രമേഷ് പെരുമ്പിലാവ്
“കുറുതായി മെലിഞ്ഞ് കറുത്ത്, കവിളൊട്ടി, താടിയിൽ കുറേശ്ശെ രോമം വളർത്തി, തടിച്ച വെള്ള ഷർട്ടും വെള്ളക്കോട്ടും ധരിച്ച്, ചുവന്ന രോമത്തൊപ്പിയണിഞ്ഞ്, അതിനു ചുറ്റും വെള്ള ഉറുമാൽ കെട്ടി, കാലിൽ ചെരുപ്പും കൈയിൽ വാളുമായി നിൽക്കുന്ന ധീര നേതാവിനെ കണ്ടപ്പോൾ അവിടെ കൂടിയിരുന്ന എല്ലാവരുടെയും ഹൃദയം പടപടാ ഇടിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാന്തശക്തിയുണ്ടായിരുന്നു ”
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ സോവിയറ്റ് യൂണിയൻ ആദരവോടെ നോക്കിക്കണ്ട ചക്കിപ്പറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടെ മൂത്ത പുത്രൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി ആയിരുന്നു അത്. ഹാജിയുടെ വ്യക്തി പ്രഭാവം ദേശാതിരുകൾ താണ്ടിയിരുന്നു. വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയെ പറ്റിയും, മലബാർ കലാപത്തെ പറ്റിയും ചൈനീസ് വിപ്ലവകാരി മാവോ സേതൂങ്, സോവിയറ്റ് യൂണിയൻ വിപ്ലവ നേതാവ് വ്ലാഡിമിർ ലെനിൻ എന്നിവർ കുറിപ്പുകൾ തയ്യാറാക്കിയെന്നത് തന്നെ മലബാറിലെ കുഗ്രാമങ്ങളിൽ ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ട ഹാജി നേടിയ പ്രസിദ്ധിയാണ് വരച്ചു കാട്ടുന്നത്. മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കിൻറെ ഭാഷയിൽ പറഞ്ഞാൽ “മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കെടുത്താൽ മാത്രം മതി ഈ ലഹളക്കാരൻ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാൻ”
“നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം”
എന്നാണ് ബ്രട്ടീഷ് പട്ടാളത്തോട് ഹാജി ആവശ്യപ്പെട്ടത്. അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പിൽ വരുത്തി. മറവു ചെയ്താൽ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേർച്ചകൾ പോലുള്ള അനുസ്മരണങ്ങൾ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവൻ പേരുടെയും മൃതദേഹങ്ങൾ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തിൽ വിപ്ലവ സർക്കാരിന്റെ മുഴുവൻ രേഖകളും അഗ്നിക്കിരയാക്കി. ഇനി ഒരിക്കലും വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മകൾ തിരിച്ചു വരരുത് എന്ന് സാമ്രാജത്വ തീരുമാനം നടപ്പിലാക്കാൻ കത്തിത്തീർന്ന ചാരത്തിൽ ബാക്കിയായ എല്ലുകൾ വരെ സൈന്യം പെറുക്കിയെടുത്ത് ബാഗിലാക്കി കൊണ്ട് പോയി.
ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ‘വാരിയംകുന്നൻ’ എന്ന പേരിൽ ആഷിഖ് അബു ഒരുക്കുമ്പോൾ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. ചരിത്ര കടം വീട്ടുന്ന ഈ ശ്രമത്തിന്റെ അണിയറക്കാർക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് രണ്ട് വാക്ക് കുറിക്കേണ്ടതും ഒരു ഇടപെടലാണ്, നിലപാടാണ്, രാഷ്ട്രീയമാണ്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.