പുഴേലേക്കുള്ള വഴി

0
372

കഥ

ഗ്രിൻസ് ജോർജ്ജ്

ചത്തതിന്റന്നുതന്നെ പള്ളിസെമിത്തേരീന്റെ മൂലയ്ക്കു കുഴിച്ചിട്ട അപ്പൻ രാത്രീല് മാനത്തു വന്നിട്ടെനിക്കിട്ടീ പണി തരുമെന്നൊട്ടും വിചാരിച്ചില്ല. ഒള്ള റബ്ബർഷീറ്റും ചിരട്ടേടെ മൂട്ടിക്കിടന്ന ഒട്ടുപാലും കൂടി കുത്തിയിളക്കി വിറ്റിട്ടാ അങ്ങേർക്ക് നീണ്ടുനിവർന്നു കെടക്കാൻ നല്ലൊന്നാന്തരം മാങ്കോസ്റ്റിൻ ശവപ്പെട്ടി സംഘടിപ്പിച്ചത്.

“പാതിപ്പൈസ പിന്നെത്തന്നാപ്പോരേ ചാക്കോച്ചേട്ടാ” എന്നു ചോദിച്ചത് അപ്പനുമായുള്ള അയാളുടെ ഇരിപ്പുവശംകൂടിയോർത്തിട്ടാ. അങ്ങനെയായിരുന്നല്ലോ… പണ്ട് ഓണത്തിനും ക്രിസ്മസിനും ആണ്ടുചങ്കരാന്തിക്കുമെല്ലാം കുടിച്ചവരാതിക്കാൻ ചാക്കോയ്ക്കു പാലേൽ കുഞ്ഞെന്ന എന്റെയപ്പൻ തന്നെ വേണം. നേരം വെളുക്കുന്നേനും മുന്നേ മഞ്ഞച്ച ചിരീമായി വീട്ടുപടിക്കലുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രമല്ല.. മോൾടെ പേറെടുപ്പിനും, ഭാര്യേടെ അനിയത്തീടെ കേറിക്കൂടലിനും, അമ്മാവന്റെ മോൾടെ ആദ്യകുർബാനയ്ക്കും.. ചാക്കോയ്ക്കില്ലാത്ത ആവശ്യങ്ങളില്ലല്ലോ. അതിനൊത്ത് തുള്ളാനൊരപ്പനും.

“കയ്യീ കിട്ടുന്ന കാശൊക്കെ നീയെന്തു ചെയ്യുവാട, ഒരു റബ്ബർമരം വെട്ടുന്നേന് ഒന്നര രൂപ വെച്ച് ദിവസോം നിനക്കു തരുന്നതല്ലേ..”
എന്നു ചോദിച്ചുകൊണ്ട് കുഞ്ഞ് പണപ്പെട്ടിയങ്ങു തുറക്കും. വളിച്ച ചിരീമായി നിക്കുന്ന ചാക്കോ പണം വാങ്ങി തിരിച്ചുപോകും. ആണ്ടിനും ചങ്കരാന്തിക്കുമല്ലേ എന്നോർത്ത് ഞാനുമാദ്യമൊക്കെ കുറേക്കാലം മിണ്ടാതിരുന്നതാ. എന്നാൽ മുട്ടിനുമുട്ടിനു പെരുകുന്ന ചാക്കോയുടെ ആവശ്യങ്ങൾ കണ്ടപ്പോ

“ഇതിനൊക്കെ കണക്കൊണ്ടോ അപ്പാ വല്ല ഡയറീലും കുറിച്ചിടത്തില്ലയോ” എന്നു ചുമ്മാ ചോദിച്ചതാ. അപ്പനെന്നെ കടിച്ചു തിന്നില്ലാന്നേ ഉള്ളൂ. ഒപ്പമൊരു ദൈവ വചനോം.

“നിന്റെ വലം കൈ ചെയ്യുന്നതെന്നാന്ന് ഇടംകൈ അറിയാതിരിക്കട്ടെ.”

ഇടംകൈ അറിയാത്ത കണക്കിന്റെ പറ്റുപുസ്തകമൊന്നുമല്ല ഞാനയാൾക്കു മുന്നി തുറന്നേ. അപ്പനെ അടക്കാനൊരു ശവപ്പെട്ടി! കാശിനു ലേശം ടൈറ്റു വന്ന കൊണ്ടാ. അല്ലെങ്കി മൊത്തോം കൊടുത്തേനെ. ചാകാൻ നേരത്തു കൊറച്ച് ക്ഷയിച്ചുപോയീന്നു കരുതി അപ്പനെ ചുമ്മാതങ്ങടക്കാൻ പറ്റോ. പട്ടും, പുത്തൻ കുപ്പായോമില്ലെങ്കിലും തണ്ടിൻമേ പായ വെച്ചു കുഴീലോട്ടിറക്കുന്ന കാര്യം ചിന്തിക്കാനേ വയ്യ. അതിനു ചാക്കോച്ചൻ നോക്കിയൊരു നോട്ടം.

“കണ്ടോന് ഫ്രീയൊണ്ടാക്കി കൊടുക്കാനല്ല ഞാനീ ‘പെട്ടിക്കടേം’ തുറന്നിരിക്കുന്നേ. പൈസയില്ലേ നീയപ്പനെ അടക്കേണ്ടടാ.”

അയാക്കടെ ഗൊണവതികാരം കേട്ടോണ്ടു നിക്കാൻ പറ്റിയ മാനസ്സികാവസ്ഥേലായിരുന്നില്ല. ഭാര്യേടെ കാതിൽ കിടന്ന ഇത്തിരിയോളം പോന്ന പൊടിപ്പൊന്നു വിറ്റേച്ചാ ആ കാശ് അപ്പോ തന്നെ കൊടുത്തത്. അവിടം കൊണ്ടും തീർന്നില്ല. പിന്നേമാവശ്യങ്ങടെ നൂലാമാലയാരുന്നു. വീട്ടി വന്ന ബന്ധുക്കൾ പഞ്ഞീന്നും കൊന്തേന്നും, ചെരുപ്പെന്നും പറഞ്ഞലമുറയിട്ടപ്പോ കെടന്നോടേണ്ടി വന്നു. എത്രയാന്നു വെച്ചാ തെണ്ടുക. ബാക്കിയെല്ലാ കുന്തളിപ്പിനും ബക്കറ്റു പിരിവുമായി വീട്ടിലെത്തുന്ന ഒറ്റ കഴ്-വർഡ മക്കളേമന്നു കണ്ടുകിട്ടാനില്ലാരുന്നു. അവസാനം കരയാൻ പോലും മറന്ന് അപ്പന്റെ കാലിന്റെ ചോട്ടിൽ തലയ്ക്കും കൈകൊടുത്ത് കുന്തിച്ചിരിക്കുമ്പോ പിന്നേമെന്തോ മുറുമാൻ തുടങ്ങിയ ത്രേസ്യാമ്മത്തള്ളേനെ ഒരു നോട്ടം നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കീട്ടോ എന്തോ തള്ള പിന്നെ കുശുകുശുക്കാൻ നിന്നില്ല. കയ്യിലെ പുസ്തകത്തിലോട്ടു മുഖം പൂഴ്ത്തി വായിച്ചോണ്ടിരുന്നു. വകയിലെ അകന്നയൊരു ബന്ധുകൂടിയായ അവർ കൂട്ടത്തിൽ വന്ന ഒരാളെ ചൂണ്ടിക്കാട്ടി അപ്പന്റെ ഏറ്റവുമിളയ അനിയനാന്നു പറഞ്ഞപ്പോളാണ് എനിക്കുപോലുമാളെ പിടികിട്ടീത്. എന്തായാലും അപ്പൻ ക്ഷയിച്ചുതുടങ്ങിയ കാലത്ത് തൊരപ്പൻ പൊത്തിൽ കേറിയൊളിച്ചപോലെ കാണാതായ കുറേ ബന്ധുക്കളെ കൂടി കാണാനാ ശവമടക്കിന്റന്ന് സാധിച്ചു. മുഖം കാണിച്ചിട്ട് പിന്നേം മാളമന്വേക്ഷിച്ചു പോകുമെന്നുറപ്പായകൊണ്ട് ഞാനാ ഭാഗത്തേക്കേ ശ്രദ്ധിക്കാൻ പോയില്ല. ബൈബിളീ പറയുന്ന പോലെ പെട്ടെന്ന് തന്നെ സന്ധ്യയായി ഉഷസായി.

അപ്പൻ മരിച്ച സങ്കടത്തിൽ അന്നു വല്ലാണ്ടങ്ങു കുടിച്ചു. കുടിക്കുകയായിരുന്നില്ല കള്ളിൽ പൂണ്ട് കുളിക്കുകയായിരുന്നു. അവറാന്റെ കള്ളുഷാപ്പടച്ചു പൂട്ടുംവരെ മോന്തി. എന്തോ അയാളു മാത്രം ഒന്നും പറഞ്ഞില്ല. അവസാന കാലത്ത് അപ്പനാ കള്ളുഷാപ്പിലെ സ്ഥിരം പറ്റുകാരനായിരുന്നു. അതിനുംമുന്നേ എത്രയോ തവണ അപ്പനീ അവറാനെ സഹായിച്ചിട്ടുണ്ട്. ഓലമേഞ്ഞ ഷാപ്പിനെ അവറാനിന്നത്തെ കോലത്തിലാക്കീത് അപ്പന്റെ കാരുണ്യമൊന്നുകൊണ്ടുമാത്രമാ. ഷാപ്പിനു മാത്രമോ? പള്ളിക്കും പട്ടക്കാർക്കുമടക്കം ദാനധർമ്മം നടത്തിയേന് കൈയും കണക്കുമില്ല. കള്ളുഷാപ്പിന്റെ മുറ്റത്തൂന്ന് നോക്കിയാ കാണുന്ന പള്ളിവക സ്കൂളുണ്ടല്ലോ. അതിന്റെ പുനരുദ്ധാരണോന്നും പറഞ്ഞ് എത്രയോ തവണ അച്ചനും കപ്യാരും വീട്ടുമുറ്റത്ത് കേറിയിറങ്ങി. അപ്പനോടു പണ്ടൊന്നു പറഞ്ഞേന്റെ ക്ഷീണം മാറാത്ത കൊണ്ട് ഞാനായിട്ടൊരക്ഷരോം മിണ്ടാൻ നിന്നില്ല.

അങ്ങനെയുള്ള എന്റെയപ്പനാ ഇന്നു പള്ളിസെമിത്തേരീല് ഒരു കല്ലറ പോലും കിട്ടാതെ തെമ്മാടികുഴിക്കടുത്ത മണ്ണുകൂനേടടീല് പുഴുവരിച്ചു കെടക്കുന്നേ. മാർബിൾക്കല്ലറ കിട്ടണേലു രൊക്കം പതിനായിരമെങ്കിലും കൊടുക്കണമെന്ന് കുണ്ടുക്കുഴീലച്ചൻ കൂടി പറഞ്ഞപ്പോ ഞാനങ്ങു വല്ലാണ്ട് തളർന്നുപോയി. അപ്പനൊണ്ടാക്കി കൊടുത്ത പള്ളിമുറീടെ ടൈലിട്ട തറേല് നിന്നോണ്ടാ അങ്ങേരാ വർത്തമാനം പറഞ്ഞത്. ഒന്നും മിണ്ടാൻ നിന്നില്ല. എല്ലാം കഴിഞ്ഞ് ശവം കുഴീലോട്ടെടുക്കുമ്പോ ഒറ്റ വിചാരേ ഉണ്ടായിരുന്നുള്ളൂ. എങ്ങനേം കള്ളുഷാപ്പിലെത്തണം. ബോധം കെടുംവരെ കുടിക്കണം.

“കറിയാച്ചോ ഷാപ്പ് പൂട്ടാൻ പോകാ.. നീ വീട്ടി പോ.”

അവറാനാണ്. മേശമേലേന്നു വല്ല വിധേനേം തലയുയർത്തി നോക്കി. പുറത്തിരുട്ട് കനക്കുന്നു. രാപ്പക്ഷി ചിലയ്ക്കുന്ന ഒച്ച. മഴ പെയ്യുന്നുണ്ടോ? കറിച്ചാറു പറ്റിയ കൈ ഉടുത്തിരുന്ന ലുങ്കീമേ തൂത്തിട്ട് കണ്ണേ തിരുമീപ്പോ മഴ നിന്നു! എണീറ്റപ്പോ വേച്ചുപോയി. നിലകിട്ടാതെ ഡെസ്ക്കിന്റെ വക്കേലള്ളി പിടിച്ചു. നിലത്തുവീണൊരു കുപ്പിപൊട്ടി.

“എടാ ഞാങ്കൊണ്ടോയി വിടാടാ.”

“വേണ്ടവറച്ചാ. ഞാമ്പൊക്കോളാം..”

എന്തിനയാളെ ബുദ്ധിമുട്ടിക്കണം. നല്ല മനുഷ്യൻ. എങ്ങോട്ടു പോണം? വീട്ടിപ്പോയാലോ.. ഭാര്യേം ചിന്നുക്കുട്ടീമുറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും. പോയിട്ടിനിയെന്നാത്തിനാ… ഇവിടാനും കിടക്കാം. പുഴവക്കോടു ചേർന്നുനിന്നൊരു പനഞ്ചോട്ടിലു മലർന്നങ്ങു കിടന്നു. നേരം വെളുത്തിട്ടെങ്ങാനുമെണീറ്റ് പോകാം. വെറുതേ വീട്ടുകാരെക്കൂടി കരയിക്കേണ്ട. ഉള്ളിലിരുന്നു കള്ള് പറഞ്ഞു. എനിക്കു ബോധമില്ലേലും കള്ളിനു വെളിവുണ്ട്. തണുത്ത കാറ്റ്. ചെറുതായൊന്ന് മയക്കം പിടിച്ചെന്ന് തോന്നുന്നു.

“കറിയാച്ചോ എന്നാ കിടപ്പാടാ ഇത്? എണീക്കെടാ കൂവേ ‘”

സ്വപ്നത്തിലാരോ കുലുക്കി വിളിക്കുന്ന പോലെ. പാതിബോധത്തി എണീറ്റിരുന്നു. തലയാട്ടമൊന്ന് നിന്നപ്പോ ആകാശത്തോട്ട് നോക്കി. തേങ്ങാപ്പൂള് പോലെ ചന്ദ്രൻ. അതിനടുത്തായി ഒരു നക്ഷത്രം മിന്നുന്ന കണ്ടു. അപ്പനായിരിക്കുമോ അത്. ചത്തുകഴിഞ്ഞാ മരിച്ചോന്റെയാത്മാവ് നക്ഷത്രമായി ആകാശത്ത് നിക്കൂന്ന് കുട്ടിക്കാലത്ത് അപ്പൻ തന്നെ പറഞ്ഞിട്ടുണ്ട്.

“അപ്പോയ്….”

ആകാശത്തേക്കും നോക്കി നീട്ടിവിളിച്ചു. പുഴയോളത്തി തട്ടി വിളി വീണ്ടും മുഴങ്ങി. നോക്കി നിക്കുമ്പോ നക്ഷത്രത്തിനൊരു ചഞ്ചലനം. മൂലകളെല്ലാം നീണ്ട് കാലായും കൈയായും രൂപാന്തരപ്പെട്ടു. തേങ്ങാപ്പൂളു പോലിരുന്ന ചന്ദ്രൻ ഉരുണ്ടുകൂടി നക്ഷത്രത്തോടു ചേർന്ന് ക്രമേണ എന്റപ്പൻ കുഞ്ഞിന്റെ തലയായ് പരിണമിച്ചു. പണ്ടു ബയോളജി ക്ലാസ്സില് ചാൾസ്ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിച്ചയെനിക്കതു കണ്ടിട്ടൊരു കൂസലും തോന്നീല്ല.

“അപ്പോയ്…. ഇപ്പോ എന്നാ പറയുന്നെടാ ഉവ്വേ? ആയകാലത്തു പള്ളിക്കും പട്ടക്കാർക്കും നാട്ടുകാർക്കുമുണ്ടാക്കി കൊടുത്തിട്ടിപ്പോ എന്നായുണ്ടായി? ആ പുളുന്താൻ കത്തനാരും ശവപ്പെട്ടി ചാക്കോയും പറഞ്ഞത് നിങ്ങളും കേട്ടതല്ലേ.. ഞാനന്നേ പറഞ്ഞതാ.. അധികമങ്ങു ചെരയ്ക്കാൻ നിക്കല്ലേന്ന്…”

നക്ഷത്രത്തിന്റെ മുഖത്തൊരു മ്ലാനത. ഉരുണ്ടുകൂടിവന്ന കാർമേഘത്തിന്റെ മറവിൽ തിളക്കംമങ്ങി. പറഞ്ഞു കഴിഞ്ഞപ്പോ എനിക്കുമങ്ങേതാണ്ടായിപ്പോയി. അത്രേം വേണ്ടാരുന്നു. അപ്പനു വിഷമമായോ എന്തോ. പുല്ല്!

‘അപ്പനെ ഗുണദോഷിക്കാൻ നീയാരെടാ?’ ഉള്ളീ കിടന്ന കള്ള് വീണ്ടുമെന്നെ തെറി വിളിച്ചു. ശരിയാ, ജീവിച്ചിരുന്നപ്പോ ആ മുഖത്തു നോക്കിയൊരക്ഷരോം പറഞ്ഞിട്ടില്ല. പിന്നാ ചത്തുകഴിഞ്ഞിട്ട്.

നോക്കി നിക്കുമ്പോ ആ നക്ഷത്രം പതിയെ കിഴക്കോട്ട് നീങ്ങുന്ന കണ്ടു. അപ്പൻ പിണങ്ങിപ്പോവാണോ? എനിക്കു പെട്ടെന്ന് രാജാക്കന്മാരുടെ കഥയോർമ്മ വന്നു. ഞാന്നു നിന്നൊരു പനയോലേ തൂങ്ങിയൊരുവിധമെണീറ്റു. കാഴ്‌ചവസ്തുക്കളൊന്നുമില്ലാതെ നക്ഷത്രത്തിന്റെ പുറകേ കാലും വലിച്ചു നടന്നു.

ചേറി പൂണ്ട കാല് വലിച്ചെടുത്തു നടക്കാൻ ബുദ്ധിമുട്ടീപ്പോ നക്ഷത്രവും പതുക്കെയായി. എനിക്കു പെട്ടെന്നു കുട്ടിക്കാലമോർമ്മ വന്നു. എട്ടോ ഒമ്പതോ വയസ്സു പ്രായമുള്ളപ്പോളാ. പള്ളിപ്പെരുന്നാള് കൂടിയേച്ച് അപ്പന്റൊപ്പം ഞാനും എന്റെ ഇളയ തരി സൂസീം കൂടി ഈ വരമ്പത്തൂടെ കയ്യും പിടിച്ചുനടന്നു. ഒറ്റ ബാറ്ററിയിടുന്ന ടോർച്ചും തെളിച്ചോണ്ടപ്പൻ മുന്നേയുണ്ട്. പെട്ടെന്നു സൂസീടെ കയ്യേലു ചുറ്റിയിട്ടിരുന്ന ബലൂണ് നൂലുപൊട്ടി കണ്ടത്തി വീണു. അവൾടെ കരച്ചില് കേട്ടെനിക്ക് സഹിക്കാൻ പറ്റീല്ല. നേരെയെടുത്ത് ചാടി. മട കെട്ടി നിർത്തീരിക്കുന്ന സമയമായിരുന്നു. കഴുത്തൊപ്പം വെള്ളത്തി ഞാൻ മുങ്ങിപ്പൊന്തി. മുന്നി നടന്നിരുന്ന അപ്പൻ ടോർച്ചും വലിച്ചെറിഞ്ഞേച്ചോടി വന്ന് എന്നെയെടുത്തു പൊക്കി. കൂടെ ബലൂണും. പെരുന്നാളിനു പോയ കെട്ട്യോൻ മക്കളേമെടുത്ത് ചേറിൽ പൂണ്ട് തിരിച്ചെത്തുന്നതു കണ്ടമ്മച്ചി വാ പൊളിച്ചു. ആ സൂസി മോളാണിന്ന് അപ്പന്റെ ശവോം കണ്ടിട്ട് എന്നോടൊരക്ഷരം പോലും മിണ്ടാതെ വണ്ടീൽ കേറിപ്പോയത്.

ഈ അപ്പനിതെങ്ങോട്ടാ. കൊറച്ചു നേരമായല്ലോ നടപ്പു തുടങ്ങീട്ട്. എടവഴീക്കൂടി കാലും വലിച്ചു നടന്നൊടുവിലെത്തി ചേർന്നത് പള്ളി സെമിത്തേരീലാന്നറിഞ്ഞപ്പോ ഒരു ഞെട്ടലുണ്ടായി. അപ്പനെയടക്കിയേനും മോളിൽ നിലയുറപ്പിച്ച നക്ഷത്രത്തെ കണ്ട് അരമതിലു ചാടിക്കടന്ന് അപ്പന്റടുത്തേക്ക് നടന്നു. കള്ളക്കത്തനാര് അന്തിമയങ്ങുന്നേനും മുന്നേ ഗേറ്റ് താക്കോലിട്ട് പൂട്ടി പള്ളിമേടക്കകത്തു കേറിയൊളിച്ചിട്ടുണ്ടാകും. രാത്രിയായാ പിന്നെ അങ്ങേർക്കും ആത്മാക്കളെ പേടിയാ.

“അപ്പോയ് ”

മണ്ണുകൂമ്പാരമുണ്ടാക്കി മരക്കുരിശു നാട്ടിയ കുഴിമാടത്തിൻമേ കൈവെച്ചിരിക്കുമ്പോ മഴ പിന്നേം പെയ്യാൻതുടങ്ങി. ഷാപ്പീന്നു ചെയ്തപോലെ ലുങ്കീടറ്റം കൊണ്ട് കണ്ണൊന്നമർത്തി തുടച്ചു നോക്കി. എന്നിട്ടും നിക്കാത്ത ഒടുക്കത്തെ മഴയിൽ കുഴിമാടത്തിലോട്ടൊരണക്കെട്ടു പൊട്ടിയൊഴുകി. അതിന്റെ നനവില് ഞാൻ മാന്താൻ തുടങ്ങി. തൊരപ്പൻ മാന്തുന്നപോലെ മാന്തിമാന്തി കൈമടുത്തപ്പോ അരേലിരുന്ന വാക്കത്തിയെടുത്ത് മണ്ണിലാഞ്ഞാഞ്ഞു കൊത്തി. എന്നിട്ടും നടക്കുന്നില്ലാന്നു കണ്ടപ്പോ പെട്ടെന്നു കിട്ടിയ വെളിപാടിൽ പള്ളിമുറീടെ പുറകിലേക്കു പോയി ചായ്പ്പിൽ നിന്നുമൊരു മൺവെട്ടിയും വലിച്ചെടുത്തോണ്ട് വന്നു. ഒരോ കൊത്തിനും മഴ കൂടിക്കൂടി വന്നു. കുഴമണ്ണെല്ലാം കൂടി ചിതറിത്തെറിച്ച് കണ്ണു കാണാണ്ടായി. കൊത്തിന്റെയൊടുവിലൊരു തടി ചീളുന്ന ഒച്ച കേട്ടപ്പോ നിർത്തി. വളരെ ശ്രദ്ധിച്ച് തൂമ്പേന്റെ വക്കുകൊണ്ട് വശത്തെ ചുറ്റിക്കെട്ടറുത്ത് മൂടി തുറന്നു. ഉള്ളിൽ കിടന്നോണ്ട് അപ്പനെന്നെ നോക്കി പുഞ്ചിരിച്ചു. കൊത്തിന്റെ ആയത്തിൽ മുഖത്തേക്കു വീണ മണ്ണും തുടച്ചുമാറ്റി മൂക്കേലെ പഞ്ഞീം വലിച്ചെടുത്തപ്പനെ പൊക്കി തോളേലിട്ടു. ഒറ്റച്ചവിട്ടിനു തുരുമ്പിച്ച ഗേറ്റും തുറന്നിട്ട്‌ പുറത്തേക്കിറങ്ങി.

“നമുക്കു പോകാമപ്പാ… അവന്റെ കോപ്പിലെയൊരു സെമിത്തേരീം ശവപ്പെട്ടീം!”

പാടവക്കത്തോടെ ആടിയാടി നടക്കുമ്പോ നക്ഷത്രം മുന്നേ നടന്നു. എനിക്കു പെട്ടെന്നു പള്ളിപ്പെരുന്നാള് ഓർമ്മ വന്നു, സൂസി മോളെ ഓർമ്മ വന്നു, എന്നേം തോളിലിട്ടു നടക്കുന്ന അപ്പനേം ഓർമ്മ വന്നു.

“അപ്പോ..”

വല്ലാത്തൊരു സങ്കടം നെഞ്ചേലു കൊളുത്തിപ്പിടിച്ചപ്പോ ഞാനുറക്കെ വിളിച്ചു. മുന്നി നടന്ന നക്ഷത്രമെനിക്കു പുഴേലേക്കുള്ള വഴി കാണിച്ചുതന്നു!


 

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here