ഉമ്മമാരും മലപ്പുറവും ഫുട്ബോളും

1
723

ബിലാല്‍ ശിബിലി

സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകന്‍ ആയ പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സിനിമ. ഗംഭീരമായിട്ടുണ്ട് സക്കറിയ. താങ്കള്‍ ഒരുപാട് കാലമായി കൊണ്ട് നടക്കുന്ന സിനിമ എന്ന സ്വപ്നത്തിന്‍റെ മനോഹരമായ സാക്ഷാല്‍ക്കാരം.

മലപ്പുറം നന്മകള്‍. സെവന്‍സ് ഫുട്ബാള്‍ വസന്തം. നാട്ടിന്‍പുറങ്ങളിലെ സൗഹൃദങ്ങളുടെ സൗന്ദര്യം. ഏറനാടന്‍ ഭാഷയുടെ മാധുര്യം. എല്ലാമുണ്ട് സിനിമയില്‍.

സൗബിന്‍ ഷാഹിര്‍. മലയാളി താങ്കളെ ഇത്രയേറെ സ്നേഹിക്കുന്നുണ്ട് എന്ന് പറവയുടെ റിലീസില്‍ ദിവസം മനസ്സിലായതാണ്. താര കൊഴുപ്പുകള്‍ ഇല്ലാത്ത ചിത്രം ആയിട്ട് കൂടി ആദ്യ ഷോക്ക് ഇത്രയും ആളുകള്‍ ഉണ്ടെങ്കില്‍ സൗബിന്‍, അത് താങ്കള്‍ ഞങ്ങളുടെ മനസ്സുകള്‍ കീഴടക്കിയതിന്‍റെ പ്രതിഫലനമാണ്.

ആ പ്രതീക്ഷ തെറ്റിച്ചില്ല, മജീദ്‌ എന്ന സെവന്‍സ് ടീം മാനേജരുടെ നായക കഥാപാത്രം. ‘സോ കോള്‍ഡ്’ നായക പരിവേഷങ്ങള്‍ ഇല്ലാത്ത മൊഞ്ചുള്ള മനസ്സിന്റെ ഉടമ.

സിനിമയെ മുന്നോട്ട് കൊണ്ട് പോവുന്നത് രണ്ട് ഉമ്മമാരാണ്. നൈജീരിയന്‍ ഫുട്ബോളര്‍ സാമുവലിന് പരിക്ക് പറ്റുന്നതും അദ്ധേഹത്തെ തന്‍റെ വീട്ടില്‍ കിടത്തി പരിചരിക്കുന്നതിലൂടെയും ആണ് കഥ പോവുന്നത്. ആ ദിവസങ്ങളില്‍ മജീദിന്‍റെ ഉമ്മ ജമീലയും അയല്‍വാസി ബീയ്യുമ്മയും സാമുവലുമായി ഉണ്ടാക്കുന്ന സ്നേഹ ബന്ധമാണ് സിനിമയുടെ ഹൃദയം. നാടക കലാകാരികളായ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവരാണ് യഥാക്രമം ജമീലയും ബീയുമ്മയും ആയി ജീവിച്ചത്.

ഗംഭീരമായ കാസ്റിംഗ്. സാമുവല്‍, തന്‍റെ വേഷം മനോഹരമാക്കി. സാമുവല്‍ റോബിന്‍സണ്‍ എന്ന സ്വന്തം പേരില്‍ തന്നെയാണ് അദ്ദേഹം സിനിമയിലും. മറ്റു ചെറുതും വലുതുമായി എല്ലാ കഥാ പാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. മജീദിന്‍റെ കൂട്ടുകാരും ഉപ്പയും അയല്‍വാസികളും നാട്ടുകാരും അങ്ങനെ എല്ലാരും.

സൗഹൃദങ്ങളും സുഡാനിയെ കാണാന്‍ ആകാംഷയോടെ എത്തുന്ന പെണ്ണുങ്ങളും ആണുങ്ങളും കുട്ടികളും ഒക്കെ ചിരിയും സന്തോഷവും നല്‍ക്കുന്നു. പിന്നീട്, കഥ ഗൗരവമേറിയ അഭയാര്‍ഥി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഒരു നുള്ള് സന്തോഷ കണ്ണുനീരിന്‍റെ രുചിയും ആസ്വദിച്ച് കൊണ്ട് മാത്രമേ നമുക്ക് അവസാന നിമിഷങ്ങള്‍ കണ്ട് തീര്‍ക്കാന്‍ പറ്റുകയുള്ളൂ.

മുസ്ലിം പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമകളില്‍ പലതിലും പല മുന്‍ധാരണകളുടെയും സ്വാധീനം ഉണ്ടാവാറുണ്ട്. അങ്ങനെയുള്ള പൊതുബോധങ്ങള്‍ക്കെതിരെ തങ്ങളുടെ ഷോര്‍ട്ട് ഫിലിം – ഡോക്യുമെണ്ടറി – മ്യൂസിക് ആല്‍ബങ്ങളിലൂടെയൊക്കെ നിരന്തരം ശബ്ദിക്കുന്നവര്‍ ആണ് അണിയറയിലുള്ള ഭൂരിഭാഗവും എന്നത് തന്നെയാണ് സിനിമയെ വേറിട്ട്‌ നിര്‍ത്തുന്നതും. ബഹുസ്വര ഇടങ്ങളില്‍ ഇഴകി ചേര്‍ന്നുള്ള സുന്ദരമായ ഏറനാടന്‍ ജീവിതങ്ങള്‍ കാണിച്ചു കൊടുക്കുന്നതിലും ശക്തമായ രാഷ്ടീയമുണ്ട്.

സവര്‍ണ്ണ സിനിമകള്‍ ഒരിക്കലും കാണാത്ത ഒട്ടേറെ മുസ്ലിം കഥാ പരിസരങ്ങള്‍ സിനിമയിലുണ്ട്. ‘പറവ’ തുടങ്ങി വെച്ച ആ നല്ല മാറ്റം സുഡാനിയിലും തുടരുന്നു.

ഷഹബാസ് അമന്‍. റെക്സ് വിജയന്‍. മനോഹരമായിട്ടുണ്ട് പാട്ടുകളും സംഗീതവും.

ഷൈജു ഖാലിദ്‌. ദൃശ്യങ്ങള്‍ അതുക്കും മേലെ.

അനീസ്‌ നാടോടിയുടെ കലാസംവിധാനം.

നൗഫല്‍ അബ്ദുള്ളയുടെ എഡിറ്റിംഗ്.

മുഹസിന്‍ പെരാരിയും സക്കറിയയും എഴുതിയ സംഭാഷണങ്ങള്‍.

ഷൈജു ഖാലിദ്‌, സമീര്‍ താഹിര്‍. ഒരിക്കലും നഷ്ടമാവില്ല ഇതുപോലെ ഒരു സിനിമ നിര്‍മിച്ചത്.

ഒറ്റ സംശയം മാത്രമേ ഉണ്ടായിട്ടുള്ളൂ

കഥാ പരിസരങ്ങളില്‍ യുവതികളും പെണ്‍കുട്ടികളും കുറവാണ് ! അമ്പത് കഴിഞ്ഞ രണ്ട് സ്ത്രീകളാണ് സിനിമയെ വ്യത്യസ്തമാക്കുന്നത് എന്നറിയാം. എങ്കിലും, എങ്ങനെയാണ് അവരെ മാറ്റി നിര്‍ത്തി മലപ്പുറത്തിന്‍റെ കഥ പറയാന്‍ പറ്റുക? പ്രത്യേകിച്ച് ഫുട്ബോളിനെ സ്നേഹിക്കുന്ന പെണ്‍ക്കുട്ടികളും അവിടെ ഏറെയുണ്ടായിട്ടും.

ആശംസകള്‍ സക്കറിയ, പണ്ട്  നമ്മളൊന്നിച്ചുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി മീറ്റില്‍ വെച്ച് ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ച്, സിനിമയെ കുറിച്ച് വല്യ സ്വപ്‌നങ്ങള്‍ പങ്കുവെച്ചിരുന്ന അതേ സക്കറിയ തന്നെയാണ് ഇതും എന്നതാണ് വ്യക്തിപരമായി ഏറെ സന്തോഷം നല്‍കുന്നത്.

ഇനിയും ചെയ്യാന്‍ കഴിയട്ടെ, നല്ല സിനിമകള്‍.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here