സാമുവല്‍ എബിയോള റോബിന്‍സണ്‍
/ റൂഹ്
‘സുഡാനി ഫ്രം നൈജീരിയ’ നിറഞ്ഞ സദസ്സുകളില്‍ ഇന്നും ഓടികൊണ്ടിരിക്കുന്നു, വിഷു ചിത്രങ്ങളുടെ ഇടയിലും. സിനിമയിലൂടെ നമ്മുടെ മനസ്സില്‍ ഇടം നേടിയ പ്രിയ ‘സുഡു’, ഇടക്ക് പക്ഷെ ചില വിവാദങ്ങളിലും കൂടെ വന്നു. സാമുവല്‍ എബിയോള റോബിന്‍സണ്‍ ആത്മ ഓണ്‍ലൈന്‍ ലേഖകനുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണം.
അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളിൽ വൻ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. വിജയം പ്രതീക്ഷിച്ചിരുന്നോ ?
ഇത്രയും വലിയ വിജയം സിനിമക്ക് ലഭിക്കുമെന്ന് ഞാനടക്കമുള്ള അഭിനേതാക്കളോ ഡയറക്റ്ററോ ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ല. എനിക്ക് തോന്നുന്നത് സിനിമയുടെ നിർമ്മാതാക്കൾ വിജയം മുൻകൂട്ടി കണ്ടുവെന്നാണ്. മറ്റുള്ളവരിലെല്ലാം ഇതൊരു കുറഞ്ഞ കൊമേർഷ്യൽ വാല്യു മാത്രമുള്ളൊരു സിനിമ ആണെന്ന ഇംപ്രഷനായിരുന്നു. സിനിമക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളിൽ ഞങ്ങൾ വളരേയേറെ സന്തോഷവാന്മാരാണ്.
സൗബിനൊപ്പമുള്ള അഭിനയാനുഭവങ്ങൾ ?
ആശ്ചര്യപ്പെടുത്തുന്ന അഭിനയമാണ് സൗബിന്റേത്. സൗബിനൊപ്പമുള്ള അഭിനയം ഹൃദ്യവും എളുപ്പവുമായിരുന്നു.
ഉമ്മമാരെ കുറിച്ച് ?
അവർ വിസ്മയിപ്പിച്ചു കളഞ്ഞു. സ്ക്രീനിന് മുന്നിലും പിന്നിലും അനുകമ്പയുള്ള അവരോടോപ്പമുള്ള അഭിനയം ശരിക്കും വിസ്മയകരമായിരുന്നു.
മുമ്പ് എപ്പോയെങ്കിലും കേരളത്തിൽ വന്നിരുന്നോ ?
ഇല്ല, സുഡാനി ഫ്രം നൈജീരിയക്ക് മുമ്പൊരിക്കലും ഇന്ത്യ സന്ദർശിച്ചിട്ടില്ല. ഡയറക്റ്റർ (സക്കറിയ ) സിനിമയിലേക്ക് ക്ഷണിച്ചപ്പോയാണ് കേരളത്തിലേക്കുള്ള വഴി തുറന്നത്.
പ്രേക്ഷകരെ ശരിക്കും കരയിപ്പിച്ച കഥാപാത്രമായിരുന്നു സുഡു. അഭിനയം എളുപ്പമായിരുന്നോ ?
യഥാർത്ഥത്തിൽ ആ വേഷം എന്നെ സംബന്ധിച്ചടുത്തോളം എളുപ്പമുള്ള ഒന്നായിരുന്നില്ല. പല സന്ദർഭങ്ങളിലും എനിക്ക് സീനിൽ എന്താണ് പറയുന്നതെന്ന് പോലും മനസ്സിലായിട്ടില്ലായിരുന്നു.
മലയാള സിനിമകളിൽ അക്ഷരവിദ്യാഭ്യാസമില്ലാത്തവരുടെയും കലാപങ്ങളുടെയും നാടായി മാത്രം സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന നാടാണ് മലപ്പുറം. മലപ്പുറത്തെ അനുഭവങ്ങളിൽ അവിടുത്തെ ജനങ്ങളെ കുറിച്ച് എന്ത് തോന്നുന്നു ?
മലപ്പുറത്തെ ജനങ്ങൾ വളരേയേറെ ഉത്സാഹമുള്ളവരും നല്ല സപ്പോർട്ടീവുമാണ്. മലപ്പുറത്ത് എനിക്ക് സ്നേഹോഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.
നൈജീരിയയിലെയും കേരളത്തിലെയും ജീവിത സാഹചര്യങ്ങള്‍ ?
ആഫ്രിക്കൻ വൻ കരയിലെ ഏറ്റവും സമ്പന്ന രാജ്യമാണ് നൈജീരിയ. കേരളത്തിലുള്ളത് പോലെ ഇവിടെയും ധാരാളം ധനികരായ ആളുകളുണ്ട്. ഈ സിനിമയിൽ നൈജീരിയയെ ദാരിദ്രാവസ്ഥയുടെ കോണിലൂടെ മാത്രമാണ് കാണുന്നതെങ്കിലും ഞങ്ങളുടേത് ഒരു ദരിദ്ര രാജ്യമാണെന്ന ധാരണ ഉണ്ടാവരുത്. എല്ലാ രാജ്യങ്ങളിലെന്നേതു പോലെ നൈജീരിയ യിലും പാവപ്പെട്ടവരും പണക്കാരുമുണ്ട്.
ഈ സിനിമയിലെ അഭിനയത്തിന് താങ്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളുണ്ടായിരുന്നു. നിർമ്മാതാക്കളിൽ നിന്നുള്ള വംശീയ വിവേചനമായി താങ്കൾ ഇതിനെ നോക്കിക്കാണുമോ ? ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നോ മറ്റോ അത്തരത്തിലുള്ള സമീപനങ്ങൾ നേരിട്ടിരുന്നോ ?
നോ കമന്റ്‌സ്. എല്ലാ വിഷയവും പരിഹരിച്ചു കഴിഞ്ഞതാണ്. കഴിഞ്ഞ കാര്യങ്ങൾ വീണ്ടും പ്രതിപാദിക്കുന്നതിൽ കാര്യമില്ല.
മലയാള സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ സ്വീകരിക്കുമോ ?
തീർച്ചയായും സ്വീകരിക്കും. പല ഓഫറുകളും വരുന്നുണ്ടെങ്കിലും സീരിയസ്സായ ഒന്നിന്ന് വേണ്ടി കാത്തിരിക്കുകയാണ്. തമിഴ്, തെലുഗ്, ഹിന്ദി സിനിമകളിലും അവസരം ലഭിച്ചാൽ തയ്യാറാണ്.
ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കവർന്നിരിക്കുന്നു താങ്കൾ. മലയാളികളെ കുറിച്ച് ?
കേരളം എനിക്ക് രണ്ടാം വീടാണ്. മലയാളത്തിൽ നിന്ന് അൽപം വാക്കുകൾ സംസാരിക്കാൻ കഴിയും. മമ്മൂട്ടിയുടെ ബിഗ് ബിയിലെ ചില ഡയലോഗുകളും പഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളെ, പ്രത്യേകിച്ച് മലയാളികളെ ഇഷ്ടമായിരിക്കുന്നു.