഷണം.
പല ഈണങ്ങളിലുള്ള ”അസ്സലാമു അലൈക്കും വഅലൈക്കുമുസ്സലാം മുതല്‍, ഓല കുടുങ്ങിയത് പോലെ ഒരേ തരത്തില്‍ റിപ്പീറ്റ് ചെയ്യുന്ന “നമസ്കാരം സഖാവേ” വരെയുള്ള വിവിധ ഇനം അഭിവാദ്യ ശകലങ്ങള്‍ മറ്റൊരു വശത്ത്. വീട്ടിൽ ആക്കിപ്പോന്ന മക്കളെ ഫോണിൽ ഭീഷണിപ്പെടുത്തുന്ന സ്നേഹ വാരിജങ്ങളായ രക്ഷിതാക്കൾ.
എണ്‍പതുകളിലെ ശ്യാം സംഗീതം ആരുടെയോ കൈ തട്ടിപ്പോയത് എന്ന നിലയിൽ ഒരു തവണയെങ്കിലും ഏതെങ്കിലും ഒരു മൂലയിൽ നിന്നും ഉയരാതിരിക്കില്ല എന്ന നിങ്ങളുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, ഓഡിയോ വീഡിയോ വാട്സപ് ഷെയറുകൾ അന്തരീക്ഷത്തെ ഉദ്ബുദ്ധമാക്കിക്കൊണ്ടിരിക്കും.
പരദൂഷണത്തിന്റെ ഓഡിയോ നല്ല രസമാണു കേള്‍ക്കാന്‍ .ആണുങ്ങളെക്കുറിച്ചാണെങ്കിൽ തുറന്നും ഉറക്കെയും! പെണ്ണാണു കേന്ദ്ര വിഷയമെങ്കിൽ കൈ പൊത്തിപിടിച്ച് “അത് ഞാൻ നേരിട്ട് പറയാം” എന്നൊരു ശബ്ദം താഴ്ത്തലുണ്ട്.വാഹ്! ആ ‘മാന്യത’ സ്തുത്യർഹം തന്നെ.
(ഈ ഒരു പാരഗ്രാഫിൽ മാത്രം ജെന്റ്സിനു മുന്തൂക്കം )
തൊട്ടടുത്തിരുന്നാലും അവസാനം വരെ മിണ്ടാത്ത ചില സുന്ദരിപ്പെണ്ണുങ്ങൾ നിങ്ങളെ വേദനിപ്പിക്കും..പല കാലങ്ങളിലായി അവരെ അങ്ങോട്ട് വേദനിപ്പിച്ചതെല്ലാം ഒരു നിമിഷം കൊണ്ട് മറന്നിട്ട് പകരം അവര്‍ ഇങ്ങോട്ട് മിണ്ടാത്തത് നാറിയ ചില ആണുങ്ങള്‍ കാരണമാണെന്ന്‍ മനസ്സിലാക്കി വെക്കും .അതോടെ എല്ലാ ചെറ്റ ആണുങ്ങളെയും നിങ്ങൾ കൊലക്കുറ്റത്തിനു ശിക്ഷിച്ചുകൊണ്ടിരിക്കും.മുഴുവന്‍ കേസിൽ നിന്നും സ്വയം ഊറിപ്പോരാന്‍ നോക്കും .അതിനു തന്നത്താൻ ആളൂരാകും .അങ്ങനെ സഹയാത്രികയുടെ സൌഹൃദത്തിന്‍റെ ഒരിറ്റ് കരുണക്ക് വേണ്ടി മുഴുവൻ സമയവും ശരീരത്തെയും മനസ്സിനെയും പരിചയമോ പഴക്കമോ ഇല്ലാഞ്ഞിട്ടും ഒതുക്കി ഒതുക്കി ഒതുക്കി ഒടുവിൽ അത് വലിയ ഒരു ഗ്യാസ് പ്രശ്നം പോലും ആയിത്തീർന്ന് സ്വയം വെറുത്ത് എപ്പോഴോ ഉറങ്ങിപ്പോയി പിന്നെ എണീകുമ്പോള്‍ തൊട്ടടുത്ത് വേറെ ഏതോ ഒരു എണ്ണക്കടിയെ കണ്ട് “മതി, ജീവിതം ” എന്നായിപ്പോകുന്ന നിങ്ങൾ എന്ന ധാർമ്മികത! ഓരോ ആണും വേറൊരാണിന്റെ എണ്ണക്കടി ആകുന്നു എന്ന ജനാധിപത്യത്തിലെ സാമാന്യ തത്വം പോലും മറന്ന് പിന്നെ നിങ്ങൾ യാത്രയിലുട നീളം കാണുന്ന എല്ലാ ആളുകളോടും ശത്രുവിനെപ്പോലെ പെരുമാറുന്നു!.അത് നിങ്ങളെ വലിയ ഒരു രോഗിയാക്കും.
(ജെന്റ്സ് പോർഷൻ എന്‍ഡ്)
ടിടീഇ യുടെ ധാർമ്മികതയാണ് ഭീകരം.പക്ഷെ,ഞാൻ ഗോവിന്ദച്ചാമി അല്ല എന്നു പറയാതെ പറഞുകൊണ്ട് കിട്ടിയത് കിട്ടി എന്ന് വെച്ച് വേഗം നടന്നു പോകുന്ന നേരിയ ശരീര വ്യതിയാനമുള്ള ഒരു പാവം ഭിക്ഷക്കാരന്‍റെ ധാർമ്മികതയോട് മുട്ടിച്ചു നോക്കിയാല്‍ അതൊന്നുമല്ല.
ഇങ്ങനെ പറയാനാണെങ്കിൽ ഇഷ്ടം പോലെയുണ്ട്.ഇതിനേക്കാൾ നന്നായി എഴുതുന്നവർക്ക് ഇതിനേക്കാൾ അതിനു കഴിയും.
മെറ്റഫര്‍ ആയാലും അല്ലെങ്കിലും ഈ ട്രെയിൻ തന്നെയാണു എല്ലാ പാളങ്ങളിലൂടെയും ഓടിക്കൊണ്ടിരിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ … സ്വകാര്യതയുടേയും സ്വതന്ത്രതയുടേതുമായ എല്ലാ സമാധാന അവകാശങ്ങളും നഷ്ടപ്പെട്ട് കേവലം ‘ധാർമ്മിക പൊതു ഇടങ്ങൾ’ മാത്രം ആയി മാറാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു, ഹോട്ടൽ മുറികളും വീടുകളും പുറം പോക്ക് ഭൂമിയിലെ ടെന്റ് ജീവിതങ്ങളും പാർക്കുകളും ബീച്ചുകളും അടക്കം എല്ലാ ഏരിയകളും. ഡ്രൈ പ്ലേയ്സസ്.
ഒമര്‍ഖയാമിന്‍റെ മുന്തിരിത്തോട്ടം നിറയെ സീസി ടീവി ആണ് !
പ്രേമം എന്നു പറയുന്ന സംഗതി ഇല്ല എന്നതോ പോട്ടെ,ഉണ്ടെന്നു കരുതുന്ന മിക്കതും ധാർമ്മികതയുടെ എക്സിബിഷൻ സെന്ററുകളോ പൊളിറ്റിക്കൽ കറക്ട്നസ്സിന്‍റെ സ്വാഗത സംഘം ഓഫീസുകളോ ആകുന്നു . എല്ലാ തരം പ്രണയപ്രകടനപരതകളും അതിന്റെ ടിക്കറ്റ് കൊണ്ടറുകൾ ആണ് . ഒരു നിലക്ക് നോക്കിയാൽ കെട്ടിപ്പിടിച്ചുമ്മകളൊക്കെ ഒരു തരം കെട്ടിപ്പിടിച്ചു കരച്ചിൽ തന്നെയാണു.ഒരു ചുക്കും ഇവിടെ നടക്കുന്നില്ല. ആഗ്രഹങ്ങളും സംശയങ്ങളും തമ്മില്‍ ഏറ്റുമുട്ടി ക്ഷീണിക്കുന്നു .എന്തിനെയും ആരും എപ്പോഴും കൌണ്ടര്‍ ചെയ്തിട്ടുള്ളതും സെയിം ടൂള്‍ (എന്ത് കൊണ്ട് എതിര്‍ത്തുവോ അത് )ഉപയോഗിച്ചു തന്നെ !
അരാചക വാദികള്‍ അടക്കം നന്മ നന്മ എന്ന് പറയുന്നത് കേട്ട് കേട്ട് ചടച്ചു ! സിനിമയില്‍ കോടതി കാണിക്കുമ്പോള്‍ ”ഓഡര്‍” ‘ഓഡര്‍” എന്ന്‍ ചുറ്റിക മേടിയിരുന്നത് പോലെ അരോചകം.
വാസ്തവം മറ്റൊന്നാണെങ്കിലും (**** ഈസ് സംവേര്‍ എല്‍സ് ) എഫ്.ബി നോക്കി നോക്കി ഇപ്പോള്‍ എഫ് .ബി ക്ക് പുറത്തുള്ള ലോകവും അതുപോലെ ആണെന്ന് തോന്നാന്‍ തുടങ്ങിയിരിക്കുന്നു. ഒരാള്‍ നടന്നു വരുമ്പോള്‍ ഒരു പ്രൊഫൈല്‍ ഇങ്ങനെ നടന്നു വരുന്നത് പോലെ ഒറ്റ മുണ്ട് മാതിരി ഒരു ഹൈക്കുവും തോളിലിട്ട് ! ഇളകിയ ഒരു ഇഷ്ടിക മതില്‍ അതിന്‍റെ മറ്റേ കഷണത്തെ തിരയുന്നത് പോലെ,സ്മൈലിയില്‍ വിയര്‍ത്ത് !