ഹരിലാൽ
വർഷങ്ങൾക്ക് മുൻപാണ് ഒരു രണ്ടാം ക്ലാസ്സ് കാരൻ സ്കൂൾ വിട്ടു വരുമ്പോൾ റോഡിൽ തളർന്നിരിക്കുന്നത്. പിന്നീട് ശരീരം മുഴുവൻ നീര് വന്ന് വീർത്ത അവനെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. ദിവസങ്ങൾ കടന്നുപോയി. കാലിൽ മാത്രം നീര് അവശേഷിച്ചു. കിഡ്‌നി യുടെ പ്രശ്നം ആവാമെന്ന് ഡോക്ടർ. അതിനു നല്ലത് പ്രകൃതി ചികിത്സ ആണെന്ന് ഒരു കൂട്ടർ. നേരെ പ്രകൃതി ചികിത്സകന്റെ അടുത്തേക്ക്.
കാലം കടന്നുപോകുന്നു. ഒപ്പം നീര് വന്ന് വീർത്ത കാലും. അങ്ങനെ ആശ്രയം തേടി അലയുന്ന കൂട്ടത്തിൽ ആണ് ധ്യാനം കൂടുന്നതിനെ കുറിച് കേൾക്കുന്നത്. അങ്ങനെ നീണ്ട കാലം പോട്ട അടക്കമുള്ള ധ്യാന കേന്ദ്രങ്ങളിൽ. ഒപ്പം കൂട്ടിനു അമ്മയുടെ അനുജത്തിയും. അവർക്കു തുടയിൽ ഒരു growth ഉണ്ടായിരുന്നു. കലശലായ വേദനയും. ധ്യാന കേന്ദ്രങ്ങളിൽ വെറും തറയിൽ കിടന്നത് ഇപ്പോഴും ഓർമയുണ്ട് അത്രയധികം രോഗികൾ ഉണ്ടായിരുന്നു അവിടെ. എല്ലാ വീക്ക് എൻഡിലും അത്ഭുത പ്രവൃത്തിയിലൂടെ രോഗ ശാന്തി ലഭിച്ചവർ. അവരുടെ ഏറ്റു പറച്ചിലുകൾ..ഞങ്ങൾക്കു വേണ്ടിയും അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന ധാരണയിൽ ഞങ്ങൾ കാത്തിരുന്നു. രാത്രികൾ നീണ്ട കരച്ചിലുകൾ. അപ്പോഴും ഉറക്കെ പാടുന്ന പ്രാർത്ഥനകൾ..
ദിവസങ്ങൾ കടന്നുപോയി. ചെറിയമ്മയുടെ നില കൂടുതൽ വഷളായി വന്നു. അങ്ങനെ ഒരു വൈകുന്നേരം ആരോടും പറയാതെ അവിടെ നിന്നറങ്ങി.പിന്നീട് കൊറേ കാലം പുട്ടപർത്തി. വൈറ്റ് ഫീൽഡ്. സത്യ സായി ബാബ… അങ്ങനെ ഇരിക്കെ ഒരുദിവസം മാമൻ ചെന്നൈ ക്കു പോവുന്ന കൂട്ടത്തിൽ നേരെ ചെന്നൈ ക്കു. അവിടെ വെച്ചാണ് രോഗം തിരിച്ചറിയപെടുന്നത്. ചെറിയമ്മക്ക് ക്യാൻസർ. എനിക്ക് ബോൺ growth. രോഗനിർണയത്തിന് ശേഷം കുറച്ചു നാളുകൾ കൂടി കഴിഞ്ഞപ്പോൾ പ്രാർത്ഥനകൾക്ക് കേൾക്കാൻ കഴിയുന്ന ലോകത്തിനു അപ്പുറത്തേക്ക് ചെറിയമ്മ പോയി.
പിന്നെ എന്റെ ഊഴമായി. പിന്നീടെപ്പോഴോ കാലിക്കറ്റ് എരഞ്ഞിപ്പാലം ഹോസ്പിറ്റലിൽ എത്തപെട്ടു. പണിക്കർ ഡോക്ടർ എന്ന മനുഷ്യൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു . സാരോല്ല ചെറിയൊരു സർജറി മതി.. നമ്മക് ഈ വടി കുത്തിപ്പിടിച്ചു സ്കൂളിൽ പോണത് ഒക്കെ മാറ്റം.. നടന്നു സ്കൂളിൽ പോയി തുടങ്ങാം എന്നദ്ദേഹം പറഞ്ഞു. നീണ്ട ഇരുപതു വർഷങ്ങൾ കഴിഞ്ഞു. ഞാൻ വടിയില്ലാതെ സ്കൂളിൽ പോയി തുടങ്ങി.. അന്ന് വിദ്യാർത്ഥി ആയും ഇന്ന് അദ്ധ്യാപകൻ ആയും…
പറഞ്ഞ് വന്നത് ട്രാൻസ് എന്ന സിനിമയെ കുറിച്ചാണ്. വർഷങ്ങൾക്കു മുൻപ് മോഡേൺ medicine കുറിച്ചോ പ്ലസിബോ എഫക്ട് നെ കുറിച്ചോ അറിയാതിരുന്ന ഒരു കാലഘട്ടത്തിൽ എവിടെയാണ് ആശ്രയം എന്ന് തേടി നമ്മൾ അലയും. ഒവി വിജയന്റെ ഒരു കഥയിൽ പറയും പോലെ അത്രയും ചെറിയ മനുഷ്യർ ആണ് നാം. ആ മനുഷ്യന്റെ ഈ ദുര്ബലത ഇന്നും ഒട്ടും അളവിൽ ചോരാതെ മുതലെടുക്കാൻ ഇവിടുത്തെ റിലീജിയസ് ഇന്സ്ടിട്യൂഷൻസ് നും ആൾ ദൈവങ്ങൾക്കും സാധിക്കുന്നുണ്ട്.അത് കൊണ്ട് തന്നെയാണ് കൃപയിൽ വിശ്വസിക്കുന്നവരും തുപ്പൽ വെള്ളത്തിൽ വിശവസിക്കുന്നവരും വിഭൂതി അഭിഷേകം ചെയ്യുന്നവരും ഇന്നും ഉണ്ടാവുന്നത്. നമ്മൾ ട്രോൾ ഇട്ടു ഹ ഹ ഇട്ടു രസിക്കുമ്പോഴും അതിന്റെ കീഴിൽ love റിയാക്ഷനുമായി പതിനായിരങ്ങൾ അത്ഭുതങ്ങൾക്കു വേണ്ടി കാതോർത്തിരുപ്പുണ്ട്..
അടിമുടി മതം വിഴുങ്ങി കഴിഞ്ഞ ഒരു സമൂഹത്തിൽ ട്രാൻസ് ഏതു രീതിയിൽ സ്വീകരിക്കപ്പെടുമെന്നു സംശയമുണ്ട്. സിങ്ക് സൗണ്ട് മോശമായി dop വിചാരിച്ചത്ര പോരാ തുടങ്ങിയ പതിവ് ready made reviews ഉം അരങ്ങു തകർക്കുന്നുണ്ട്. പക്ഷെ ഒന്ന് പറയാം ഏതൊരാർട്ടും ഒരു പ്രതിഷേധമാണ് എന്ന് വിശ്വസിക്കുന്നു. നിലവിലുള്ള വ്യവസ്ഥിതിയോടു സംവദിക്കുക. കലഹിക്കുക. ട്രാൻസ് ഇത് രണ്ടും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ചെസ്വ മീവാഷിന്റെ വാക്കുകൾ പോലെ “ആളുകൾ ഏകകണ്ഠമായി മൗനത്തിന്റെ ഗൂഢാലോചനയിൽ ഏർപ്പെടുന്ന മുറിയിൽ നേരുള്ള ഒരു വാക്ക് വെടിയൊച്ച പോലെ മുഴങ്ങും “അത്തരത്തിലുള്ള ഒരു വെടിയൊച്ചയാണ് ഇപ്പോൾ തിയേറ്ററിൽ മുഴങ്ങുന്നത്. കാണാതെ പോവരുത്.
Nb:അവസാനമായി ഇനി ഫഹദിനെ കുറിച്ചാണ്. നിങ്ങളെ കുറിച്ച് പറയാൻ പുതിയ വല്ല വാക്കും കണ്ടു പിടിക്കട്ടെ. അതിനു ശേഷം പറയാം.