നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാളത്തിന്റെ നിത്യഹരിത നായിക ഷീല വീണ്ടും സംവിധായികയുടെ കുപ്പായമണിയുന്നു. കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ഷീല തന്നെയാണ് നിര്‍വ്വഹിക്കുന്നത്. അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു ഷീല.
മകന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷീല തിരക്കഥ എഴുതുന്നുവെന്ന വാര്‍ത്ത ഇടക്കാലത്തുണ്ടായിരുന്നു. എന്നാല്‍ ഈ പ്രോജക്റ്റ് ഇപ്പോള്‍ ഉണ്ടാകില്ല എന്നാണറിയുന്നത്. 1962-ൽ ‘ഭാഗ്യജാതകം’ എന്ന ചിത്രത്തിലൂടെയാണ് ഷീല അഭിനയരംഗത്തു എത്തുന്നത്. ‘യക്ഷഗാന’മാണ് ഷീല സംവിധാനം ചെയ്ത ആദ്യ സിനിമ. 1979-ൽ ‘ശിഖരങ്ങൾ’ എന്ന സിനിമയും ഷീല സംവിധാനം ചെയ്തിരുന്നു. സംവിധാനം ചെയ്ത രണ്ടു സിനിമയിലും ഷീലയായിരുന്നു നായിക. പുതിയ സിനിമയിൽ ഷീല അഭിനയിക്കുന്നില്ലെന്നാണ് സൂചന. 2017-ല്‍ പുറത്തിറങ്ങിയ ‘ബഷീറിന്റെ പ്രേമലേഖന’ത്തിലാണ് ഷീല ഒടുവില്‍ അഭിനയിച്ചത്. എ ഫോര്‍ ആപ്പിളാണ് പുതിയ ചിത്രം.