സച്ചിന്‍ എസ്. എല്‍.
സങ്കീര്‍ണത നിറഞ്ഞ അവതരണരീതി ഇന്ത്യന്‍ സിനിമയില്‍ ഇപ്പൊ തീരെ വിരളമല്ല. ലീനിയര്‍ നറേറ്റീവ് എന്ന ക്ലീഷേ പാറ്റേണില്‍ നിന്നുള്ള വ്യതിയാനമെന്നോണമാണ് സിനിമയില്‍ ഈ രീതി പരീക്ഷിക്കപ്പെട്ടു തുടങ്ങിയത്. 1941 ല്‍ ‘ഓര്‍സോണ്‍ വില്ലീസ്’ സംവിധാനം ചെയ്ത ‘സിറ്റിസണ്‍ കേന്‍’ ആയിരുന്നു ആദ്യമായി ഈ പാറ്റേണില്‍ പരീക്ഷിക്കപ്പെട്ട സിനിമ. കാലഗണനാപരമായ കഥപറച്ചിലിനു പകരം ഫ്‌ളാഷ്ബാക്കുകളും – ഫ്‌ളാഷ്‌ഫോര്‍വാഡുകളും ഉള്‍പ്പെടുത്തി ആസ്വാദകരില്‍ സന്ദേഹം സൃഷ്ടിക്കുക അതുവഴി സസ്‌പെന്‍സ് നിലനിര്‍ത്തുക എന്നതുമാണ് ഇത്തരം സിനിമകളുടെ പ്രത്യേകത. ഇന്ത്യയില്‍ ഒരുപക്ഷേ ഇതു പരീക്ഷിച്ച് തുടങ്ങിയിട്ട് ഒരുപാടു കാലമായിട്ടില്ല. അതുമല്ലെങ്കില്‍ നമ്മുടെ പ്രേക്ഷകര്‍ക്ക് ഈ രീതി അത്ര സ്വീകാര്യമായിട്ടില്ല എന്നതാണു വാസ്തവം. ശരിക്കും പറഞ്ഞാല്‍ കമല്‍ ഹാസന്റെ വിശ്വരൂപം സിനിമയുടെ രണ്ടാംഭാഗം നേരിടുന്ന തരംതാഴ്ത്തല്‍ ഇതുകൊണ്ടുമാത്രമാണെന്നാണു സിനിമ കണ്ടു കഴിഞ്ഞതില്‍ പിന്നെ എന്റെ വിശ്വാസം.
മുമ്പ് പറഞ്ഞതു പോലെ പ്രീക്വല്‍ – സീക്വല്‍ രംഗങ്ങള്‍ അവിടവിടയായി കൂട്ടിച്ചേര്‍ക്കപ്പെട്ട എന്നാല്‍ ആദ്യഭാഗവുമായി തികച്ചും നീതി പുലര്‍ത്തിയ ചലച്ചിത്രം. രണ്ടുഭാഗങ്ങള്‍ നീണ്ടുനിന്ന ഏറ്റവും മികച്ച ഒരു തിരക്കഥയാണു സിനിമയുടെ പ്രധാന മുതല്‍ക്കൂട്ട്. ആദ്യഭാഗവുമായി യാതൊരു ബന്ധമില്ലാത്ത ഒരാള്‍ക്കും ഈ സിനിമയെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിഞ്ഞേക്കില്ല. അതിനാല്‍ത്തന്നെ ഇന്നലെ സെക്കന്റ്‌ഷോയ്ക്ക് കേറുന്നതിനു മുന്നോടിയായി ആദ്യഭാഗം വീണ്ടും കണ്ടു ഹൃദിസ്ഥമാക്കിയിട്ടാണു ഞാന്‍ ചെന്നത്. ഏറ്റവും വ്യക്തമായ ഒരു തുടര്‍ച്ചയായാണെനിക്കനുഭവപ്പെട്ടത്. കാണിക്കപ്പെട്ട രംഗങ്ങളുടെ മേയ്ക്കിംഗ് നല്ല നിലവാരം പുലര്‍ത്തി. കണ്ടു മറന്ന ഹോളിവുഡ് സിനിമകളിലെ രംഗങ്ങള്‍ തന്നെയാണിതൊക്കെയെന്ന് പറയുന്നവരോടെനിക്ക് പറയാനുള്ളത് ഇത്രമാത്രം, മികവു പുലര്‍ത്തുന്ന ഇത്തരം രംഗങ്ങള്‍ നമ്മുടെ സിനിമയിലും പറ്റുമെന്ന ധാര്‍ഷ്ട്യമുണ്ട് ആ സംവിധാനത്തിനു പിറകില്‍. പക്ഷേ ഇവയൊക്കെ ചേരുമ്പൊഴും ഒരു വലിച്ചു നീട്ടല്‍ കാണാവുന്നതാണ്. തീവ്രവാദം പോലൊരു പ്രമേയം സിനിമയാക്കുന്നതിനു പിന്നിലത്തെ വിഷമതകളും വിവാദങ്ങള്‍ തരണം ചെയ്താണു വിശ്വരൂപത്തിന്റെ ആദ്യഭാഗം റിലീസായത്. ഇസ്ലാം മത വിശ്വാസികള്‍ക്കിടയില്‍ വലിയൊരു വര്‍ത്തമാനത്തിനു വഴിയൊരുക്കിയ ഈ സിനിമയില്‍ രണ്ടാംഭാഗമെത്തുമ്പോഴും പുതിയ അഭിനതാക്കള്‍ ഏറെയൊന്നും ഇല്ല എന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ കഥയുടെ ഗതി പ്രേക്ഷകനു മനസ്സിലാക്കാന്‍ പ്രയാസമേതുമില്ല. സാധാരണ ഇന്ത്യന്‍ സിനിമകളില്‍ കാണപ്പെടുന്ന എല്ലാത്തരം മസാലകളും ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ മറന്നിട്ടില്ല. ആവശ്യമായ വൈകാരിക രംഗങ്ങള്‍ ഉള്‍പ്പെടെ നര്‍മ്മ സംഭാഷണങ്ങളും ചേരുവകളായി വന്നിട്ടുണ്ട്. പിന്നെ എടുത്തുപറയേണ്ടത് നിലവാരമുള്ള എന്നാല്‍ നമ്മള്‍ കണ്ടു പരിചയിക്കാത്ത പ്രണയരംഗങ്ങള്‍ ഭാഗമായിട്ടുണ്ട്. എല്ലാം ചേരുമ്പോഴും അധികത്രസിപ്പിക്കലിനുതകുന്നു എന്ന തരത്തില്‍ ഉള്‍ച്ചേര്‍ത്ത പലതും പലയിടത്തും ചേര്‍ച്ചക്കുറവ് വരുത്തി വെച്ചിട്ടുണ്ട്.
ഇനി അഭിനേതാക്കളിലേക്ക്. ആക്ഷന്‍ രംഗങ്ങളുടെ വൈദഗ്ദ്യത്തിലൂടേയാണു ഓരോ അഭിനേതാവും വേറിട്ടു നില്ക്കുന്നത്. കമല്‍ ഹാസന്റെ മുഖ്യകഥാപാത്രമായ വിസാം അഹമ്മദ് കാശ്മീരി സിനിമയിലുടനീളം മികച്ചു നിന്നു. ആന്‍ഡ്രിയ ജെറേമിയയുടെ ഏജന്റ് അഷ്മിത എന്ന കഥാപാത്രവും ആക്ഷനുള്ള പ്രാധാന്യത്തോടേയാണു സിനിമയിലുടനീളം ശ്രദ്ധിക്കപ്പെട്ടത്. ഒരു വുമണ്‍ മിലിട്ടറി ഏജന്റിന്റെ എല്ലാത്തരം ബോഡീ ലാങ്ങ്വേജും നടി ഉള്‍ക്കൊണ്ടു എന്നുള്ളത് ശ്രദ്ധേയമാണു. പൂജാ കുമാറിന്റെ നിരുപമയ്ക്കും വ്യക്തമായ സ്‌ക്രീന്‍ പ്രസന്‍സിലൂടെ നല്ലൊരു അഭിനയഭാഗം ലഭിച്ചു. എന്നാല്‍ ശേഖര്‍ കപൂര്‍ , നാസ്സര്‍ എന്നിവര്‍ക്ക് തിളങ്ങാനവസരമുണ്ടായില്ല. പ്രതിഭാഗത്തു രാഹുല്‍ ബോസ്സി (ഓമര്‍ ഖുറേഷി) നും ജയ്ദീപ് ആല്വാട്ടി (സലീം) നും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നു പറയാം. മറ്റൊരു സവിശേഷത എന്താണെന്നു വെച്ചാല്‍ ഓരോ കഥാപാത്രവും അവരവരുടേ മനസ്ഥിതിയിലും, പെരുമാറ്റത്തിലും , നിലപാടിലും നേരത്തെ പറഞ്ഞ ഹോളിവുഡ് മാന്നറിസം കാഴ്ചവെക്കുന്നുണ്ട്. ഒരുപക്ഷേ അതായിരിക്കാം ഈ സിനിമയെ ഏറ്റവും വേറിട്ടു നിര്‍ത്തുന്നത്.
ഉലകനായകന്റെ സംവിധായക മികവ് സീന്‍ സെലക്ടീവ്‌നെസ്സിന്റെ കാര്യത്തില്‍ പിന്നോക്കം നിന്നെങ്കിലും എഡിറ്റിംഗില്‍ മഹേഷ് നാരായണന്‍ മികച്ചു നിന്നു. സാനു ജോണ്‍ വര്‍ഗ്ഗീസ് ഷാദത്ത് സൈനുദ്ധീന്‍ എന്നിവര്‍ ചേര്‍ന്ന് ചലിപ്പിച്ച ക്യാമറ പക്ഷേ വിസ്മയം സൃഷ്ടിച്ചില്ല, കേവലം എന്നു പറയേണ്ടി വരും.
മക്കള്‍ നീതി മയ്യത്തിന്റെ പരസ്യത്തോടെ ആരംഭിച്ച സിനിമ പ്രേക്ഷകരോടും നീതി പുലര്‍ത്തിയിട്ടുണ്ട് എന്നാണെന്റെ വിശ്വാസം. വ്യത്യസ്തതയുള്ള ഒരു വിഷ്വല്‍ ട്രീറ്റ് ലഭ്യമാകാന്‍ ആദ്യഭാഗത്തിന്റെ കഥയറിഞ്ഞ് പോവുക എന്ന നീതി പ്രേക്ഷകരും പുലര്‍ത്തിക്കഴിഞ്ഞാല്‍ ഈ സിനിമ സ്വീകാര്യമാവും അതുറപ്പാണു.
റേറ്റിംഗ് : 3.1 / 5