സംഭവബഹുലമായ ഒരു ഹൃദയത്തിന്റെ കഥ

0
402
athmaonline-aneesh-anjali-thumbnail

അനീഷ് അഞ്ജലി

മലയാള സിനിമയുടെ ട്രാഫിക്ക് ബ്ലോക്ക് നീക്കിയ പുതിയ കഥ പറച്ചിലും കഥാപരിസരവും ആയിരുന്നു രാജേഷ് പിളളയുടെ ട്രാഫിക്ക് എന്ന സിനിമയുടെ ബാക്ക് ഡ്രോപ് .

ദശരഥവും നിർണ്ണയവും തുടങ്ങി ഒട്ടനവധി മെഡിക്കൽ ഫിക്ഷനുകൾ വെച്ച് മനുഷ്യ ജീവിതം പറയാൻ ശ്രമിച്ച മലയാള സിനിമാ കഥകൾ റീലിസ് സമയത്ത് വെള്ളിത്തിരയിൽ വീഴുകയും വാഴുകയും ചെയ്തിട്ടുണ്ട്.

ഏതാണ്ട് രണ്ട് വർഷമായി ലോകം മുഴുവൻ അൺലിമിറ്റഡ് നെറ്റ് വർക്കായി പടരുന്ന കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരവയവ ദാനത്തിന്റെ സങ്കീർണ്ണമായ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത് അമേരിക്കയിൽ നിന്നാണ്.

ട്രാഫിക് സിനിമയിൽ ഹൃദയം മാറ്റിവെക്കലിന് നാടും നഗരവും കൈകോർത്ത് മനുഷ്യഹൃദയം കുറഞ്ഞ മണിക്കൂറിനുള്ളിൽ സ്വീകർത്താവിൽ എത്തിക്കാൻ നടത്തിയ സങ്കീർണ്ണ യാത്രകൾ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയതാണ്.
കൊവിഡ് കാലത്ത് ഹെലികോപ്റ്ററിൽ ഹൃദയം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിൽ എത്തിച്ചതും നാം കണ്ടതാണ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിച്ച് നടത്തേണ്ടഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ഹൃദയവുമായി പോയ ഒരു ഹെലികോപ്റ്റർ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയുടെ മട്ടുപ്പാവിൽ തകർന്നു വീണാലോ?
ഒരു നിമിഷം നമ്മുടെ ഹൃദയം ഒന്ന് നിലച്ചുപോകും.

2020 നവംബർ ആറാം തീയതി അമേരിക്കയിലെ ലോസ്ആഞ്ചലസിൽ അത്തരമൊരു അപകടം നടന്നു.
ആശുപത്രിയുടെഹെലിപാഡിൽ ഒന്നുരണ്ടുതവണ വട്ടം ചുറ്റിയ ശേഷം നിയന്ത്രണംവിട്ട് ഹെലികോപ്റ്റർ തകർന്നുവീണു.
ജീവനുവേണ്ടി അവസാനത്തെ പ്രതീക്ഷയുമായി ഓപ്പറേഷൻ ടേബിളിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള ആ കാത്തിരിപ്പിൽ ലോകത്തിലെ ഏറ്റവും നിർഭാഗ്യാവാനായ വ്യക്തിയായി അയാൾ മാറിയേനേ!
ഹൃദയഭേദകം എന്ന വാക്ക് ഏറ്റവും ചേരുന്ന നിമിഷം.

എന്നാൽ വിധി അയാൾക്ക് കാത്തുവെച്ചത് മറ്റൊരു ഒരു ഇന്നിംഗ്സ് ആയിരുന്നു. ആശുപത്രിയിലേക്ക് ഹൃദയവുമായി വരുന്ന മെഡിക്കൽ ഒഫീഷ്യലുകളും പൈലറ്റും തലകീഴായി മറിഞ്ഞ് ഹെലികോപ്റ്ററുകളിൽ കുടുങ്ങിക്കിടക്കുമ്പോഴും.കുറച്ചു മണിക്കൂറുകൾക്കു മുമ്പ് ഈ ലോകത്തുനിന്ന് മടങ്ങിയ ഒരാൾ തന്റെ ശരീരത്തിലെ മിടിക്കുന്ന ഹൃദയം ഒരു അജ്ഞാതന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായി നൽകി വിട പറഞ്ഞപ്പോൾ മറ്റൊരാൾക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള ഉള്ള സമയം നീട്ടി കിട്ടുകയായിരുന്നു.എന്നാൽ അതിതാ ഇവിടെ അവസാനിക്കുകയാണ്.

തന്റെ ഹൃദയത്തേക്കാൾ ബോക്സിലാക്കി സൂക്ഷിച്ചുവെച്ച മനുഷ്യഹൃദയം സുരക്ഷിതമായിസ്വന്തം നെഞ്ചിനോട് ചേർത്ത് വെച്ച മെഡിക്കൽ ഒഫീഷ്യൽ വീണ്ടും പ്രതീക്ഷയുടെ പുതിയ വെളിച്ചമായി.പാഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ വളരെ പണിപ്പെട്ടു തകർന്ന ഹെലികോപ്റ്റർ സൂക്ഷ്മമായി ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കാൻ തുടങ്ങി.നഷ്ടപ്പെടുന്ന ഓരോ സെക്കന്റും ഹൃദയം തുന്നി പിടിപ്പിക്കാനുള്ള ആളുടെ ജീവിതത്തിന്റെ കൗൺഡൗൺ ആണെന്ന് അവർക്ക് അറിയാമായിരുന്നു. ഏറെ പണിപ്പെട്ട് അവർ ഹൃദയവുമായി അകപ്പെട്ട ആളെ പുറത്തെത്തിച്ചു .

എന്നാൽ ദുർവിധി വീണ്ടും ഈ ഹൃദയത്തെ പിൻതുടർന്നു.ഹൃദയം ഏറ്റുവാങ്ങിയ ആശുപത്രിയിലെ ഒരു ഡോക്ടർ മട്ടുപ്പാവിൽ നിന്ന് അതുമായി നടന്നു നീങ്ങുമ്പോൾ മേൽക്കൂരയിൽ പതിച്ച ഒരു ലോഹത്തളികയിൽ തട്ടി ഹൃദയം അടങ്ങിയ പെട്ടിയുമായി നിലത്തേക്ക് തെറിച്ചുവീണു.

ഒരു നിമിഷം ഇതു കണ്ട എല്ലാ ഹൃദയങ്ങളും നിലച്ചു.
എന്നാൽ വളരെ പെട്ടെന്ന് ആ ഹൃദയവുമായി മെഡിക്കൽ സംഘം ഓപ്പറേഷൻ തീയേറ്ററിലേക്ക് ഓടിയടുത്തു.ഭൂമിയിൽ നിങ്ങളുടെ അവസരം തീർന്നിട്ടില്ല കൂട്ടുകാരാ എന്ന് ഓർമ്മിപ്പിക്കുംവിധം ആ ഹൃദയത്തിന് ഈ രണ്ട് അപകടങ്ങളെയും അതിജീവിക്കാൻ സാധിച്ചു.ആകാശത്തിനു മുകളിൽ നിന്ന് താഴേക്ക് പതിക്കുക. അതിൽ നിന്നും രക്ഷപ്പെട്ടു മുന്നോട്ടു പോകുമ്പോൾ വീണ്ടും താഴെ വീണുടയുക . ആർക്ക് ഉണ്ടാവും ഇത്രയും ദാരുണമായ ജീവിതം .മണിക്കൂറുകൾ നീണ്ട ഓപ്പറേഷനു ശേഷം വിധിക്ക് കീഴടങ്ങാൻ സമ്മതിക്കാത്ത ആ ഹൃദയം ആദ്യം അജ്ഞാതനായ രോഗിയിൽ മിടിക്കാൻ തുടങ്ങി.ലോകത്തിലെ ഏത് സർവൈവൽ സ്റ്റോറികൾക്കും മുകളിലായിരിക്കും കീഴടങ്ങാൻ തയ്യാറല്ലാത്ത ഈ ഹൃദയത്തിന്റെ കഥ.

athmaonline-aneesh-anjali
അനീഷ് അഞ്ജലി


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here