ഗിന്നസ് പപ്പ

0
180

ഹാസ്യകഥ

ഡോ. മുഹ്സിന. കെ. ഇസ്മായിൽ

“ഗിന്നസ് ബുക്കിൽ കേറണം,” അതായിരുന്നു പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി പപ്പ താടി വെട്ടാതെ വളർത്തി. അപ്പോഴേക്കും ഏതോ ഒരു സിംഗ് ഏറ്റവും വലിയ താടിക്കുള്ള റെക്കോർഡ് കൈവശപ്പെടുത്തി. അയാളുടെ താടിയുടെ നീളം കേട്ടു പപ്പ ബോധം കെട്ടു വീണപ്പോൾ പപ്പയുടെ താടിയിലൊളിച്ചിരുന്ന ചെറു പ്രാണികൾ പറന്നു പോയി. താടി വെട്ടിയപ്പോൾ മാത്രമാണ് പേടിച്ചു വിറച്ച ചുണ്ടനെലിക്കു സമാധാനമായത്. എലിയോ പല്ലിയോ? ആ ബഹളത്തിനിടയിൽ പപ്പ വിളിച്ചു പറഞ്ഞത് എലിയെന്നാണ്. ഇതിനു മുൻപ് ഏറ്റവും വലിയ നഖം വളർത്താൻ നോക്കിയിട്ട് ഭക്ഷണം കഴിക്കാനാകാതെ വന്നപ്പോഴും പിടിച്ചു നിന്ന പപ്പാ പക്ഷേ നഖം വാതിലിൽ തട്ടി വേരോടെ മുറിഞ്ഞു പോയപ്പോൾ അലമുറയിട്ടത് നാട്ടുകാര് മറന്നിട്ടില്ല എന്ന് അവരുടെ അടക്കം പറച്ചിലുകളിൽ നിന്നു വ്യക്തമായിരുന്നു.

ഇനിയെന്തായാലും ദേഹം വെച്ചുള്ള റെക്കോർഡുകളൊന്നും വേണ്ട. കഴിവുകൊണ്ട് റെക്കോർഡ് നേടണമെന്നായി പപ്പ. അതിനായി പിറ്റേ ദിവസം മുതൽ കസർത്തു തുടങ്ങി. കസർത്തെന്നാൽ എക്‌സർസൈസ്. ഓട്ടവും ചാട്ടവും നടത്തവും വെയിറ്റ് ലിഫ്റ്റിങ്ങും. ഇതിലേതെങ്കിലുമൊന്നിൽ റെക്കോർഡ് സ്ഥാപിക്കാൻ പറ്റുമോ? ഏറ്റവും കൂടുതൽ പുഷ് അപ്സ് ഇൻ എ മിനുട്ട്, ഏറ്റവും കൂടുതൽ വെയിറ്റുള്ള സാധനങ്ങൾ പൊക്കുന്നത്, ഡമ്പലുകൾക്ക് മുകളിൽ കയറി നിന്നു ബാലൻസ് ചെയ്യുന്നത്. ഇതെല്ലാം പ്രാക്ടീസ് ചെയ്തു രണ്ടു ദിവസം കൊണ്ട് നടുവൊടിഞ്ഞു കിടപ്പിലായത് മിച്ചം. അന്നാണ് തേങ്ങയിടാൻ വേലായുധേട്ടൻ വന്നത്. തേങ്ങ ചായ്‌പ്പിലേക്ക് പെറുക്കിയിടുന്നതിനിടയിലൊരാശയം പപ്പയുടെ മനസ്സിലുദിച്ചു. തേങ്ങ കൈകൊണ്ടു പൊട്ടിച്ചാലോ? ഈ ചില കളരി വിദ്വാന്മാരെപ്പോലെ? അപ്പോൾത്തന്നെ തുടങ്ങി പരിശീലനം. തേങ്ങക്ക് പകരം പൊട്ടിയത് പപ്പയുടെ കയ്യാണെന്ന് മാത്രം. എല്ലു പൊട്ടി കയ്യിൽ പ്ലാസ്റ്ററിട്ടു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഏറ്റവും കൂടുതൽ എല്ലു പൊട്ടിയ ആളുടെ റെക്കോർഡിനെക്കുറിച്ച് വരേ പപ്പാ അന്വേഷിച്ചു.
ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് പപ്പയെ ഒരു ഭ്രാന്തനാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞ മമ്മി കൂടുതൽ സ്ക്രീൻ ടൈം കാരണം ഇച്ചായന്റെ കണ്ണിനെന്തോ കാഴ്ചക്കുറവുണ്ടെന്ന ഒരസ്സൽ നുണയങ് നല്ല മൊരിഞ്ഞ വെള്ളയപ്പത്തിനും ചിക്കൻ സ്റ്റൂക്കുമൊപ്പം വിളമ്പി പപ്പയുടെ മിനിറ്റിന് മിനിറ്റിനു ഗൂഗിളിൽ പോയി പുതിയ ഗിന്നസ് റെക്കോർഡ് തപ്പുന്ന ശീലത്തിനൊരു തടയിട്ടു. അപ്പോൾ കുറച്ചു പുസ്തകങ്ങളുമായി പപ്പ രംഗത്തെത്തി. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സംസ്ഥാനങ്ങളുടെ പേര്, തലസ്ഥാനങ്ങളുടെ പേര്, സ്പെല്ലിങ്, റിവേഴ്സ് ഓർഡറിൽ സ്പെല്ലിങ്, പാട്ടുകൾ തലതിരിച്ച് പാടുക എന്നിങ്ങനെയുള്ള ഒരു നീണ്ട ലിസ്റ്റ് തയ്യാറാക്കി. എന്നോട് അവയിലേതെങ്കിലുമൊരെണ്ണത്തിൽ ഒരു റെക്കോർഡിന് സാധ്യതയുണ്ടോ എന്ന് ഗൂഗിളിൽ സെർച്ചാൻ പറഞ്ഞു. അതും അതിന്റെ അപ്പുറവും പയറ്റിത്തെളിയിച്ചവരായിരുന്നു മനുഷ്യ കുലം. അവയിലൊന്നിലും റെക്കോർഡിനൊരു സാധ്യതയില്ലെന്ന് സങ്കടപ്പെടുന്നതിനിടയിലും കണക്കിലെ ഗുണനപ്പട്ടിക പോലും ശരിക്ക് മനപ്പാഠമാക്കിയിട്ടില്ലാത്ത പപ്പയുടെ മടി അകത്തിരുന്നു ചിരിക്കുന്നത് ഞാൻ കണ്ടു.

ഏറ്റവും കൂടുതൽ നേരം നൃത്തം ചെയ്‌താലെന്താ എന്നായി പപ്പ. അതിനായി നൃത്തമഭ്യസിക്കണമായിരുന്നു. തൊട്ടടുത്തുള്ള കലാമണ്ഡലത്തിൽ ചേർന്നു . പപ്പയുടെ നൃത്ത ക്ലാസുകൾ നിർത്താൻ അവരിങ്ങോട്ട് ഫീസടച്ചുവെന്നാണ് മമ്മി പറഞ്ഞു കേട്ടത്. ഡാൻസില്ലെങ്കിൽ പാട്ടാകാമെന്നായി പപ്പാ. പപ്പയുടെ കര കരാ ശബ്ദം വെച്ച് പാട്ടു പാടുന്നതിനെക്കുറിച്ച് ഞങ്ങൾക്കാലോചിക്കാൻ കൂടി വയ്യായിരുന്നു. വീട്ടിൽ പാട്ടുവാദ്യാർ വന്ന അന്ന് ഞങ്ങൾ മമ്മിയുടെ ഫാമിലിയുടെ കൂടെ ഊട്ടിയിലേക്ക് ഒരു ടൂറൊപ്പിച്ചു. തിരിച്ചുവരുമ്പോൾ പാട്ടുവാദ്യാരും സ്ഥലം വിട്ടിരുന്നു. കലയും കായികവും തനിക്കു വഴങ്ങില്ലെന്ന് മനസ്സിലാക്കിയ പപ്പാ ഒരല്പം സങ്കടത്തിലായിരുന്നു കുറച്ചു കാലം. പിന്നെയാണ് വായനക്ക് കേറിയത്‌. പുസ്തകങ്ങളായ പുസ്തകങ്ങളെല്ലാം വാങ്ങിച്ചു കൂട്ടി. പുസ്തകങ്ങൾ നെഞ്ചത്ത് വെച്ച് സുഖമായി ചാരുകസേരയിൽ ഉറങ്ങുന്ന പപ്പ ഉച്ചക്ക് ശേഷം ഒരു പതിവ് കാഴ്ചയായി. ബാക്കി സമയങ്ങളിൽ പുസ്തകത്തിനുള്ളിൽ തലവെച്ചും പുസ്തകം കയ്യിൽ തൂക്കിപ്പിടിച്ചും പപ്പാ ഉറക്കം തൂങ്ങി. ഏറ്റവും കൂടുതൽ സമയം ഉറങ്ങുന്നയാൾ എന്ന ഇനത്തിലേക്കാണോ പപ്പാ മത്സരിക്കുന്നതെന്നു വരേ ഒടുവിൽ ഞങ്ങൾക്ക് സംശയം തോന്നിത്തുടങ്ങി. വായന തനിക്കു പണ്ടേ പറ്റിയ പണിയല്ലെന്നറിയാമായിരുന്നിട്ടും പപ്പ പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയതിന് മറ്റൊരുദ്ദേശം കൂടിയുണ്ടായിരുന്നു. ഏറ്റവും വലിയ പുസ്തക ടവറുണ്ടാക്കി പഠിച്ച പപ്പക്കൊരു കാര്യം മനസ്സിലായി. ‘ഏറ്റവും വലിയത്’ എന്ന വിഭാഗത്തിൽ മത്സരിക്കുക അത്ര എളുപ്പമല്ല. അതിലിനി റെക്കോർഡ് തകർക്കണമെങ്കിൽ ഒരു അത്ഭുതമനുഷ്യനാകുകയേ വഴിയുള്ളൂ. ഏറ്റവും വലിയ കേക്ക് മുതൽ മനുഷ്യ ക്രിസ്മസ് ട്രീ വരേ ആളുകൾ റെക്കോർഡ് പുസ്തകത്തിൽ ചേർത്തുകഴിഞ്ഞിരിക്കുന്നു.

കൊറോണക്കാലം പപ്പയുടെ നിരാശ വർദ്ധിപ്പിച്ചതേയുള്ളൂ. വീട്ടിൽ കുത്തിയിരിക്കുന്ന മോംസ് ആൻഡ് ഡാഡ്സിന്റെ കൂടെ ക്ലാസ്സില്ലാതെ ബോറഡിച്ചു മരിക്കുന്ന കുട്ടികൾ വരേ റെക്കോർഡുകൾ നേടിയെടുക്കുവാൻ തുടങ്ങി. ഓരോരുത്തരും ഒരു റെക്കോർഡ് എന്ന പതിവ് വിട്ടു മൂന്നും നാലും റെക്കോർഡുകൾ തങ്ങളുടെ പേരിൽ നേടുന്നത് കണ്ട് പപ്പക്ക് ഇരിക്കപ്പൊറുതിയില്ലാതായി.
“ഒടുക്കത്തെ കോമ്പറ്റീഷനാടാ . മനുഷ്യനിവിടെ തലകുത്തി നിന്നിട്ടു പറ്റണില്ല.” ഞാൻ പിന്നെ സാധാരണ കുട്ടികളെപ്പോലെ ഗെയിമിലും ടീവിയിലുമായി കൊറോണക്കാലം കഴിച്ചു കൂട്ടി. അപ്പോൾ പപ്പക്ക് സ്കെയിറ്റിങ് പഠിക്കണം, സ്കെയിറ്റ് ബോർഡ് വാങ്ങണം, കൈ വിട്ടു സൈക്കിൾ ചവിട്ടണം.
“ എന്ത് മനോഹരമായ ആചാരങ്ങൾ. നിങ്ങൾ വല്ല പണിക്കും പോകാൻ നോക്ക് മനുഷ്യാ,” മമ്മി ശാസിച്ചു നോക്കി. എന്നിട്ടുണ്ടോ വല്ല മാറ്റവും. “ ഇതൊക്കെ സിമ്പിളല്ലേ” എന്ന് പറഞ്ഞു കേറുന്നതും പടക്കോന്ന് വീഴുന്നതും പതിവായതോടെ പപ്പ പതിയെ അവയെല്ലാം കാർപോർച്ചിൽ ഉപേക്ഷിച്ചു. അന്നാണ് ബോബൻ ചേട്ടൻ പാനീപൂരി വിൽക്കാൻ വന്നത്. നല്ല ഉഗ്രൻ നോർത്ത് ഇന്ത്യൻ പാനീപൂരി . അതോടെ പപ്പയുടെ കോൺസെൻട്രേഷൻ കുക്കിങ്ങിലായി.

ഒരു മിനുട്ട് കൊണ്ടെത്ര ബുൾ സൈ, എത്ര കപ്പ് ചായ, എത്ര പഴം പൊരി. അതെല്ലാം കഴിച്ചു മടുത്ത ഞാൻ പപ്പയോടു വല്ല പിസയോ ബർഗറോ പരീക്ഷിക്കുവാൻ പറഞ്ഞെങ്കിലും എന്നെത്തന്നെ കണ്ണാടിയിൽ കണ്ട് ഏതോ സുമോഗുസ്തിക്കാരനാണെന്ന് തെറ്റിദ്ധരിച്ചപ്പോൾ പപ്പ കുക്ക് ചെയ്യുന്ന സ്ഥലത്തേക്കുള്ള പോക്ക് ഞാൻ നിർത്തി. പപ്പാ എന്നിട്ടും നിർത്തിയില്ല. പുതിയ റെസിപ്പികൾ യൂ ട്യൂബ് ചാന്നലുകൾ നോക്കി പരീക്ഷിച്ചു ചാനലുകാർക്ക് കാശുണ്ടാക്കിക്കൊടുത്തുകൊണ്ടിരുന്നു. ഒരു ദിവസം റോബ്ലോക്സ് കളിച്ചു മടുത്തപ്പോൾ ഞാൻ പപ്പയുടെ പുതിയ കിച്ചൺ വരേ ഒന്ന് പോയി നോക്കി. പപ്പയവിടെ സ്ലാബിൽ തല വെച്ചുറങ്ങുകയായിരുന്നു. ഫോണിൽ പപ്പയുടെ പത്തു മിനുട്ടിൽ നൂറ് പായസം വീഡിയോ പ്ലേ ചെയ്തു കൊണ്ടിരുന്നു. ഇതിനോടകം തന്നെ നൂറോളം വീഡിയോകളെടുത്ത പപ്പയുടെ ഫോണിലെ ഗാല്ലറി കണ്ടപ്പോളെനിക്കൊരു ഐഡിയ തോന്നി. ഏറ്റവും കൂടുതൽ തവണ ഗിന്നസ് റെക്കോർഡിന് ശ്രമിച്ച വ്യക്തിക്കുള്ള റിക്കോർഡ് പപ്പക്ക് കിട്ടില്ലേ? കാര്യമറിഞ്ഞപ്പോൾ പപ്പ എന്നെ കെട്ടിപ്പിടിച്ചു.
“ നീയാണെടാ മോൻ.”

ഗിന്നസ് റെക്കോർഡിനായുള്ള ഫോമും പഴയ അപേക്ഷ ഫോമുകളുടെ കോപ്പിയും വീഡിയോകളും അപേക്ഷാ ഫോറത്തിൽ പറഞ്ഞ പേപ്പറുകളുമെല്ലാം മെയിലായി അയച്ചു കാത്തിരുന്നു. ഇനി ഓഫീസർമാർ വെരിഫിക്കേഷന് വരും. അത് കഴിഞ്ഞാൽ എന്റെ പപ്പാ ആരാ ? ഗിന്നെസ് റെക്കോർഡിൽ പേരു പതിപ്പിച്ച സൂപ്പർ ഹീറോ. പപ്പ ആ ദിനങ്ങളിൽ നിലത്തൊന്നുമല്ലായിരുന്നു. ഓരോ അര മണിക്കൂറിലും മെയിൽ ചെക്ക് ചെയ്യും. നിർഭാഗ്യവശാൽ നോട്ടിഫിക്കേഷൻ വരാതിരുന്നാൽ ? ഒടുവിൽ, ആ സുദിനം വന്നെത്തി. പ്രതീക്ഷിച്ചതുപോലെ ഗിന്നെസ് വേൾഡ് ഓഫ് റെക്കോർഡ്സിൽ നിന്നും മറുപടി വന്നു. താങ്ങളുടെ അപേക്ഷ ലഭിച്ചു. ഏഴായിരത്തി അഞ്ഞൂറുരൂപ ഉടനെ അടക്കേണ്ടതാണെന്ന് പറഞ്ഞിട്ടുള്ള സന്ദേശമായിരുന്നു അത്. പപ്പ ഒട്ടും വൈകാതെ ആ തുക അവർക്കു ട്രാൻസ്ഫർ ചെയ്തു കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മെഡലും, ട്രോഫിയും, സാക്ഷ്യപത്രവും വീട്ടിലെത്തി. നോ വെരിഫിക്കേഷൻ.“ ഇത്ര സിമ്പിളായിരുന്നാ?” അടുത്തതായി എന്ത് പരീക്ഷിക്കുമെന്ന് ചിന്തിക്കുന്നതിനിടയിൽ പപ്പ എന്നോട് പറഞ്ഞു.
“ ഗിന്നസ് പപ്പ,” ഞാൻ പപ്പയെ വിളിച്ചു. പപ്പ അഭിമാനത്തോടെ എന്നെ നോക്കി. പപ്പയുടെ മുഖത്തു കുറെ തുളകളുണ്ടായിരുന്നു. അവയിൽ കോർത്തിട്ട കടുക്കനുകളും. പുതിയ സംരംഭങ്ങൾ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here