പ്രണയത്തിന്റെ പുതുഭാവുകത്വം നമുക്ക് തന്ന ശബ്ദമാണ് ഷഹബാസ് അമന്റേത്. ഒരിക്കൽ കൂടി മലയാളികളെ ഏറെ ഗൃഹാതുരമായ പ്രണയാനുഭവങ്ങളുടെ ഇടയിലൂടെ കൊണ്ട് പോവുകയാണ് തമാശ എന്ന വരാനിരിക്കുന്ന ചിത്രത്തിലെ ഒരു പാട്ടിലൂടെ ഷഹബാസ് അമൻ. ‘പാടീ ഞാൻ മൂളക്കമാലെ’ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോൾ കേരളമാകെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. പുറത്തിറങ്ങിയ ദിവസം തന്നെ യൂട്യൂബിലെ ടോപ് സെക്കന്റ് ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ഗാനം.
പ്രണയത്തിന്റെ മുഴുവൻ സൗന്ദര്യസ്ഥലികളെയും നാടിൻറെ സാംസ്‌കാരികപൈതൃകത്തോട് ചേർത്ത് വെക്കുന്ന വളരെ മനോഹരമായ വരികളാണ് ഗാനത്തിന്റെ മറ്റൊരു സവിശേഷത. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിൻ പരാരിയാണ് വരികളെഴുതിയത്.വളരെ മനോഹരമായ ദൃശ്യാവിഷ്ക്കാരവും പാട്ടിനെ വേറിട്ടതാക്കുന്നു.
മായാനദി ,സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം സംഗീതത്തിൽ ഷഹബാസ് അമൻ – റെക്സ് വിജയൻ ടീം ഒന്നിക്കുന്ന ചിത്രമാണ് തമാശ. നവാഗതനായ അഷ്‌റഫ് ഹംസയാണ് സംവിധായകൻ.
ഹാപ്പി അവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിർമിക്കുന്നത്. ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രാഹകനായി എത്തുന്ന ചിത്രം കൂടിയാണ് തമാശ.വിനയ് ഫോര്‍ട്ട് നായകനായ ചിത്രം ഈദിന് തിയറ്ററുകളിലെത്തും.
പാട്ട് കാണാം