അനൂപ് ഇന്ദിര മോഹൻ
സിനിമ പൂർണ്ണമായും നിമിഷ ചെയ്ത കാരക്റ്റർന്റെ ഭാഗത്ത് നിന്ന് എടുക്കുകയാണ് ചെയ്തത് എന്ന ഒരഭിപ്രായം എനിക്കുണ്ട്. സിനിമയിൽ സ്വതവേ പാവം മനുഷ്യരായ നിമിഷയുടെ ഭർത്താവിനെയും, ഭർത്താവിന്റെ അച്ഛനെയും ഒരു വില്ലനെ പോലെ ആണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. സിനിമ കാണുമ്പോൾ നിമിഷയുടെ ഒപ്പമാണ് പ്രേക്ഷകർ എങ്കിൽ പോലും, ഒരു വില്ലനെ പോലെ കാണിക്കാൻ മാത്രം അവരുടെ ഭർത്താവും, അച്ഛനും എന്തെങ്കിലും മോശമായി പ്രവർത്തിച്ചിരുന്നോ എന്ന് സംശയമാണ്. സിനിമയിൽ ഒരിടത്തും നിമിഷയുടെ ഭർത്താവ് നിമിഷയെ അടിക്കാൻ കയ്യോങ്ങുകയോ എന്തിന് ഭാര്യയോട് ഒന്ന് ഉച്ചത്തിൽ കയർക്കുകയോ കൂടി ചെയ്യുന്നില്ല. നിമിഷ ജോലിക്ക് പോകണ്ട എന്നല്ല, അപ്പോൾ പോകണ്ട എന്ന് മാത്രമാണ് ഭർത്താവ് പറയുന്നത്. കുടുംബ ജീവതത്തിൽ ഇത്തരം അഡ്ജസ്റ്റ്മെന്റ്കൾ സത്യത്തിൽ കൂടിയേ ചേരു എന്നതാണ് സത്യം. സിനിമയുടെ അവസാനം, നിമിഷ പൈപ്പ് പൊട്ടി ഒലിച്ച വെള്ളം ആ മനുഷ്യന്റെയും അച്ഛന്റെയും മുഖത്തേക്ക് ഒഴിക്കുന്നത് വയലൻസ് തന്നെ ആണ്. അതിനെ കുറിച്ച് ഒന്നും ആരും എഴുതിയോ പറഞ്ഞോ കണ്ടില്ല. പിന്നെ ഇത്ര ചെറിയ കാര്യങ്ങൾക്ക് ബന്ധം വേർപെടുത്താൻ ആണ് എങ്കിൽ, ഇവിടെ കേരളത്തിൽ കുടുംബമേ ഉണ്ടാകുമോ എന്ന് സംശയമാണ്.
മുകളിൽ ഞാൻ എഴുതിയ പാരഗ്രാഫ് വായിച്ചു, അത് ശരിയാണല്ലോ എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ, നിങ്ങൾ നല്ലൊരു സ്ത്രീ വിരുദ്ധനും, പാസ്സീവ് അഗ്ഗ്രഷൻ എന്താണ് എന്നതിനെ പറ്റി യാതൊരു ധാരണയും ഇല്ലാത്ത ഒരു മനുഷ്യനും ആണ്.
പലപ്പോഴും വളരെ പൊളൈറ്റ് ആയ ഭാഷയിൽ വയലൻസ് ഒരാൾ പറയുമ്പോൾ, ആ ഭാഷയിലെ മാന്യതയും, മിതത്വവും കാരണം കണ്ടന്റിൽ വയലൻസ് ശ്രദ്ദിക്കപെടാതെ പോകാറുണ്ട്. ഇതിനെ ആണ് സൈലന്റ് പാസ്സീവ് അഗ്ഗ്രഷൻ എന്ന് പറയുന്നത്.
ഒരു ഉദാഹരണം പറയാം. പറഞ്ഞു കേട്ട ഒരു സംഭവമാണ്. വിഷയം നടക്കുന്നത് അമേരിക്കയിൽ ആണ്. ഒരു ബ്ലാക്ക് ആയ മനുഷ്യൻ അവിടെ ഒരു വെള്ളക്കാരന്റെ ബേക്കറിയിൽ എന്തോ വാങ്ങാൻ പോകുന്നു. വെള്ളക്കാരൻ വളരെ ശാന്തതയോടെ കൂടെ, വളരെ പൊളൈറ്റ് ആയി താൻ കറുത്ത വർഗ്ഗക്കാർക്ക് ഒന്നും വിൽക്കുന്നില്ല എന്നും നിങ്ങൾക്ക് അപ്പുറത്തുള്ള കടയിൽ പോയി സാധനം വാങ്ങാം എന്നും അറിയിക്കുന്നു. ഇതിലെ വിവേചനം മനസ്സിലായ ബ്ലാക്ക് ആയ മനുഷ്യൻ അവിടെ നിന്ന് വളരെ വയലെന്റ് ആയി പ്രതികരിക്കുന്നു. വെള്ളക്കാരനായ കടയുടമ പൊളൈറ്റ് ആയി തന്നെ അയാളോട് തൊട്ടപ്പുറത്തുള്ള കട ചൂണ്ടി കാണിച്ചു അവിടെ നിന്ന് സാധനം വാങ്ങി കൊള്ളാൻ പറയുന്നു. ഇത് കണ്ട് നിക്കുന്നവരിൽ സ്വാഭവികമായും ബ്ലാക്ക് ആയ മനുഷ്യൻ അനാവശ്യമായി വയലെന്റ് ആകുന്നു എന്ന തോന്നൽ ആണ് ഉണ്ടാവുക. ആ വെള്ളക്കാരൻ പറഞ്ഞത് തെറ്റായികോട്ടെ, വളരെ മാന്യമായി ആണല്ലോ അയാൾ അത് പറയുന്നത് എന്നും അതെ മാന്യത ബ്ലാക്ക് ആയ മനുഷ്യനും തിരിച്ചു കാണിച്ചൂടെ എന്നൊക്കെ കുറെ പേർ ചിന്തിച്ചു കാണും. ഇവിടെ യഥാർത്ഥത്തിൽ വയലൻസ് കാണിച്ചത് പൊളൈറ്റ് ആയി സംസാരിച്ച വെള്ളക്കാരൻ തന്നെ ആണ്.
ഇത് പോലെ സിനിമയിൽ ഉടനീളം നിമിഷക്ക് നേരെ നടക്കുന്ന പാസ്സീവ് അഗ്ഗ്രഷനുകൾ ആണ്. കല്യാണം കഴിഞ്ഞു, വീട്ടിൽ എത്തുന്ന നിമിഷയോട്, നിമിഷ സെക്‌സിന് തയ്യറാണോ എന്ന് ചോദിക്കുകയോ, പറയുകയും ചെയ്യാതെ, ഭർത്താവ് സെക്‌സിന് തയ്യാറെടുക്കുകയാണ്. നിമിഷയുടെ ഭർത്താവിന്റെ അമ്മ പോയി കഴിഞ്ഞു, നിമിഷ നേരിടുന്ന വയലൻസ് കുറെ കൂടി വിസിബിൾ ആവുകയാണ്. ഒരു പോയിന്റിൽ എന്റെ മോൾ ചമ്മന്തി അമ്മി കല്ലിൽ ഒന്നും അരക്കണ്ട എന്ന് ഭർത്താവിന്റെ അച്ഛൻ വളരെ സൗമ്യമായി പറയുന്നു എങ്കിലും അത് അയാൾ ചെയ്യുന്ന എന്തോ വലിയ ഔദാര്യം ആണെന്ന് ആ സ്വരത്തിൽ വ്യക്തമാണ്. പിന്നീട് ഇതേ മനുഷ്യൻ ചോറ് കുക്കറിൽ വെക്കരുത് എന്നും, അത് അടുപ്പിൽ വച്ചാൽ മതി മോളെ എന്നും സ്നേഹത്തോടെ ഉപദേശിക്കുകയാണ്. അവിടം കൊണ്ടും അവസാനിക്കുന്നില്ല, ഡ്രസ്സ് വാഷിങ് മെഷീനിൽ അലക്കിയാൽ അത് ചീത്തയാകുമെന്നും തന്റെ ഡ്രസ്സ് അല്ലാതെ അലക്കിയാൽ മതിയേ എന്നും അയാൾ മരു മോളോട് “റിക്വസ്റ്റ്” ചെയ്യുന്നുണ്ട്. ഈ ഒരു പോയിന്റിൽ ഇത്രക്ക് നിർബന്ധമാണെങ്കിൽ തനിക്ക് സ്വന്തമായി ചമ്മന്തി അമ്മി കല്ലിൽ അരക്കുകയും, ചോറ് അടുപ്പത്ത് വെക്കുകയും, സ്വന്തം ഡ്രസ്സ് കല്ലിൽ അടിച്ചു കഴുകുകയും ചെയ്തൂടേടോ എന്ന് മനസ്സിൽ ഒരു തവണ എങ്കിലും ചോദിക്കാൻ നിങ്ങൾക്ക് തോന്നിയില്ലെങ്കിൽ, നിങ്ങൾ ഈ ചൂഷണ വ്യവസ്ഥിയോട് അത്രയധികം ഇഴകി ചേർന്നാണ് ജീവിക്കുന്നത് എന്ന് വേണം കരുതാൻ. ഇത് വായിക്കുന്ന പുരുഷന്മാർക്ക് ഒരു ഹോം വർക്ക് കൂടി തരാം. നിങ്ങളിൽ എത്ര പേരുടെ വീട്ടിൽ ഗ്യാസ് ഉണ്ടെങ്കിലും അമ്മമാർ ചോറ് അടുപ്പിൽ വെക്കുന്നുണ്ട്? ഗ്യാസ് ലാഭിക്കാം എന്നോ വിറക് ഉണ്ട് എന്നോ ഒക്കെ കാരണം പറഞ്ഞിട്ട്? എത്ര അമ്മമാർ വാഷിംഗ് മെഷീൻ ഉണ്ടെങ്കിലും, ഡ്രസ്സ് കല്ലിൽ ഇട്ട് അലക്കുന്നുണ്ട്? അവരെന്ത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്ന് ഒരിക്കലെങ്കിലും ചോദിക്കുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടോ??
വീട്ടിൽ വന്നെത്തുന്ന അതിഥി ആണ് അടുത്ത അഗ്ഗ്രഷൻ. അയാളുടെ ഒരു ഫിലോസഫി പിന്നെയും സഹിക്കാം. അത് കഴിഞ്ഞു ഇനി ഞങ്ങൾ ആണുങ്ങൾ കിച്ചണിൽ കയറാം എന്ന് പറഞ്ഞു അങ്ങേര് കുക്ക് ചെയ്ത് ആ അടുക്കള അത്രയും വൃത്തികേടാക്കി ഇട്ട് പോയപ്പോൾ അത് കുറെ അധികം പേർക്ക് കൊണ്ട് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മൾ ആണുങ്ങൾ കുക്ക് ചെയ്യുമ്പോ, കുക്കിംഗ് മാത്രമാണല്ലോ ചെയ്യുക, ക്ലീനിങ് നു പ്രത്യേകിച്ച് അംഗീകാരമോ, പ്രശംസയോ കിട്ടാത്ത സ്ഥിതിക്ക് അത് സ്ത്രീകൾ ചെയ്തോട്ടെ. അല്ലെ? ഇനി ഇതും കഴിഞ്ഞു, അയാൾ പറഞ്ഞ രീതിയിൽ ചായ ഇട്ട് കൊണ്ട് വന്നപ്പോൾ, ആ മനുഷ്യന്റെ ഒരു ചോദ്യം ഉണ്ട്. ഇനി നാളെ നല്ല കട്ടൻ ആരാ ഇടാൻ പഠിപ്പിച്ചത് എന്ന് ചോദിച്ചാൽ എന്ത് പറയും എന്ന്. അതിന് ചിരിച്ചു കൊണ്ട് ഏട്ടൻ എന്ന് പറഞ്ഞു അടുക്കളയിൽ പണി ഉണ്ടെന്ന് പറഞ്ഞു നിമിഷ അവിടെ നിന്ന് പോവുകയാണ്. അത് കേട്ട് അടുക്കളയിൽ എന്ത് പണി, പണി മുഴുവൻ ഞങ്ങൾ ചെയ്തില്ലേ എന്ന് പറഞ്ഞു അയാൾ കുലുങ്ങി ചിരിച്ചപ്പോൾ, അയാൾക്ക് ഇട്ട് രണ്ട് കൊടുക്കാൻ, മിനിമം ആ പറഞ്ഞത് വയലൻസായി പോലും നിങ്ങൾക്ക് തോന്നിയില്ലെങ്കിൽ, പാസ്സീവ് അഗ്ഗ്രഷനോട് നിങ്ങൾ അത്ര മാത്രം ഒപ്പെക്ക് ആണ്.

ചില വീടുകളിൽ വേറൊരു പതിവാണ് ഭർത്താവ് കഴിച്ച എച്ചിൽ പ്ലേറ്റിൽ ഭാര്യ കഴിക്കുക എന്നത്. നിമിഷയുടെ ഭർത്താവിന്റെ അമ്മ, ഭർത്താവിന്റെ അച്ഛൻ കഴിച്ച എച്ചിൽ പ്ലേറ്റിൽ കഴിക്കുന്ന രംഗം കാണിക്കുന്നുണ്ട്.
വീട്ടിലെ ടേബിൾ മാനേഴ്സ് ഇല്ലാത്തതിനെ പറ്റി നിമിഷ ഭർത്താവിനോട് പറയുമ്പോ, അയാളുടെ ഈഗോ ഹർട്ട് ആവുന്നുണ്ട്. ഞാൻ എന്റെ വീട്ടിൽ എനിക്കിഷ്ടമുള്ള പോലെ ചെയ്യും എന്നും തനിക്ക് അത്രയേ മാനേഴ്സ് ഉള്ളു എന്നുമാണ് അയാൾ മറുപടി കൊടുക്കുന്നത്. ഇതെല്ലാം കഴിഞ്ഞു രാത്രി നിമിഷയെ കൊണ്ട് അയാൾ സോറി പറയിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ഒരു വയലൻസും ഇല്ലാതെ, സ്നേഹത്തോടെ ആണ് ഇത് ചെയ്യുന്നത്. അതിലെ സൈലന്റ് അഗ്ഗ്രഷനും നിങ്ങളിൽ പലർക്കും വയലൻസായി തോന്നി കാണില്ല.
സ്വന്തമായി ജോലിക്ക് അപ്ലൈ ചെയ്ത നിമിഷയോട് അച്ഛൻ പറയുന്നത്, അയാളുടെ ഭാര്യ എം എ വരെ പഠിച്ചിട്ടുണ്ട് എങ്കിലും, ജോലിക്ക് വിടാതിരുന്നതിനാൽ, കുട്ടികളുടെ ഭാവി നന്നായി എന്നാണ്. കുട്ടികളുടെ എന്ത് നന്നായി എന്നാണ്? തിന്ന പ്ളേറ്റ് പോലും കഴുകാൻ അറിയാത്ത, പത്തിരുപത്തെട്ട്‍ വയസ്സുള്ള ഒരു മകനെ വളർത്തി എടുക്കുന്നതാണോ, കുട്ടികളെ “നന്നാക്കൽ”. വീണ്ടും നിമിഷയുടെ ഭർത്താവിന്റെ മെയിൽ ഈഗോ അവിടെ ഹർട്ട് ആവുന്നുണ്ട്. സ്വന്തം ഭാര്യ തന്നെ അനുസരിക്കുന്നില്ല എന്ന കാര്യം അച്ഛൻ അറിഞ്ഞല്ലോ എന്നതിലാണ് അയാളുടെ ദുഃഖം. ഒരു ഔദാര്യമായി പിന്നെ ജോലിക്ക് വിടാം എന്നും അയാൾ പറയുന്നുണ്ട്. അതിലെയും വയലൻസ് നിങ്ങളിൽ പലർക്കും സ്വാഭാവികമാവും.
വീട്ടിൽ ജോലിക്ക് വരുന്ന ജോലിക്കാരി നിമിഷയോട് ഒരു അഞ്ഞൂറ് രൂപ കടം ചോദിക്കുന്നുണ്ട്. നിമിഷ അത് തന്റെ പേഴ്സിൽ നിന്ന് എടുത്തോളാൻ ആണ് പറയുന്നത്. ഒരു പക്ഷെ വിവാഹത്തിന് മുൻപ് നിമിഷ ജോലിക്ക് പോയിരിക്കാം. അങ്ങനെ കിട്ടിയ കാശായിരിക്കാം പേഴ്സിൽ ഉള്ളത്. സ്ത്രീകൾ ജോലിക്ക് പോകേണ്ട എന്ന് പറയുന്ന കുല പുരുഷന്മാർ ചെയ്യുന്നത് സ്ത്രീയെ പൂർണ്ണമായും അവരിൽ ഡിപ്പെൻഡ് ചെയ്ത് നിർത്തുകയാണ്. ഒരു പാഡ് അല്ലെങ്കിൽ ഇന്നർ വാങ്ങാൻ പോലും ഭർത്താവിനോട് പൈസ ചോദിക്കുന്ന സ്ത്രീ പിന്നെ അയാൾക്ക് എതിരെ ഒന്നും പറയില്ലല്ലോ. അല്ലെ?
നിമിഷക്ക് പീരിഡ്സ് ആയി വീട്ടിലേക്ക് മറ്റൊരു സ്ത്രീ വരുമ്പോൾ മാത്രമാണ് വയലൻസ് കുറെ കൂടി വിസിബിൾ ആവുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ, നിമിഷ അവസാനം ചെയ്ത പ്രവർത്തി പ്രേക്ഷകർക്ക് മുന്നിൽ ന്യായീകരിക്കാൻ ആകുമോ എന്ന് സംവിധായകൻ പേടിച്ചത് കൊണ്ടാകുമോ കുറച്ചു വിസിബിൾ വയലൻസ് കൂടി ഉൾപ്പെടുത്തിയത് എന്ന് എനിക്ക് സംശയമുണ്ട്.
എല്ലാം കഴിഞ്ഞു, നിമിഷ ആ പൈപ്പ് പൊട്ടി ഒലിച്ച വെള്ളം ഭർത്താവിന്റെയും, അച്ഛന്റെയും മുഖത്തേക്ക് ഒഴിക്കുന്നത് ആണ് നിങ്ങൾക്ക് വയലൻസ് ആയി തോന്നിയത് എങ്കിൽ, നിമിഷ ജീവിച്ച, ഇവിടുള്ള ഭൂരിപക്ഷം സ്ത്രീകൾ ജീവിക്കുന്ന ജീവിതം ഒരു രണ്ട് ദിവസം, പോട്ടെ ഒരു നേരം നിങ്ങൾ ജീവിച്ചു നോക്കുക.
ഈ പോസ്റ്റിൽ ഇത്രയും എഴുതിയത്, പാസ്സീവ് അഗ്ഗ്രഷൻ എന്ന ഒന്ന് ഉണ്ടെന്നും അത് കുടുംബത്തിന് അകത്ത് എങ്ങനയെയാണ് വർക്ക് ചെയ്യുക എന്നും പറയാൻ ആണ്. ജാതീയ വിവേചനകളെ പറ്റിയോ, സെക്സിസത്തെ പറ്റിയോ ഒക്കെ ആളുകൾ സംസാരിക്കുമ്പോൾ പൊതുവെ കേൾക്കുന്ന ഒരു വാദമാണ്, നിങ്ങൾ എന്തിനാണ് എല്ലാറ്റിലും ജാതിയും, ജൻഡറും കാണുന്നത് എന്ന്. ഞങ്ങൾക്കൊന്നും നിങ്ങൾ ഈ പറയുന്ന ജാതീയതയും, സ്ത്രീ വിരുദ്ധതയും കാണാൻ പറ്റുന്നില്ലല്ലോ എന്ന് കൂടി അവർ കൂട്ടി ചേർക്കും. നിങ്ങൾക്ക് പലപ്പോഴും ജാതിയും ജൻഡറും ഒന്നും കാണാൻ സാധിക്കാത്തത് പാസ്സീവ് അഗ്ഗ്രഷനോഡ് അത്രയധികം നോർമലൈസ്ഡ് ആയിട്ടാണ്. Educate yourself about these silent passive aggressions, and then they become visible to you!
സിനിമയെ പറ്റി ഇനിയും കുറെ അധികം എഴുതാൻ ഉണ്ട്. വളരെ സ്വാഭാവികമായി സെക്സ് ചെയ്യുന്നത് കാണിച്ചത്, സിനിമ തുടങ്ങുമ്പോൾ ദൈവത്തിന് നന്ദി പറയാതെ, സയൻസിന് നന്ദി പറഞ്ഞത്, മൃദുല ചേച്ചി എഴുതിയ അതി മനോഹരമായ പാട്ട് , കഥാപാത്രങ്ങൾക്ക് ഒന്നും പേര് കൊടുക്കാതെ, ആ ജോലി നമുക്ക് വിട്ടതിന്. ആ കഥാപാത്രങ്ങൾ നമ്മൾ ഓരോരുത്തരും ആണ്, നമുക്ക് ചുറ്റുമുള്ളവരാണ്. പേരുകൾ നമുക്ക് ഫിൽ ചെയ്യാൻ ആയിരിക്കും സംവിധായകൻ പേരുകൾ ഇടാതെ ആ കഥാപാത്രത്തെ നമുക്ക് മുന്നിൽ അവതരിപ്പിച്ചത് എന്ന് തോന്നുന്നു.
അവസാനം നിമിഷ കോരി ഒഴിക്കുന്ന ചളി വെള്ളം വീഴുന്നത് ഭർത്താവിന്റെയോ, അയാളുടെ അച്ഛന്റെയും മുഖത്തേക്ക് മാത്രമല്ല, സിനിമ കണ്ട് കൊണ്ടിരുന്ന ഓരോ ആണുങ്ങളുടെയും മുഖത്തേക്കാണ്, ഇന്ത്യയിലെ കുടുംബങ്ങളിൽ നടക്കുന്ന പാസ്സീവ് അഗ്ഗ്രഷനുകൾക്ക് നേരെ ആണ്.
…