നിഖിൽ എ
കണ്ണുകൾ പതിയെ തുറന്നപ്പോൾ ചുമരിലുണ്ടായിരുന്ന ചെറു ദ്വാരത്തിലൂടെ ഇരച്ചുകയറിയ സൂര്യപ്രകാശം തെല്ലൊന്നുമല്ല ഫെത്തിനെ അലോസരപ്പെടുത്തിയത്. ഇരുൾനിറഞ്ഞ മുറി!താൻ അർധരാത്രിയിൽ എപ്പൊഴൊ കയറികിടന്നപ്പോൾ വലിയ വീപ്പകൾക്ക് മുകളിലെ തടികഷ്ണത്തിലായിരുന്നുവെന്ന് പോലും ഫെത്ത് അറിഞ്ഞിരുന്നില്ല. ഇന്നിപ്പോഴിതാ സൂര്യരശ്മികൾ കണ്ണിൽ തറച്ചുകയറും എന്നതിനാൽ അരികിലിരുന്ന കയ്യിൽ തടഞ്ഞ എന്തോ ഒന്നുകൊണ്ട് അയാൾ മഖം മറച്ചു. രണ്ട് നിമിഷം കൊണ്ട് വലിയ ഒരു തേൾ അതിൽ നിന്നും പുറത്തത്തുകടന്ന് അയാളെ ആക്രമിക്കാൻ തുടങ്ങിയിരുന്നു. ആ വേദനയിൽ അയാൾ ചാടി എഴുന്നേറ്റു കണ്ണുകളെ പ്രകാശത്തോട് പൊരുത്തപ്പെടുത്തി. ഫെത്ത് കണ്ണ് തുറന്നു. അയാൾ മുഖം മറച്ചിരുന്നത് വൃത്തിഹീനമായ ഒരു ചാക്ക് കൊണ്ടായിരുന്നു.
മുറിയിൽ ചാരി നിർത്തിയിരുന്ന ഒരു വടി ഉപയോഗിച്ച് അയാൾ ആ ചാക്ക് തിരിച്ചിട്ടു, ചിതലും പുഴുക്കളും ഇഴയുന്നുണ്ട്. അയാളിലത് അറപ്പുളവാക്കിയെങ്കിലും താനിതെവിടെയാണ് എന്ന് അയാൾ ഓർത്തത് ആ നിമിഷത്തിലായിരുന്നു. ഒരു നിമിഷം അയാളെ കുത്തിയ ജീവിയെ തിരഞ്ഞു, എങ്ങും കാണാനില്ല, ഭയത്തോടെ അയാൾ നിന്നു. ചുറ്റിലും അയാൾ കണ്ണോടിച്ചു ഒരു വാതിൽ പരതി ആ കണ്ണുകൾ വട്ടംകറങ്ങി. എവിടെയുമില്ല! ചുമരുകൾ മാത്രം. എന്തെങ്കിലും ഒരു ദ്വാരമെങ്കിലും കണ്ടുകിട്ടാനായി കൈയിലുണ്ടായിരുന്ന ലൈറ്റർ കത്തിച്ച് പതിയെ പരിശോധിച്ചു. ഒന്നുമില്ല ഒരു ജനവാതിൽ പോലുമില്ല. വായുവും പ്രകാശവും കയറിവരുന്ന ആ ചെറു ദ്വാരം മാത്രം.
ഫെത്ത് ആ ദ്വാരത്തിൽ തന്റെ പെരുവിരലിടാൻ ശ്രമിച്ചു. പരാജയം! ചൂണ്ടുവിരൽ പോലും കയറുന്നില്ല. പക്ഷെ അയാളുടെ ചെറുവിരലിന്റെ അറ്റം പുറത്തേക്കെത്തി. അത് തിരിച്ചെടുക്കാൻ അയാൾ ഏറെ പ്രയാസപ്പെട്ടു. താൻ ഈ മുറിയ്ക്കുള്ളിൽ എങ്ങനെ അകപെട്ടെന്ന കാര്യത്തിൽ അയാൾക്ക് അതിശയവും ഭയവും തോന്നി.
ചാക്കിനരികിൽ താൻ ഉപയോഗിച്ച ആ മരകമ്പ് പതിയെ അയാൾ വലിച്ചെടുത്തു. ആ ദ്വാരത്തിനുള്ളിൽ കുത്തിയിറക്കാൻ നോക്കി കുത്തും തോറും ചെറു കഷ്ണങ്ങളായി ആ കമ്പ് മുറിയാൻ തുടങ്ങി. മറ്റൊരു കട്ടിയുള്ള വസ്തുവും അവിടെ ഇല്ലായിരുന്നു. അയാൾ കണ്ടതിൽ ഏറ്റവും ബലമുണ്ടെന്ന് കരുതിയ കമ്പാണ് നുറുങ്ങിതീർന്നത്.
മുറിയുടെ മുകൾ ഭാഗത്ത് എന്താണെന്ന് കാണാൻ ഇരുട്ട് സഹായിച്ചിരുന്നില്ല. പണിപ്പെട്ട് മേൽക്കൂരയ്ക്കുമേൽ പിടിച്ച് കയറി അയാൾ മുഷ്ടി ചുരുട്ടി ആഞ്ഞടിക്കുകയും അലറിക്കരയുകയും ചെയ്തു. അതും നിഷ്ഫലമായി!
ചാക്ക് തട്ടി നീക്കികൊണ്ട് ഫെത്ത് ആ വലിയ മരതടിയിൽ വിശ്രമിച്ചു. സൂര്യപ്രകാശം മങ്ങി തുടങ്ങി അൽപ്പം അയാൾ ഉറങ്ങി. ഇരുട്ട്!
ഇരുട്ടിലെപ്പോഴൊ അയാൾ എഴുന്നേറ്റു അപ്പോഴാണ് താൻ കിടക്കുന്ന താടിയെപ്പറ്റി അയാൾ ഓർക്കുന്നത്. ലൈറ്റർ കത്തിച്ചു.. കെടുത്തി!
ഈ ഇരുട്ടിൽ എന്ത് ചെയ്യാൻ. ദാഹവും വിശപ്പും ഏറെ കലശലായി. അയാൾ കുഴഞ്ഞുവീണ് മയങ്ങിപ്പോയി. വീണ്ടും പകൽവെളിച്ചം. ഞെട്ടിയുണർന്ന അയാൾ മരതടി ഏറെ ബുദ്ധിമുട്ടി ചുമച്ചുകൊണ്ട് നേരേനിർത്തി. അത്കൊണ്ട് അയാൾ ശക്തമായി മേൽക്കൂരയ്ക്ക് ഇടിച്ചു. ഇടിയേറ്റ് ഇടിയേറ്റ് മേൽക്കൂര തകർന്നു. അയാൾ ആശ്വാസത്തിൽ നെടുവീർപ്പുവിട്ടു. ശ്വാസം വേഗത്തിൽ കയറ്റിയിറക്കി മേലേക്ക് നോക്കി. എന്നിട്ടും ഇരുട്ട്! ആ ദ്വാരത്തിലെ വെട്ടം മാത്രം. പ്രയാസപ്പെട്ട് മേൽക്കൂര കയറിനോക്കി. അതും അയാളെ അതിശയിപ്പിച്ചു താൻ ചെയ്തത് വെറുതെയായെന്ന ചിന്തയ്ക്കിടയിലും അത്ഭുതത്തിൽ അയാൾ നോക്കി. വീണ്ടുമൊരു മുറി അതിലും ഈ മുറിയിലെ ദ്വാരത്തിന് സമാന്തരമായി മറ്റൊരു ദ്വാരം. മേല്കൂരയിൽനിന്നും അയാൾ ആ മുറിയിലേക്ക് എടുത്തുചാടി.
അവിടെ അതേപോലൊരു വീപ്പയുടെ മുകളിൽ വെച്ച തടിയിൽ ഒരു സുന്ദരിയായ യുവതി വിശ്രമിക്കുന്നു. അവൾ ഉറങ്ങുകയാവും. തന്നെപോലെ ഇതിൽ ആകപ്പെട്ടതാകാം എന്നൊക്ക ഫെത്ത് കരുതി. മടുപ്പിക്കുന്ന ഏകാന്തതയുടെ തടവറയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാത്തിൽ അയാൾ സന്തുഷ്ടനായെന്നൊണം പതിയെ ചിരിച്ചു. പിന്നെ ഉറക്കെ, അടുത്ത് ചെന്ന് അവളെ ഉണർത്താൻ അയാൾ ശ്രമിച്ചു. ശ്വാസമില്ല! അയാളിലും മരണഭയം കനത്തു.
ചുറ്റിലും കണ്ണോടിച്ചു. ആ സ്ത്രീയുടെ ശവത്തെ നീക്കി അയാൾ താഴേക്കിട്ടു. തലയിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്. മരതടിയിൽനിന്നും ചോര ധാരയായി വീണു. അയാളുടെ മനസ്സിൽ ഭയവും കണ്ണിൽ ഇരുട്ടും കയറി. കുറച്ച് സമയത്തിനകം അയാൾ വീണ്ടും ആ മരതടിയെ നെറുകെനിർത്തി.
അയാളുടെ ഉള്ളം കൈ ചുവന്നു പൊട്ടി. കൈകുഴതെറ്റി. ആ വേദനയിലും അയാൾ മരതടികൊണ്ട് മേൽക്കൂരയ്ക്ക് ആഞ്ഞടിച്ചു. ആ മരതടികൊണ്ട് ആ മേൽക്കൂരയും തകർത്തു. വീണ്ടും ഒരു മുറി അതിൽ വൃദ്ധരായ ഒരു സ്ത്രീയും പുരുഷനും വീപ്പയ്ക്കുമേൽ മരതടിയിൽ. അയാൾ പരിശോധിച്ചു. തലയിൽ നിന്ന് ചോര വാർന്നൊഴുകുന്നു. വീണ്ടും ശവങ്ങൾ ഭയവും കനത്തു.
വീപ്പതട്ടി നിലത്ത് വഴുതി മേൽക്കൂരയുടെ ഒലിച്ച് രണ്ട് മേല്കൂരകളും കടന്ന് അയാൾ നിലം പതിച്ചു. രക്തം! തലയിൽ നിന്നും രക്തപ്രവാഹം. അയാൾ വീണത് ആ മരതടിക്ക് മീതെയായിരുന്നു ഒഴുകി പടർന്ന രക്തത്തിൽ സൂര്യരശ്മികളടിച്ചു. ഒരു പുഴപോലെ ആ രക്തം ഒഴുകി മുറിയിൽ തളംകെട്ടി. ചാക്കിൽ നിന്നും ആ തേൾ പതിയെ നടന്ന് ഫെത്തിന്റ ശവശരീരത്തിനരികിലെത്തി. സൂര്യപ്രകാശം മങ്ങി. ഇരുട്ട്. ഏറെ നേരം പിന്നിട്ടു. വീണ്ടുമൊരു പകൽവെളിച്ചം.