കണ്ണൂര്‍: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌റ്റേറ്റ് വൊക്കേഷണല്‍ എക്‌സ്‌പോ’18 നവംബര്‍ 24ന് ആരംഭിക്കും. കണ്ണൂര്‍ ഗവണ്‍മെന്റ് മുന്‍സിപ്പല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂബിലി ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി ആര്‍ജ്ജിച്ചെടുക്കുന്ന തൊഴില്‍ നൈപുണ്യത്തിന്‍റെ പൂര്‍ത്തീകരണമെന്നോണം സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കം ട്രെയിനിംഗ് സെന്ററുകളില്‍ വെച്ച് (പി.റ്റി.സി) നിര്‍മ്മിച്ചെടുക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ മത്സരവും പ്രദര്‍ശനവും വില്പനയുമാണ് സംസ്ഥാന വൊക്കേഷണല്‍ എക്‌സ്‌പോയില്‍ നടക്കുന്നത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുക, അതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്നിവയാണ് വൊക്കേഷണല്‍ എക്‌സ്‌പോ കൊണ്ട് ലക്ഷ്യം വെക്കുന്നത്. മോസ്റ്റ് ഇന്നൊവേറ്റീവ്, മോസ്റ്റ് കരിക്കുലം ബേസ്ഡ്, മോസ്റ്റ് പ്രോഫിറ്റബിള്‍, മോസ്റ്റ് മാര്‍ക്കറ്റബിള്‍ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിലെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളെ പ്രതിനിധീകരിച്ച് ഏഴ് മേഖലകളിലെ വിജയികളാണ് സംസ്ഥാന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എക്‌സ്‌പോയില്‍ മാറ്റുരക്കുന്നത്.