കുളവെട്ടി

5
522
Jinsha Ganga

കഥ

ജിൻഷ ഗംഗ

” ഞാൻ പറഞ്ഞത് സത്യമാണ് ജോ. ആ മരം ഞാൻ മുൻപ് കണ്ടിട്ടുണ്ട്. ബട്ട്‌, അതെവിടെയായിരുന്നെന്ന് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. ”

തലേന്ന് രാത്രിയിലും അവൾ ഇത് തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നതെന്ന് ജോയൽ ഓർത്തു. ഇപ്പോഴിതാ പ്രാന്ത് പിടിച്ച പോലെ മഴ പെയ്യുന്ന ഈ പുലർച്ചയിലും പുതപ്പിനുള്ളിൽ തന്റെ നെഞ്ചിനെ പുണർന്നുകൊണ്ട് അതേ വാചകങ്ങൾ തന്നെ ഉരുവിടുന്നു. ജോയൽ പുതപ്പിനുള്ളിൽ നിന്നും പുറത്തേക്ക് കടന്നു. ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി. ഇവിടെ നിന്നാൽ ആ ക്രിസ്ത്യൻ പള്ളി കാണാം , ആ പള്ളിയുടെ അരികിലാണ് അവൾ മരം കണ്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അവരുടെ ജീവിതത്തിനിടയിൽ അതിക്രമിച്ചു കയറി സ്വസ്ഥത നശിപ്പിച്ച ആ മരം. ഏത് നശിച്ച നേരത്താണ് അവളെയും കൊണ്ട് പള്ളിയുടെ അരികിലേക്ക് പോകാൻ തോന്നിയതെന്നോർത്തപ്പോൾ ജോയലിന്റെ പല്ലുകൾ താനെ ഞെരിഞ്ഞു.

രണ്ട് ദിവസം മുൻപത്തെ വൈകുന്നേരമാണ് അവളോട് പറഞ്ഞത്.” ശ്രീ…താൻ ഇങ്ങനെ മുറിയിൽ തന്നെ ഒരേ ഇരിപ്പ് ഇരുന്നാലെങ്ങനെയാ…? ”

” നീ എഴുന്നേൽക്ക്. ഈ ഫ്ലാറ്റിനടുത്തൊരു പള്ളിയുണ്ട്. നമുക്ക് അവിടെ വരെ പോകാം. അവിടെ കുറച്ചുനേരം ഇരുന്നാൽ മനസ്സിന് ശാന്തത കിട്ടും.”

അവളന്നേരം നിലത്തു ചമ്രം മടഞ്ഞിരുന്ന് അലക്ഷ്യമായി കാൽവിരലുകൾ ഞൊടിക്കുകയായിരുന്നു.

” അച്ഛന് ദേ ഇതേപോലെ റോസ് കളറിലുള്ള ഒരു ഷർട്ട്‌ ഉണ്ടായിരുന്നു ജോ… ” റോസ് നിറത്തിലുള്ള ക്യൂട്ടെക്സ് കാൽവിരലുകളിൽ നിന്നും അടർത്തിയെടുക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു.

അവൾ അച്ഛനിൽ നിന്നും വേർതിരിയാതെ നിൽക്കുകയാണെന്ന് ജോയലിന് മനസ്സിലായി. അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ അവളെ ആകെ തകർത്തു കളഞ്ഞു. കടുത്ത മാനസികസംഘർഷത്തിന്റെ പിടിയിലാണ് അവൾ. ഈ ഫ്ലാറ്റിന് പുറത്തേക്ക് എത്ര വിളിച്ചിട്ടും വരുന്നില്ല.

” ശ്രീ നീ ഞാൻ പറഞ്ഞത് കേട്ടോ, നമുക്കാ പള്ളിയിൽ പോകാം. അതിനു കുറച്ച് അപ്പുറത്തായി ഒരു അമ്പലം ഉണ്ട്. അവിടെയും പോകാം, നീ റെഡി ആക്.. ”

“ജോ… ” അവൾ മുഖമുയർത്തി. അവളുടെ വലത്തേ കണ്ണിനടിയിലുള്ള മറുക് അവനെ നോക്കി. ജോയൽ അവളോട് സ്നേഹത്തോടെ ചിരിക്കാൻ ശ്രമിച്ചു.

പുരാതനമായ ഒരു ക്രിസ്ത്യൻ പള്ളിയായിരുന്നു അത്, അവരെ രണ്ട് പേരെയും വഹിച്ചുകൊണ്ട് ജോയലിന്റെ ബുള്ളറ്റ് അതിന്റെ മുറ്റത്തെത്തും വരേയ്ക്കും രണ്ടുപേരും പരസ്പരം മിണ്ടിയിരുന്നില്ല. ബുള്ളറ്റിൽ നിന്നിറങ്ങി പള്ളിയെ ആകമാനം നോക്കിയതിനു ശേഷം ഇനിയെന്ത് വേണ്ടൂ എന്ന അർത്ഥത്തിൽ അവൾ ജോയലിനെ നോക്കി. അയാൾ അകത്തേക്ക് പൊയ്ക്കോളൂ എന്ന മുഖഭാവത്തോടെ ചിരിച്ചപ്പോൾ അവൾ പള്ളിയുടെ അകത്തേക്ക് കയറി. ജോയലപ്പോൾ തന്റെ പഴയ ശ്രീദേവിയെ ഓർക്കുകയായിരുന്നു.

ബാംഗ്ലൂരിൽ എഞ്ചിനീയർ ആയി വർക്ക്‌ ചെയ്യുമ്പോഴാണ് തനിക്ക് ഫോട്ടോഗ്രാഫിയിൽ കമ്പം തോന്നുന്നതും, ജോലി കളഞ്ഞു മോഡൽ ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ ചെലുത്തുന്നതും. മൂന്ന് വർഷം മുൻപ് തന്റെ ക്യാമറയിൽ പതിഞ്ഞതാണ് ശ്രീദേവിയുടെ മുഖം. നൃത്തം ജീവശ്വാസമായി കൊണ്ട് നടക്കുന്ന വളരെ സ്മാർട്ട്‌ ആയിട്ടുള്ള പെൺകുട്ടി. ആദ്യത്തെ ഫോട്ടോ ഷൂട്ടിനു ശേഷം തന്റെ ഏറ്റവും നല്ല സുഹൃത്തായി മാറിയ പെൺകുട്ടി. പിന്നീടെപ്പോഴോ തോന്നുകയായിരുന്നു കൂടെ കൂട്ടണമെന്ന്. അന്ന് ഭരത നാട്യത്തിൽ പി എച് ഡി ചെയ്യുകയായിരുന്നു ശ്രീദേവി. അമ്മയുടെ മരണശേഷം അച്ഛൻ തനിച്ചാണ് അവളെ വളർത്തിയതെന്നും, മറ്റേതോ നാട്ടിൽ സ്കൂൾ അധ്യാപകനായിരുന്ന അച്ഛൻ അമ്മയുടെ മരണശേഷം നഗരത്തിലേക്ക് താമസം മാറ്റുകയുമായിരുന്നെന്ന് അവൾ പറഞ്ഞിരുന്നു. താൻ പരിചയപ്പെടുമ്പോൾ അവളുടെ അച്ഛൻ ഒരു ട്യൂഷൻ സെന്റർ നടത്തുകയായിരുന്നു.

ശ്രീദേവി വളരെയധികം ഉത്സാഹവതിയായ പെൺകുട്ടിയായിരുന്നെന്ന് പള്ളിമുറ്റത്തു നിൽക്കുമ്പോൾ അയാൾ ഓർത്തു. ഇഷ്ട്ടം തുറന്ന് പറഞ്ഞപ്പോൾ ആദ്യം അവൾ ഒഴിഞ്ഞു മാറിയെങ്കിലും അവൾക്ക് ഡോക്ടറേറ്റ് കിട്ടുന്നത് വരെ താൻ കാത്തിരിക്കുകയായിരുന്നു. പിന്നീടെപ്പോഴോ ശ്രീദേവി തന്നെയാണ് വിവാഹത്തേക്കുറിച്ച് സംസാരിച്ചത്. സ്വന്തമായി ഒരു നൃത്തവിദ്യാലയം തുടങ്ങാൻ ശ്രീദേവി ആഗ്രഹിച്ചിരുന്നു. അതിന്റെ പെർമിറ്റ് വാങ്ങാനും സ്ഥലം കണ്ടെത്താനും ഒക്കെ അവളെ സഹായിച്ചത് ജോയൽ ആണ്. രണ്ട് ദിവസം അതിന്റെ ആവശ്യത്തിന് വേണ്ടി അവൾ ജോയലിന്റെ വീട്ടിൽ താമസിക്കുകയും ചെയ്തു. രണ്ട് ദിവസവും തന്റെ അമ്മച്ചിയുടെ കൂടെയാണ് അവൾ കിടന്നുറങ്ങിയത്. മൂന്നാമത്തെ ദിവസം മടങ്ങുമ്പോഴാണ് അവൾ ചോദിച്ചത്.

” നമ്മള് ഒന്നിച്ചു ജീവിച്ചാൽ ഒരുപക്ഷെ അത് മനോഹരമായ ഒന്നായിരിക്കും. പിന്നെ എന്നെങ്കിലും പിരിഞ്ഞാലും ചിലപ്പോൾ അതും മനോഹരമായിരിക്കും… ”

” നീയെന്താ പറഞ്ഞ് വരുന്നത്..? ”

” നമുക്ക് ഒന്നിച്ചു ജീവിച്ചാലോ..? ”

തീർത്തും ലളിതമായി നടന്ന തങ്ങളുടെ വിവാഹത്തേക്കുറിച്ച് ജോയൽ ഓർത്തു. ജോയലിന്റെ വീട്ടുകാരും ശ്രീദേവിയുടെ അച്ഛനും അവരുടെ അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ഒരു ചടങ്ങ്.

വിവാഹശേഷം ജോയൽ നഗരത്തിൽ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു.
അഞ്ചാം നിലയിലായിരുന്നു ഫ്ലാറ്റ്. ശ്രീദേവിയുടെ അച്ഛൻ ആ ഫ്ലാറ്റ് കാണാൻ വന്നപ്പോൾ കായൽ കയ്യേറി നിർമിച്ച ഫ്ലാറ്റായിരുന്നു അതെന്നും, കേസിൽ നിന്നും ഒഴിവാകാൻ അതിന്റെ ഉടമ കോടികൾ വാരിയെറിഞ്ഞെന്നും ജോയൽ പറഞ്ഞു.

“എത്ര കോടികൾ വാരിയെറിഞ്ഞാലും പ്രകൃതിയെ ഇല്ലാതാക്കിയത് തെറ്റല്ലേ ജോയൽ..?”

ഒരാധ്യാപകന്റെ കണിശതയോടെയായിരുന്നു അയാളത് ചോദിച്ചത്.

ജോയൽ ഉറക്കെ ചിരിക്കുകയാണ് ചെയ്തത്.

” എന്ത് തെറ്റാ അച്ഛാ അതിലൊക്കെ ഉള്ളത്?പണം ഉള്ളവൻ കായലൊക്കെ മണ്ണിട്ട് മൂടും. ബുദ്ധി ഉള്ളവരൊക്കെ അങ്ങനെ പണം ഉണ്ടാക്കുകയും ചെയ്യും. അല്ലാതെ പ്രകൃതി പരിസ്ഥിതി എന്നൊക്കെ പറഞ്ഞിരിക്കുന്നവൻ മൂഞ്ചി പോകത്തെ ഉള്ളൂ.. ”

അവസാനം പറഞ്ഞത് വേണ്ടായിരുന്നു എന്ന് പെട്ടെന്ന് ജോയലിന് തോന്നി. അയാളത് വേഗത്തിൽ തിരുത്താൻ നോക്കി.

“അല്ല ഞാൻ പറഞ്ഞ് വന്നത്. നമ്മൾ ആദ്യം മനുഷ്യരുടെ ആവശ്യത്തിനല്ലേ അച്ഛാ മുൻഗണന കൊടുക്കേണ്ടത്. പ്രകൃതിയൊക്കെ രണ്ടാമതല്ലേ എന്നാ ..”

ശ്രീദേവിയുടെ അച്ഛൻ അമർത്തിയൊന്നു മൂളി.

” ഞാനിറങ്ങാം മക്കളേ .” എന്നും പറഞ്ഞു അയാൾ മടങ്ങുകയും ചെയ്തു. അന്ന് അവിടെ താമസിക്കാൻ അവർ ഒരുപാട് നിർബന്ധിച്ചെങ്കിലും അയാൾ വിസമ്മതിച്ചു.

അന്ന് വൈകുന്നേരം ജോയൽ ഒരു ഫോട്ടോഷൂട്ടിനു വേണ്ടി ലൊക്കേഷൻ സേർച്ച്‌ ചെയ്യുകയായിരുന്നു.

” നീയെന്താ അച്ഛനോട് പറഞ്ഞത്? നിങ്ങള് തമ്മില് എന്തെങ്കിലും ഇഷ്യൂ ഉണ്ടായോ?”

കയ്യിൽ ഒരു കപ്പ്‌ കോഫിയുമായാണ് ശ്രീദേവി വന്നത്.

” ഇല്ല . ഒരു പ്രശ്നവും ഇല്ലാലോ.. എന്തേ? ”

” ഏയ്യ്. അച്ഛൻ ഇപ്പോൾ എന്നെ വിളിച്ചു ചോദിച്ചു…. നിന്റെ തീരുമാനം തെറ്റായിപ്പോയോ മോളേന്ന്… ”

ജോയൽ അന്തിച്ചുപോയി. അതിനും മാത്രം താനൊന്നും പറഞ്ഞില്ലല്ലോ എന്ന് അയാൾ ആലോചിച്ചു.

അന്ന് രാത്രിയിൽ ജോയൽ ഉറങ്ങിയതേയില്ല. ശ്രീദേവിയുടെ അച്ഛന്റെ സംശയത്തിന് പിന്നിലെ വികാരം എന്താണെന്നും അയാൾക്ക് മനസ്സിലായതേയില്ല.

അതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് അച്ഛൻ തല കറങ്ങി വീണെന്നും പറഞ്ഞ് ശ്രീദേവിയുടെ ഫോൺ കാൾ വരുന്നത്. ജോയൽ അപ്പോൾ ഒരു സെലിബ്രിറ്റി ഫോട്ടോ ഷൂട്ടിലായിരുന്നു.

ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ശ്രീദേവിയും തന്റെ മമ്മിയും അവിടെയുണ്ടായിരുന്നു. അവൾ മമ്മിയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു. ജോയലിനെ കണ്ടതും ശ്രീദേവി വിതുമ്പി കരഞ്ഞു.

” ജോ…അച്ഛൻ…. അച്ഛന് എന്നെ ഓർമ കിട്ടുന്നില്ല.. ”

അമ്പരന്ന് പോയ ജോയൽ അവളെ ആശ്വസിപ്പിച്ചു ഡോക്ടറിന്റെ റൂമിലേക്ക് ഓടുകയായിരുന്നു.

” മിസ്റ്റർ ജോയൽ… ഒരുപക്ഷെ വീഴ്ച്ചയുടെ ആഘാതത്തിൽ സംഭവിച്ചതാകാം. അല്ലെങ്കിൽ വിഷാദത്തിന്റെ തുടക്കമാകാം. ഞങ്ങൾക്കിപ്പോൾ കറക്റ്റ് ആയി ഒരു റീസൺ പറയാൻ പറ്റില്ല. ഏതായാലും ഇപ്പോൾ നിങ്ങളുടെ ഫാദർ ഇൻ ലോ യ്ക്ക് കഴിഞ്ഞ കാര്യങ്ങൾ ഒന്നും കൃത്യമായി ഓർമയില്ല….. മകളെ പോലും….. ”

ഇന്നേക്ക് ഒരു മാസം ആയിരിക്കുന്നു. അച്ഛനിപ്പോൾ ഒരു ആയുർവേദ ചികിത്സയിലാണ്. ഇപ്പോൾ ചെറിയ മാറ്റമുണ്ട്. എങ്കിലും ശ്രീദേവിയോട് ഒന്നും സംസാരിക്കുന്നില്ല. ശ്രീദേവിയെ അങ്ങോട്ടയക്കാറില്ല. അച്ഛനെ കണ്ടാൽ അവൾ നിലവിട്ട് കരയുകയാണ്.

ജോയൽ പള്ളിയുടെ ഉള്ളിലേക്ക് കണ്ണോടിച്ചു. അവിടെ മുട്ടുകുത്തിയിരിക്കുകയയിരുന്നു ശ്രീദേവി. അച്ഛന്റെ അസുഖത്തിന് ശേഷം ജീവശ്വാസമായി കൊണ്ട് നടന്ന നൃത്തം പോലും മറന്ന മട്ടിൽ കർത്താവിന്റെ രൂപത്തിൽ വലയം ചെയ്തിരിക്കുന്ന അവളെ കണ്ടപ്പോൾ വല്ലത്തൊരു കുറ്റബോധം തന്നെ വേട്ടയാടുന്നതായി ജോയലിന് തോന്നി.

” ശ്രീ. നമുക്ക് ഈ പള്ളിയുടെ പരിസരമൊക്കെ ഒന്ന് ചുറ്റിനടന്നാലോ..? ”

അവളുടെ അടുത്തേക്ക് ചെന്ന് പള്ളിക്കകത്തെ കടുത്ത നിശബ്ദതയ്ക്ക് ഭംഗം വരുത്താത്തത്രയും പതുക്കെയാണ് ജോയൽ ചോദിച്ചത്. ശ്രീദേവി തല ഉയർത്തി അവനെ നോക്കി പുഞ്ചിരിച്ചു. അവന്റെ കയ്യിൽ പിടിച്ച് എഴുന്നേറ്റു.

വിശാലമായ പറമ്പായിരുന്നു ആ പള്ളിക്ക് ചുറ്റും. ഒരുപാട് വർഷങ്ങൾ പഴക്കമുള്ള പള്ളിയിലെ കോൺക്രീറ്റ് അടരുകൾ പൊട്ടിവീഴാൻ വെമ്പി നിൽക്കുന്നതായി അയാൾക്ക് തോന്നി.

പറമ്പിലൂടെ മുന്നോട്ട് നടക്കുമ്പോഴാണ് ശ്രീദേവി പെട്ടെന്ന് ഒരിടത്തു നിന്നത്. അതൊരു ചതുപ്പ് നിറഞ്ഞ സ്ഥലമാണെന്ന് ജോയൽ കണ്ടു.

” എന്താടോ…? ”

അവളപ്പോൾ തന്റെ മുന്നിലുള്ള ഒരു കുഞ്ഞുമരത്തെ നോക്കുകയായിരുന്നു. ജോയലിന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ ശ്രീദേവി ആ മരത്തിന് അടുത്തായി മുട്ടുകുത്തിയിരുന്നു. അവളുടെ വെള്ള ജീൻസിൽ ചതുപ്പിന്റെ ചളി പുരണ്ടു.

അന്നേരം വീശിയ കാറ്റിൽ അവളുടെ നീണ്ട മുടിയൊന്നാകെ ഉലയുന്നതും അതിലൊന്ന് തന്ത്രപൂർവം അവളുടെ മൂക്കുത്തിയുടെ കല്ലുകൾക്കിടയിലേക്ക് ഒളിച്ചു കടക്കുന്നതും ജോയൽ കണ്ടു. ശ്രീദേവി അതൊന്നുമറിയാതെ മുട്ടുകുത്തി ആ കുഞ്ഞുമരത്തിന്റെ തണ്ടിനെ സൂക്ഷ്മമായി നോക്കുകയായിരുന്നു.

” എന്താ..? ” അയാൾ ചോദിച്ചു.

” നിനക്കീ മരത്തിന്റെ പേരറിയോ..? ”

ജോയൽ ആ മരത്തിന്റെ അടുത്തേക്ക് പോയി. അത്രയൊന്നും വളർച്ച എത്തിയിട്ടില്ലാത്ത ഒരു കുഞ്ഞുമരമായിരുന്നു അത്. അതിന്റെ ഇലകൾ തൊട്ടും മണത്തുമൊക്കെ നോക്കിയിട്ടും ജോയലിന് ആ മരത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

” ഇങ്ങനത്തെ കാര്യത്തിൽ ഞാൻ വീക്ക്‌ ആണ്. എനിക്കിജ്ജാതി മരങ്ങളെയോ കാടിനെയോ കുറിച്ചൊന്നും ഒരുവക അറിയത്തില്ല. ”

ശ്രീദേവി മരത്തിനടുത്തു നിന്നും എഴുന്നേൽക്കാതെ ജോയലിന്റെ മുഖത്തേക്ക് നോക്കി. പള്ളിപ്പറമ്പിലെ മരങ്ങളൊക്കെയും ഒന്നാകെ ആടിയുലഞ്ഞു, ഇലകളും വായുവും ആലിംഗനം ചെയ്യുന്ന ശബ്ദം സർവതീവ്രതയോടും കൂടി ജോയലിന്റെയും ശ്രീദേവിയുടെയും കാതുകളിൽ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു.

” . മതി വാ നമുക്ക് അമ്പലത്തിൽ കൂടെയൊന്നു പോകാം.. ”

” ജോ.. പ്ലീസ് ഇതിന്റെ പേര് ആരോടെങ്കിലും ചോദിക്കൂ. ഈ പള്ളിയിലെ അച്ഛനോടെങ്കിലും…. ”

അവൾ പിന്മാറുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോൾ ജോയൽ പള്ളിയിലേക്ക് തിരികെ കയറി. മെഴുകുതിരിക്കാലുകൾ തുടച്ചു വൃത്തിയാക്കുന്ന ലോഹയിട്ട മനുഷ്യനെ കണ്ടപ്പോൾ ജോയൽ ആ ദിശയിലേക്ക് നടന്നു.

” ഫാദറാണോ ഇവിടത്തെ വികാരി..? ”
ജോയലിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ തലയുയർത്തി. ഇങ്ങനൊരാൾ നടന്നു വരുന്നതിന്റെ ശബ്ദം പോലും കേട്ടില്ലല്ലോ എന്ന ചിന്തയോടെയാകണം അയാൾ ജോയൽ പള്ളിയുടെ വാതിലിനടുത്തേക്കും മുറ്റത്തേക്കുമൊന്ന് എത്തിനോക്കി. പിന്നെ ജോയലിനെ നോക്കി മന്ദഹസിച്ചു.

” അതേ.. രണ്ട് മാസം മുൻപാണ് ഞാനിവിടെ വന്നത്. മുൻപുള്ള വികാരിക്ക് പ്രായമായി. കിടപ്പിലാണ്. ”

അയാൾക്ക് നാല്പതുവയസ്സോളം തോന്നിപ്പിക്കുന്നുണ്ടെന്ന് ജോയൽ കണക്കുകൂട്ടി. അത്രയധികം വിശുദ്ധമനസ്സുള്ളവൻ എന്ന് തോന്നിക്കുന്ന രീതിയിലുള്ള മുഖവും പുഞ്ചിരിയുമായിരുന്നു ആ ഫാദർക്ക്.

” ഫാദർ. ഞാൻ ഇവിടെ അടുത്ത് ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഒരു കാര്യം അന്വേഷിക്കാനാ വന്നത്. ”

മുഖവുര കൂടാതെ തന്നെ ജോയൽ കാര്യം അവതരിപ്പിച്ചു. മുഖത്തെ പുഞ്ചിരി മാറാതെ തന്നെ വികാരി അയാളെ കേൾക്കുകയായിരുന്നു.

” ജോയൽ, ഞാൻ ഇവിടെ മരങ്ങൾ ഒന്നും നടാറില്ല. അതൊക്കെ പള്ളിയിൽ വരുന്ന വിശ്വാസികൾ നട്ടു പിടിപ്പിക്കുന്നതാണ്. അതൊക്കെ നോക്കാൻ ജോലിക്കാരുണ്ട്. ഏതായാലും ജോയലിന്റെ വൈഫ് പറഞ്ഞ മരം നമുക്കൊന്ന് കണ്ടേക്കാം. ”

വികാരിയെയും കൂട്ടി ജോയൽ ശ്രീദേവിക്കരികിലേക്ക് എത്തിയപ്പോഴും അവളാ മരത്തെ ഉറ്റുനോക്കിയിരിക്കുകയായിരുന്നു. വരണ്ട കാറ്റ് അവളുടെ തലമുടിയെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു.

” ദേ ആ മരമാണ് ഫാദർ. ”

ജോയലിന്റെ ശബ്ദം കേട്ടതും ശ്രീദേവി ഞെട്ടിതിരിഞ്ഞു നോക്കി. ഫാദറിനെയും കണ്ടപ്പോൾ അവൾ എഴുന്നേറ്റു. ആ മരത്തെയും ഫാദറിനെയും മാറി മാറി നോക്കി. അവൾ ചിരിക്കാൻ പോലും മറന്നുവോ എന്ന് ജോയൽ ആകുലപ്പെട്ടു.

” ഇല്ല ജോയൽ, എനിക്കിതിന്റെ പേരറിയത്തില്ല. സോറി. സത്യം പറഞ്ഞാൽ ഞാൻ തന്നെ ഇപ്പോഴാണ് ഇങ്ങനൊരു മരം കാണുന്നത്. ”

മരത്തിന്റെ ഇലകൾ തൊട്ടുഴിഞ്ഞു കൊണ്ട് അയാൾ അങ്ങനെ പറഞ്ഞപ്പോൾ ശ്രീദേവിയുടെ മുഖം വാടി. കുറച്ചു നേരം അവിടെ അതേ നിൽപ്പ് നിന്നതിനു ശേഷം അവൾ തിരിഞ്ഞു നടന്നു.

ജോയൽ വികാരിയുടെ നേരെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

” ജോയൽ, മിസിസ്സിന്റെ മനസ്സിൽ എന്തോ തങ്ങിയിട്ടുണ്ട്. ഒരുപക്ഷെ ഈ മരത്തിന്റെ എന്തെങ്കിലും ഓർമകളാകാം. ഏതായാലും ഇപ്പോൾ പൊയ്ക്കോളൂ. ഞാൻ ഇവിടത്തെ തോട്ടത്തിലൊക്കെ പണിക്ക് വരുന്നവരോട് അന്വേഷിക്കാം. ജോയൽ അടുത്ത തവണ വരുമ്പോൾ വൈഫിനെയും കൂട്ടിക്കോളൂ. ഞാൻ അന്വേഷിക്കട്ടെ. ”

തീർത്തും സൗമ്യമായ ആ വാചകങ്ങൾ കേട്ടപ്പോൾ ജോയലിന്റെ മനസ്സിലെ ആകുലതകൾക്ക് അൽപ്പം ശമനം ഉണ്ടായതാണ്.

അത് കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ട് ദിവസമായി. ഇന്നലെ മുതൽ അവൾ ആ മരത്തേക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. രണ്ട് ദിവസമായി അച്ഛന്റെ അടുത്തേക്ക് പോകണമെന്ന വാശി ഇല്ല. ഇന്നിപ്പൊ അവൾ ഉറക്കമുണർന്നത് തന്നെ ആ മരത്തിന്റെ ഓർമയിലാണ്.

ജോയലിന് തന്റെ മനോനിലയും ജീവിതവും ഒന്നാകെ തകരുന്നത് പോലെ തോന്നി. എല്ലാത്തിന്റെയും താളം തെറ്റിക്കുന്ന രീതിയിലാണ് ശ്രീദേവി പെരുമാറുന്നത്. അയാൾ ഒരിക്കലും ചിന്തിക്കാത്ത രീതിയിൽ. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പൂച്ചട്ടിയിൽ ഒരു ചെടി ഉണങ്ങിനിൽപ്പുണ്ട്. ഈ ഫ്ലാറ്റ് മുൻപ് ഉപയോഗിച്ചിരുന്നവർ നട്ടുപ്പിടിപ്പിച്ച ചെടിയാണ്. ഫ്ലാറ്റ് വാങ്ങിയിട്ടും താമസമാക്കിയിട്ടും ഇന്നോളം ജോയൽ ആ ചെടിയെ ഗൗനിച്ചതേയില്ല. പക്ഷേ ഇന്ന് ജോയൽ ആ ചെടിയെ കൈകൊണ്ട് മെല്ലെ തൊട്ടു, പൊടുന്നനെ പൊള്ളിയത് പോലെ കൈ പിൻവലിച്ചു. വല്ലാത്തൊരു ഭീതി അയാളെ ചുറ്റിവരിഞ്ഞു.

” ജോ… ”

വിളി കേട്ടതും അയാൾ റൂമിലേക്ക് നടന്നു. ശ്രീദേവി അവളുടെ ബാഗിൽ നിന്നും സാധനങ്ങൾ മുഴുവൻ വാരി പുറത്തിടുകയായിരുന്നു.

” നീയിതെന്ത്‌ വട്ടാ കാണിക്കുന്നേ, നിന്റെ പ്രശ്നം എന്താ..?. ”

അവളതൊന്നും കേട്ടതായി ഭാവിക്കാതെ ബാഗ് മുഴുവൻ കമഴ്ത്തി നിലത്തേക്കിട്ടു, നിലത്തേക്ക് മറിഞ്ഞ വസ്തുക്കൾക്കിടയിൽ ഒരു മെമ്മറി കാർഡ് കയ്യിലെടുത്തു. വിജയഭാവത്തോടെ ജോയലിന്റെ മുഖത്തേക്ക് നോക്കി.

” എന്റെ പഴയ കാർഡ് ആണ്.”

അവൾ ആ കാർഡ് എടുത്ത് അവളുടെ കയ്യിലുള്ള മൊബൈൽ ഫോണിലേക്ക് ഇട്ടു. കാർഡ് വർക്കിംഗ്‌ ആയതിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് ജോയൽ കേട്ടു.ശ്രീദേവി കാര്യമായിട്ടെന്തോ ഫോണിൽ പരിശോധിക്കുന്നുണ്ട്.

അൽപ്പസമയത്തെ തിരച്ചിലിന് ശേഷം, ശ്രീദേവി ദീർഘ നിശ്വാസമെടുക്കുന്നതും ഫോണിലേക്ക് തുറിച്ചു നോക്കുന്നതും ജോയൽ കണ്ടു.

” ലുക്ക്‌ ദിസ്‌ പിക് ”

ശ്രീദേവി ഒരു ഫോട്ടോ ജോയലിന്റെ കണ്ണുകൾക്ക് നേരെ പിടിച്ചു. ആ ചിത്രം അവ്യക്തമാണെങ്കിലും ചിത്രത്തിൽ കുനിഞ്ഞിരുന്ന് ഒരു മരം നടുന്ന യുവാവ് ശ്രീദേവിയുടെ അച്ഛനാണെന്ന് ജോയലിനു മനസ്സിലായി.അതൊരു വന പ്രദേശം ആണെന്നും അയാൾക്ക് തോന്നി, പഴയൊരു ആൽബത്തിലെ ഫോട്ടോ മൊബൈൽ ക്യാമറയിൽ പകർത്തിയതാണ്.

” ഇത് നിന്റെ അച്ഛൻ ഒരു മരം നടുന്നതല്ലേ . ഈ ഫോട്ടോയാണോ നീ ഇത്ര കാര്യമായിട്ട് അന്വേഷിച്ചത്..? “ജോയൽ മുഷിച്ചിലോടെ മുഖം തിരിച്ചു.

” അച്ഛൻ നടുന്ന ഈ മരമാണ് ഞാൻ പള്ളിയിൽ കണ്ടത് ”

ശ്രീദേവി ഫോണിലേക്ക് തന്നെ നോക്കിയാണ് അത് പറഞ്ഞത്. ജോയൽ പുരികം ചുളിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി. ശ്രീദേവി ഫോണിൽ നിന്നും മുഖമുയർത്തി.

” സത്യാണ് , അത് കണ്ടപ്പോൾ മുതൽ ഞാൻ ഓർക്കുകയായിരുന്നു മുൻപെവിടെയാണ് ഞാനത് കണ്ടതെന്ന്. ഈ ഫോട്ടോയിലാണ്. ഈ ഫോട്ടോ എടുക്കുമ്പോൾ ഞാനുണ്ടായിരുന്നു അച്ഛന്റെ കൂടെ.”

” നിന്റെ അച്ഛന് വട്ടുണ്ടോ ഈ കാട്ടുമൂലയിൽ പോയി മരം നടാൻ? ആ ഫോട്ടോയില് നിന്റെ അച്ഛനെ പോലും ആദ്യം എനിക്ക് മനസ്സിലായില്ല, പിന്നല്ലേ ആ മരം ”

ബാൽക്കണിയിലെ കരിഞ്ഞു തുടങ്ങിയ ചെടിയിലേക്ക് ഒരു പൂമ്പാറ്റ വന്ന് നോക്കുന്നത് അവൾ കണ്ടു. ഫോൺ ജോയലിന്റെ കയ്യിൽ ഏൽപ്പിച്ചു ശ്രീദേവി അകത്തേക്ക് നടന്നു. തിരിച്ചു വരുമ്പോൾ അവളുടെ കയ്യിൽ ഒരു കപ്പ്‌ വെള്ളമുണ്ടായിരുന്നു. അവളാ വെള്ളം ആ ചെടിച്ചട്ടിയിലേക്ക് ഒഴിച്ചു.

” ഇതിനെ കരിഞ്ഞുണങ്ങാൻ വിടരുത് ജോ ”

ആ പൂമ്പാറ്റ പുറത്തേക്ക് പാറുന്നത് ജോയൽ കണ്ടു.

” നിന്നോടാ ചോദിച്ചത് ഈ ഫോട്ടോയിലെ മരമാണ് പള്ളിയിലെ മരമെന്ന് നിനക്കെന്താ ഇത്ര ഉറപ്പ്? ”

” ആ മരം തന്നെയാ ഇത്. ഞാൻ പറഞ്ഞില്ലേ ഞാനാ മരം മുൻപ് കണ്ടിട്ടുണ്ടെന്ന്. ”

” എന്നാലും ഈ കാട്ടുമൂലയില് മരം വച്ചുപിടിപ്പിക്കാൻ നിന്റെ അച്ഛന് പ്രാന്താണോ..? വല്ല റോഡരികിലോ മറ്റോ ആണെങ്കില് നാട്ടുകാരെ കൊണ്ട് നല്ലത് പറയിപ്പിക്കാമെന്ന് കരുതാം.. ഇത്.. അല്ല ഇതെവിടെയാ ഈ സ്ഥലം? ”

ശ്രീദേവി ഫോൺ തിരിച്ചു വാങ്ങി. കുനിഞ്ഞിരുന്ന് ചെടിയുടെ കരിഞ്ഞ ഇലകളെ പതിയെ അടർത്തിയെടുത്തു.

” എന്റെ അമ്മയെ അടക്കം ചെയ്തത് അവിടെയാണ് ജോ ”

ഇലകളെ അടർത്തിയിടുന്നതിനേക്കാളും സാവധാനത്തിൽ അവളത് പറഞ്ഞപ്പോൾ ജോയൽ സ്തബ്ധനായി. ശ്രീദേവിയുടെ ചുമലിൽ അയാൾ കൈവച്ചു.

അവൾ അവനെ നോക്കി ചിരിച്ചു. കണ്ണുകളിലെ നനവ് അവൻ കണ്ടു. കയ്യിൽ പറ്റിയ ഇലയുടെ ഉണങ്ങിയ കഷണത്തെ എടുത്ത് ബാൽക്കണിയിൽ നിന്നും താഴേക്ക് ഊതിവിട്ടു.

” സോറി.. ഞാൻ… ”

” സാരമില്ല. ”

” ഈ സ്ഥലം എവിടെയാണ് ”

” വയനാട്ടിൽ.”

” വയനാടോ ” ജോയൽ നെറ്റിച്ചുളിച്ചു.

ശ്രീദേവിയുടെ അമ്മ അവളുടെ ചെറുപ്പത്തിൽ തന്നെ മരിച്ചു എന്നറിയാം എന്നല്ലാതെ എങ്ങനെയാണ് എവിടുന്നാണ് എന്നൊന്നും ചോദിച്ച് അവനവളെ വിഷമിപ്പിച്ചിരുന്നില്ല. അവളായിട്ട് അത് പറഞ്ഞിട്ടുമില്ല.

” ശ്രീ, അപ്പോൾ നിങ്ങൾ മുൻപ് താമസിച്ചിരുന്നത് വയനാടാണോ? ഐ മീൻ യുവർ ചൈൽഡ് ഹുഡ്? ”

” അല്ല, അതൊക്കെ എറണാകുളം തന്നെയായിരുന്നു. പക്ഷേ, വിധി എന്നൊന്നുണ്ടല്ലോ. അമ്മയ്ക്ക് മരിക്കാൻ വേണ്ടിയാകാം ആ വിധി ഞങ്ങളെ വയനാട്ടിൽ എത്തിച്ചത്. ”

ശ്രീദേവി ഇങ്ങനെ വികാരധീനയായി സംസാരിക്കുന്നത് താനൊരിക്കലും കണ്ടിട്ടില്ല എന്ന് അയാൾ ചിന്തിച്ചു.

നനഞ്ഞു തുടങ്ങിയ കണ്ണുകൾ ശ്രീദേവി ഇറുക്കിയടച്ചു. അൽപ്പസമയത്തിന് ശേഷം അവൾ കണ്ണുകൾ തുറന്നു. അന്നേരമത്രയും ജോയൽ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ശ്രീദേവി ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നോക്കി. പുറംലോകം ഒരു മഴയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.

ശ്രീദേവിയെ പ്രസവിച്ചതിനു ശേഷം, അവളുടെ അമ്മയ്ക്ക് പ്രസവാനാന്തര വിഷാദം പിടിപ്പെട്ടതും, അതിൽ നിന്നും വിടുതൽ നേടാനായി താമസസ്ഥലം മാറണമെന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം, വയനാട്ടിലെ ഒരു ഉൾപ്രദേശത്തെ സ്കൂളിലേക്ക് തന്റെ അച്ഛൻ ജോലിമാറ്റം വാങ്ങി പോയതും, തനിക്ക് നാലു വയസ്സുള്ളപ്പോൾ ആ പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിൽ അവരുടെ വീട് മണ്ണിനടിയിൽ പെട്ടതും വരെ പറഞ്ഞപ്പോഴേക്കും ശ്രീദേവി ഒരു പൊട്ടിക്കരച്ചിലിന്റെ വക്കത്തെത്തി.

” ശ്രീ.. മതി. സോറി ” ഇടർച്ചയോടെയാണ് ജോയൽ അത് പറഞ്ഞത്. ശ്രീദേവി പൊടുന്നനെ അവനഭിമുഖമായി തിരിഞ്ഞു നിന്നു. നിറഞ്ഞു തുടങ്ങിയ കണ്ണുകൾ തുടച്ചു.

“നമുക്കൊന്ന് കൂടി ആ പള്ളിയിൽ പോകണം, ആ മരത്തിന്റെ ഫോട്ടോ എടുക്കണം. അതിന്റെ ഡീറ്റെയിൽസ് ഇന്റർനെറ്റിൽ നിന്നും എടുക്കണം. പെട്ടെന്ന് വാ. ”

പള്ളിയിലേക്കുള്ള യാത്രയിലുടനീളം ശ്രീദേവി അവളുടെ അമ്മയെക്കുറിച്ചും, അമ്മ നഷ്ടമായതിൽ പിന്നെയുള്ള ജീവിതത്തേക്കുറിച്ചും പറയുകയായിരുന്നു. അമ്മ പോയതിൽപ്പിന്നെ അച്ഛനവളെ വളർത്തിയിരുന്നതിനെക്കുറിച്ച്, ഒഴിവുള്ള ദിവസങ്ങളിലൊക്കെ അവളെയും കൂട്ടി കാടുകളിലും, പുഴയോരങ്ങളിലും പോയിരിക്കാറുള്ളതിനെ കുറിച്ച്. അവളുടേതായ തീരുമാനങ്ങളൊക്കെ അവൾക്ക് വിട്ടു നൽകിയതിനെക്കുറിച്ച്.

” നീയോർക്കുന്നുണ്ടോ? അന്ന് നമ്മുടെ ഫ്ലാറ്റിൽ വന്ന് പോയതിൽ പിന്നെ അച്ഛൻ എന്നോട് അധികം സംസാരിച്ചിട്ട് പോലുമില്ല. അന്നെന്താ ജോ അച്ഛന് പറ്റിയത്…? ”

മഴയോടൊപ്പം അപ്പോൾ അതിശക്തമായ ഒരു മിന്നൽ വന്നു. ജോയൽ പരിഭ്രമത്തോടെ ശ്രീദേവിയെ നോക്കി. അവളുടെ മുഖത്തു യാതൊരു ഭാവമാറ്റവുമില്ല.

പള്ളിയിലേക്ക് എത്തുമ്പോഴേക്കും മഴ കുറഞ്ഞിരുന്നു. ജോയൽ മരത്തിന്റെ അടുത്തേക്ക് നടന്നു. ചതുപ്പിലായത് കാരണം ജോയലിന് മരത്തിന്റെ തൊട്ടടുത്തു പോയി ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. തന്റെ ഷൂസിലും ജീൻസ് പാന്റ്റിലും ചളി പറ്റുന്ന കാര്യം അയാൾക്ക് ആലോചിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.

” ആ ഫോൺ ഇങ്ങ് താ. ഫോട്ടോ ഞാൻ എടുത്തോളാം ”

ശ്രീദേവി ചതുപ്പിലേക്ക് സൂക്ഷിച്ചു നടന്നു, മുട്ടുകുത്തിയിരുന്ന് മരത്തിന്റെ തൊട്ടടുത്തു നിന്ന് തന്നെ ഫോട്ടോ പകർത്തി.

” ശ്രീ, സീ ദിസ്‌ സൈസീജിയം ട്രാവണൻകോറിക്കം എന്നാണ് ഈ മരത്തിന്റെ സയന്റിഫിക് നെയിം. മലയാളത്തിൽ കുളവെട്ടി എന്ന് പറയും”. കാറിലിരുന്ന് തന്നെയാണ് ജോയൽ മരത്തേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്.

” ഈ മരം ചില്ലറക്കാരനല്ല, പ്രത്യേക പൈതൃക സംരക്ഷണ കേന്ദ്ര പദവി ഒക്കെയുണ്ട് പുള്ളിക്ക്. ”

” വേറെ എന്തൊക്കെയാ സൈറ്റിലുള്ളത്?”. ” ഈ മരം പ്രകൃതി ദുരന്തങ്ങൾ തടയാനും,ജലസംരക്ഷണത്തിനുമൊക്കെ ഏറ്റവും കൂടുതൽ ഉപകാര പ്രദമാണ്. ലോകത്തിൽ ഇനി ആകെ 200 കുളവെട്ടി മരങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് പറയപ്പെടുന്നത്. വെള്ളത്തിന്റെ കുത്തിയൊലിപ്പ് തടയാൻ ഈ മരം വളരെ ഉപകാര പ്രദമാണത്രേ. ശ്രീ ഈ മരം തന്നെയാണോ നിന്റെ അച്ഛൻ അവിടെ നട്ടത്? ”

” അതെ. ഇത് തന്നെയാണ്. കുറച്ചു ദിവസങ്ങളായി ഞാൻ അന്വേഷിക്കുന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഇത്”. ജോയൽ മനസ്സിലായിലെന്ന രീതിയിൽ നെറ്റി ചുളിച്ചു.

” ഒരുപക്ഷെ ഈ മരവും കൊണ്ട് അഛന്റെ അരികിലേക്ക് ചെന്നാൽ അഛന് എന്തെങ്കിലും മാറ്റമുണ്ടാകും.. ”

ജോയൽ ഉറക്കെ ചിരിക്കുകയാണ് ചെയ്തത്.

” പിന്നേ, അലോപ്പതിക്കും ആയുർവേദത്തിനും കഴിയാത്തത് ഒരു മരം കൊണ്ടാണോ താൻ മാറ്റാൻ പോകുന്നത് ..? ”

” ഞാൻ തമാശ പറഞ്ഞതല്ല, ജോയ്ക്ക് സൗകര്യമുണ്ടെങ്കിൽ കൂടെ വന്നാൽ മതി. ഇല്ലെങ്കിൽ ഞാൻ തനിച്ചു വയനാട്ടിലേക്ക് പൊയ്ക്കോളാം ”

” നീയെന്തിനാ വയനാട്ടിൽ പോവുന്നത്? അവിടെയാണോ അച്ഛനുള്ളത് ” ജോയൽ.

” അല്ല. അമ്മ ഇല്ലാതായിടത്ത് അച്ഛൻ നട്ട ഈ മരം കാണും. ചിലപ്പോൾ അതിനു ചുറ്റിലും അതിന്റെ തൈകൾ ഉണ്ടായേക്കാം. അതും കൊണ്ടേ ഞാൻ ഇനി അച്ഛന്റെ അടുത്തേക്ക് പോവുകയുള്ളു ”

അവളുടെ തീരുമാനം കടുത്തതാണെന്ന് ജോയലിനു മനസ്സിലായിരുന്നു. എതിർക്കാനോ നിഷേധിക്കാനോ തയ്യാറാകാതെ അയാൾ അർദ്ധസമ്മതത്തോടെ മൂളി.

ശ്രീദേവി പറഞ്ഞുകൊടുത്ത വഴികളിലൂടെയാണ് ജോയൽ കാർ ഓടിച്ചത്. ഇടയ്ക്ക് സംശയം തോന്നിയെങ്കിലും ഗൂഗിൾ മാപ്പിൽ കൃത്യമായ ദിശാ സൂചികകൾ ഉണ്ടായിരുന്നു. നിരപ്പായ ആ സ്ഥലം ഒരുപാടൊരുപാട് സ്വപ്നങ്ങളുടെയും ജീവിതങ്ങളുടെയും ഭൂതകാല സ്‌മൃതികൾ പേറുന്ന ഒരു ഗർഭപാത്രത്തിന്റെ അടയാളമായാണ് ശ്രീദേവിക്ക് തോന്നിയത്. അവിടെ നേർത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഭ്രൂണത്തിൽ വച്ചു തന്നെ ഇല്ലാതായ അനേകം കുഞ്ഞുങ്ങൾക്ക് വേണ്ടി ആകാശം ഇപ്പോഴും മുലപ്പാൽ ഇറ്റിക്കുന്നു. അവൾ കൈകൾ വാ വിടർത്തി മഴവെള്ളത്തെ ഏറ്റുവാങ്ങി. അവൾക്കപ്പോൾ അമ്മയെ ഓർമ വന്നു. മഴയോടൊപ്പം കണ്ണീരും ഒലിച്ചു.

ജോയൽ ദൂരെ നിൽക്കുകയായിരുന്നു.

” ഇവിടെയെങ്ങും തരിശ് ഭൂമി കണക്കെയാണല്ലോ. ഇവിടെ ആ മരം ഒന്നുമില്ല.. ”

ശ്രീദേവിയുടെ മനസ്സ് അപ്പോഴും ഭൂതകാല കുരുക്കുകളിൽ പിടഞ്ഞു ശ്വാസം മുട്ടുകയായിരുന്നു. ” നിനക്കറിയോ? അന്ന് അമ്മയ്ക്ക് അമ്പലത്തിൽ പോകാൻ പറ്റാത്ത ദിവസമായിരുന്നു. എന്നെയും കൂട്ടി അച്ഛൻ ദേ ആ കാണുന്ന കുന്നിന്റെ അപ്പുറത്ത് കാട്ടിൽ ജീവിക്കുന്നവർ പൂജിക്കുന്ന ഒരു തേവരുടെ കോവിലുണ്ട്. അവിടെ പോയതാ. ഇറങ്ങുമ്പോ വലിയ മഴയൊന്നും ഇല്ല.” മഴവെള്ളവും കണ്ണീരും കൂടിക്കലർന്ന മുഖം അവൾ കൈവെള്ളകൾ കൊണ്ട് തുടച്ചു.

” അമ്പലത്തിൽ തൊഴുതു ഞങ്ങൾ തിരിച്ചു വരുമ്പോൾ വലിയൊരു ശബ്ദമാ കേട്ടത്. എന്താ ഏതാന്ന് അറിയുമ്പോഴേക്കും അമ്മ ഈ മണ്ണിന്റെ അടിയിലേക്ക് ശ്വാസം പോലും കിട്ടാതെ. ” ശ്രീദേവി എങ്ങലടിച്ചു കരഞ്ഞു. ജോയൽ അവൾക്കരികിലേക്ക് ഓടിയെത്തി.

” എന്റെ അമ്മയുടെ ശരീരം പോലും കിട്ടിയില്ല… ”

ശ്രീദേവി അവന്റെ നെഞ്ചിലേക്ക് വീണു.

” ശ്രീ, പക്ഷെ നീ നോക്കിയേ. ഈ സ്ഥലമൊക്കെ ആരോ നികത്തി. ഇവിടെ മരങ്ങൾ ഒന്നുമില്ല ”

അവൾ തലയുയർത്തി. ശരിയാണ്. എല്ലാം തന്നെയും നികത്തിയിരിക്കുന്നുണ്ട്. പച്ചപ്പ് ഒന്നുമില്ല.

ശ്രീദേവിക്ക് തല പെരുത്തു. തലയ്ക്കുള്ളിൽ കല്ലുകളും മണ്ണും തമ്മിൽ ശ്വാസത്തിനായി വടംവലി നടത്തുന്നത് പോലെ അവൾക്ക് തോന്നി.

” ആ മരം കിട്ടാതെ.. അതവിടെയുണ്ട്. അത് കിട്ടാതെ ഞാൻ വരില്ല. അതില്ലാതെ ഞാൻ അച്ഛന്റെ അടുത്തേക്ക് പോകില്ല… ”

ശ്രീദേവി അലക്ഷ്യമായി മുന്നോട്ട് നടന്നു. മഴ അവളുടെ ഉടലിനെ പൊതിഞ്ഞു പിടിച്ചിരുന്നു. മഴയോടൊപ്പം എന്ന പോലെ ശ്രീദേവി മുന്നോട്ട് നടന്നു.

” ശ്രീ നിൽക്ക്… ”

അവളെ തടയാൻ മുന്നോട്ട് ഓടാൻ തുടങ്ങവേ, കാലുകളിൽ എന്തോ ഇഴയുന്നതായി ജോയലിന് തോന്നി.

മണ്ണിരകൾ… ഒരു കൂട്ടം മണ്ണിരകൾ. അവ കൂട്ടമായി ജോയലിന്റെ കാലുകളിൽ നിന്ന് മേൽപ്പോട്ട് കയറാൻ തുടങ്ങി. അവയ്ക്ക് പിന്നാലെ മണ്ണിനടിയിൽ നിന്നും അനേകമനേകം മണ്ണിരകൾ മുളച്ചു പൊന്തി മണ്ണിനുമേലേക്ക് ഇഴയുന്നു.

നിലവിളിക്കാനോ കാലുകൾ അനക്കാനോ കഴിയാതെ നിസ്സഹായനായി ജോയൽ ആ മണ്ണിരകൾക്ക് കീഴടങ്ങാൻ തയ്യാറായി നിന്നു.

5 COMMENTS

  1. നല്ല എഴുത്ത്, കഥയോടൊപ്പം സഞ്ചരിക്കാൻ സാധിച്ചു.
    തുടരുക????

  2. കിനാവുകൾക്കപ്പുറം ഒരു കടൽ വരുന്നുണ്ട്. ധാനമായി നൽകിയതൊക്കെ അവൻ തിരിച്ചെടുക്കുക തന്നെ ചെയ്യും ????????????

  3. ക്ലൈമാക്സ് വരെ സസ്പെൻസ് നിലനിർത്തുന്നു
    കഥ നന്നായിട്ടുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here