സമീർ എന്ന ചലച്ചിത്രം കാഴ്ചയുടെ വേറിട്ടൊരു  തലം മുന്നോട്ട് വെയ്ക്കുന്നു

0
462
sameer-movie-review-ramesh-perumbilavu-cover

രമേഷ് പെരുമ്പിലാവ്

ഇക്കാലത്ത് സിനിമകൾ ഉണ്ടാകുന്നത് സൗഹൃദങ്ങളിലൂടെയാണ്. സംവിധായകനും കാമറക്കാരനും നടനും നിർമ്മാതാവുമൊക്കെ കൂട്ടുകാർ. ഒരേ മനസ്സുള്ള കുറച്ച് പേർ ഒന്നിക്കുമ്പോൾ ഒരു നല്ല സിനിമയുണ്ടാകുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയ ചിത്രമായ സമീർ പുതിയ സംവിധായകന്റെ സിനിമ എന്ന തോന്നൽ ഇല്ലാത്ത, കയ്യടക്കുള്ള പ്രതിഭയുടെ തൂവൽ സ്പർശമാണ്.

റഷീദ് പാറയ്ക്കൽ എന്ന പുതിയ സംവിധായകൻ ആദ്യ സിനിമയിലൂടെ മലയാള സിനിമയിൽ തന്റെ ഇരിപ്പിടം സ്വന്തമാക്കുന്നു എന്നതാണ് സമീറിലെ ഓരോ രംഗങ്ങളും കാണിച്ചുതരുന്നത്.

കേരളത്തിലെ ഓരോ വീടുകളിലും ഒന്നോ അതിൽ കൂടുതലോ പ്രവാസികളുണ്ടാവും. യേശുദാസിന്റെ ഒരുപാട്ടെങ്കിലും കേൾക്കാതെ ഒരു മലയാളിക്ക് ഒരു ദിനം കടന്നു പോകാൻ കഴിയില്ല എന്ന് പറയുന്ന പോലെ, ഒരു ഗൾഫുകാരനെയെങ്കിലും കാണാതെ മലയാളിയുടെ ഒരു ദിവസം കേരളത്തിൽ കടന്നു പോകുന്നില്ല. പ്രവാസം മാറ്റിമറിച്ചതാണ് കേരളീയരുടെ ജീവിത പരിസരങ്ങൾ. 

നാടും മരുഭൂമിയും ഒരേ സമയം നിറഞ്ഞ് നിൽക്കുന്ന സിനിമയാണ് സമീർ.  സൗഹൃദങ്ങളുടെ ഈ നല്ല ശ്രമത്തെ എല്ലാവരും തിയ്യറ്ററിൽ പോയി കാണണം. ഇതൊരു മികച്ച സിനിമയാണെന്ന് എന്റെ ഉറപ്പ്. പുതിയ വർഷത്തെ ആദ്യത്തെ ഏറ്റവും നല്ല സിനിമ കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് മരുഭൂമിയിലെ ജീവിതം വിഷയമായി രചിച്ച ‘ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്നങ്ങള്‍’ എന്ന റഷീദ് പാറയ്ക്കലിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ‘സമീര്‍’ എന്ന സിനിമ.

മരുഭൂമിയിലകപ്പെട്ട നിരാശ്രയനായ ഒരു ചെറുപ്പക്കാരന്റ സങ്കടങ്ങളുടെ കഥയാണ് സമീർ. മണലാരണ്യത്തിൽ ഈന്തപ്പന കൃഷിക്ക് നിലമൊരുക്കാന്‍ ഇടവിളയായി തക്കാളിയും സാമും മറ്റും കൃഷി ചെയ്യുകയും അവ വളര്‍ന്നു പാകമാവുമ്പോള്‍ ഇറുത്തു പെട്ടിയിലാക്കി ലോറിയില്‍ കയറ്റി മണല്‍പ്പരപ്പില്‍ കൊട്ടിക്കളയുകയുമാണ് അയാള്‍ക്ക് കിട്ടിയ പണി. അലക്ഷ്യവും ആവര്‍ത്തന വിരസവുമായ ഈ നാറാണത്തു ജീവിതത്തിനിടയില്‍ വിഭിന്ന സംസ്കാരങ്ങളും അറിയാത്ത ഭാഷയും ജീവിതശൈലികളുമായിട്ടയാള്‍ക്കു മല്ലിടേണ്ടി വരുന്നു. 

അതേ സമയം ഉപേക്ഷിച്ചു പോന്ന പ്രണയത്തിന്റെ നോവും ഓര്‍മ്മകളും അയാളെ നിരന്തരം പിറകോട്ട് വലിച്ചെടുക്കുന്നു. ആശയവിനിമയ സാദ്ധ്യതകളൊക്കെ വളരെ വിരളമായിരുന്ന അക്കാലത്തെ ജീവിതത്തിന്റെ ഒരു നേര്‍ച്ചിത്രം, തന്റെ കൂടി അനുഭവത്തിന്റെ വെളിച്ചത്തില്‍ സംവിധായകന്‍ വരച്ചിടുന്നു.

സിനിമയ്ക്കൊരു ഭാഷ ആവശ്യമില്ലെന്ന് സംവിധായക മികവിലൂടെ തെളിയിക്കുന്ന ഒരു രംഗമുണ്ട് സമീറില്‍. സമീര്‍ നോക്കിയിരിക്കുമ്പോള്‍ അയാളുടെ കൂടെ ജോലി ചെയ്യുന്ന ബംഗ്ലാദേശി അയാളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് കത്തിലൂടെ കൊടുത്തയക്കാന്‍ തന്റെ സങ്കടങ്ങളടങ്ങിയ ശബ്ദം ടേപ്പ് റെക്കോഡറില്‍ റെക്കോര്‍ഡ് ചെയ്യുന്നത് കാണുമ്പോള്‍ കാഴ്ചക്കാരന്റെ കണ്ണു നിറയുന്നു. റഷീദിലെ സംവിധായകന്റെ ക്രാഫ്റ്റ് വെളിപ്പെടുന്ന മികച്ചൊരു സീനാണത്. അത്തരത്തില്‍ കാഴ്ചക്കാരന്റെ ഉള്ളുലയ്ക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട് സമീറില്‍.

rasheed-parakkal-nisar-ahammed-roopesh-thikkodi

സുന്ദരമായ ഗള്‍ഫ് ജീവിതസങ്കല്പങ്ങളെ പാടേ തലതിരിച്ചിടുന്നതാണ് സമീറിന്റെ ജീവിതം കാണിച്ചുതരുന്നത് ഈ ചലച്ചിത്രഭാഷ്യത്തിലൂടെ. 

മണലാരണ്യം ഊഷരതയുടെയും നിശ്ശൂന്യതയുടെയും വിളനിലമാണന്നും അതിന്റെ വേഷപ്പകര്‍ച്ചകളില്‍ ഭ്രമിക്കുന്ന നമുക്കു നഷ്ടപ്പെടുന്നതു വിലപ്പെട്ട ജീവിതമാണെന്നും ഈ സിനിമ നമ്മോട് പറയാതെ പറയുന്നുണ്ട്. 

അഷറഫ് കിരാലൂര്‍ അവതരിപ്പിച്ച സുലൈമാന്‍ എന്ന ഫാന്റസിയുടെ തലമുള്ള കഥാപാത്രവും സമീറും തമ്മിലുള്ള സംഭാഷണങ്ങള്‍ ഈ ചിത്രത്തെ മറ്റൊരു കാഴ്ചയിലേക്ക് പിടിച്ചുയര്‍ത്തുന്നുണ്ട്. ചില ക്ലാസിക് സിനിമകളുടെ തലമവയില്‍ ദര്‍ശിക്കാം.

sameer-movie-posters

മൊയ്തീൻകോയയുടെ ബലുവച്ചി ഡ്രൈവർ കഥാപാത്രം ഭാഷകൾക്കതീതമായി സ്വാഭാവിക അഭിനയത്തിലൂടെ കാഴ്ചക്കാരന്റെ മനസ്സിലൊരു നൊമ്പരമായി തീരുന്നുണ്ട്.

ഗോപൻ മാവേലിക്കരയുടെ അറബിവേഷം മികച്ചൊരു വില്ലൻ നടനെ മലയാളത്തിന് നൽകുന്നു. മെഹബൂബും, രാജുവും അവതരിപ്പിച്ച ബംഗാളി കഥാപാത്രങ്ങൾ അത്ഭുതപ്പെടുത്തുന്ന ഭാവാദികളോടെ മലയാള സിനിമയിലെ പുതിയ കാഴ്ചകളാവുന്നുണ്ട്

സമീറെന്ന ഒരു പച്ച മനുഷ്യനെ ജീവിച്ചു കാണിച്ചുതരുന്ന ആനന്ദ് റോഷന്‍ അഭിനയം ഒട്ടുമില്ലാതെ പെരുമാറുകയെന്ന കലയുടെ അതിസൂക്ഷമായ ഇടപെടലാണ് സിനിമയിലുടനീളം നടത്തിയിരിക്കുന്നത്. ഈ നടന്‍ നാളെയുടെ മലയാള സിനിമയുടെ മുഖമാവുമെന്ന് സംശയമൊട്ടുമില്ലാതെ പറയാം.

അഭിനയമികവില്‍ ഒട്ടേറെ പേരെ അടയാളപ്പെടുത്തുന്നുണ്ട് സമീര്‍. അനഘ സജീവ്, അഷ്റഫ് കിരാലൂർ, ഗോപന്‍ മാവേലിക്കര, മെഹ്ബൂബ്, രാജു, മൊയ്തീൻകോയ, ബഷീർ സിൽസില, ഷാജഹാൻ തുടങ്ങിയ പ്രവാസി കലാകാരന്മാരുടെ ഒരു കൂട്ടമാണ് ഈ ചിത്രത്തെ സമ്പുഷ്ടമാക്കുന്നത്.

മലനാടിന്റെ പ്രണയ പരിസരവും, മരുഭൂവിന്റെ ചടുലതാളങ്ങളും, ബാച്ചിലേഴ്സ് കുടുസുമുറിയുടെ ഇരുളും വെളിച്ചവുമെല്ലാം സ്വാഭാവികതയോടെ പകര്‍ത്തി വെച്ച രൂപേഷ് തിക്കോടിയുടെ ക്യാമറയും, ആ ചതുരത്തിലേക്ക് ചാരുതയോടെ കലാസംവിധാനം ഒരുക്കിയ നിസാര്‍ ഇബ്രാഹിമും സമീറിന്റെ ദൃശ്യഭംഗിയുടെ പ്രധാന ഘടകമാണ്. 

പ്രവാസം വിഷയമാവുന്ന പുസ്തകങ്ങളും സിനിമയുമൊക്കെ ഇക്കാലത്ത് ശ്രദ്ധിക്കപ്പെടുന്നുവെന്നതൊരു പുത്തനുണര്‍വ് നല്‍കുന്നുണ്ട്. മുഖ്യധാരയിലേക്ക് അത്തരം ശ്രമങ്ങള്‍ ശ്രദ്ധ നേടുന്നുവെന്നതാണ് അതിലെ പ്രധാന കാര്യം. അത്തരത്തിലൊരു ശ്രമംകൂടി വിജയം കാണുന്നു. 

കേരളത്തിലെ സിനിമാ പ്രേക്ഷകർ സമീറിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നതാണ് നിറഞ്ഞ തിയ്യറ്ററിലെ കൈയ്യടികളും, പടം കണ്ടിറങ്ങുന്നവരുടെ മുഖത്തെ സന്തോഷവും ദൃശ്യമാക്കുന്നത്. 

 

LEAVE A REPLY

Please enter your comment!
Please enter your name here