സൗണ്ട് പ്രൂഫ്

0
845

പോള്‍ സെബാസ്റ്റ്യന്‍

“ഏത് പെണ്ണാണ് മുഴുവൻ സ്വപ്നവും മുഴുവനായി കണ്ടിട്ടുള്ളത്?” “അടുത്തുള്ളവന്റെ ജീവിതത്തിൽ എന്ത് നടക്കുന്നുവെന്ന് ചർച്ച ചെയ്യുന്ന സമൂഹം ആരെയും ഉയർത്തില്ല.” “ജോലി കിട്ടാനൊന്നുമല്ല വിദ്യാഭ്യാസമെങ്കിൽ ആരെ കാട്ടാനാണത്? ഒരു നല്ല പങ്കാളിയെ കിട്ടാൻ വേണ്ടിയാണോ വിദ്യാഭ്യാസം?” ” ദാരിദ്ര്യവും സമ്പന്നതയും ഇടവും വലവും നിന്ന് സമയത്തെ കൈകോർക്കുന്നു. പക്ഷെ കാലം ഒരു മാറ്റവും വരുത്തുന്നില്ല അവയുടെ തുലനത്തിൽ.” “വേദനകളുടെ കാലം അവസാനിക്കുകയാണോ തുടങ്ങുകയാണോ?” “ആസ്വദിക്കുന്നത് പോലെയല്ല, അതിത്തിരി കടുപ്പമാണ്.” “പൊട്ടിത്തകർന്ന കണ്ണാടിയുടെ ഓരോ ചില്ലു കഷണങ്ങളിലൂടെന്ന പോലെയാണ് കാഴ്ചകളിന്ന്. ഒന്നും പൂർണ്ണമല്ല. വ്യക്തവും.” “ഒരു മഴയ്ക്ക് കിളിർത്ത മോഹം പോലെയല്ല ജീവിതം. അതോടിത്തന്നെ തീർക്കേണ്ടതാണ്.” പ്രിയ ഉണ്ണികൃഷ്ണൻ എഴുതിയ സൗണ്ട് പ്രൂഫ് എന്ന സമാഹാരത്തിലെ പല കഥകളിൽ നിന്നെടുത്ത ഒറ്റ വരികളാണ് ഇവയെല്ലാം.

കഥയും ചിന്തയും രണ്ടു കുതിരകളായി ഒരേ താളത്തിൽ, ഒരേ വേഗത്തിൽ മുന്നോട്ടു കൊണ്ടു പോകുന്ന ഒരു കുതിരവണ്ടിയായി ഈ കഥാ സമാഹാരത്തെ കാണാം. വികാരവേഗത്താൽ പറഞ്ഞു പോകുന്ന കഥകളല്ല, മറിച്ച് വിചിന്തനത്തിന്റെ കഥകളാണ് സൗണ്ട് പ്രൂഫിലുള്ളത്. “പുതിയ പുസ്തകത്തിൽ അല്ലെങ്കിൽ എഴുതാൻ കിട്ടുന്ന വെള്ള പേപ്പറുകളിൽ ആദ്യത്തെ വരികൾ എത്ര ഭംഗിയോടെയാണ് നമ്മളെഴുതാറുള്ളത്. പിന്നെയങ്ങോട്ട് നീട്ടിയും ചെരിച്ചും ധൃതിയിൽ എന്തെല്ലാം തീർക്കാനുള്ള ഒരു വെപ്രാളം. ജീവിതം ഓർമ്മകളെ ജനിപ്പിച്ചതിന് ശേഷം എത്ര വരികളാണ് താനെഴുതി ചേർത്തത്? എത്രയൊക്ക മറിച്ചു നോക്കിയിട്ടും അതിൽ ഒരു വസന്തം പോലെ സുഗന്ധം പരത്തുന്ന ആദ്യത്തെ താളിലേക്ക് എത്തുന്നില്ലല്ലോ.” എന്ന് പുകയുന്ന വണ്ടികൾ എന്ന കഥയുടെ ഒടുവിൽ പ്രിയ എഴുതുന്നു. എന്നാൽ ഈ തിരിഞ്ഞു നോട്ടം ഈ ഒരു കഥയിൽ മാത്രല്ല ഈ സമാഹാരത്തിലെ പല കഥകളിലും കാണാം.

അസ്തമയം, മഞ്ഞർളിപ്പൂക്കൾ എന്നീ രണ്ടു വലിയ കഥകളും ഇരുപത് ചെറുകഥകളുമാണ് 112 പേജുള്ള ഈ പുസ്തകത്തിലെ ഉള്ളടക്കം. അസ്തമയം 13 പേജും മഞ്ഞരളിപ്പൂക്കൾ 22 പേജും നീളുന്ന കഥ പറയുന്നു. അവതാരികയും മറ്റും കഴിഞ്ഞു കഥകൾക്കായുള്ള നൂറു പേജിൽ ബാക്കിയുള്ള 65 പേജിലാണ് 20 കഥകൾ പറഞ്ഞു തീർക്കുന്നത് എന്നതിനാൽ തന്നെ അവ ശരാശരി രണ്ടോ മൂന്നോ പേജിൽ ഒതുങ്ങുന്ന കഥകളാകുന്നു. എങ്കിലും ഓരോ ചെറിയ കഥയും ഒരു കഥ പറയുന്നുണ്ട്. ശക്തമായ ചില കാര്യങ്ങളും ഒപ്പം പറഞ്ഞു പോകുന്നുണ്ട്.

സത്യമെന്ന് ചിന്തിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ ഭ്രാന്ത് എന്ന് പറയുക ജനസാധാരണമാണ്. വേറിട്ടു ചിന്തിക്കുന്നത് കൊണ്ടും ശരിയായി ചിന്തിക്കുന്നത് കൊണ്ടും സമൂഹത്തിൽ നിന്ന് ഭ്രാന്തുള്ളവർ എന്ന പഴി കേൾക്കേണ്ടി വരുന്ന കേന്ദ്ര കഥാപാത്രങ്ങളാണ് ഇതിലുള്ളത്.

അരളിപ്പൂക്കളെയും ഇലഞ്ഞിപ്പൂക്കളെയും ഇഷ്ടപ്പെടുവന്നവർ. മഞ്ഞ നിറം ഇഷ്ടപ്പെടുന്നവർ. ഭീതിയെ മറച്ചു പിടിച്ച് ഏകാന്തതയെ ആഘോഷമാക്കുന്നവർ. “തണുത്ത് വിറയ്ക്കുന്ന രാത്രിയിൽ, മാളികപ്പുറവും തട്ടിൻപുറവുമുള്ള വലിയ വീട്ടിൽ, കൗമാരപ്രായത്തിൽ നിങ്ങളെപ്പോഴെങ്കിലും ഒറ്റയ്ക്കിരുന്നിട്ടുണ്ടോ?” വ്യർത്ഥമാണെന്നറിയുമ്പോഴും സ്വപ്നങ്ങളുടെ പിറകെ യാത്ര തിരിക്കുന്നവർ. ഭ്രാന്തമായ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുന്നവർ….പ്രിയ നിർമിക്കുന്ന കഥാ പത്രങ്ങളും സന്ദർഭങ്ങളും വേറിട്ടതാണ്.

കവിതാത്മകമാണ് പ്രിയയുടെ എഴുത്ത്. വലിയ കഥകളിൽ ചിലയിടങ്ങളിലെങ്കിലും എഴുത്ത് കവിത തന്നെയാവുന്നുണ്ട്. അസ്തമനം എന്ന കഥയിൽ ഒരു ബീജത്തിന്റെ യാത്രയിൽ തുടങ്ങി ശിശുവിലേക്കെത്തുന്ന ജീവന്റെ യാത്രയെ കവിതാത്മകമായാണ് അവതരിപ്പിച്ചിരിക്കുന്നത്. “ആക്രോശങ്ങളും അലർച്ചകളുമില്ലാത്ത തിരകളെയും പേറി ആലസ്യത്തോടെ കിടക്കുന്ന കടലിനെ സാക്ഷിയാക്കി രാത്രിയുടെ അന്ത്യത്തിലാണ് ഒരു ബീജം യാത്ര തുടങ്ങിയത്.” “ആത്മഹര്ഷങ്ങളുടെ നൗകയിൽ ബീജം തനിച്ചായിരുന്നു.” “മുന്നിൽ ഒരു ജലാശയം ശാന്തമായിട്ടുണർന്നു കിടക്കുന്നു. അവശേഷിക്കുന്ന ഒരു നിമിഷത്തിൽ ഒരു ജലാശയത്തിലേക്കെടുത്തു ചാടി.” “പ്രിയപ്പെട്ട ബീജമേ, ഇനി നമുക്കൊന്നാകാം. നീ കേട്ടിരുന്ന പ്രാർത്ഥനകളുടെ ഉടമ എന്റെ യജമാനത്തിനിയാണ്. ഞാനവരുടെ പ്രതിനിധിയും.” “വിവാഹം പ്രണയത്തെ കൊല്ലുന്നു. അതിലൂടെ ഭാവനകൾ ഭ്രൂണഹത്യ ചെയ്യപ്പെടുന്നു. സ്വപ്‌നങ്ങൾ ചാപിള്ളകളാകുന്നു.”

മഞ്ഞർളിപ്പൂക്കൾ എന്ന കഥയിലും കവിതയുടെ നല്ല സാന്നിധ്യം കാണാം. “ഞാൻ പൂർണ്ണമായും നീയെന്ന ആർദ്രതയിലേക്ക് വഴി മാറുകയാണ്.” “നമ്മളെന്ന സത്യത്തിൽ നിന്ന് മാറി ഞാനും നീയുമെന്ന മിഥ്യയിലേക്ക് വഴി പിരിയാൻ ഇനിയും സമയം കാത്തു നിൽക്കില്ല.” “അസഹ്യത പ്രകടിപ്പിക്കുന്ന വിരലുകളെ കൈപ്പിടിയിലൊതുക്കി വളകളോട് സല്ലപിക്കുമ്പോൾ പേരറിയാത്തൊരു പക്ഷി ദൂരെയെവിടെയോ മാമ്പൂ കൊത്തിപ്പറിച്ചു കൊണ്ടേയിരുന്നു.” “ഇന്നലെ രാത്രിയിൽ വിരിഞ്ഞ നിശാഗന്ധിക്ക് വിരഹത്തിന്റെ മുഖമാണ്. തിങ്കളെല്ലാം ചൊല്ലിയപ്പോൾ ഉഷസ്സവളെ മറന്നതാവാം.” എന്നിങ്ങനെ കവിത ധാരാളമായുണ്ട്. ചെറിയ കഥകളിൽ കവിതാ സാന്നിധ്യം കുറവാണ് എന്നതും ശ്രദ്ധേയമാണ്.

ചിലപ്പോഴെങ്കിലും പ്രിയയുടെ എഴുത്തിൽ ചിന്തകൾ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഇവിടെ കഥയും കഥനവും പിന് ബെഞ്ചിലിരിക്കുകയും ചിന്തകളുടെ പ്രസംഗം കരഘോഷത്തെ കാത്ത് ഉയർന്നു പോവുകയും ചെയ്യുന്നുണ്ട്. ഇരയും പ്രതിയും, കൂട്ടിപ്പിരിച്ചലുകൾ തുടങ്ങിയ കഥകൾ ഇതിനുദാഹരണമാണ്.

കഥയുടെ വഴിയിൽ കഥയുണ്ടാവണമെന്നും അതിനൊരു തുടക്കവും ഒടുക്കവും വേണമെന്നും അതിനവസാനം ഒരു ചിന്തയെങ്കിലും വായനക്കാരിലേക്കെത്തിക്കണമെന്നും എഴുത്തുകാരിക്കുള്ള നിർബന്ധം ഒരുവിധം എല്ലാ കഥകളിലും എടുത്തു കാണാം. അനുഭവങ്ങളുടെ ആഴക്കുറവ് വേറിട്ട കഥാ പരിസരങ്ങളെയും പ്രശ്നങ്ങളെയും അവതരിപ്പിക്കുന്നതിൽ നിന്ന് എഴുത്തുകാരിയെ തടയുന്നുണ്ടെങ്കിലും ചിന്തയുടെ മൂർച്ച കൊണ്ടും യാഥാർഥ്യബോധത്തോടെയുള്ള സമീപനം കൊണ്ടും ഈ പോരായ്മ കഥാകാരിക്ക് മറച്ചു പിടിക്കാനാവുന്നുണ്ട്.

പൊതുവെ, ആസ്വദിച്ചു വായിക്കാവുന്നവയാണ് പ്രിയ ഉണ്ണികൃഷ്ണന്റെ സൗണ്ട് പ്രൂഫിലുള്ളത്. വലിയ കഥകളിലെ കവിതാത്മകതയെ ഫലപ്രദമായി നിയന്ത്രിച്ചും ചെറിയ കഥകളെ അലങ്കരിച്ചു വികസിപ്പിച്ചും സ്വതസിദ്ധമായ ഒരു ശൈലി വികസിപ്പിച്ചെടുക്കാൻ ഈ കഥാകാരിക്ക് കഴിയുമെന്ന് തോന്നുന്നു. കഥയും ചിന്തയും മത്സരിച്ചു മുന്നേറുന്ന സൗണ്ട് പ്രൂഫ് കഴിവുള്ള ഒരു കഥാകാരിയുടെ സാധ്യത മാത്രമല്ല സാന്നിധ്യവും അനുഭവിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here