സിംഗോണിയ സിംഗോണിന്റെ ‘Ascetic Cultivation’ എന്ന കവിതയുടെ വിവർത്തനം.

0
222

വിവർത്തകൻ : സനൽ ഹരിദാസ്

സന്യാസ പരിശീലനം

എന്റെ സ്വീകരണമുറിയിലേത്
സംഗീതത്തിന്റെ അഭാവമായിരിക്കാം
അല്ലെങ്കിൽ ഞാൻ കുടി നിർത്തിയ
വീഞ്ഞിന്റേതുമാകാം.

തന്റെ മുത്തശ്ശിയുടെ കൈകളിൽ
എന്റെ മകനാകാമത്‌.
അല്ലെങ്കിൽ വിദൂരമായ ഗ്രാമപ്രദേശത്തെ നായയുമാകാം

ഇന്നീ രാത്രിയിൽ വീർപ്പുമുട്ടിക്കുന്ന
മദം എന്റെ നെഞ്ചിൽ വിടർത്തുന്നത് എന്താണ്.

വിധിയുടെ പ്രവർത്തനത്തിന്
തടസ്സമാകാതിരിക്കാൻ
ഞാൻ ടെലിഫോൺ പ്രവർത്തനരഹിതമാക്കുന്നു.

അപ്രകാരം വ്യാജസ്തുതിയേയും യോഗത്തെയും കെട്ടുപിണക്കാതിരിക്കാനായി

തെരുവിൽ നിന്ന് വിനോദസഞ്ചാരികളുടെ
ആരവമുയരുന്നു
അത് ജനാലയിൽ കയറിക്കൂടുന്നു
എന്റെ ആത്മഭാഷങ്ങളുടെ ചിലന്തിവലയിലും

ഉറക്കമില്ലായ്മയെ ധരിച്ചൊരു മാലാഖ
ഈ മയക്കത്തിനു മീതേ
കാവൽ നിൽക്കുന്നതായി വിശുദ്ധ ഗ്രന്ഥങ്ങളിൽ ഞാൻ വായിച്ചിട്ടുണ്ട്

ശാശ്വതമെന്ന് *സിസിഫസ് എന്നെ പഠിപ്പിച്ച
വിഷാദത്തെ ഞാൻ മാറ്റിവച്ചു
ഉച്ചസ്ഥായിയിൽ പൊട്ടിത്തെറിക്കുന്ന സ്ഫോടക വസ്തുക്കളെന്ന്
ജീവിതമെന്നെ പഠിപ്പിച്ച
സ്വപ്നങ്ങളെ ഞാൻ മാറ്റിവെച്ചു.

സുനിശ്ചിതമായവയുടെ സ്പർശം മാത്രമാണ്
എനിക്ക് ബാക്കിയുള്ളത്,
സോഫയും മൂന്നു തലയിണകളും.

അതേസമയം എന്റെ ആത്മാവ് ആരോഹണം ചെയ്യുകയാണ്.
ചുരുട്ടിന്റെ പുകപോലെ..

സനൽ ഹരിദാസ്

*സിസിഫസ് – ഗ്രീക്ക് പുരാണകഥകളിൽ എറിഫയിലെ രാജാവായിരുന്നു സിസിഫസ്. മരണത്തിന്റെ ദേവനോട് കാട്ടിയ തന്ത്രത്തിനും വഞ്ചനക്കും സിസിഫസ് ശിക്ഷിക്കപ്പെട്ടു. ഒരു വലിയ പാറക്കല്ല് കുന്നിൽ മുകളിലൂടെ ഉരുട്ടി മുകളിൽ എത്തിക്കുക എന്നതായിരുന്നു ശിക്ഷ. പക്ഷെ മുകളിൽ എത്തും മുൻപ് കല്ല് താഴേക്ക് വീഴും. സ്വയേച്ഛയായി കുന്നിൻ മുകളിലേക്ക് കല്ലുരുട്ടി മുകളിൽ നിന്ന് താഴേക്കിടുന്ന നാറാണത്തുഭ്രാന്തന് സമാനമാണ് സിസിഫസ് എന്ന ഈ പൗരാണിക ഗ്രീക്ക് കഥാപാത്രം.

രചയിതാവായ സിംഗോണിയ സിംഗോണിനെക്കുറിച്ച്
( Zingonia Zingone )

1971-ൽ ലണ്ടനിൽ ജനനം. കവയത്രി, നോവലിസ്റ്റ്, വിവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ്. സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ രചനകൾ നടത്തിവരുന്നു. സ്പെയിൻ, മെക്സിക്കോ, കോസ്റ്റാറിക, നിക്കരാഗ്വേ, ഇറ്റലി, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ഇവരുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറാഠി കവി ഹേമന്ദ് ദിവാതേയുടെ ‘Virus Albert’ എന്ന പുസ്തകത്തിന്റെ Alarma de Virus- ediciones Espiral എന്ന പേരിലുള്ള വിവർത്തനവും അവരുടേതായിട്ടുണ്ട്.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here