ഇത് കൊടുവള്ളി ഗവണ്മെന്റ് കോളേജിന്റെ അതിജീവനം, അഭിമാനമായി ഹൃദിൻ ബാബു

0
296

ഡിജെയുടെ ശബ്ദവിന്യാസങ്ങൾ വിസ്മയകരമായി തീർത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ മിമിക്രി മത്സരത്തിൽ ഹൃദിൻ ബാബു വിജയഗാഥ തീർത്തപ്പോൾ വിജയിക്കുന്നത് അവൻ ഒറ്റക്കല്ല, പേരും പെരുമയും കാലപ്പഴക്കവും ഏറെ പറയാനില്ലാത്ത കൊടുവള്ളി ഗവണ്മെന്റ് കോളേജിന്റെ പ്രയാസമേറിയ ഇന്നലെകളിൽ കോളേജിന് വേണ്ടി തോൽക്കാതെ നിന്ന ഒട്ടേറെ മനുഷ്യരും കൂടിയാണ്. കോളേജിന്റെ ആദ്യകാലം മുതലേ കൂടെ നിന്ന അധ്യാപകരും വിദ്യാർത്ഥികളും കൊടുവള്ളിയിലെ നാട്ടുകാരുമടങ്ങുന്ന കുറെ പേരുടെ ത്യാഗമാണ് ഹൃദിൻ ബാബുവിന്റെ കോളേജിന്റെ ചരിത്രത്തിലെ ആദ്യ ഇന്റർസോൺ ഒന്നാംസ്ഥാന നേട്ടത്തിലൂടെ ഫലപ്രാപ്തി കാണുന്നത്.
അഭിനയവും ശബ്ദാനുകരണവും ജീവവായു പോലെ കാണുന്ന ഹൃദിൻ ബാബു മലയോരമേഖലയായ മുക്കം സ്വദേശിയാണ്. കുട്ടിക്കാലം മുതലേ മിമിക്രിയിൽ താല്പര്യം കാണിച്ച ഹൃദിൻ സ്കൂൾ തലങ്ങളിലും ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായ ബി സോണിലും മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലും സംഘടനാപ്രവർത്തനത്തിലും സജീവമായ ഹൃദിൻ നിലവിൽ കോളേജിലെ ഫൈൻആർട്സ് സെക്രട്ടറി കൂടിയാണ്.കൂലിപ്പണിക്കാരനായ ബാബുവിന്റെയും വത്സലയുടെയും മകനാണ്
ആറ് വർഷങ്ങൾക്ക് മുൻപാണ് കൊടുവള്ളിയിൽ ഗവണ്മെന്റ് കോളജ് പ്രവർത്തനമാരംഭിക്കുന്നത്. അധികൃതരുടെ അനാസ്ഥ മൂലം താൽക്കാലികമായ മദ്രസ കെട്ടിടങ്ങളിലുമായാണ് വലിയൊരു കാലം ഈ കോളേജ് പ്രവർത്തിച്ചത്. പലപ്പോഴും ഷിഫ്റ്റ് രീതിയിൽ വരെ കോളേജ് പ്രവർത്തിക്കേണ്ടി വന്നു. അന്നത്തെ വിദ്യാർത്ഥികളും അധ്യാപകരും നിരന്തരമായി സമരം ചെയ്തും അധികൃതരുടെ ശ്രദ്ധയില്പെടുത്താൻ ഓടി നടന്നുമാണ് ഒടുവിൽ കോളേജിന്റെ സ്ഥിരം കെട്ടിടം പണി പൂർത്തിയാക്കിയത്. കഴിഞ്ഞ അധ്യയന വർഷം മുതലാണ് കോളേജ് സ്ഥിരം കെട്ടിത്തടത്തിൽ പ്രവർത്തിച്ചു തുടങ്ങിയത്. പ്രതിസന്ധികാലങ്ങൾക്ക് ശേഷം ഹൃദിനിലൂടെ കോളേജിന് ലഭിച്ച ഈ നേട്ടം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കോളേജ് ഒന്നടങ്കം.

LEAVE A REPLY

Please enter your comment!
Please enter your name here