തടി

Published on

spot_imgspot_img

കഥ

ഷഹീർ പുളിക്കൽ

“ഇപ്പാ”

ബഷീറിന്റെ അരോചകമായ വിളി അദ്ദുപ്പയുടെ കാതുകളിലൂടെ പ്രവഹിച്ച് കൈകളിലിരുന്ന് ഭൂമിയുടെ മുഖംമാറ്റികൊണ്ടിരുന്ന തൂമ്പ വരെയെത്തി.

“എന്തിനാജ്ജ് കെടന്ന് ചാക്ണ്?”

“വക്കീൽ വിളിച്ചീന്നു” വാഴക്കണ്ടത്തിന്റെ അതിരിൽ നിന്നുകൊണ്ട്, മണ്ണിലേക്ക് ഇറങ്ങാതെ ബഷീർ പറഞ്ഞു.

ചുരുണ്ടുഞെളിപിരികൊണ്ട മുടികളിലൂടെ ഒഴുകിയൊലിച്ച വിയർപ്പുതുള്ളികളെ ഭൂമിയുടെ നെഞ്ചിൻകൂടിലേക്ക് വടിച്ചിട്ടപ്പോൾ അദ്ദുപ്പയുടെ തോളിൽ വെളുത്തിരയുടെ വിണ്ടുകീറിയ കൈയിലെ ഭൂപടം പതിഞ്ഞു. പറയാൻ ഒരുപാടുണ്ടായിരുന്ന കഥകൾ അയാളുടെ കറുത്ത ഉള്ളങ്കൈയിലൂടെ ദിശയറിയാതെ പരന്നുകൊണ്ടിരുന്നു.

“ഇന്ക് എന്തോപോലെ, നി നാളെപ്പോരേ?”

അദ്ദുപ്പ കണ്ണുകളടച്ച് പെട്ടെന്ന് തുറന്നു.

“ന്നാ വരീം, കഞ്ഞി കുടിച്ചിട്ട് പോകാ, ബഷീറേ”

“എന്താപ്പാ?”

പാടത്തിന്റെ വരമ്പിൽ നിന്നുകൊണ്ട് ബഷീർ തന്റെ പിതാവിന്റെ നിർദ്ദേശത്തിനു വേണ്ടി കാതുകളെ ചെത്തിക്കൂർപ്പിച്ചു.

“മ്മാന്റീൽ കഞ്ഞി ട്ത്തുവെക്കാൻ പറേ, വെള്ത്തിരേം ണ്ട്ന്ന് പറേ”

വാപ്പയുടെ നിർദ്ദേശം ലഭിച്ച ഉടനെ തിരിഞ്ഞോടാൻ ആരംഭിച്ച ബഷീറിനെത്തേടി വെളുത്തിരയുടെ നനഞ്ഞ വിളിയെത്തി.

“കുട്ട്യേ ഇന്ക് പറേണ്ട” അതുകഴിഞ്ഞ് അയാൾ അദ്ദുപ്പയോടായി പറഞ്ഞു. “ഞാൻ വീട്ടിന്ന് കുടിച്ചോളാ.”

“ങ്ങളയിന് നിക്കല്ലേ!”

അദ്ദുപ്പ തന്റെ മുൻനിരയിലെ പൊട്ടിയ പല്ലുകൾ കാണിച്ച് ചിരിക്കാൻ ശ്രമിച്ചു.

“നാളെ കാണാം.” വാഴക്കണ്ടത്തിൽ നിന്നും തന്റെ തൂമ്പയുമെടുത്ത് നടന്നകലുന്ന വെളുത്തിരയെ അയാൾ കുറച്ചുനിമിഷങ്ങൾ നോക്കിനിന്നു.

കിടക്കയിലേക്ക് ചാഞ്ഞപ്പോൾ ഓർമകളുടെ ഇന്നലെകളിൽ എന്തിനോ വേണ്ടി പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്ന ആ പകലിലേക്ക് അദ്ദുപ്പ സ്വയം മടങ്ങിപ്പോയി.

കൊല്ലം 2001

പഴയ പച്ചയും നീലയും നിറങ്ങൾ കലർന്ന സഞ്ചി, മഴുവിന്റെ മുഴുത്ത് മൂർച്ചയുള്ള ഭാഗം, അതിൽ നിന്നും വേർപ്പെടുത്തിയ കാൽ. മരം ഈരുന്ന ചെറിയ വാൾ.

ബസ്സ് തെങ്കരയിൽ നിന്നും മലയിടുക്കിലൂടെ പതിയെ വീശിക്കൊണ്ടിരുന്ന കാറ്റിന്റെ വേഗതയിൽ മുന്നോട്ടുനീങ്ങുന്നു. ചുരത്തിന്റെ പാതകളിൽ ഇരിപ്പിടമുറപ്പിച്ച് യാത്രക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്ന വാനരന്മാർ. പാതയോരത്തെ ചെറുവെള്ളച്ചാട്ടങ്ങൾ മറികടന്നുകൊണ്ട് ബസ്സ് മുക്കാലിയിലെത്തി.

ഗൂളിക്കടവെത്തിയപ്പോൾ അദ്ദുപ്പ തന്റെ സഞ്ചിയുമായി ഇറങ്ങി നടന്നു. നരസിമുക്കിലൂടെ കടന്നുപോകുന്ന ഒരു ചെറുപാത. ഒന്നരമണിക്കൂർ നേരത്തെ ധ്യാനാത്മകമായ നടത്തത്തിന്റെ ക്ഷീണത്തിൽ അയാൾ സിദ്ധി ഗണപതി ക്ഷേത്രത്തിന്റെ അരികിൽ ഇരുന്ന് ആകാശത്തേക്ക് നോക്കി.

നിശബ്ദം ഒഴുകി, മലയാളിയുടെ മണത്തെ തമിഴന് ചിരപരിചിതമാക്കികൊണ്ടിരുന്ന ഭവാനിയുടെ മാറിൽ നിന്നൊരല്പം വെള്ളം മോന്തിയപ്പോൾ ഭൂമിയുടെ സ്രഷ്ടാവ് ഇതു തനിക്കായി നിർമ്മിച്ചതാണോ എന്ന് അദ്ദുപ്പ തന്നോട് തന്നെ ചോദിച്ചു.

ഇരുട്ടാകുന്നതുവരെ പുഴയോരത്തും കാടിന്റെ ആരംഭത്തിലൂടെയും നടന്ന് രാത്രിയായപ്പോൾ അയാൾ മുത്തുകുമാരനെ തേടിപ്പിടിച്ച് വിലയുറപ്പിച്ചു.

“തടിക്ക് രണ്ടായിരം റുപ്പ്യങ്ങട് തരും പോരേ”

“എനക്കത് പോതും ആനാ കൊളന്ത് ചിന്ന പ്രച്ച്നാവോന്ന് സന്ദേഹം ഇറുക്ക്”

മകൻ മുത്തുസ്വാമിയുടെ സ്വഭാവത്തിൽ വൃദ്ധനായ മുത്തു തന്റെ ദുഃഖം മറച്ചുവെച്ചില്ല.

“ഇങ്ങളൊന്ന് പറഞ്ഞുമനസ്സിലാക്കീം, പിന്നെ വെറുതെ ഒന്നുമല്ലല്ലോ!”

കാടിന്റെ കറുത്ത നിലത്തുനിന്നും കുമാരൻ മുഖമുയർത്തി.

“ഞാ പാത്ത്ട്ടള്ലാം…..”

മുത്തുകുമാരന്റെ പുറകേ സാവധാനത്തിൽ അദ്ദുപ്പ നടന്നു.

മൺചുമരുകൾക്ക് മുകളിൽ ഓലയും പഴകിക്കീറിയ ടാർപ്പായയും വലിച്ചുകെട്ടിയ ചായ്പ്പിനടുത്തെത്തിയപ്പോൾ കുമാരന്റെ പാദങ്ങളുടെ വേഗത കുറഞ്ഞു, അതുകണ്ട് അദ്ദുപ്പ തന്റെ പാദങ്ങളുടെ വേഗത കുറച്ചു.

ഇരുട്ടുപരന്നപ്പോൾ അദ്ദുപ്പ സഞ്ചിയുടെ അകത്തുനിന്നും മഴുവും അതിന്റെ കുറ്റിയുമെടുത്തു. രാത്രിയുടെ അഗാധതയിലേക്ക് കാടും മരങ്ങളും പതിയെ ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയപ്പോൾ മുത്തുകുമാരന്റെ ചായ്പ്പിനു പുറകിലെ ചന്ദനമരം ഇലകൾകൊണ്ട് ആകാശത്തേക്കെത്തി നോക്കി; ആയുസ്സിന്റെ അവസാനത്തിൽ മനുഷ്യനും മരങ്ങളും പകലുകളേയും വെളിച്ചത്തേയുമല്ലാതെ മറ്റെന്തന്വേഷിക്കാനാണ്.

സഹ്യന്റെ ഹൃദയം നിറയെ ഇരുട്ടുമൂടിയിരുന്നു. അദ്ദുപ്പ ആദ്യം ചന്ദനമരത്തിന്റെ തൊലിയിൽ മഴുകൊണ്ടു പ്രഹരിച്ചു, പിന്നെ പതിയെ അതിന്റെ അടിയിൽ വെട്ടിവെട്ടി ആഴത്തിൽ ഒരു പാടുണ്ടാക്കി.

അർധരാത്രിയുടെ തുടക്കത്തിൽ സ്വർഗ്ഗീയാനുഭൂതിയുടെ മണം പരത്തി ചന്ദനമരം വീണു. തണുത്തു ഘനീഭവിച്ച കാടകത്തെ ഒന്നുരസികൊണ്ട് ഒരു ശബ്ദം പെട്ടെന്ന് ജനിക്കുകയും മരിക്കുകയും ചെയ്തു. ഉറക്കത്തിന്റെ തള്ളിച്ചയിൽ കൺപോളകൾ തന്റെ പരിധിയിൽ നിന്ന് വിദൂരത്തെവിടെയോ എത്തിയപ്പോൾ അയാൾ തന്റെ മുണ്ടു നിവർത്തി അവിടത്തന്നെ കിടന്നു.

പുലർവെട്ടം മറനീക്കി ആകാശത്തേക്ക് കീറിപ്പടരാൻ തുടങ്ങിയപ്പോൾ അദ്ദുപ്പ ഉറക്കമുണർന്നു. പ്രഭാതത്തിന്റെ ആരാമങ്ങളിൽ നിന്നും പറന്നകന്ന് കാടിന്റെ മധ്യത്തിൽ വന്നിരുന്ന് കുറച്ച് കിളികളും കുരുവികളും അയാളെത്തന്നെ ഉറ്റുനോക്കാൻ തുടങ്ങി.

ആദ്യം ചന്ദനമരത്തിന്റെ തൊലി മുഴുവൻ അടർത്തിയെടുത്ത്, അദ്ദുപ്പ വാക്കത്തിയെടുത്ത് തടി നെറുകെ ഈരാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അനുഭൂതിയുടെ പ്രകൃതിനിയമങ്ങൾ ലംഘിക്കപ്പെട്ടു, സുഗന്ധം വായുവിലൂടെ പരിലസിച്ചു.

നേരം പുലർന്ന് കുറച്ച് കഴിഞ്ഞപ്പോഴാണ് മുത്തുകുമാരന്റെ ചായ്പ്പിനകത്തു നിന്നും കറുത്തുരുണ്ട മുഖവും നീണ്ടുചുരുണ്ട മുടിയിഴകളുമായി ഒരുവൻ പുറത്തേക്കിറങ്ങി വന്നത്. അവന്റെ നോട്ടത്തിലുടക്കി അദ്ദുപ്പയുടെ വാക്കത്തി കൈയിൽ നിന്നും ഇടറി. മുത്തുസ്വാമിയുടെ കണ്ണുകളിൽ അതൃപ്തമായ ഒരു ചിത്രത്തിന്റെ നിഴൽ വ്യക്തമായി കണ്ടിരുന്നു. അവൻ ഇറങ്ങിപ്പോയതും അയാൾ തന്റെ വാക്കത്തിയുടെ വേഗത കൂട്ടി.

പുതൂരിലെ ഒരു മൂപ്പന്റെ വീട്ടിൽ നിന്നു വാങ്ങിയ രണ്ടു മുറ വൻപയറിൽ ചന്ദനത്തടി കഷ്ണങ്ങളാക്കി പൂഴ്ത്തിയ ശേഷം മുത്തുകുമാരന്റെ കണക്കും തീർത്ത് അദ്ദുപ്പ ബസ്സ് കിട്ടുന്ന പാതയിലേക്ക് നടന്നു. പച്ചകുന്നുകൾക്കിടയിൽ വീശിയടിച്ച ഇളംകാറ്റുകൾ അയാളുടെ മനസ്സിൽ വലിയ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു.

ആദ്യമായി കമുകിന് മുകളിൽ കയറി അടയ്ക്ക ഇടുമ്പോഴും ആദ്യമായി ഒരു പോത്തിനെ അറുത്ത് തള്ളിയിട്ടപ്പോഴും തോന്നിയ അതേ ഹൃദയവികാരത്തിന് അയാൾ അടിമപ്പെട്ടു.

അയാളുടെ കൈവശം രണ്ടു സഞ്ചികളുണ്ടായിരുന്നു.ഒന്ന്, ചന്ദനത്തടികൾ പൂഴ്ത്തിയ വൻപയറിന്റെ സഞ്ചി, രണ്ടാമത്തേത് തന്റെ പണി ആയുധങ്ങളുടേയും.

ഗൂളിക്കടവിൽ നിന്ന് ബസ്സിൽ കയറുമ്പോൾ ഏറെക്കുറേ സീറ്റുകളും ശൂന്യമാണെന്ന വസ്തുത കണക്കിലെടുത്ത് അദ്ദുപ്പ ഒരു പരീക്ഷണം നടത്തി. മുൻ വശത്തെ ഡോറിനടുത്തുള്ള സീറ്റിനടിയിൽ ചന്ദനത്തടികൾ പൂഴ്ത്തിയ പഴയ സഞ്ചി വെച്ചു.

കണ്ടക്ടറും അയാളുടെ കട്ടിമീശയും അദ്ദുപ്പയെ ഒന്നു ചൂഴ്ന്നുനോക്കുക മാത്രം ചെയ്തു.

ഭീതി ചെറിയ കണങ്ങളായി പിന്നെ വലിയ ഗർത്തങ്ങളായി അയാളുടെ മനസ്സിലേക്ക് പെയ്തുവീണു. ചുണ്ടുകൾക്കിടയിലൂടെ ചെറിയ ശബ്ദത്തിൽ ഉച്ഛ്വാസങ്ങളും നിശ്വാസങ്ങളും ഏങ്ങലടിച്ചുകൊണ്ടിരുന്നു.

മുക്കാലിയിലെത്തിയപ്പോൾ തീർത്തും അപ്രതീക്ഷിതമായി കുറച്ചു പോലീസുകാർ ബസ്സിലേക്ക് ഇരച്ചുകയറി യാത്രക്കാരുടെ കൈയിലുണ്ടായിരുന്ന ബാഗുകളും സഞ്ചികളും പരിശോധിക്കാൻ തുടങ്ങിയപ്പോൾ പോലീസ് ജീപ്പിന് സമീപം നിന്നിരുന്ന മുത്തുസ്വാമിയെ അദ്ദുപ്പ കണ്ടു.

“നായിന്റെ മാൻ”

“ഈ സഞ്ചി ആര്ടേണ്?” പോലീസുകാരൻ ഡേവിസ് എബ്രഹാം കൈയിലെടുത്ത സഞ്ചിയിലേക്കും അദ്ദുപ്പയുടെ മുഖത്തേക്കും മാറിമാറിനോക്കിയപ്പോൾ കണ്ടക്ടർ ഒരു രഹസ്യം പിടികൂടിയ മട്ടിൽ മുഖഭാവം ക്രമപ്പെടുത്തി.

അദ്ദുപ്പ പതിയെ എഴുന്നേറ്റ് പുറകിലെ ഡോറു വഴി ഇറങ്ങാൻ തുടങ്ങിയപ്പോൾ ഡേവിസിന്റെ ശബ്ദമുയർന്നു.

“പിടിക്കെടാ അവനെ!”

ചപ്പുവീണ് ഘനീഭവിച്ച മണ്ണിൽ പിടിച്ചുകിടത്തിയപ്പോൾ താൻ അവർക്ക് കീഴ്പ്പെട്ടതുപോലെ അയാൾക്കു തോന്നി.

പോലീസ് ജീപ്പ് മുക്കാലിയിൽ നിന്ന് അഗളിയിലേക്ക് കുതിക്കുമ്പോൾ ചുരത്തിനു താഴെ തന്നെ കാത്തിരിക്കുന്ന ഖൈജയുടെയും മക്കളുടേയും മുഖം അയാളുടെ മനസ്സിൽ നിരന്തരം തെളിഞ്ഞും മാഞ്ഞും കൊണ്ടിരുന്നു.

പോലീസുകാരുടെ ഉത്തരം പറയിപ്പിക്കൽ പ്രക്രിയ കഴിഞ്ഞപ്പോഴേക്കും അദ്ദുപ്പ തളർന്നിരുന്നു. അഴികൾക്കകത്ത്, പുകയില ചാക്കുകളിലേക്ക് ചാരിയിരുന്നപ്പോൾ മുത്തുസ്വാമിയെ തെറിപറയുന്നതിൽ ഒട്ടും അർത്ഥമില്ലെന്ന് അയാൾക്കു തോന്നി.

“ഡോ”

മീശരോമങ്ങൾ നിറഞ്ഞ, താടിക്കുറ്റികൾ പുറത്തേക്കെത്തി നോക്കുന്ന വെളുത്ത മുഖം, സഹതടവുകാരന്റെ വിളികേട്ടപ്പോൾ അദ്ദുപ്പ ഒന്നു മൂളുക മാത്രം ചെയ്തു.

“അഞ്ഞൂറ് ഗ്രാമിനു മോളിലുണ്ടേൽ താൻ നല്ല പെടല് പെടും അതോണ്ട് പറയാ.. അഞ്ഞൂറു ഗ്രാമിനു മോളിലുണ്ടേ ഒഴിവാക്കിക്കോ!”

അയാൾ പറഞ്ഞ കാര്യം ഓർത്ത് അദ്ദുപ്പ ചന്ദനത്തടികളുടെ കണക്കോർത്തു. എട്ടു കഷ്ണം, അതിൽ അഞ്ചെണ്ണം തന്നെ ഏങ്ങനെ വന്നാലും അഞ്ഞൂറു ഗ്രാമുണ്ടാകും.

പോലീസുകാരെല്ലാം ഉറക്കമായെന്നുറപ്പായപ്പോൾ അദ്ദുപ്പ തറയിൽ എഴുന്നേറ്റിരുന്ന് സഞ്ചിയിൽ നിന്നും ഓരോ കഷ്ണമെടുത്ത് പുകയിലച്ചാക്കു തുറന്ന് അതിനകത്തേക്കിട്ടു, രണ്ടുമൂന്നു കഷ്ണങ്ങൾ അയാൾ അങ്ങനെ ചാക്കിലേക്കിട്ടു.

രാത്രി രണ്ടരമണിക്ക് തീർത്തും അപ്രതീക്ഷിതമായി മൂന്നുപേർ തന്നെ കാണാൻ വന്നതുകണ്ട് അദ്ദുപ്പ ഞെട്ടി. സഹോദരൻ മുസ്തഫയും അളിയന്മാരായ ജവാദും അയമൂട്ടിയും.

“ങ്ങള് കഞ്ഞി കുടിച്ചില്ലേ അതാറീട്ട്ണ്ടാകും”

ഓർമകളുടെ പെയ്ത്തിൽ സ്വയം ഒഴുകിക്കൊണ്ടിരുന്ന അദ്ദുപ്പ ഖൈജയുടെ ശബ്ദത്തിൽ തട്ടി തടഞ്ഞുനിന്നു. കഞ്ഞിയുടെ വെളുത്ത ആഴങ്ങളിലേക്ക് കയിൽ നീട്ടി അനാവശ്യമായി ഇളക്കികൊണ്ടിരിക്കുമ്പോൾ മനസ്സിൽ വന്ന ചോദ്യം ഖൈജയോട് ചോദിക്കാതിരിക്കാൻ അയാൾക്കു കഴിഞ്ഞില്ല.

“എന്താ വക്കീൽ പറഞ്ഞ്?”

“നാളെ കേസ്ണ്ട്ന്ന്” അവൾ തന്റെ ശബ്ദത്തിൽ ആവശ്യമില്ലാത്ത സങ്കടം വിളക്കിച്ചേർക്കാൻ ശ്രദ്ധിച്ചു. അദ്ദുപ്പ കയിലുകൊണ്ട് കഞ്ഞിയിൽ നിന്നെന്തോ കണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

* * *

കോടതിവരാന്തയിലെ ആൾക്കൂട്ടം, മതിലിനോട് ചേർന്ന് ചായ വിൽക്കുന്ന ഊശാൻ താടിക്കാരൻ നാലഞ്ചു പേർക്കുള്ള ചായ തയ്യാറാക്കുന്നു. ചായയിൽ നിന്നും അതിനരികിലെ കടയുടെ മുന്നിൽ തൂങ്ങിക്കിടന്നിരുന്ന വാരികയുടെ മുഖചിത്രമായി തിളങ്ങിനിന്നിരുന്ന സ്ത്രീയുടെ മുഖത്തേക്ക് കണ്ണുകൾ തിരിച്ചപ്പോഴേക്കും ഉത്തമൻ വക്കീൽ തന്നിലേക്ക് നടന്നുവരുന്നത് അദ്ദുപ്പ കണ്ടു.

“ദിതെത്ര കൊല്ലായി സാറേ, അടുത്തെങ്ങാനും തീരോ? അതോ എല്ലാ പ്രാവശ്യോം ങ്ങനെ മാറ്റിവെച്ചോണ്ടിരിക്കോ?” അയാളുടെ ശബ്ദത്തിൽ നിരാശ കലർന്നത് വക്കീൽ ശ്രദ്ധിച്ചു.

“അറിയില്ല അദ്ദുപ്പാ, നമുക്കുനോക്കാം”

തുണിക്കടിയിലെ ട്രൗസറിൽ നിന്നും പൈസയെടുത്ത് വക്കീലിന്റെ കൈയിൽ വച്ചുകൊടുത്ത ശേഷം അയാൾ കോടതിവരാന്തയിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങി. ആ നിമിഷം അയാളുടെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു.

ഒരു ചന്ദനമരം മുറിച്ചതിന്റെ പുറകേ പത്തുവർഷം നടന്നു, ഇരുപത്തെട്ട് ദിവസം ടിപ്പുസുൽത്താൻ കോട്ടയ്ക്കകത്തെ ജയിലിൽ കിടന്നു, അമ്പതിനായിരം രൂപയിൽ കൂടുതൽ വക്കീലിനു കൊടുത്തു. ഇതിനു മാത്രം താൻ എന്തുചെയ്തു?. കോടികൾ പറ്റിച്ചു നാടുവിടുന്നവരുണ്ട്, കേട്ടാലറക്കുന്ന തെറ്റുചെയ്തിട്ട് മാന്യന്മാരെപ്പോലെ എല്ലാവർക്കുമിടയിലൂടെ ഇറങ്ങി നടക്കുന്നവരുണ്ട്, കള്ളു കുടിച്ച് വണ്ടിയോടിച്ച് കൊന്നിട്ട് ഞാനൊന്നും ചെയ്തില്ലേ എന്നുപറഞ്ഞ് പഴയതിനേക്കാൾ നന്നായി ജീവിക്കുന്നവരുണ്ട്. തെറ്റ് ചെയ്യുന്നതാണ് ഇവിടെ ശരി എങ്കിൽ ഞാൻ തെറ്റുചെയ്യാൻ പോകുന്നതേയുള്ളൂ. സ്റ്റാന്റിലേക്കുള്ള നടത്തത്തിനിടയിൽ ആത്മഗതം ചെയ്യുന്നതു നിർത്തി അദ്ദുപ്പ ഉണക്കമീൻ കടയിൽ കയറി കാക്കിലോ മാന്തൾ വാങ്ങി.

ബസ്സിലിരിക്കുമ്പോഴും അയാളുടെ ചിന്ത വീണ്ടും ചുരം കയറുന്നതിനെക്കുറിച്ചായിരുന്നു.

ഖൈജയേയും മൂത്ത മകളേയും ചിറക്കൽപടിയിലെ ഭാര്യവീട്ടിലേക്ക് പറഞ്ഞയച്ച് അദ്ദുപ്പയാണ് ആദ്യം ചുരം കയറിയത്. മുള്ളിയിലേക്കുള്ള വഴിയിലൂടെ കുറച്ചുനടന്ന ശേഷം കാട്ടിലേക്ക് അല്പം കയറിപ്പോയി ഒരിടത്ത്, വെട്ടിവീഴ്ത്താൻ ഒരുത്തനും അവകാശമില്ലെന്ന് വിശ്വസിച്ചുകൊണ്ട് തന്നെ അയാൾ ഒത്ത ഒരു ചന്ദനമരത്തിനു ചുവടെ മഴു എറിഞ്ഞു. ദൂരെ നിന്നും ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ ജീപ്പുകണ്ടപ്പോൾ അയാൾ വെട്ടൽ നിർത്തി കുറച്ചുനേരത്തേക്ക് അടങ്ങി. ബാക്കി പണി രാത്രിയിലേക്ക് പിന്തിപ്പിച്ച് അയാൾ അടുത്തുള്ള കട അന്വേഷിച്ചു നടക്കാനാരംഭിച്ചു. ബീഡിയുടെ പുകയിൽ ഹൃദയം എരിക്കുമ്പോൾ മുന്നേക്കൂട്ടി വെച്ച കണക്കുകളിൽ പിഴക്കാൻ സാധ്യതയുള്ള ഇടം തേടാനും അയാൾ മറന്നില്ല. സഹ്യന്റെ മടിത്തട്ടിലേക്ക് രാത്രിയുടെ ഛേദിക്കപ്പെട്ട ഇരുട്ട് ഇരച്ചുകയറാനാരംഭിച്ചപ്പോൾ അതിന്റെ കൂടെ തണുത്ത നിശാകാറ്റും ലയിച്ചുചേർന്നു.

അദ്ദുപ്പ വീണ്ടും മഴു കൈയിലെടുത്തു. ഭൂമിയുടെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങിയ വേരുകളോടുള്ള ബന്ധം ഒരു കുറ്റിയിലൊതുക്കി തടി വീണു. വാക്കത്തിക്കൊണ്ട് ഈരാനാരംഭിച്ചപ്പോൾ ഖൈജയുടെ വാക്കുകൾ മനസ്സിൽ ഒരിടിപോലെ വന്നുവീണു.

“ഒരിക്കെ ജയിലിപ്പോയി കെടന്നിലേ ഇനീം!” അവളുടെ കണ്ണുകൾ സാവധാനം നിറയുന്നു.

“എന്താ ഞാനയിന് ചീത് ഒരു ചന്ദനമരം വെട്ടി അത്രല്ലെ ള്ളൂ, അത് വിറ്റിട്ടില്ല അനുഭയിച്ചിട്ടില്ല ഇന്നിട്ടും ഇതൊക്കെ ചീത ഒരാളനുഭയിക്കണെ ഒക്കെ ഞാനും അനുഭയിച്ചു…”

അദ്ദുപ്പയുടെ ശബ്ദം മാറുന്നു, ഉറക്കത്തിന്റെ മറവിൽ കിടന്നുറങ്ങിയ ആത്മരോഷത്തെയായിരുന്ന അവളുടെ വാക്കുകൾ ജപിച്ചുണർത്തിയത്.

“അനുഭയിച്ച mയിനള്ളത് ഞാൻ ചെയ്യാൻ പോണൊള്ളൂ ഇജ്ജും മാളും ചെറക്കൽക്ക് പൊയ്ക്കോ,ഞാൻ കൊണ്ടാക്കിത്തരാ!”

“ഇങ്ങള് എന്താണെച്ചാ ചെയ്തോ,ആ ചെർക്കനെ കൊണ്ടെന്തിനാ തടി കടത്തിപ്പിക്ക്ണ്?”

ഒരേ സമയം ഖൈജ ചീറുകയും കരയുകയും ചെയ്തു. പോലീസുകാരുടേയും കോടതിയിൽ തന്റെ പിതാവിന്റെ കേസ് നിരന്തരം പിന്നത്തേക്ക് മാറ്റിവയ്ക്കുന്ന ജഡ്‌ജിയുടേയും ചെയ്തിയെക്കുറിച്ചോർത്തപ്പോൾ വാപ്പയേക്കാൾ വലിയ പങ്ക് തനിക്കിതിലുണ്ടെന്ന് ബഷീറിന് തോന്നി.

“ഇമ്മാ ങ്ങളൊന്ന് പെയ്ക്കാണീം.”

അവന്റെ വീര്യം കണ്ട് ദാ കണ്ടില്ലേ എന്ന മട്ടിൽ അദ്ദുപ്പ അവളുടെ മുഖത്തേക്കു നോക്കി.

“ങ്ങള് വാപ്പീം മോനും കൂടി എന്താച്ചാ ആയിക്കോളീം”

ഇലകൾക്കിടയിൽ മുണ്ടുവിരിച്ച്, നായ്ക്കളുടെ ഓരിയിടലിനെ മനഃപൂർവം മറന്നുകൊണ്ട് അയാൾ കണ്ണുകൾ ചിമ്മി.

ടിപ്പു സുൽത്താൻ കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങിലൂടെ ഒഴുകി നടക്കുന്ന ആമകളെക്കുറിച്ച് സഹതടവുകാരൻ കനകൻ പറഞ്ഞപ്പോൾ തന്റെ വായിൽ വെള്ളമൂറുന്നുണ്ടോയെന്ന് അദ്ദുപ്പ നാവുകൊണ്ട് പരതി നോക്കി.

താവളത്തു നിന്നും പന്തീരാണ്ടു കിലോമീറ്റർ അകലെയുള്ള ഊരിൽ കഞ്ചാവു കൃഷി നടത്തിയതിനാണ് കനകൻ ചരിത്രപ്രസിദ്ധമായ കോട്ടയ്ക്കകത്തെ ജയിലിലെത്തിയത്. നളസിംഗയെന്ന ഊരിന്റെ അറ്റത്ത്, ഒരു കുന്നിൻചരുവിൽ മറ്റാർക്കും ദോഷം വരാത്ത രീതിയിലാണ് താൻ കഞ്ചാവ് കൃഷി ചെയ്തതെന്ന് പറഞ്ഞതിന് തന്റെ റിമാന്റ് കാലാവധി മൂന്നു ദിവസം അധികമാക്കിയെന്ന് അയാളിൽ നിന്നു തന്നെയറിഞ്ഞപ്പോൾ അദ്ദുപ്പക്ക് ചിരിക്കാൻ തോന്നി, പക്ഷേ ചിരിച്ചില്ല. ഹൃദയം തകർന്നവരുടെ മുന്നിൽ മനുഷ്യൻ ചിരിക്കാറില്ലല്ലോ!.

“ഒരിക്കൽ റേഞ്ച് ഓഫീസർക്ക് കടുവയിറച്ചി സേവിച്ചിട്ടുണ്ട്, ഒരാൾക്ക് വേണ്ടി പോലീസുകാരുടെ സമ്മതത്തോടെ കഞ്ചാവുമായി ചുരമിറങ്ങി വന്നിട്ടുണ്ട്, മണ്ണാർക്കാട്ടെ വിദേശമദ്യഷാപ്പിൽ നിന്ന് രണ്ടുകുപ്പി മദ്യം പിടിക്കപ്പെടുന്നതിനു തൊട്ടുമുമ്പുള്ള ദിവസം എത്തിച്ചുകൊടുത്തിട്ടുണ്ട്…..എന്നിട്ടും!”

കരിന്തമിഴു കലർന്ന മലയാളത്തേക്കാൾ വിളറിയ ശബ്ദത്തിൽ കനകൻ പറഞ്ഞു.

“എനിക്ക് പോലീസുകാരും ഫോറസ്റ്റുകാരുമല്ലാതെ മറ്റാരുമില്ല, അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമില്ല….” കണ്ണുകൾ നിറയവേ കനകൻ ഒന്നു പല്ലുകാട്ടി ചിരിച്ചു. കുമ്പളത്തിന്റെ ആകൃതി പൂണ്ട മുഖത്ത്, രണ്ടു കണ്ണുകളിൽ കൃഷ്ണമണി നെല്ലിക്കപോലെ കിടന്ന് നനഞ്ഞുതിളങ്ങുന്നു.

“പിന്നെന്തിനാ അന്നെ ഓല് പുടിച്ചത്?” അദ്ദുപ്പയുടെ ചോദ്യം കേട്ട് അയാൾ പൊട്ടിച്ചിരിച്ചു.

ചുമരുകളിൽ തട്ടി ചിതറിയ ചിരിയുടെ പല്ലുകൾ തന്നെ നോക്കി കളിയാക്കുകയാണോ എന്ന് അദ്ദുപ്പ സംശയിച്ചു.

“സ്വന്തമല്ലാത്ത ഒരു കൃഷിയും പച്ചപിടിക്കണമെന്ന് ആരും മോഹിക്കാറില്ല, പിന്നെ അധികാരമുണ്ടേൽ ഈ മോഹം നടപ്പാക്കാനും ഏമാന്മാർക്കറിയാം അത്രതന്നെ.”

ചുരത്തിന്റെ പത്താം വളവിലെത്തുമ്പോൾ വണ്ടിയുടെ തിരിക്കലിൽ സ്വയം നിയന്ത്രിക്കാനാവാതെ മുന്നോട്ടുപോകുന്നതുപോലെ ചാരിയിരുന്ന ചുമരിൽ നിന്നും അദ്ദുപ്പ മുന്നോട്ടുന്തി.

“കനകൻ ആർക്കും വേണ്ടാത്തവനാ, ചുരുണ്ട മുടിയുള്ള നല്ല ഒന്നാന്തരം ആദിവാസി”

“അങ്ങനൊന്നും പറഞ്ഞ് സങ്കടപ്പെടല്ലേ ങ്ങള്!”

അദ്ദുപ്പ അയാളെ തോളിൽ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ഇതിലൊന്നും എനിക്ക് സങ്കടമില്ലാ, അല്ലെങ്കിലും മനുഷ്യരെ ആരു വിശ്വസിക്കുന്നു, കാട്ടിലെ മൃഗങ്ങൾക്കുണ്ട് ഇവറ്റകളേക്കാൾ ആത്മാഭിമാനം.”

പിറ്റേന്ന് പ്രഭാതത്തിൽ ഉറക്കമുണർന്നപ്പോൾ നാവു പുറത്തേക്ക് തള്ളി ഉടുമുണ്ടിൽ ജീവാഭയം പ്രാപിച്ച കനകനെ കണ്ട് അദ്ദുപ്പയുടെ കണ്ണുകൾ തുറിച്ചു. ഇരുപത്തൊമ്പതാം ദിവസം ജയിലിൽ നിന്നു മടങ്ങാൻ നേരം കിടങ്ങിലെ ആമകളെ നോക്കിനിൽക്കുമ്പോൾ കനകന്റെ കറപുരണ്ട പല്ലുകളാണ് അയാൾക്ക് ഓർമ്മ വന്നത്.

* * *

മണം കിട്ടാതിരിക്കാനായി ഒന്നിനു പുറകേ മറ്റൊന്നായി എല്ലാ തടികളും അദ്ദുപ്പ പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞു.

“ഇജ്ജെവ്ടെത്തി?”

“ദാ തെങ്കര കൈഞ്ഞു, ചുരാണിനി റേഞ്ച് കിട്ടൂല”

ഫോൺ ചെവിയോടമർത്തികൊണ്ടു ബഷീർ പറഞ്ഞു.

“ഞാൻ ഗൂളിക്കടവില്ണ്ടാകും അവ്ടെ എറങ്ങീട്ട് വിളിച്ച്”

“ങ്ഹാ”

ഫോൺ കട്ടാക്കിയ ശേഷം പച്ചക്കാടുകളിലേക്കും ആകാശത്തോടു കിന്നരിക്കുന്ന മരങ്ങളിലേക്കും കണ്ണുകളാഴ്ത്തിയിട്ടും കാതുകളിൽ വാപ്പ പറഞ്ഞ വാക്കുകൾ അവനെ വേട്ടയാടുകയായിരുന്നു.

“അനുഭയിച്ചയിനള്ളത് കിട്ടണം, കിട്ടൂല്ല ഞമ്മളായിട്ട് ണ്ടാക്കണം.”

ബസ്സ് ചുരം കയറാനാരംഭിച്ചപ്പോൾ ഒരു കൗതുകത്തിനു വേണ്ടി അവൻ വളവുകൾ എണ്ണാൻ ആരംഭിച്ചു. ഒന്ന്…..രണ്ട്……മൂന്ന്‌…..നാല്……അഞ്ച്……

പെട്ടെന്ന് പാറയോടു ചേർന്നുനിന്നിരുന്ന ഒരു പൊന്തക്കാടിനുള്ളിൽ നിന്നും ഒരിളക്കം കണ്ടപ്പോൾ ബഷീറിന്റെ എണ്ണം തെറ്റി, അവൻ ബസ്സിന്റെ പുറകിലെ പാതി സുതാര്യമായ ചില്ലിലൂടെ പുറകിലേക്കു നോക്കി, ഒന്നും കണ്ടില്ല. അവ്യക്തമായ കാഴ്ചയെക്കുറിച്ച് ചിന്തിക്കുന്നത് വിട്ട് അവൻ ചുരത്തിന്റെ വേഗതയ്‌ക്കൊപ്പമെത്താതെ പോകുന്ന ഡ്രൈവറുടെ കൈവിരലുകളിലേക്കും ബസ്സിന്റെ ചക്രങ്ങളിലേക്കും മനസ്സിന്റെ ശ്രദ്ധ തിരിച്ചു.

സെഹിയോൻ ധ്യാനകേന്ദ്രവും കൽക്കണ്ടിയും പിന്നിട്ട് പശ്ചിമഘട്ട മലനിരയുടെ ഹൃദയത്തിൽ ഒരടയാളവും സൃഷ്ടിക്കാതെ ബസ്സ് സാവധാനം ഉരുണ്ടുകൊണ്ടിരുന്നു.

ഗൂളിക്കടവെത്തിയപ്പോൾ ഒരു നേർച്ചപ്പെട്ടിയുടെ മുന്നിൽ പഴയ സഞ്ചിയും തൂക്കി നിൽക്കുന്ന തന്റെ വാപ്പയെ കണ്ടെത്താൻ ബഷീറിന് അധികസമയം വേണ്ടിവന്നില്ല.

അദ്ദുപ്പ അവനോടൊന്നും ചോദിച്ചില്ല, അവൻ അയാളോടൊന്നും സംസാരിച്ചതുമില്ല. അയാൾ മൺപാതയിലൂടെ നടന്നു, പിന്നിലായി ബഷീറും.കാടിനു മധ്യത്തിലെത്തിയപ്പോൾ അയാൾ നിന്നു.

ബഷീർ തന്റെ ബാഗ് തുറന്ന് അതിനുള്ളിലുണ്ടായിരുന്ന രണ്ടു തടിയുള്ള പുസ്തകങ്ങൾ പുറത്തെടുത്തു. അദ്ദുപ്പ ഒന്നാമത്തെ പുസ്തകം തുറന്നു. അതിനുള്ളിലെ പേജുകളിലുണ്ടാക്കിയ വിടവുകളിൽ അയാൾ നാലു ചന്ദനത്തടികൾ വച്ച് പുസ്തകമടച്ചു, രണ്ടാമത്തെ പുസ്തകവും അയാൾ അപ്രകാരം തന്നെ ചെയ്തു.

പുസ്തകങ്ങൾ ബാഗിലിട്ട് നടക്കാൻ തുടങ്ങവേ ബഷീർ ഒന്നു തിരിഞ്ഞു നോക്കി. വലിഞ്ഞുമുറുകിയ വാപ്പയുടെ മുഖത്തെ പേശികൾ ഏതു വിഭാഗത്തിൽപ്പെട്ട കവിതയാണ് ആലപിക്കുന്നതെന്ന് മനസ്സിലാക്കാൻ അവനു കഴിഞ്ഞില്ല.

“ഞാമ്പറഞ്ഞത് ഓർമ്മണ്ടലോ, നേരേ കോയമ്പത്തൂര്, അവ്ടെ ആള്ണ്ടാകും…” അവൻ ഓർമയുണ്ടെന്ന് തലയാട്ടി.

ബഷീർ നടന്നകലുന്നത് അയാൾ നോക്കിനിന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ അയാൾ നടന്ന് നിരത്തിലേക്കെത്തി.

പെട്ടെന്ന് റോഡിലൂടെ കുതിക്കുകയായിരുന്ന പോലീസ് ജീപ്പ് ബ്രേക്കിട്ട് അദ്ദുപ്പയുടെ മുന്നിൽ നിന്നു. ഡ്രൈവറുടെ മുഖത്തിനപ്പുറത്ത് പത്തുവർഷം മുമ്പ് കണ്ടുമറന്ന രണ്ടു കണ്ണുകളെ അയാൾ തിരിച്ചറിഞ്ഞു.

എസ്.ഐ ആയി സ്ഥാനക്കയറ്റം കിട്ടിയ ഡേവിസ് ജീപ്പിൽ നിന്നിറങ്ങി അയാൾക്കരികിലേക്ക് നടന്നു. ഡേവിസ് അദ്ദുപ്പയുടെ ചുറ്റും നടന്ന് സഞ്ചിയിലേക്ക് നോക്കികൊണ്ടിരുന്നു.

“ദാ സാറേ ശരിക്കും വൻപയറാ!”

പോലീസിനു മുന്നിൽ അയാൾ സഞ്ചി ഉയർത്തിക്കാട്ടി. അദ്ദുപ്പയുടെ മുഖത്തു നോക്കി പുഞ്ചിരിച്ച ശേഷം അയാൾ സഞ്ചിയിലൂടെ കൈകൊണ്ടു പരതിനടന്നു.

“ഏവിടെ ഡാ തടി?”

“അതിർത്തി കടന്നുകാണും സാറേ!”

അദ്ദുപ്പ ആനക്കട്ടിയിലേക്കുള്ള പാതയിലേക്ക് നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...