സിനിമ
ഉമ്മു ഹബീബ
“ഉന്മാദം ഒരു രാജ്യമാണ്,
കോണുകളുടെ ചുറ്റുവട്ടങ്ങളിൽ
ഒരിക്കലും പ്രകാശ പൂർണ്ണമാവാത്ത
തീരങ്ങൾ .”(കമലാദാസ്)
ഭദ്രമായി ഒരുക്കിയ സിനിമകൾ കാലാതീതമായ വായനകൾക്ക് വിധേയമാക്കപ്പെടുന്നതിന് ഉദാഹരണമാണ് വാനപ്രസ്ഥം. താളവും നാട്യവും ജീവിതത്തിൽ ലയിച്ചു ചേർന്ന മനോഹരമായ ദൃശ്യാനുഭവം.
പരാജയപ്പെട്ട, നിസ്സഹായനായ കഥകളി നടന്റെ ജീവിതമാണ് വാനപ്രസ്ഥമെന്നത് ലളിതമായ ആദ്യ നോട്ടം മാത്രമാണ്. സർഗാത്മകമായ ചലച്ചിത്രഭാഷ്യത്തിനാൽ വൈവിധ്യമാർന്ന നോട്ടങ്ങൾ കൂടി സാധ്യമാക്കുന്നുണ്ട് വാനപ്രസ്ഥം. ഭ്രമാത്മക ലോകത്തിൽ സഞ്ചരിച്ച ആത്മത്തോട് അത്രമേൽ ഒട്ടിനിന്ന കലയെ ഉന്മാദത്തോടെ വീക്ഷിച്ച ഒരുവളെ മനോഹരമായി ദൃശ്യവൽക്കരിക്കുന്നതിന്റെ നേർഭാഷ്യം കൂടിയാണ് ആ ചിത്രം.
സാമൂഹികവും സാമ്പത്തികവുമായ സവിശേഷ അധികാരങ്ങളിൽ അധിഷ്ഠിതമായ ചുറ്റുപാടുള്ളതിനാൽ സുഭദ്ര (സുഹാസിനി) യുടെ കലാപ്രവേശനം സ്വാഭാവികമായും തടസ്സങ്ങളേതുമില്ലാത്തതായിരുന്നുവെങ്കിൽ, ജാതീയമായ ചൂഷണം അനുഭവിച്ച, പിതൃത്വം നിഷേധിക്കപ്പെട്ട കുഞ്ഞുകുട്ടന് (മോഹൻലാൽ) കഥകളിയുടെ ലോകത്തേക്കുള്ള പ്രവേശനം അത്ര സുഖകരമായിരുന്നില്ല. എന്നാൽ കലാലോകത്ത് സ്വത്വം സ്ഥാപിച്ചതിന് ശേഷം കുഞ്ഞുകുട്ടൻ ‘അഭിനയ കലയുടെ മഹാപ്രതിഭയായി’ വാഴ്ത്തപ്പെടുകയും, സുഭദ്രയുടേത് എഴുത്തിനും പ്രണയത്തിനുമിടയിൽപ്പെട്ട് ശരി/ തെറ്റുകൾ ഏതെന്നറിയാതെ കൊഴിഞ്ഞു പോകുന്ന ജീവിതമായി തീരുകയുമാണ് ചെയ്യുന്നത്. സുകുമാര കലകളിൽ താല്പര്യവും അവഗാഹമുള്ള സ്ത്രീകൾ പരിഷ്കാരികളായ പുരുഷന്മാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു. പാണ്ഡിത്യവും അറിവും വീടുകൾക്കുള്ളിലും സ്ത്രീകളുടെ തന്നെ പുറംമേനി പറച്ചിലുകൾക്കുള്ളിലും ‘ഒതുക്കുക’ എന്നതായിരുന്നു പല കാലങ്ങളിലേയും പുരുഷ സമീപനം. എന്നാൽ സുഭദ്രക്ക് തനിക്കുള്ളിലെ കടിഞ്ഞാണില്ലാത്ത കലയുടെതായ ആനന്ദത്തെ അത്തരത്തിൽ ഒതുക്കി നിർത്താൻ സാധിക്കുമായിരുന്നില്ല. എഴുത്തും കലാ ആസ്വാദനവും പ്രണയവുമെല്ലാം സുഭദ്രക്ക് തീവ്രമായ അനുഭൂതി ജീവിതത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടാണ് ‘അർജുനന്റെ സകലവീര്യവും കടഞ്ഞെടുത്ത് ആട്ടക്കഥയാക്കുക’ എന്നത് സുഭദ്രയുടെ ജീവിതസാഫല്യമായി തീരുന്നത്.
വ്യത്യസ്തമായ കലാവീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരാണ് കുഞ്ഞുകുട്ടനും സുഭദ്രയും. ‘അർജുനനെ മനസ്സിലേക്കാവാഹിച്ച് ആത്മാവ് കൊണ്ട് രുചിച്ചറിയുകയാണ് ‘സുഭദ്രയുടെ അഭിനിവേശമെങ്കിൽ കുഞ്ഞികുട്ടന് അർജുനൻ അന്യനാണ്. കുഞ്ഞുകുട്ടനിലെ കലാലോകം ദൃശ്യമായതും, സുഭദ്രയിലത് ആദ്യശ്യവുമായിട്ടാണ് പരിണമിക്കുന്നത്. സുഭദ്രയുടെ കലയും ജീവിതവും എന്തെന്ന് വേർത്തിരിക്കാനാവാത്ത വിധത്തിൽ സ്വത്ത്വത്തിലലിഞ്ഞു ചേർന്നതാണ്. അത്തരത്തിൽ കലയോടുള്ള ആസക്തിയാണ് അർജുനനോടുള്ള(കുഞ്ഞുകുട്ടൻ) പ്രണയമായി തിരുന്നത്. കഥകളിയെന്ന കലയുടെ ഉണ്മയിലേക്കിറങ്ങി അനുഭവിക്കണമെന്നതാണ് സുഭദ്രയുടെ മോഹം. തന്റെ രചനാലോകവുമായും കളിയരങ്ങുമായും സുഭദ്ര പുലർത്തുന്ന രത്യാത്മക ബന്ധം ദൃഢവും ആഴമേറിയതുമായിരുന്നു. കുഞ്ഞുകുട്ടനുമായുള്ള ആദ്യ കാഴ്ച്ചയിൽ കാലങ്ങളായി മനസ്സിൽ ഉരുക്കിയെടുത്ത തന്റെ തന്നെ അർജുനൻ പ്രത്യക്ഷപ്പെട്ടതായിട്ടാണ് സുഭദ്രക്ക് തോന്നുന്നത്. തങ്ങൾക്കിടയിലെ നാട്യത്തിലധിഷ്ഠിതമായ ആശയ വിനിമയത്തിന് ശേഷം,
” കണ്ടു ഞാൻ തോഴിയെൻ
കാമാനുരൂപനേ ….
വന്ധ്യമാവുകയില്ല കാമിതം
അന്തരംഗമറിഞ്ഞതിൽ
പിന്നെന്തു വീണ്ടും ഒരന്തരായം”
എന്ന കഥകളി പദത്തിന്റെ പശ്ചാത്തലത്തിൽ കൗതുകം പൂണ്ടു നിൽക്കുന്ന സുഭദ്രയെ കാണാം. താൻ ചിട്ടപ്പെടുത്തിയ സുഭദ്രാഹരണം ആട്ടക്കഥ കുഞ്ഞുകുട്ടൻ അരങ്ങിൽ കളിക്കണമെന്ന മോഹം സുഭദ്രക്ക് ഉടലെടുക്കുന്നതിന് കാരണമാവുന്നത് നാട്യത്തിലുള്ള അയാളുടെ പാടവം മാത്രമാണ്. അതുകൊണ്ടാണ് അർജുനവേഷവുമായുള്ള ആദ്യവേഴ്ച്ചക്ക് ശേഷം മുഖത്ത് പടർന്ന ചുട്ടിയിൽ നോക്കി കൊണ്ട് പരമാനന്ദത്തിൽ ലയിച്ച് സുഭദ്ര നിൽക്കുന്നത്. രതിക്ക് ശേഷം തന്റെ അഴിച്ചു വെച്ച അർജുന വേഷം നോക്കി കുഞ്ഞുകുട്ടനെന്ന പുരുഷനായിട്ടാണ് അയാൾ നിർവൃതി കൊള്ളുന്നത്. ഞൊടിയിടയിൽ മികച്ച നടനായും കുഞ്ഞുകുട്ടനായും വേഷം മാറാൻ അയാൾക്ക് സാധിച്ചപ്പോൾ , സുഭദ്രക്ക് ആനന്ദത്തിലും അസ്വസ്ഥതയിലും മാറി മാറി സഞ്ചരിക്കേണ്ടതായി വന്നു.
കുഞ്ഞുകുട്ടൻ മികച്ച നടൻ മാത്രമായിരുന്നു. അയാൾക്കും ‘കല’ക്കും ഇടയിലെ വിടവിനെ വേർതിരിക്കാവുന്ന മട്ടിൽ തന്നെ അയാൾ മെരുക്കിയെടുത്തിരുന്നു. മകളുടെ ” കിരീടം വെക്കാത്ത രാജാവും”, മഹാരാജാവിന് അഭിനയ കലയുടെ മഹാപർവ്വതവുമായ കുഞ്ഞുക്കുട്ടന്റെ കലാജീവിതത്തിലെ ആദ്യ വഴിത്തിരിവ് പൂതന വേഷത്തിനുള്ളിൽ നിന്നുള്ള മോക്ഷമായിരുന്നു. “പുരുഷന്റെ മുഖം മൊഖത്തെഴുതി കിട്ടുന്നത് വല്യ അനുഗ്രഹമായി” എന്ന ചിന്ത അയാൾക്കുള്ളിലും വിനയത്തിന് പകരം നേരിയ അഹങ്കാരമായി തീർന്നിരിക്കണം. അതുകൊണ്ടായിരിക്കാം കളിക്കിടയിൽ കാണികളെ ഇളിഭ്യരാക്കി താളവാദ്യക്കാരെ നിർദാക്ഷിണ്യം പുറകോട്ട് തള്ളി പാതിയിൽ കളിനിർത്തി അയാൾ കടന്നുപോയത്.
കുഞ്ഞുകുട്ടനെന്ന മഹാനടൻ/മഹാപുരുഷൻ പിതാവിന്റെ നിഷേധത്തിനെയും അഭിമന്യുവിന്റെ അച്ഛനെന്ന പദവിയിൽ നിന്നുള്ള നിഷേധത്തെയും ജീവിതത്തിലുടനീളം താനനുഭവിക്കേണ്ട വിലാപമായി ഏറ്റെടുക്കുകയായിരുന്നു. അർജുനവേഷത്തിനുള്ളിലെ കുഞ്ഞുകുട്ടനെയാണ് സുഭദ്ര പ്രണയിച്ചതെന്ന് ബോധ്യപ്പെടുത്താനുള്ള അയാളുടെ ഓരോ ശ്രമവും സുഭദ്രയെ അതിഭീകരമായ കുറ്റബോധത്തിലെത്തിക്കുകയായിരുന്നു. നെഞ്ച്പൊട്ടി കുഞ്ഞുകുട്ടൻ മരിക്കുമ്പോൾ പോലും അയാൾ നൽകിയ ദാനമായിരുന്നു സുഭദ്രയുടെ മരണം!
സുഭദ്രയുടെ ജീവിതം ക്ഷണികമായിരുന്നു. ഒരു ജന്മം മുഴുവൻ ക്രിയാത്മകമായ സർഗാത്മകജീവിതത്തിനായി ഉഴിഞ്ഞു വെച്ചു. സർഗ്ഗജീവിതത്തിനുള്ള പരീക്ഷണശാല മാത്രമായിരുന്നു സുഭദ്രയുടെ മഹത്തായ ജീവിതം.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.