വടക്കേ ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിലൂടെ 45 ദിവസത്തെ യാത്ര ചെയ്യുകയാണ് ഒരു ഫിലിം ഫെസ്റ്റ്. ‘ചല്‍ത്തി തസ് വീരിയന്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ട്രാവലിംഗ് ഫിലിം ഫെസ്റ്റില്‍ ഡോക്യുമെന്ററികൾ, ഫീച്ചർ ഫിലിമുകൾ, പരീക്ഷണാത്മക സിനിമ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്. വ്യത്യസ്തമായ ഈ സംരംഭത്തിന്‍റെ പ്രചോദനം കേരളമാണ്.
മൂന്നു ദശാബ്ദങ്ങൾക്കു മുമ്പ്, ജോണ്‍ അബ്രഹാമിന്‍റെ ‘അമ്മ അറിയാന്‍’ എന്ന ചിത്രം നിര്‍മിച്ചത് കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുള്ള ചെറിയ സംഭാവനയും ജനങ്ങളുടെ ഉൽകൃഷ്ടമായ പിന്തുണയും കൊണ്ടായിരുന്നു. ജോൺ അബ്രഹാമിന്റെ ഒരു കൂട്ടം സുഹൃത്തുക്കൾ “ജനങ്ങളുടെ ചലച്ചിത്രം” നിർമ്മിക്കണമെന്ന് ആശിച്ചുകൊണ്ട് “ഒഡേസ കളക്ടീവ്” എന്ന ഒരു സംരംഭത്തിന് രൂപം നൽകുന്നു. പൊതു ജനങ്ങളുടെ പങ്കാളിത്തത്തിൽ വിപണിശക്തികളുടെ ഇടപെടലുകളില്ലാതെ നല്ല ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിക്കണമെന്നതായിരുന്നു ഈ സംരംഭത്തിന്റെ ഉദ്ദേശ്യം.
ഗ്രാമഗ്രാമാന്തരങ്ങളിലൂടെ വീടുകളായ വീടുകൾ കയറിയിറങ്ങിയും പാട്ടുപാടിയും സ്കിറ്റുകളും തെരുവ് നാടകങ്ങളുമവതരിപ്പിച്ചും ‘ജനങ്ങളുടെ ചലച്ചിത്രത്തിനായി’ സംഭാവന അഭ്യർത്ഥിച്ച് ശേഖരിക്കപ്പെട്ട പണത്തിലൂടെയാണ് ഈ ചിത്രത്തിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയത്. ഒഡീസ്സയുടെ ആദ്യത്തെതും ജോണിന്റെ അവസാനത്തേതുമായ ഈ ചിത്രം പരമ്പരാഗത ചലച്ചിത്രനിർമ്മാണരീതിയെ തിരുത്തിയെഴുതി.
ഈ പൈതൃകത്തിൽ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ട് കൊണ്ടാണ് ഇവര്‍ 45 ദിവസത്തെ പര്യടനം നടത്തുന്നത്. ഫെബ്രവരി 14 ന് ഡല്‍ഹിയില്‍ നിന്ന് തുടങ്ങിയ യാത്ര ഇപ്പോള്‍ ഗുജറാത്തിലാണ്. സംഘത്തില്‍ മലയാളികളും ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://chaltitasveerein.wordpress.com/