റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌; സജീഷ്

0
184

കേരളത്തെ ഭീതിയിലാഴ്ത്തി കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വർഷം പിന്നിട്ടു. ഇക്കാലത്ത് ഏറ്റവും നൊമ്പരപ്പെടുത്തിയത് സിസ്റ്റർ ലിനിയുടെ മരണമായിരുന്നു. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ലിനിയെ കേരളവും ലോകവും ആദരിച്ചു. ഒരു വര്‍ഷത്തിന് ഇപ്പുറം വൈറസിലൂടെ ലിനിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ കണ്ണീരുമായല്ലാതെ കണ്ടുതീർക്കാനാവില്ല.

മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, മക്കളെ സംരക്ഷിക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ റിമ മികച്ചതാക്കുന്നു.

എന്നാൽ റിമയുടെ കഥാപാത്രത്തെ കണ്ടപ്പോൾ തനിക്ക് കരച്ചിലടക്കാന്‍ സാധിച്ചില്ലെന്ന് പറയുകയാണ് ഭര്‍ത്താവ് സജീഷ്. ലിനിയോടുളള സ്‌നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ്, റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നെന്നും സജീഷ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിൽ പറയുന്നു.

https://m.facebook.com/story.php?story_fbid=2290121324416275&id=100002552892920

സജീഷിന്റെ പോസ്റ്റിന്റെ പൂർണരൂപം

ഒരുപാട്‌ നാളത്തെ കാത്തിരിപ്പിനൊടുവിൽ “വൈറസ്”‌ സിനിമ ഇന്നലെ വൈറസ്‌ ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനേതാക്കൾ അല്ലായിരുന്നു എന്റെ മുമ്പിൽ പകരം റിയൽ ക്യാരക്ടേർസ്‌ ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌ പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ്‌, റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.

ഒരുപാട്‌ നന്ദിയുണ്ട്‌ ആഷിക്ക്‌ ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ, പേരാമ്പ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്‌. എല്ലാ താരങ്ങളും മത്സരിച്ച്‌ അഭിനയിച്ചു.

പാർവ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ്‌ ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇന്ദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ്‌ ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു. സിനിമ കാണുന്നതിന്‌ മുൻപ്‌ എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.

LEAVE A REPLY

Please enter your comment!
Please enter your name here