ക്രിസ്മസ് – പുതുവര്‍ഷ റിലീസ് ആയി മലയാളത്തില്‍ അഞ്ചു സിനിമകള്‍ ഇറങ്ങി. അഞ്ചു സിനിമകള്‍ക്കും നല്ല അഭിപ്രായമാണ് കിട്ടി കൊണ്ടിരിക്കുന്നത്. പ്രിത്വിരാജ് നായകന്‍ ആയി നവാഗതനായ പ്രദീപ് എം. നായര്‍ സംവിധാനം ചെയ്ത സിനിമയാണ് വിമാനം. മാജിക്ക് ഫ്രൈംസിന്റെ ബാനറില്‍ ലിസ്ടിന്‍ സ്റ്റീഫന്‍ ആണ് സിനിമ നിര്‍മ്മിച്ചത്.
ബൈക്കിൻറെ എൻജിനും മരപ്പലക കൊണ്ടുള്ള പ്രൊപ്പല്ലറും കൊണ്ട് വിമാനമുണ്ടാക്കിപ്പറത്തിയ തൊടുപുഴക്കാരൻ സജി തോമസ് എന്ന ഭിന്നശേഷിക്കാരന്റെ ജീവത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് കൊണ്ടുള്ള സ്വപനമാണ് വിമാനം. ശ്രീകാന്ത് മുരളി വിനീത് ശ്രീനിവാസനെ നായകന്‍ ആക്കി കൊണ്ട് സംവിധാനം ചെയ്ത ‘എബി’ യും സമാനമായ പ്രമേയം ചര്‍ച്ച ചെയ്തു കൊണ്ട് ഈ വര്‍ഷം തന്നെ ഇറങ്ങിരുന്നു.
സജി തോമസ് നിര്‍മ്മാതാവ് ലിസ്ടിനോട് ആവശ്യപെട്ടത് ഒറ്റകാര്യം മാത്രമാണ് . അദ്ധേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് സിനിമ കാണാന്‍ കുറച്ചു ടിക്കറ്റുകള്‍. സുഹൃത്തുക്കള്‍ക്ക് മാത്രമല്ല, മലയാളികള്‍ക്ക് മുഴുവന്‍ സൗജന്യമായി സിനിമ കാണാന്‍ ഇതാ ഒരു അവസരം. ക്രിസ്മസ് ദിനത്തില്‍ ( തിങ്കളാഴ്ച) കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ( മള്‍ട്ടി പ്ലക്സിനു ബാധകമല്ല) ആദ്യത്തെ രണ്ട് ഷോകള്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കും. ശേഷമുള്ള വൈകുന്നേരത്തെ രണ്ടു ഷോകളില്‍ നിന്ന് ലഭിക്കുന്ന നിര്‍മ്മാതാവിന്റെ വിഹിതം മുഴുവനും സജി തോമസിന് ക്രിസ്മസ് സമ്മാനമായി നല്‍കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
വിമാനം ഒരു പ്രചോദമാണ്. സുന്ദരപ്രണയമാണ്. സ്വപ്നസാക്ഷാല്‍ക്കാരമാണ്. വോക്സ്‌വാഗൺ ഹാഫ് എൻജിൻ കൊണ്ട് സ്വപ്നത്തിന്റെ ആകാശത്തിലേക്ക് പറക്കാൻ വെങ്കിടിക്ക് പ്രചോദനമാകുന്നത് ജാനകിയുടെ പ്രണയമാണ്. പ്രണയത്തിന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ സിനിമയിലുണ്ട്. ഉറങ്ങാന്‍ സമ്മതിക്കാത്ത സ്വപ്നങ്ങളിലേക്ക് ചിറക് വിരിയിക്കാനുള്ള കഠിന്വാധ്വാനം ഉണ്ട്.
വെങ്കിടി പ്രിത്വിരാജിന്റെ കയ്യില്‍ ഭദ്രമായിരുന്നു. രണ്ട് ഗെറ്റപ്പിലും. പക്ഷെ, വെങ്കിടിയുടെ കൂടെ പറക്കുന്ന പാപ്പാനായി ജീവിച്ച അലന്‍സിയര്‍ ആണ് അഭിനയ മികവില്‍ ശോഭിച്ചു നില്‍ക്കുന്നത്. പുതുമുഖത്തിൻറെ പ്രശ്നങ്ങള്‍ ഇല്ലാതെ ജാനകിയെ മികച്ചതാക്കിയത് ദുർഗ്ഗ കൃഷ്ണയാണ്. സുധീര്‍ കരമന, സൈജു കുറുപ്പ്, ലെന, അശോകന്‍ എന്നിവരും തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.
വിമാനത്തിന്റെ കൂടെ പ്രേക്ഷകരും പറക്കുന്നുണ്ട്. മനോഹരമായ ദൃശ്യങ്ങളും സംഗീതവുമാണ് അങ്ങനെയൊരു അനുഭൂതി സമ്മാനിക്കുന്നത്. ഷെഹ്‌നാദ് ജലാലിൻറെ ക്യാമറയും ഗോപി സുന്ദറിൻറെ സംഗീതവും സിനിമയെ മികവുറ്റതാക്കുന്നു.
ആദ്യപകുതിയില്‍ കഥയിലേക്ക് ‘ടേക്ക് ഓഫ്’ ചെയ്യാനും ഗാനരംഗങ്ങളിലും ഒരു ഇഴച്ചല്‍ ഉള്ളതായി തോന്നുമെങ്കിലും രണ്ടാം പകുതിയില്‍ സീറ്റില്‍ നിന്ന് അനങ്ങാന്‍ പോലും പ്രേക്ഷകനെ വിമാനം അനുവദിക്കുന്നില്ല. അത്രെയേറെ ആഴത്തില്‍ ലാന്‍ഡ് ചെയ്യുന്നുണ്ട് സിനിമ പ്രേക്ഷക മനസ്സുകളിലേക്ക്.
സ്വപ്‌നങ്ങള്‍ കാണുന്നവര്‍ക്ക്, ഒരുപാട് ശ്രമിച്ചിട്ടും ജീവിതത്തില്‍ ഒന്നും നേടിയില്ല എന്ന് പരിതപിക്കുന്നവര്‍ക്ക്, പ്രണയം പ്രചോദനം ആയുള്ളവര്‍ക്ക്, പറക്കാന്‍ കൊതിക്കുന്നവര്‍ക്ക്…. അങ്ങനെ എല്ലാര്‍ക്കും വെങ്കിടി നിര്‍മ്മിച്ച ടു സീറ്റര്‍ വിമാനത്തില്‍ കയറി പറക്കാം. സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ അനുഭൂതിയോടെ തന്നെ.