HomeTHE ARTERIASEQUEL 120യാത്രാനുഭവങ്ങളുടെ കാവ്യഭാഷ

യാത്രാനുഭവങ്ങളുടെ കാവ്യഭാഷ

Published on

spot_imgspot_img

The Reader’s View

അന്‍വര്‍ ഹുസൈന്‍

യാത്രകൾ കേവലം വഴി ദൂരം പിന്നിടലല്ല, ജീവിതത്തെ അറിയലാണ്, പ്രകൃതിയോട് ചേരലാണ്. എസ് കെ പൊറ്റക്കാട് ഹൃദയത്തിലേക്കെത്തിച്ച വിദൂരത്തെ വൻകരകളിലെ ജീവിതം നമ്മൾ അറിയുന്നതങ്ങനെയാണ്. യാത്രാ സാഹിത്യം യാത്രാ വിവരണമല്ല, അതിന് പത്ര ഭാഷ്യവും വേണ്ട. കഥയുടെ ലാവണ്യമാവണം അതിൻ്റെ ഭാഷ. അത്തരമൊരു യാത്രയാണ് ഫമിതയുടെ “യാത്ര – പാളങ്ങളിലൂടെ ഒരു സഞ്ചാരം”. മൈത്രി ബുക്ക്സാണ് പ്രസാധകർ.

ഏതു യാത്രയും ഹൃദയത്തിലേറാൻ കുറെ ഘടകങ്ങൾ ഉണ്ട്. യാത്രയിൽ നാം വായിച്ച പുസ്തകങ്ങൾ, ചൊല്ലിയ കവിതകൾ, കണ്ട സിനിമകൾ, കേട്ട ചരിത്രങ്ങൾ, മനം നിറച്ച കഥകൾ ഒക്കെ കൂട്ടിനുണ്ടാവും. ഫമിതയുടെ യാത്ര അത്തരത്തിൽ സാർത്ഥകമായിട്ടുണ്ട്. ആ നാടിലേക്കൊന്നു യാത്ര പോവാൻ നമ്മളും കൊതിക്കും.

ഇന്ത്യൻ റയിൽവേയിൽ നീണ്ടു കിടക്കുന്ന പാളങ്ങൾക്ക് ഒത്തിരി കഥ പറയാനുണ്ട്. ആ പാളങ്ങളിലൂടെ നിരവധി ജീവനുകൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ആ തീവണ്ടികളിൽ സൗഹൃദവും പ്രണയവും വിരിയുന്നു. തർക്ക വിതർക്കങ്ങളുടെ രാഷ്ട്രീയ സാംസ്കാരിക യുദ്ധഭൂമിയിൽ യാത്രക്കാർ പൊരുതുന്നു. ഒരു നേരത്തെ വയർ നിറയ്ക്കാൻ സാമഗ്രികളുമായി വാണിഭം നടക്കുന്നു. ഭാരതത്തിൻ്റെ ആത്മാവിലൂടെ ആ തീവണ്ടി ചൂളം വിളിക്കുന്നു. മലനിരകൾ തുളച്ച തുരങ്കങ്ങൾ കടന്ന്, മരുഭൂമിയിലൂടെയും പാടങ്ങൾക്കിടയിലൂടെയും തീവണ്ടി പായുന്നു.

എഴുത്തുകാരി തീവണ്ടിയിലെ ഒരു നിത്യ സഞ്ചാരിയായി കണ്ടതും കേട്ടതുമായ കാര്യങ്ങൾ അക്ഷരങ്ങളിൽ പകർത്തിയിരിക്കുന്നു. കഥയെഴുത്തുകാരിയുടെ ഭാഷയിൽ സ്വാഭാവികമായി അക്ഷരങ്ങൾ ഒഴുകുന്നു. ശ്രദ്ധേയങ്ങളായ ജീവിത നിരീക്ഷണങ്ങൾ കോറിയിടുന്നു. “എൻ്റെ ശരിയെപ്പോലെ തന്നെ അനേകായിരം ശരികളുണ്ടെന്നും അതിലൊക്കെ ജീവിതമുണ്ടെന്നും എല്ലാ ശരികളേയും ചേർത്ത് പിടിക്കേണ്ടതാണ് എന്നുമുള്ള അറിവ് പകരുന്ന സഞ്ചാരങ്ങൾ” എന്ന് യാത്രയെ അവർ നിർവ്വചിക്കുമ്പോൾ അതൊരു വലിയ ശരിയെന്ന് നാം സമ്മതിച്ചു പോവും.

ജോലി സ്ഥലത്തേക്കുള്ള നിത്യയാത്രകളിൽ താൻ കണ്ട സ്ഥലങ്ങളും കണ്ടുമുട്ടിയ ആളുകളും ഹൃദയത്തിലേറ്റിയ സൗഹൃദങ്ങളുമെല്ലാം പങ്കുവയ്ക്കുന്നു. ജീവിതം പങ്കുവയ്ക്കാനുള്ളതാണ്, കൂട്ടിവയ്ക്കാനുള്ളതല്ല എന്ന് ഫമിത എഴുതുന്നു. ജീവിതം തന്നെ ഒരു യാത്രയാണല്ലോ? അതങ്ങനെ അനുസ്യൂതം ഒഴുകണം. അതിൻ്റെ കൈവഴികളിൽ സ്നേഹത്തിൻ്റെ നീരൊഴുകണം.

ജോലിസ്ഥലത്തേക്കും തിരികെയുമുള്ള യാത്രകൾക്ക് റയിൽവേ വളരെ മിതമായ നിരക്കിൽ സൗകര്യമൊരുക്കുന്നെങ്കിലും തിരക്കും തീവണ്ടിയുടെ വൈകിയോടലും യാത്രക്കാരിൽ അങ്കലാപ്പ് സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളായ ഉദ്യോഗസ്ഥർ വീട്ടമ്മയായും അമ്മയായും മകളായും മരുമകളായും ഭാര്യയായും ഒക്കെ പകർന്നാട്ടം നടത്തേണ്ടതുണ്ട്. ഈ യാത്രക്കാരിയുടെ ഭാഷയിൽ ക്ലോക്കിലെ മിനുട്ടു സൂചിയും സെക്കൻ്റ് സൂചിയും അനുസരിച്ച് ചലിക്കുന്നവർ… ഇന്നും സ്ത്രീ യാത്രക്കാർക്ക് മാത്രമായ ചില ആകുലതകളും വ്യഥകളുമുണ്ട്. അതെല്ലാം ഇതിൻ്റെ താളുകളിൽ ഇതൾ വിരിയുന്നുണ്ട്.

യാത്രക്കിടയിലുള്ള പ്രണയവും പ്രണയനിരാസവുമെല്ലാം നർമ്മത്തിൽ ചാലിച്ച് എഴുതിയിട്ടുണ്ട്. ശക്തരായ സ്ത്രീകളെ വഴികളിൽ കണ്ടുമുട്ടിയതിനെപ്പറ്റി പറയുന്നുണ്ട്. യാത്രക്കാർ പരസ്പരം തണലാകുന്ന അനുഭവങ്ങളും പകർത്തിയിട്ടുണ്ട്.

യാത്രാ വഴിയിൽ അമ്പലപ്പുഴ കടക്കുമ്പോൾ കണ്ണനെ ഓർക്കാതെ വയ്യല്ലോ! ആ കാർവർണ്ണനെ തേടുന്നത് കാണുക.

“നമ്മൾ ഏതു രൂപത്തിലാണോ കൃഷ്ണനെ കാണാൻ ആഗ്രഹിക്കുന്നത് ആ രൂപത്തിലായിരിക്കും കൃഷ്ണൻ നമ്മുടെ അടുത്ത് വരിക. ഞാൻ ഒരു നിമിഷം അമ്പലത്തിലേക്കൊന്നു തിരിഞ്ഞു നോക്കി. കാലികളെ മേയ്ച്ചു നടക്കുന്ന എൻ്റെ കണ്ണൻ എവിടെ മറഞ്ഞു ”

കുട്ടനാടിലൂടെ കടന്നു പോവുമ്പോൾ തകഴി ‘കാത്തേ കാത്തേ ‘ എന്നു വിളിക്കുന്നത് കേൾക്കുന്നു. നമ്മളും ആ വിളിക്ക് കാതോർക്കുന്നു.

ഈ പുസ്തകത്തിലെ അവതാരിക എന്നു കരുതാവുന്ന “യാത്രയുടെ സൂര്യരഥം” എന്ന തലക്കെട്ടിൽ പി ശിവപ്രസാദ് പറയുന്നത് പോലെ ഈ യാത്രയിൽ നമ്മളും ഒരാളായി മാറുന്നു. മുപ്പത്തിയെട്ട് ചെറു കുറിപ്പുകളിലൂടെ ഒട്ടേറെ സ്ഥലങ്ങളെ, ജീവിതങ്ങളെ നമുക്ക് അനുഭവവേദ്യമാക്കുന്നു.

പിൻ കവറിൽ വി ഷിനിലാൽ നിരീക്ഷിക്കുന്ന പോലെ ഇതൊരു സൗഹൃദങ്ങളുടെ പുസ്തകവും ആണ്. പാളങ്ങളിലൂടെ മുന്നോട്ട് പോവുമ്പോഴും ഓർമ്മപ്പാളത്തിലൂടെയുള്ള പിൻ സഞ്ചാരത്തെ മോബിൻ മോഹൻ ഓർമ്മപ്പെടുത്തുന്നു.

ഈ പുസ്തകത്തിലെ ഏറ്റവും ആകർഷകമായ കുറിപ്പുകൾ ഭാരതദർശൻ യാത്രയുടേതാണ്. ഇന്ത്യ മുഴുവൻ കണ്ടു തീർക്കാൻ ഒരു ജന്മത്തിൽ സാധ്യമല്ലെങ്കിലും കുറെയേറെ സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന ഇന്ത്യൻ റെയിൽവേയുടെ പദ്ധതിയാണ് ഭാരത ദർശൻ. ഫമിതയും കുടുംബവും ഇന്ത്യയുടെ ആത്മാവിലൂടെ സഞ്ചരിച്ചു. യക്ഷഗാനത്തിൻ്റെ നാട്ടിലും തിരക്കിൻ്റെ പര്യായമായ മുംബൈയിലും ദില്ലിയിലും ആഗ്രയിലും രാജസ്ഥാൻ മരുഭൂമിയിലും കൂടി ഇന്ത്യയുടെ വൈവിധ്യമറിഞ്ഞ് കടന്നു പോയി. ഓരോ യാത്രയും ഹൃദ്യമായി പകർത്തി. നമുക്കും ആ യാത്രയിൽ പങ്കുചേരാം. ഇന്ത്യയുടെ വൈവിധ്യത്തിലും ബഹുസ്വരതയിലും അഭിമാനിക്കാം. ഇതൊക്കെ തകരുന്നതിൽ ആശങ്കപ്പെടാം.

കൊല്ലത്ത് നിന്ന് തീവണ്ടിയേറി നിളയുടെ തീരം കടന്ന് ദേശത്തിൻ്റെ കഥ പറഞ്ഞ വഴിത്താരികൾ പിന്നിട്ട് കന്നട ദേശത്തെത്തി യാത്ര തുടരുമ്പോൾ യാത്രികർക്കൊപ്പം നമുക്കും സഞ്ചരിക്കാം. കൊങ്കൺ പാത കടക്കുമ്പോഴും മലയാളിക്ക് ഉള്ളൂരിൻ്റെ ഉമാകേരളത്തിലെ വരികൾ മറക്കാൻ കഴിയില്ലല്ലോ. പിന്നീട് തിരക്കുള്ള മുംബൈയിലേക്ക് യാത്രാ സംഘം കടക്കുന്നു. ഇതിനിടയിൽ യാത്രക്കാർക്കിടയിലുണ്ടാവുന്ന രസകരമായ അനുഭവങ്ങൾ, ഭക്ഷണപാനീയങ്ങളുടെ വിലയിരുത്തൽ ഒക്കെ വരികളായി നിറയുന്നു. പ്രണയ സൗധമായ താജ്മഹലും മഹാനായ അക്ബർ ചക്രവർത്തിയും ചരിത്രവും ഒക്കെ ഇഴ കോർക്കുന്നു.

കഷ്ടിച്ച് അഞ്ചു വയസുള്ള ഒരു ടൂറിസ്റ്റ് ഗൈഡിൻ്റെ ജീവിതം കാണുക. കുട്ടികൾ അവനോട് ചോദിച്ചു
“ക്യാ ആപ് സ്കൂൾ ജാഥാ ഹേ”
” നഹീ”
“Why”
“അബ് വഹാം ഖാനാ നഹിം മിലേഗാ ”

ഹൃദയത്തിലേക്ക് കാരിരുമ്പു പോലെയായിരുന്നു ആ വാക്കുകൾ എന്ന് എഴുത്തുകാരിയിലെ അമ്മ എഴുതുന്നു. സ്വച്ഛ ഭാരതത്തിൻ്റെ അവസ്ഥ നോക്കൂ! ഭാരതമെന്ന പേർ കേട്ട് എങ്ങനെ നമ്മൾ അഭിമാനം കൊള്ളും! എല്ലാവർക്കും വിദ്യാഭ്യാസം കിട്ടുന്ന, സ്വാതന്ത്ര്യം കിട്ടുന്ന, തൊഴിൽ കിട്ടുന്ന ഒരു ഭാരതം സ്വപ്നമായി അവശേഷിക്കുമോ!

ദില്ലിയിലെ സന്ദർശനത്തിനിടയിൽ രാജ്ഘട്ട് സന്ദർശിച്ചത് വികാരഭരിതയായി ഈ പുസ്തകത്തിൽ ഓർക്കുന്നു. ഗാന്ധി നിന്ദയുടെ കാലത്ത് രാജ്ഘട്ട് സന്ദർശകർക്ക് വിലക്കപ്പെടുമോ എന്ന് പോലും സംശയിക്കേണ്ടി വരും. രാജ്യ തലസ്ഥാനത്തെ ഒട്ടേറെ കാഴ്ചകൾ ഈ യാത്രക്കാരി പകർന്നു തരുന്നു. ദില്ലിയിലെ തിരക്കേറിയ ചാന്ദ്നി ചൗക്കും അജ്മീർ ദർഗയുമൊക്കെ സന്ദർശിച്ച്, ലോട്ടസ് ടെമ്പിളിൻ്റെ ശാന്തി നുണഞ്ഞ്, ബഹുസ്വരതയിൽ അഭിരമിച്ച് ആ യാത്രാസംഘം മടങ്ങുവോളം നമ്മിലേക്ക് ആ യാത്രയുടെ മധുരം എത്തിക്കുന്നതിൽ ഫമിത വിജയിച്ചിട്ടുണ്ട്. വ്യത്യസ്തമായ സംസ്കാരങ്ങളുടെ അനുപമമായ മിശ്രണമാണല്ലോ ഈ ഭാരത ഭൂമി.

ഗോവൻ തീരത്തേക്കുള്ള യാത്രയും ചില കുറിപ്പുകളിലൂടെ മനോഹരമാക്കിയിട്ടുണ്ട്. ഗോവയിലും വിഷുവിന് കൊന്നപ്പൂക്കളെ മലയാളി തേടുന്നു. അയ്യപ്പപ്പണിക്കർ പാടിയ പോലെ –
“എനിക്കാവതില്ല പൂക്കാതിരിക്കാൻ
വിഷുക്കാലമല്ലേ കണിക്കൊന്നയല്ലേ ”

മലയാളിക്ക് തീരെയില്ലാത്ത ഒരു സവിശേഷത ഗോവക്കാരിൽ അവർ കണ്ടു. ആരുടെയും സ്വകാര്യതയിലേക്ക് അവർ ഒളിഞ്ഞു നോക്കുന്നില്ല. നമുക്കാണെങ്കിൽ അതൊരു ഹരമാണ്.

യാത്രകൾ എങ്ങിനെ ജീവിതത്തോട് ചേർത്ത് വയ്ക്കാം എന്ന് അവതരിപ്പിക്കാൻ നിസംശയം ഫമിതക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു പാട് പുസ്തകം വായിക്കുന്നതിന് തുല്യമാണ് ഒരു നല്ല യാത്ര എന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. ഇതിനകം രണ്ട് എഡിഷൻ ആയ ഈ പുസ്തകം ഏറെ വായിക്കപ്പെടട്ടെ എന്ന് ആശിക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

1 COMMENT

  1. രസകരമായി വായിച്ച എഴുത്ത്. ഫമിതയ്ക്ക് നല്ല വിഷ്വൽ സെൻസുണ്ട്. അത് ഭാഷയിലും പ്രകടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...