അജീഷ് കുമാർ. ടി.ബി
മാണിക്യക്കല്ല് എന്ന സിനിമയുടെ പ്രതിപക്ഷ സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. അധ്യാപകനല്ല സമൂഹത്തെയും അറിവിനെയും നിർണ്ണയിക്കുന്നത് കുട്ടിയാണ് എന്ന് സിനിമ സ്ഥാപിക്കുന്നു. നായകനേക്കാൾ നായിക കൂടുതൽ ശക്തമായ വക്താവാകുമ്പോൾ സിനിമ സ്ത്രീപക്ഷത്തിന്റെ കണ്ണാടി കൂടിയാകുന്നു.
അധ്യാപകൻ സിനിമയിൽ ഊടായിപ്പ് മാത്രമല്ല കച്ചവട പ്രതിനിധി കൂടിയാണ്. സ്കൂളിലെ സ്റ്റോർ നടത്തിപ്പിന് വേണ്ടി രണ്ട് അധ്യാപകർ ഗ്രൗണ്ടിൽ തല്ല് കൂടുന്നത് മറ്റ് പല അധ്യാപക സ്വഭാവങ്ങളിലേക്കും വിരൽചൂണ്ടുന്നു. സിനിമയിൽ അധ്യാപകൻ അന്ധമായ അനുകർത്താവും മനശാസ്ത്ര സിദ്ധാന്തത്തിന്റെ എതിർകക്ഷി കൂടിയായി മാറുന്നു. ആ അർത്ഥത്തിൽ സിനിമ സാമൂഹിക വിമർശന ധർമ്മം നിറവേറ്റുന്നു.
ജീവിത കാഴ്ചപ്പാട് ഉള്ള കുട്ടികൾ സമൂഹത്തിലെ ഊടായ്പുകളെ തിരിച്ചറിയുന്നുണ്ട്. രവി പത്മനാഭൻ എന്ന അധ്യാപകന്റെ പൊള്ളത്തരത്തെ ആദ്യം ജയ്സനും പിന്നെ കീർത്തിയും തിരിച്ചറിയുന്നത് ഉദാഹരണം. ഒളിച്ചോടാമെന്ന് ജയ്സൻ പറയുമ്പോൾ നല്ല ജീവിതവീക്ഷണമുള്ള കീർത്തി അവനെ സ്നേഹത്തിന്റെ ഭാഷയിൽ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുന്നു. പഠനത്തിന്റെയും ജോലിയുടെയും മഹത്വം ഇവിടെ അടയാളപ്പെടുന്നു. ഇവിടെ നല്ല മാതൃക സ്ത്രീയാണ് മുന്നോട്ട് വയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പുതിയ കാലത്തിന്റെ ആശയ വിനിമയ സാധ്യതകളായ ഫെയ്സ് ബുക്ക് , ഇൻസ്റ്റാഗ്രാം തുടങ്ങിയവയുടെ ദുരുപയോഗം സിനിമ ചർച്ച ചെയ്യുന്നു. തന്നെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന സുഹൃത്തിനെ ഉപേക്ഷിക്കുന്ന നായിക നാളെത്തെ സ്ത്രീ മാതൃകയാകണ്ടതാണ്.
വിനീത് ശ്രീനിവാസന്റെ നെഗറ്റീവ് റോൾ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ നാഴികക്കല്ലാണ് . അതുപോലെ തന്നെ മറ്റ് കഥാപാത്ര കാസ്റ്റിങ്ങുകളും ഉചിതമായി.
ക്ലാസ്സ് റൂം പാഠപുസ്തക വിനിമയം, അധ്യാപകന്റെ ഇന്നത്തെ റോൾ, കുടുംബ ബന്ധങ്ങൾ, കുട്ടികൾ തമ്മിലുള്ള ബന്ധങ്ങളുടെ നവീന മാനം, സമകാലിക സമൂഹത്തിന്റെ ചിന്താഗതികൾ എന്നിവയുടെ സംസ്കാരപഠനം തണ്ണീർമത്തൻ ദിനങ്ങളിലൂടെ സാധ്യമാണ്.
കുട്ടികളുടെ ചെറിയ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കും. പക്ഷേ അതിൽ ഇടപെടുന്ന അധ്യാപക/ കുടുബ / മത അധികാര കേന്ദ്രങ്ങൾ തങ്ങളുടെ മുൻവിധികൾ കൊണ്ട് കുട്ടികളെ ബലിയാടാക്കുന്നു. ഈ സിനിമ അതിനെതിരാണ്. അതാണ് സിനിമയുടെ വിജയം.
വിദ്യാലയത്തിന് നേരെ പിടിച്ച ഈ സിനിമകണ്ണാടി പഠിപ്പിക്കുന്ന പാഠങ്ങൾ അധ്യാപകർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.