കലാവിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

0
487

കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 2018-2019ലെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല, ശില്പകല, ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എംഎഫ്എ / എംവിഎ, ബിഎഫ്എ / ബിവിഎ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

എംഎഫ്എ / എംവിഎയ്ക്ക് 12,000 രൂപ വീതം 6 വിദ്യാര്‍ത്ഥികള്‍ക്കും ബിഎഫ്എ / ബിവിഎയ്ക്ക് 10,000 രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. പ്രസ്തുത കോഴ്‌സുകളില്‍ 2018 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാന വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഈ കലാസൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ അപേക്ഷകരുടെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.

സ്‌കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറവും www.lalithkala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ 5 രൂപയുടെ പോസ്‌റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം, സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ 20 എന്ന വിലാസത്തില്‍ എഴുതുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍ ഒക്ടോബര്‍ 10നകം ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here