ചില പിടിവാശികളാണ് ആത്മയുടെ ഔന്നത്യം

0
269
sreeshobh-the-arteria-athmaonline

ശ്രീശോഭ്

21-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തെ ചരിത്രം ഓർക്കാൻ പോകുന്നത് ഓൺലൈൻ എഴുത്ത് പ്രസ്ഥാനത്തിന്റെ സുവർണകാലം എന്ന നിലയിലായിരിക്കും. പാശ്ചാത്യ ലോകത്തിനു പിന്നാലെ എഴുത്തിന്റെയും വായനയുടേയും സക്രിയമായ സമാന്തരലോകം ഇവിടെയും പ്രബലമാകുന്ന കാഴ്ചയാണ് വർത്തമാനകാലത്തെ പുഷ്കലമാക്കുന്നത്.

ട്രഡീഷണൽ എഴുത്തുരീതികൾക്ക് വിധേയപ്പെടാതിരിക്കുകയും എഡിറ്റോറിയൽ മാനദണ്ഡങ്ങളിൽ നിർദാക്ഷിണ്യം നിഷ്കാസിതരാവുകയും ചെയ്തുപോന്ന ഒരുവലിയ ശതമാനം എഴുത്തുകാർക്ക് പ്രാണവായുവാണ് ഓൺലൈൻ എഴുത്ത്.

ലോക്ഡൗൺ കാലത്തെ അടച്ചിടൽ ദിനങ്ങൾ ഏറ്റവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ ജനതയാണ് മലയാളി സമൂഹം. ഏറ്റവും കൂടുതൽ എഴുത്തും ചിത്രരചനയും ടിക് ടോക്കുമെല്ലാമായി നമ്മുടെ ഗൃഹാന്തരീക്ഷം സചേതനമായിരുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോന്നത്.

അതിൻ്റെ ബൈപ്രോഡക്ടുകളായ സർഗസൃഷ്ടികൾ മുൻധാരണകൾക്ക് വിഭിന്നമായി ആസ്വാദകനിലേക്ക് വിക്ഷേപണം ചെയ്യാൻ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിതന്ന ഷോട്ട്കട്ടുകൾക്ക് വലിയ ചരിത്ര പ്രാധാന്യമാണുള്ളത്.

നമ്മുടെ മുഖ്യാധാര മാധ്യമങ്ങൾ നിർദയം നിരാകരിച്ച സർഗസൃഷ്ടികൾ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലൂടെ ലോകത്തിൻ്റെ വെളിച്ചങ്ങളിലേക്ക് പ്രകാശിതമായി. അതൊരു തുടക്കമായി.

ഈ കാലഘട്ടത്തിൽ ആത്മയും ആർട്ടീറിയയും നിറവേറ്റുന്ന ചരിത്രദൗത്യം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. 2017 മുതൽ ഓൺലൈൻ പ്രസിദ്ധീകരണ രംഗത്ത് സക്രിയമായിരിക്കുകയും കൾച്ചറൽ മാഗസിൻ എന്ന രീതിയിൽ ശക്തമായ സാന്നിധ്യമായി നിലനിൽക്കുകയും ചെയ്യുന്ന ആത്മ വർത്തമാനകാലത്ത് എഴുത്തിനും എഴുത്തുകാർക്കും നൽകുന്ന പിന്തുണ വളരെ വലുതാണ്.

2021-ൽ തുടങ്ങിയ ‘the arteria’ എന്ന ആത്മയുടെ പ്രത്യേക പതിപ്പുകൂടിയായതോടെ സാഹിത്യ- സാംസ്കാരിക രംഗത്ത് ആത്മയുടെ സ്വീകാര്യത പൂർവാധികം ഏറിവരികയായിരുന്നു.

പ്രസിദ്ധീകരണ – എഴുത്ത് മേഖലയിൽ 20 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്നയാളെന്ന നിലയ്ക്ക് ടീം ആത്മ നേരിടുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാളാണ് ഞാൻ.

തൃശ്ശൂരിൽ 25 വർഷം മുമ്പ് ‘അയനം’ എന്ന സമാന്തര പ്രസിദ്ധീകരണം തുടങ്ങുമ്പോൾ അതിൻ്റെ പിന്നണി പ്രവർത്തകരോടൊപ്പം ഏറ്റവും ശങ്കിച്ചു ചേർന്നുനിന്ന വ്യക്തിയുമായിരുന്നു ഞാൻ. സാംസ്കാരിക രംഗത്ത് ഇന്നും ശക്തമായി നിലനിൽക്കുന്ന അയനത്തിന് അതിൻ്റെ പ്രസിദ്ധീകരണ സംരംഭത്തെ ഇഷ്ടമുള്ളപ്പോൾ ഇറക്കുന്ന ‘ഇഷ്ടിക’ എന്ന ഓമനപ്പേരിട്ട്, പിൻവാങ്ങേണ്ടി വന്നത് ഇതിലെ റിസ്ക് ഫാക്ടറിന് ഒരു നൈരന്തര്യമുണ്ടാക്കാൻ കഴിയാതിരുന്നതിനാൽ തന്നെയാണ്.

ഇത്തരം വസ്തുതകൾ കൺമുന്നിൽ നിൽക്കേ അഞ്ച് വർഷത്തിലേറെയായി വായനയിലും പ്രസിദ്ധീകരണ രംഗത്തും നിലനിൽക്കുക എന്നതു തന്നെ വലിയ വെല്ലുവിളിയാണ്.

ആത്മയിൽ കഥകൾ പ്രസിദ്ധീകരിച്ച സമയത്തുണ്ടായ അനുഭവങ്ങൾ കൂടി ഓർക്കേണ്ടതുണ്ട്.

ഒരിടവേളയ്ക്ക് ശേഷം എഴുത്തിൽ സക്രിയമായ സമയം. വർഷങ്ങൾക്ക് മുമ്പ് കഥകൾ നൽകിയ എഡിറ്റോറിയൽ സംഘങ്ങൾ മിക്കവാറും ഇപ്പോഴില്ല എന്നത് വലിയ പ്രശ്നമായി അനുഭവപ്പെട്ട സമയം. ലോക്ഡൗൺ സൃഷ്ടികൾ മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങൾ എല്ലാവരും നിഷ്കരുണം തഴഞ്ഞ സമയത്താണ് ആത്മയിലേക്ക് കഥയയക്കുന്നത്. ആദ്യത്തെ കഥ ‘കന്യാർകുടിയിലെ ആൺദൈവം’ പ്രസിദ്ധീകരിച്ചതോടെയാണ് ആത്മയുടെ സ്വീകാര്യതയെക്കുറിച്ച് ബോധവാനാകുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുൾപ്പെടെ ആശംസകളും അന്വേഷണങ്ങളുമായെത്തിയത് അവിസ്മരണീയമാണ്.

രണ്ടാമത്തെ കഥ ‘ഇര’ അയച്ചതിന് പിറകെ എഡിറ്റോറിയൽ സംഘത്തിന്റെ വിളി എത്തി. സൂര്യയും അജ്മലും മാറി മാറി വിളിക്കുന്നു. ‘കരുത്തന്റെ കൈയേറ്റത്തിന് വഴങ്ങിക്കൊടുക്കുന്ന ഏതൊരു നവലിബറൽ ഇരയേയും പോലെ’ എന്ന വാചകത്തോടുള്ള അവരുടെ എതിർപ്പ്, ആ വാചകമുണ്ടാക്കുന്ന തെറ്റായ സന്ദേശത്തെക്കുറിച്ചുള്ള ഉത്കണ്ഠ, കെട്ടകാലത്തെ സാംസ്കാരിക പ്രതിരോധം വെറുംവാക്കല്ലെന്ന് ആ ചെറുപ്പക്കാരുടെ വാക്കുകൾ എന്നോട് പറഞ്ഞു കൊണ്ടിരുന്നു.

ഓൺലൈൻ പ്രസിദ്ധീകരണങ്ങളെ കുറിച്ച് ധരിച്ചുവെച്ച പൊതുധാരണ പോലും ഇല്ലായ്മ ചെയ്യുന്നതായിരുന്നു ആത്മ-സംഘത്തിന്റെ സമീപനം. അയയ്ക്കുന്നതപ്പാടെ കട്ട് – പേസ്റ്റ് ചെയ്ത്, ഷോക്കിങ് ടൈറ്റിലുമിട്ട് ക്ലോസപ്പ് പടത്തിന്റെ അകമ്പടിയോടെ ലൈക്കാകർഷണത്തിനിരിക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്കിടയിൽ ആത്മ എങ്ങനെ വ്യത്യസ്തമാകുന്നു എന്നതും ഇതിലൂടെ ബോധ്യമായി.

സ്വന്തം പ്രസിദ്ധീകരണം, അതിലൂടെ വെളിച്ചം കാണുന്ന സൃഷ്ടി, അതിലെ ഒരു വാക്കും വരിയും പോലും സാംസ്കാരികവും സാമൂഹികവുമായ അരക്ഷിതത്വമനുഭവിക്കുന്ന ഒരു ജനതയ്ക്ക് അലോസരമുണ്ടാക്കരുതെന്ന നിർബന്ധബുദ്ധി, അത് നിലനിർത്തുന്നു എന്നതു തന്നെയാണ് ആത്മയെ വ്യത്യസ്തമാക്കുന്നത്. അതുതന്നെയാണ് അതിന്റെ ഔന്നത്യവും.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here