HomeTHE ARTERIASEQUEL 19ഒറ്റക്കൊരു മരം കവിതയെഴുതുമ്പോൾ (എം. ആർ. രേണുകുമാറിന്റെ കവിതകൾ)

ഒറ്റക്കൊരു മരം കവിതയെഴുതുമ്പോൾ (എം. ആർ. രേണുകുമാറിന്റെ കവിതകൾ)

Published on

spot_imgspot_img

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍
ഡോ. രോഷ്നി സ്വപ്ന

കവിതയെ കുറിച്ച് പറയുന്നതോടുകൂടി കവിത ഇല്ലാതായി
എന്ന് വിശ്വസിക്കുന്ന ഒരു കവിയുടെ മുഴുവൻ കവിതകൾക്കു മുന്നിലാണ് ഞാൻ. വായിച്ച ഇടങ്ങളിൽ ഒന്നുകൂടിപോയി തിരിച്ചിറങ്ങി,വീണ്ടും പോയി ചിലപ്പോൾ ചില കവിതയുടെ ഉള്ളിൽ ഏറെ നേരം ഇരുന്ന വായനാനുഭവങ്ങൾ ഉണ്ട് ഈ കവിയുടെ കവിതകളുമായി എനിക്ക്.
മനുഷ്യൻറെ ചരിത്രം രേഖപ്പെടുത്തിയ ഭാഷകൾ ചിലപ്പോൾ ഈ കവിയുടെ കവിതകളുടെ വായനയ്ക്കു ശേഷം നമ്മളിൽ നിന്ന് റദ്ദായി പോയേക്കാം.
“ജീവിതം നിലനിൽക്കുന്നുണ്ട് എന്നത് ഒരു തോന്നലാണ് ”
എന്ന് mumford ൻറെ കവിതയിൽ വായിച്ചത് കൂടുതൽ വിശ്വസിക്കാൻ തോന്നും.
ഒഴുകിപ്പോകുന്ന ജലത്തോടൊപ്പം കുളത്തിലെ പായലുകൾക്കിടയിൽ, കഴുത്തൊപ്പം മുങ്ങിയ വെള്ളത്തോടൊപ്പം സ്വപ്നങ്ങളുടെ ഒടുവിലത്തെ നാഴികക്കൊപ്പം,എം ആർ രേണുകുമാറിന്റെ കവിതകൾ ഞാൻ വീണ്ടും വായിക്കുന്നു.
“My past is everything
I failed to be. ”
എന്ന് പോർച്ചുഗീസ് കവി ഫെർണാണ്ടോ പേസ്സോവ എഴുതുന്നുണ്ട്.
ജീവിതം ചിലപ്പോൾ ഒരു സ്വപ്നം ആയേക്കാം എന്നാണ് പെസോവയുടെ സ്വപ്നം.
The book of ഡിസ്‌ക്വിറ്റ് എന്ന പുസ്തകത്തിൽ
ഇത്തരം സന്ദർഭങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ ഏറെയുണ്ട്. സ്വപ്നങ്ങളെക്കുറിച്ച് ഒരുപക്ഷേ ഏറെ എഴുതിയിട്ടുണ്ടാവും പെസോവ.
അപൂർണമായ വികാരങ്ങൾ ഏറെ മുറിപ്പെടുത്തുമെന്നും അവ നമ്മെ ഏറെ ഉലച്ചു കളയുമെന്നും പെസോവ.എഴുതിയിട്ടുണ്ട്.
“The longing for impossible, things precisely Because they are impossible. ”
എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
കവികൾ ആയിരിക്കും ജീവിതത്തിൽ ഒരു പക്ഷേ ഏറെ ഒറ്റയ്ക്കായവർ എന്നെനിക്ക് തോന്നാറുണ്ട്. എത്രയാ ആൾക്കൂട്ടങ്ങളിൽ ആയാലും കുതറിമാറി ഒറ്റക്കാവാനുള്ള മനസ്സ് കവികളിലെ കാണു.
കവിത മനസ്സിലില്ലാത്ത ഒരാൾക്കെ അലമുറകളിലും ആരവങ്ങളിലും അഭിരമിക്കാനാവൂ.
ചിലപ്പോൾ ആൾക്കൂട്ടം അയാളെ ഒച്ചകളിലേക്കും ആർപ്പുകളിലേക്കും വലിച്ചിഴയ്ക്കുകയും അയാൾക്ക് അത് ഏറെ പ്രയാസകരമാവുകയും ചെയ്യും. അയാൾ ഒരുപക്ഷേ തൻറെ ആത്മാവിൽ നിന്ന് നൂറായിരങ്ങളായി ചിതറി ചോരയിലും മാംസത്തിലും കുതിർന്ന് ഇല്ലാതാവും.
ലോകം അയാളെ കവി എന്നോ എന്നോ ഭ്രാന്തൻ എന്നോ വിളിക്കും.
ഞാൻ അയാളെ ഏകാകി എന്നു വിളിക്കുന്നു.കാരണം അയാൾക്ക് കൂട്ടായി അപ്പോൾ കവിത മാത്രമേ ഉണ്ടായിരിക്കു.
നിങ്ങളാണോ ഇതെഴുതിയത് എന്ന ചോദ്യത്തിന് അയാൾ ഒരുപക്ഷേ ഉത്തരംമുട്ടിയേക്കാം. കാരണം, അത് ആരാണ് എഴുതിയത് എന്ന് അയാൾക്ക് അറിവുണ്ടാവില്ല.
അത്രയേറെ ഏകാകിയായിരിക്കും അയാൾ.
പെസോവ
ദി ബുക്ക് ഓഫ് ദി സ്ക്വയ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്
” എൻറെ ആത്മാവ് ഇരിക്കപ്പൊറുതിയില്ലാത്ത
ഒരു കുഞ്ഞിനെപ്പോലെ
എന്നെ തന്നെ ശല്യം ചെയ്തു കൊണ്ടിരിക്കുകയാണ് അതിൻറെ അസ്വസ്ഥതകൾ ഏറിക്കൊണ്ടിരിക്കുന്നു. ലോകത്തുള്ള എല്ലാറ്റിനോടും എനിക്ക് താല്പര്യം ഉണ്ട്
പക്ഷേ ഒന്നും
എന്നെ പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല
ഞാൻ എല്ലായിടത്തും എത്തുന്നു
എല്ലായ്പോഴും
സ്വപ്നം കാണുന്നു
ഞാൻ പക്ഷേ രണ്ടാണ്.
അവരിരുവരും കൃത്യമായ അകലം പാലിക്കുന്നുമുണ്ട്. ”
എം ആർ രേണുകുമാറിൻറെ കവിതകൾ ഇക്കാലങ്ങളിൽ വായിക്കുമ്പോഴൊക്കെ എനിക്ക് മറ്റൊരാളെ കൂടി കാണാനായി
“തനിച്ചാകുന്ന
നേരങ്ങളിൽ
കണ്ണുകളടച്ച്
തുറസിൻറെ
നടുക്കായി
ഒറ്റയ്ക്ക് നിൽക്കുന്ന
ഒരു മരത്തെ
മനസ്സിൽ നട്ടുനനച്ച്
വളർത്തി വലുതാക്കും ”
(ഒച്ചയനക്കങ്ങൾ )
എന്നെഴുതുന്ന മറ്റൊരാളെ!
അപ്പോഴാണ് “തനിച്ചിരിക്കുന്ന നേരങ്ങളിൽ ആരോ ഒരാൾ എഴുതുന്ന കവിതകളാണല്ലോ രേണുകുമാറിന്റേത് “എന്ന ആലോചന വരിക “ഏകാന്തതയുടെ നിഗൂഢമായ ഇടങ്ങളിൽ ഇരുന്നാണ് ഇയാൾ കവിതകൾ എഴുതുന്നത്. “ചിന്തിക്കുമ്പോൾ മനുഷ്യന് സ്വാഭാവികത നഷ്ടപ്പെടുന്നു” എന്ന് ടൊല്ലിയുടെ
ദർശനത്തെ ഒട്ടും നിരാകരിക്കുന്നില്ല ഈ കവിതകൾ.
ഇറങ്ങിപ്പോയിടങ്ങൾ,
ഇനിയും എത്താത്ത ഇടങ്ങൾ,
വായിക്കുന്തോറും കനം വെക്കുന്ന കവിതയുടെ ഉടൽ,എപ്പോൾ വേണമെങ്കിലും തിരിച്ചെത്താനാവുന്ന പടിയിറക്കങ്ങൾ, തുടങ്ങി അവനവനിൽ നിന്ന് സ്വയം കുതറിച്ചാടുന്ന അനുഭൂതി വരെ ‘രേണുകുമാർ കവിത’കളിലുണ്ട്.
കേവലമായ രേഖപ്പെടുത്തലിനപ്പുറം ആഴത്തിലുള്ള ബോധത്തെയും അബോധത്തെയും
അടുക്കി വെക്കലിന്റെയും
ജ്ഞാന ദർശനമുണ്ട് ഈ കവിതകളിൽ.
“വേലക്കിറങ്ങി പോയപ്പോൾ കണ്ടേച്ചു പോന്ന
വീടിനെയല്ല,
വേല കേറിച്ചെന്നപ്പോൾ കണ്ടത്.
രാവിലെ ഇട്ടേച്ചു പോന്നു കുഞ്ഞുങ്ങളെയല്ല മടിശ്ശീലയിൽ
കൂലി നെല്ലുമായ്
ചെന്നപ്പോൾ കണ്ടത് ”
ജീവിതത്തിൽ പൊടുന്നനെ സംഭവിച്ചേക്കാവുന്ന മാറ്റങ്ങളുടെ സാംസ്കാരിക വായന കൂടി ആണിത്.
“പെട്ടെന്നുള്ള മാറ്റം പോലെ മനുഷ്യമനസ്സിനെ വേദനയിലേക്ക് നയിക്കുന്ന മറ്റൊന്നില്ല എന്ന” മേരി മോൾ സ്റ്റോൺ ക്രാഫ്റ്റ് ഷെല്ലിയുടെ നിരീക്ഷണം പോലെ സത്യമാണത്.ഓരോ ജീവനും പ്രകൃതിയുടെ മുന്നിൽ ചെറുതാണെന്ന തിരിച്ചറിവിന്റെ ഒപ്പം ചരിക്കുക എന്ന മനുഷ്യപ്രകൃതിയുടെ തുറന്ന് ചിത്രമാണിത്.അല്ലെങ്കിൽ അനുഭവത്തിന്റെ ഏറ്റവും ആഴത്തിൽ നിന്നുള്ള വിചാരങ്ങൾ ആവാം. ഒരൊറ്റ നൊടിയിൽ മാറിമറിയുന്ന ജീവിതമാകാം.
സമയത്തെയാണ് കവിയും കലാകാരനും ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.
വാക്കുകൾകൊണ്ട് സമയത്തെ രൂപകല്പന ചെയ്യുന്നു, സമയത്തെ നീട്ടി വെക്കുന്നു., വെട്ടിച്ചെചെറുതാക്കുന്നു. പ്രിയപ്പെട്ട ചിത്രകാരൻ ആന്ത്രേ തർക്കോവ്സ്കി യുടെ ആത്മകഥയുടെ പേര്
“Sculpting in time.”
എന്നാണ്. സമയത്തെ കൊത്തി വെക്കുകയാണ് തർക്കോവ്സ്കി തൻറെ സിനിമകളിൽ.
ആനന്ദങ്ങളുടെയും അസന്തുഷ്ടികളുടെയും അക്ഷരങ്ങളിൽ നിന്ന് കാഴ്ചയുടെ പൂമ്പാറ്റകൾ പറക്കുമ്പോഴാണ് തർക്കോവ്സ്കിയുടെ സിനിമകൾ കവിതകളായി പിറന്നുവീണത്.
സ്വപ്നങ്ങളുടെ നൈരന്തര്യത്തിലേക്കാണ് തർക്കോവ്സ്കിയിലെ കലാകാരൻ കാലത്തെ ചേർത്ത് വെക്കുന്നത്.
ചിലരുടെ കവിതകളിൽ നിന്ന് ഈ അനുഭവം അതേപടിയോ അല്ലാതെയോ കിട്ടുന്നു.
“നഖങ്ങളാലെൻറെയുടലിനെ ചന്ദ്രക്കലകളുടെ
കടലാക്കാമോ.
എന്റെ
പെരുവിരൽതുമ്പിനെ
ഭൂമിയിൽപ്പടർത്താമോ ”
(ആമുഖ ലീലകൾ )
“ഒരുവൾ ഊഞ്ഞാലാടുന്നു
ഒരുവൻ ഊഞ്ഞാലാടുന്നു ആടുന്നവളുടെ മാത്രമല്ല ആട്ടുന്നവൻറെ കാലുകളും നിലത്തല്ല ”
(പെൻസിൽ ഡ്രോയിങ് )
‘ഒരു രാത്രി ഉറങ്ങിയെണീറ്റപ്പോൾ
ബ്ലാക്ക് ആൻഡ് വൈറ്റ്
ആയിപ്പോയി
മൾട്ടികളർ ജീവിതം.
മുഖം ആകെ കറുത്ത ഇലകളുള്ള ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു
അതിൽ നിറയെ വെളുത്ത പൂക്കൾ.
അല്പം ചുവപ്പു കാണാൻ വിരലൊന്നു മുറിച്ചു നോക്കി ചീറ്റിത്തെറിക്കുമ്പോൾ
കറുത്ത ചോര!
അതിൽ നിറയെ
വെളുത്ത പുഴുക്കൾ
ചുവരിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ
അപ്പന്റെയും
അമ്മയുടെയും
ഇടയിൽ
പൂപ്പൽ പിടിച്ച്
ഒരു മൂന്നു വയസ്സുകാരൻ പിണങ്ങി
തലകുനിച്ചു നിൽപ്പുണ്ട്.
തിരികെ
ആ ഫോട്ടോയിൽ
എത്താൻ
രാത്രി മുഴുവൻ പുറകോട്ട് നടപ്പാണ് ”
(പൂപ്പൽ )
സ്വപ്ന സമാനമായ സ്വപ്നമെന്ന് അനുഭവിപ്പിക്കുന്നു ഈ കവിത. ജീവിതമെന്ന ഉണർച്ചയും സ്വപ്നവും സ്വന്തം ഭാവനയുടെ നിർണ്ണായക ശക്തികളായി കണ്ടെടുക്കുന്നവർക്ക് ജീവിതം സമ്മാനിക്കുന്ന ഏകാന്തതകളെറിച്ചും ക്രൂരമായ നീറുന്ന ഓർമ്മകളെക്കുറിച്ചും പലവിധത്തിൽ കലയിൽ ആവിഷ്കരിക്കാമെന്ന്
W. B. yeats പറയുന്നുണ്ട്.
ഭൂതകാലത്തെയാണ് സ്വപ്നത്തിലേക്ക് കൊണ്ടുവരുന്നത്. ആത്മ ബലങ്ങളിൽ നിന്ന് അകന്നാണ് സ്വപ്നം കടന്നുവരുന്നത്. ഉറങ്ങിയെണീക്കുമ്പോൾ മുറ്റമാകെ കറുത്ത ഇലകളുള്ള ചെടികളാണ്.ഒരു ഉറക്കം കഴിഞ്ഞ് പുലർന്നപ്പോൾ കുഞ്ഞുമകളുടെ കളഞ്ഞുപോയ കമലിന് പകരം മുറ്റം മുഴുവൻ വീണുകിടക്കുന്ന
കമ്മൽത്താരകളെക്കുറിച്ച്
പി പി രാമചന്ദ്രൻറെ ഒരു കവിതയുണ്ട്.
വിരൽ മുറിച്ചാണ് കവി പൂവിൻറെ ചുവപ്പ് കാണാൻ കൊതിക്കുന്നത് ഇവിടെ.
ചിതറിത്തെറിക്കുന്ന കറുത്ത ചോര സ്വപ്നത്തിന്റെ ഗാഢത ഉറപ്പിക്കുന്നു.
പേസോവയിലും സരമാഗോയിലും യീറ്റ്സിലുമെല്ലാo കാണാനാവുന്ന കാവ്യഗുണം തന്നെയാണ് ”
രാത്രിമുഴുവൻ ഇപ്പോൾ പിറകോട്ട് നടപ്പാണ് “എന്ന വരിയിൽ എത്തുമ്പോൾ അനുഭവപ്പെടുന്നത്.
ജീവിതത്തെ സംബന്ധിക്കുന്ന ഒരു യാഥാർഥ്യം തീവ്രമായ ആത്മപീഡയുടെയും മുറിവുകളുടെയും സാക്ഷ്യമാവുകയും,അതിനെ കവിതയിലൂടെയെങ്കിലും മറികടക്കാൻ, ഭാവനയുടെ അങ്ങേയറ്റത്തെത്തി മരുന്ന് കണ്ടു പിടിക്കുകയും ചെയ്യുന്നു കവി.
വിരലറ്റം മുറിക്കുന്ന കവി,ലൂയി ബുനുവലിന്റെയും ദാലിയുടെയും വിഭ്രാമക ഭാവനയെ സ്പർശിക്കുന്നുണ്ട്.
അദൃശ്യമായി.
ഇത്തരം ദൃശ്യങ്ങൾ ഏറെയുണ്ട് രേണുകുമാറിൻറെ കവിതകളിൽ.
“ആകാശത്തേക്കൊരു തൂണ്
കരിയിലകളാൽ മെടഞ്ഞ്.. പുഴയിലെഴുതാനുള്ള തെങ്ങോലത്തുമ്പിൻ മോഹം സാധിപ്പിച്ച്
കൈതകളുടെയും ഒട്ടലുകളുടെയും കൂട്ടുപിടിച്ച്,
ഇല്ലാത്ത കടലിരമ്പം കേൾപ്പിച്ച്,
മുങ്ങി നിവരുന്ന
പെണ്ണിൻ മണം
കവർന്നെടുത്തടുത്ത
കടവിലെത്തിച്ച്
ഇടവഴി കയറി
വരുമെൻറെ ചൂട്ട് കറ്റയുടെ കണ്ണ് തെളിച്ച്
വെളിച്ചമായുരുകി വീഴുന്നു
(കാറ്റ് )
“പുഴയുടെ അടിവയറ്റിലേക്ക് മീനുകൾ കടിച്ചു വലിക്കുമ്പോൾ
കരയിലേക്ക്
അവൾ എറിഞ്ഞു തന്നു
രണ്ട് കണ്ണുകൾ
ഇരുട്ടിൻറെ രണ്ട് ഓട്ടകളിൽ ഞാനതെടുത്തു വെച്ചു ”
ഈ ഭാഷ മറ്റെല്ലാ ഭാഷകൾക്കും പകരമാവുന്നുണ്ട് ഇവിടെ.
ഇത്തരം വാങ്മയ ചിത്രങ്ങൾ കവിതയെസവിശേഷമാക്കുകയാണ്.
പ്രകൃതി തരുന്ന സാധാരണ സ്പർശങ്ങളിൽ അനുഭവം പുരാളുമ്പോഴാണ് ഭാഷയിൽ മാറ്റം സംഭവിക്കുന്നത്. പച്ചിലകൾ കറുക്കുന്നു.
വിരലറ്റത്ത് ത്ത് കറുത്ത ചോര ചീറ്റുന്നു.
ഏറ്റവും ഹൃദ്യമായ ഭാഷയിലേക്ക് ആരെന്നെ പരിഭാഷപ്പെടുത്തുമെന്ന ജ്ഞാന കേന്ദ്രീകൃതമായ ചോദ്യമുയരുന്നു.ഹൃദ്യമായ ഭാഷ എന്നാൽ ഏത് എന്ന ചോദ്യം കൂടി ഒപ്പം വരുന്നു.
” എന്നെ നിരന്തരം പുറത്താക്കുന്ന ഭാഷയിലാണ് ഞാൻ എഴുതുന്നത്” എന്ന് അറബ് കവി അഡോണിസ് പറയുന്നത് ഓർമ്മ വരുന്നു.
” പനി വരുമ്പോൾ അമ്മയെ ഓർമ്മ വരുമെന്ന്” എഴുതിത്തുടങ്ങിയ കവിത.
“പനി വരുമ്പോൾ മാത്രമാണ് അമ്മയെ ഓർമ്മ വരിക’ എന്നായി മാറുന്നു.
“ഉള്ളി പൊളിക്കുമ്പോ
മൊളക് ഞെട്ട് കളയുന്ന
കൊയ്തു വെക്കുമ്പോ
കറ്റ കെട്ടിയിടുന്ന
വിറകൊടിക്കുമ്പോ
പെറുക്കിക്കൂട്ടുന്ന മുടിയഴിച്ചിടുമ്പോ
കോതിത്തരുന്ന
ഒരുത്തിയെ മതി”യെന്ന അമ്മയുടെ ഒച്ച കേൾക്കുമ്പോൾ,
അയർലൻഡ്കാരിയെ കെട്ടിയ മകനും ഈ ഭാഷയിൽ നിന്ന് മുക്തമല്ല.അവളോടൊപ്പം മേഘങ്ങളിൽ തൊട്ടുരുമ്മി പറക്കുമ്പോൾ,മേൽപ്പോട്ട് നോക്കി കൈകൾ വീശിക്കരഞ്ഞ് വരമ്പിലൂടെ അമ്മയും അപ്പനും ഓടി വരുന്നുണ്ടോ എന്നയാൾ നിശബ്ദമായി വേവലാതിപ്പെടുന്നത് ഈ ഭാഷയിലാണ്.
അപ്പോൾ അയാൾ കേൾക്കുന്ന
ഈ കരച്ചിലിന്റെ ആഴവും കനവും കേൾക്കാൻ ആവുന്നുണ്ട് എന്നതാണ് ഈ കവിതകളുടെ മേന്മ,നന്മ.
നാം നമ്മുടെ തന്നെ തെരഞ്ഞെടുപ്പാണ് എന്ന സാർത് വചനം ഓർക്കുക.
കവിതയിലേക്ക് ചേർത്തു വയ്ക്കേണ്ട വാക്കുകളുടെ തെരഞ്ഞെടുപ്പ് രേണുകുമാറിൽ ഏറെ ശ്രദ്ധേയമാണ്. ധാരാളിത്തമെന്നോ ലാളിത്യമെന്നോ ആ ചേർത്തുവെപ്പിനു യോജിച്ച പദം എന്നറിയില്ല. പ്രമേയ സ്വീകരണത്തിലും അനുഭവാവിഷ്കരണങ്ങളിലും മൗലികമായ പ്രത്യക്ഷങ്ങളുണ്ട്. അരികു ജീവിതത്തിൻറെ സമൃദ്ധികൾ,വേദനകൾ, ചെറിയ കരച്ചിലുകൾ, എന്നിവകലർന്ന ഭാവുകത്വത്തിന്റെ ആർജ്ജവം ഈ കവിതകളുടെ ആവിഷ്കാരത്തിന് സ്വാഭാവികത കൈവരുത്തുന്നുണ്ട്.
കവിതയെ ഇവിടെ നിർമ്മിച്ചെടുക്കേണ്ടതായ ഒരു അവസ്ഥയായി കണക്കാക്കേണ്ടതില്ല. ജീവിതത്തെ അപ്പാടെ പകർത്തുകയും അതിൽ വാക്കിന്റെയും ഭാവ,രൂപ ഘടകങ്ങളുടെയും വേരുകൾ കവിഞ്ഞു പോകാതിരിക്കുകയും
ചെയ്യുകയെന്നത് സത്യസന്ധമാണ് രേണുകുമാറിന്റെ കവിതകളിൽ.
“കസേര ഒഴിഞ്ഞു കിടന്നിട്ടും
വെട്ടുകാരൻ പറഞ്ഞു
കുറച്ചു കഴിഞ്ഞു വാ.
——————————-
കിടങ്ങിൽ നിന്ന്
ഇടവിട്ടു പൊങ്ങുന്ന
പിക്കാസു മുനകൾ
നോക്കിയും
മണ്ണിളകുമൊച്ചയിൽ
കുഴഞ്ഞ കിതപ്പുകളെണ്ണി
നേരം കൊറിച്ച്
കുറച്ചു കഴിഞ്ഞപ്പോ ചെന്നു
കസേര ഒഴിഞ്ഞു തന്നെ!”
‘പിരിച്ചെഴുത്ത്” എന്ന കവിതയിൽ മേൽപ്പറഞ്ഞ ജീവിതമുണ്ട്.പുറത്താക്കപ്പെടലിന്റെ നിസ്സഹായതയുണ്ട്.
മഴയത്തോടി വീട്ടിൽക്കയറുമ്പോൾ,
“തലയിൽ വീണ മഴത്തുള്ളികളിൽ നിന്ന് കണ്ണീരിനെ പിരിച്ചെഴുതാൻ കവിത പോരാതെ വരുന്ന കവിയെ കാണാം
ഇവിടെ ജീവിതം കവിതയെക്കവിഞ്ഞു പോകുന്നുണ്ട്.
നിക്കോളാസ് ഗിയന്റെ ഒരു കവിതയിൽ കരച്ചിലിനെ ഓട്ടത്തിൽ പിന്നിലാക്കിക്കൊണ്ട് വിശപ്പിൻറെ കറുത്ത നിഴൽ പാഞ്ഞുപോകുന്ന ഒരു ദൃശ്യം ഉണ്ട്.പിന്നാലെ അതിവേഗത്തിലൊരു ചാട്ടവാറും. അനുഭവങ്ങളുടെ മുഖച്ഛായയല്ലേ മാറുന്നുള്ളൂ!
അവിടെയാണ് “ഞാനും, നീയും” എന്ന വലിയ വ്യത്യാസങ്ങൾ കടന്നുവരുന്നത്. അത് മണ്ണിലും മനസ്സിലും പ്രണയത്തിലും ആൾക്കൂട്ടത്തിലും അതിൻറെ ദുർമുഖം കാട്ടും.
ഒരേ വെള്ളമാണല്ലോ നിന്നെയും എന്നെയും പൊതിയുന്നതെന്നോർക്കെ,
പിടിച്ച മീനുകളെ
ഓരോന്നിനെയും ഞാൻ വെള്ളത്തിലേക്ക് തന്നെ തിരിച്ചു വിടുന്നു ”
ഇത് ജീവിതത്തെ കുറിച്ചുള്ള ഒരു സഹവർത്തിത്വ ബോധമാണ്.
മരിച്ച ഒരാൾക്കുള്ള കത്തെഴുത്ത് പോലെ നിശബ്ദമാണത്.
ദലിത് ജീവിതത്തിൻറെ അനുഭവങ്ങളുടെ അകവും പുറവും വേവുന്ന അവസ്ഥകൾ ഏത് ഭാഷയിലാണ് എഴുതുക? അല്ലെങ്കിൽ എത്ര ഉറക്കെ പറഞ്ഞാലാണത് വെളിപ്പെടുക?
ഒരു നിമിഷം നിശബ്ദമായി നമ്മുടെ ഉള്ളം കയ്യിലേക്ക് നോക്കിയാൽ പൂർവികരുടെ വിണ്ടുകീറിയ കൈവെള്ളയുടെ നിഴൽ നമുക്ക് കാണാനാവും. ഒരു കാലം മറ്റൊരു കാലത്തോട് നിരന്തരം പുലർത്തുന്ന വലിയ നീതികേടു കളെ അവഗണനകളെ അറിയാൻ കഴിയും.
ഭാഷയുടെ ശക്തിയാണത്.
“കിഴക്കിനെ പുറം കാലിന് തൊഴിച്ചവൾ
വരുമ്പോൾ,
അകവാള് വെട്ടിയ
ചേമ്പിലകൾ കൂമ്പിയൊതുങ്ങും.
പച്ച മാറിലെ വയലറ്റ് മറുകുകൾ
തുടുത്ത് കുതിരും.
ഊര് വാരിപ്പിടിച്ച്
വെട്ടിലുകൾ പമ്പകടക്കും.
ഇരുളിൽ കുളിരായ് ആറ്റുവക്കിലെ
അലക്കുകല്ലിലവൾ ഉപ്പൂറ്റി തേക്കുമ്പോൾ
മീനുകൾ കടവിൽ
തടിച്ചുകൂടും.
കനം തൂങ്ങി കൈതപൂവിൻ മണം പൊഴിയും.
തഴയിൽ പടർന്ന
മൂക്കട്ട പഴങ്ങൾ മിന്നിത്തിളങ്ങും
മുറിച്ചവൾ നീന്തവേ
പുഴ മരുങ്ങും
പകുത്തവൾ നടക്കവേ
കര വിയർക്കും.”
ഒറ്റവായനയിൽ ലളിതമായ ആഖ്യാനം എന്ന് തോന്നാം പക്ഷേ ഈ ഭാഷ അത്ര എളുപ്പമല്ല.
പുഴയും മീനും തോടും തൊട്ടു വെള്ളവും പായലും പൊട്ടലും കലർന്ന അനാഥ ജീവിതതങ്ങളുടെ
നിസ്സഹായമായ വിശാലതയുണ്ടല്ലോ ചിത്രകാരൻ കൂടിയായ കവിയുടെ ചില ചിത്രങ്ങളിലുമുണ്ടത്.
രൂപഭാവ പ്രമേയപരമായ വൈവിധ്യങ്ങൾക്കിടയിലും ചേർന്നുനിൽക്കുന്ന ന്ന ചില കണ്ടെത്തലുകൾ ഉണ്ട് രേണുകുമാറിന്റെ കവിതകളിൽ.
പരിസരങ്ങളുമായി ഈ കവിതകൾ പുലർത്തുന്ന പാരിസ്ഥിതിക ബന്ധമാണ് ഒന്ന്
“ഒതളങ്ങ പറിച്ച്
മാറിമാറി കടിച്ച്
തലചുറ്റി വീണ്
തോട്ടിലേക്കുരുണ്ട് പോകുമ്പോൾ
കേൾക്കുന്ന
അമ്മമാരുടെ കരച്ചിൽ പഴുതാര പിടഞ്ഞു കരയും പോലെ “ആകുന്നു
“വെഷക്കായ “യിൽ
ഒതളച്ചോടാണ് വെഷക്കായയിലെ പരിസരം.
കളിയും കരച്ചിലും കുളിയുംകുടിയും അലക്കുമെല്ലാം ഈ ഒതളച്ചോടിനു ചുറ്റും ആണ്.
“ഓലയുടെ കണ്ണിലൂടെ ചോർന്ന് ഒരു വെളിച്ചപ്പൊട്ട് മെഴുക്കുപുരണ്ട തഴപ്പായയിൽ
കാലണ പോലെ!
(ഊഴം )
മടങ്ങിയ വിതകളും കത്തുകളും
ചാണകം മെഴുകിയ തിണ്ണയിലേക്ക്
പതിവുപോലെ എറിയുവാൻ ആവാതെ
പരുങ്ങുന്ന പോസ്റ്റുമാൻ
(ഊഴം )
പരിസരം പോലെതന്നെ ഗന്ധ ബിംബങ്ങളുമുണ്ട്
ഭാഷയുടെ മുഖ്യഘടകമായി കവിതയിൽ.
“കപ്പക്കറിയുടെയും
മത്തിപ്പീരയുടെയും മഞ്ഞ
പൊള്ളിച്ച കരിമീനിനെ മൊരി
പച്ചക്കുപ്പിയിലെ കള്ളിന്റെ മണം
(പച്ചക്കുപ്പി )
പ്രകൃതിയെ, പരിസ്ഥിതിയെ തന്റേത് ത് മാത്രമാക്കി സ്വതന്ത്രമാക്കുകയാണ് കവി. ‘മുടക്ക’ത്തിലെ പുഴ മുറിച്ചു കിടന്നവൻ ഉണരുമ്പോൾ ഇലകൾ അടക്കം പറച്ചിൽ നിർത്തുമെന്നപ്രകൃതിപാഠം,
‘അനുഗ്രഹവൃത്താന്ത’ത്തിലെ
തുരുമ്പെടുത്തു പോകണെ എന്ന പ്രാർത്ഥന,
‘കളങ്കങ്ങളി ‘ലെ ‘കാറ്റൊരു വിത്തിനെ നെഞ്ചിൽ വിതച്ചേക്കാം…എന്ന പ്രതീക്ഷ
“രക്തത്തിൽ കുളിപ്പിക്കരുതേ ‘”എന്ന് അപേക്ഷ
“ഭ്രാന്തൻ പുൽച്ചാടി” യിലെ പരീക്ഷകളിൽ എനിക്കെന്നും മാർക്ക് പൂജ്യം “എന്ന തിരിച്ചറിവ്.
“മറന്നിട്ടില്ല “യിലെ തേങ്ങിക്കരഞ്ഞു കിടന്നുറങ്ങി പോയത് മറന്നിട്ടില്ല എന്ന അവബോധം
“കരിയില കെട്ടുമായി കാടിറങ്ങി വന്നപ്പോൾ ചൊടിയിൽ ചോര
ചുള്ളി കൊണ്ട് മുറിഞ്ഞതാണെന്ന നിൻറെ ഇടറും മൊഴിയെന്ന്” ‘മൊഴി’യിലെ നിസ്സഹായത.
‘ അപ്രതീക്ഷിത’ ത്തിലെ നിഴൽപോൽ, ഒപ്പം നടന്നൊരാൾ ഒളിച്ചു വെട്ടുന്നു എന്ന് യാഥാർത്ഥ്യബോധം.
“ഭൂമിയെ പണ്ടേ കേൾക്കേണ്ടിയിരുന്നു” എന്ന കുറ്റസമ്മതം.
“ഇനിമേൽ ദാഹിക്കുക )യേ ഇല്ല എന്ന് എനിക്ക് പറയണമെന്നുണ്ട് “എന്ന ഒതുങ്ങൽ പതുങ്ങൽ
എന്നിങ്ങനെ കർതൃത്വങ്ങളുടെ വിശാലമായ കണ്ടെടുക്കലുകൾ ഇനിയുമേറെയുണ്ട് രേണുകുമാറിൻറെ കവിതകളിൽ.
ദലിത് ജീവിതത്തെ പ്രപഞ്ചത്തിൻറെ എല്ലാ അടരുകളിലേക്കും ഭാഗധേയങ്ങളിലേക്കും പടർത്തുകയും വ്യക്ത്യനുഭവങ്ങളെ മാനുഷികതയെ
കവിതയുടെ സവിശേഷാനുഭവമായി പരിവർത്തിപ്പിക്കുകയും ചെയ്യുകയാണ് ഇവിടെ കവി.
ഇതുപോലെതന്നെ പാരസ്പര്യത്തിന്റെയും അപരത്വത്തിന്റെയും ഏറെ സമൂലവും വിശാലവുമായ മറ്റൊരു സങ്കല്പനവും രേണുകുമാറിൽ ഉണ്ട്.
“പാലം കടക്കുമ്പോൾ
എതിരെ
ഒരാൾ വന്നാൽ
ഉള്ളു പിടക്കും
കൊടം തുളുമ്പും
ഒരു മൺകുടമെങ്കിലുമുടയാത്ത ദിവസങ്ങളിലായിരുന്നു”
(ഇരുമ്പുപാലം )
ഇതേ ചിന്ത മറ്റൊരു കവിതയിൽ വ്യത്യസ്ത രൂപത്തിൽ വരുന്നുണ്ട്
“വാളോങ്ങി
നിന്നൊരാൾ
വാക്കുകളാലുഴിഞ്ഞ്
അകം തണുപ്പിക്കുന്നു.
നിഴലു പോൽ
ഒപ്പം നടന്നൊരാൾ
ഒളിച്ചു വെട്ടുന്നു.
വള്ളിയും കയറുമില്ലാതെ പിടിച്ചു കെട്ടുന്നൊരാൾ
കത്തിയും മുള്ളുമില്ലാതെ ഇല്ലാതെ
കൊന്നുതിന്നുന്നൊരാൾ ”
(അപ്രതീക്ഷിതം )
വലതു കൈ ഇടതു കൈയ്യോട് നടത്തുന്ന സംഭാഷണമാണ് ‘നിന്നോടാണെനിക്കിഷ്ടം ‘എന്ന കവിത.
“ഇടതുകൈ
മയങ്ങിയപ്പോൾ
വലതുകൈയോട്
ഞാൻ പറഞ്ഞുനിന്നോടാണെനിക്കിഷ്ടം.
നീയാണല്ലോ ആദ്യമായ് ഒരുവന്റെ
കഴുത്തുഞെരിച്ചു തന്നത് ”
ഈ കവിതയിലെ രാഷ്ട്രീയo മൂർച്ചയേറിയതാണ്.പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ചിലതരം ഇരുട്ടുകൾ ഭൂമിയിൽ ഉണ്ടെന്ന് തുറന്നുപറച്ചിൽ കവി നടത്തുന്നുണ്ട്.
ഒറ്റ മനുഷ്യനു വേണ്ടിയുള്ള വിളിച്ചു പറയലല്ല ഇത്
“ഞാൻ” എന്നത് “ഞങ്ങൾ” ആവുന്നതിന്റെ രാഷ്ട്രീയ പാഠങ്ങൾ കൂടിയാണ്.
“ഒരു കയ്യിൽ
ഉടുതുണി ഉയർത്തിപ്പിടിച്ച്, മറുകൈ കൊണ്ടുള്ള
കുറുകെ നീന്തലുകളെയും
പിണ്ടിച്ചങ്ങാടത്തെയും
കടത്തു വള്ളത്തെയും പേശികൾ ഉരുണ്ടു കളിക്കുന്ന കടത്തുകാരന്റെ തുഴച്ചിലുളുകളെയും
ഒറ്റയടിക്ക്
ഇല്ലാതാക്കിക്കൊണ്ടാണ്
ഒരു ദിവസം ഇരുമ്പുപാലം
വന്ന് ഞങ്ങളുടെ തോടിന
മീതെ കവച്ചു നിന്നത്
അതോടെ ഞങ്ങൾ പൊടുന്നനെ
ഒരു വൻകരയുടെ ഭാഗമായിത്തീർന്നു ”
എല്ലാവർക്കും വേണ്ടി സംസാരിക്കുന്ന ഒരു ഭാഷ രൂപപ്പെടുകയാണ് ഇവിടെ. അക്ഷരം പേറ്റുമ്പോൾ വാക്കുകളെയും,വാക്കുകൾ കേൾക്കുമ്പോൾ കവിതയേയും. കവിതയെ നെഞ്ചോട് ചേർക്കുമ്പോൾ നീയടർന്നുവീണ വഴികളെയും ഓർക്കുന്ന കവിത ഭാഷയുടെ സവിശേഷമായ ഒരു ലോകം. സൂക്ഷിക്കുന്നു
“അനന്യം ‘എന്ന കവിതയിൽ അത് കാണാം.
“അലിഞ്ഞു പോകില്ല
ചില പാടുകൾ
ഒരു പെരുമഴയിലും
പിഴുതെടുക്കില്ല
ചില ചുവടുകളൊരു വെള്ളപ്പാച്ചിലിലും
കെടുത്തുകയില്ല
ചില നാളങ്ങളെ
ഒരു കാറ്റിൻ കരുത്തും
പേറുകയില്ല
ചില വാക്കുകളെ
ഒരു ഭാഷയുടെ ലിപിയും
ലിപിയും ”
എന്ന ഉറച്ച വിശ്വാസമാണ് കവിയെ നയിക്കുന്നത്. വാക്കുകളും ഭാഷയും ഇല്ലാതിരുന്നവരിൽ
ഭാഷ രൂപപ്പെടുന്നതിന്റെ അടയാളവും ചരിത്രവും
രേണു കുമാറിനെ ഓരോ കവിതയിലും കാണാം.
ഇന്ത്യൻ ദളിത് കവിതയിലെ തീവ്ര സാന്നിധ്യമായ ശരൺകുമാർ ലിംബാളെയുടെ
കവിതകളുടെ വിവർത്തന സമയത്ത് ഇത്തരമൊരു ഭാഷയുടെ ഊക്ക് എന്നെ ആവേശിച്ചിരുന്നു. പുറത്താക്കപ്പെട്ട വാക്ക് കവിതയിലേക്ക് പടവെട്ടി കയറി വരികയാണ്.സ്വന്തം ഭാഷയുടെ ലാവണ്യ ശാസ്ത്രത്തെ,അളവ് ഒട്ടും കുറയ്ക്കാതെ തന്നെ ആവിഷ്കരിക്കുകയാണ്.
അത് മുഖ്യധാരയുടെ മൃദു ഭാവനകളെ നിരാകരിക്കുകയാണ്.
“ഇലകളെല്ലാം ഉറക്കമായെന്നെ തോന്നാവു”” എഴുതുമ്പോഴും
“ചൂളങ്ങളിൽ കാതുകൂർപ്പിച്ചും നാവ് നൊട്ടിയുമുണങ്ങി
കൊട്ട കാറിയും
ചാവി മണം വമിക്കുന്ന ഭൂമിയുടെ
ഓക്കാനങ്ങളിൽ
നീറിയും
ഇരകൾ കരിഞ്ഞും
നരകൾ പറിച്ചും
ചാക്കാല മണക്കുന്ന വേരുകൾ”
എന്ന് അതിതീവ്രമായി ഒരു ലോകത്തെ,ഒരു ജനതയുടെ ചരിത്രത്തെ അടയാളപ്പെടുത്തുന്നു രേണുകുമാർ.
അതേസമയം
“എപ്പോൾ വേണമെങ്കിലും ഉണ്ടാകാം
എപ്പോൾ വേണമെങ്കിലും ഇല്ലാതാകാം
രണ്ടു പേർക്കിടയിൽ
ഒരു ഭാഷ
രണ്ടക്ഷരം മതി
എപ്പോൾ വേണമെങ്കിലും ഇണചേർന്നൊരു ഭാഷ ഇല്ലാതാകാൻ””
എന്ന് സാധാരണീകരിക്കാനും കവിക്ക് കഴിയുന്നു.
ജീവിതത്തിൻറെ അടയാളങ്ങൾ എങ്ങനെയാണ് നിലനിൽക്കേണ്ടത്? തീർച്ചയായും അത് ഭാഷയിലൂടെ എന്നത് ഒരു തെരഞ്ഞെടുപ്പ്!.
“തുടങ്ങിയവരുടെ
പേരുകൾ എന്തൊക്കെയായാലും അപ്പനമ്മമാർ ഇട്ട
പേരുകൾ
ഉരിഞ്ഞു കളഞ്ഞവർ
പുതിയ പേരുകളിൽ കയറിപ്പറ്റിയിട്ടുണ്ടാവുമോ? അവരുടെ വീടുകൾ എവിടെയൊക്കെയായാലും അവരുടെ വീടുകളിൽ
അവരെ കയറ്റുമോ?
ഒരുവേള അവർ
ഇപ്പോൾ ജീവിച്ചിരിക്കുന്നവർ തന്നെ ആകുമോ?
ഭൂമിയിലെ ഏറ്റവും വലിയ രാജ്യം
തുടങ്ങിയവരുടെത്
ആണെന്ന് തോന്നുന്നു “”
എന്ന് ‘തുടങ്ങിയവർ “എന്ന കവിതയിൽ.
ഇത്തരത്തിൽ,നിലവിലുള്ള ഭാഷയുടെ ആവിഷ്കാരത്തിന് ചില്ലു കുട്ടികൾ ചിതറി വീഴുമ്പോൾ രേണുകുമാറിന്റെ കവിത, ഭാഷ മറ്റൊരു സാധ്യതയാവുകയാണ് ചെയ്യുന്നത്.
ബൃഹത്തായ ലോകത്തെ ബഹുസ്വരമായ കാഴ്ചകളെ അനുഭവങ്ങളെ കവിതയിലേക്ക് കൂട്ടിയിണക്കുകയാണ് ഈ കവി.
അത് സാമാന്യവൽകൃതമായ ബിംബങ്ങളോ രൂപകങ്ങളോ ഉപയോഗിക്കുന്നില്ല. ഓരോ വാക്കും അനുഭവങ്ങളുടെ അപരലോകങ്ങൾ ആവുകയാണ്.
“ഒരു കവിത എപ്പോൾ വേണമെങ്കിലും
എഴുതുകയോ
എഴുതാതിരിക്കുകയോ ചെയ്യാം”
. “ഓരോ വര
മായിക്കുമ്പോഴും
പഴയ വരകൾ തെളിഞ്ഞുവരുന്നു
(കാലപ്പാമ്പ് )
“നിന്നെയൊരു മരമായ്
വെറുതെ വരയ്ക്കുന്നു മടിത്തട്ടിനെ തണലായും
(മടിയിൽ)
“മുമ്പൊരിക്കലും
കാണാത്തവർക്കൊപ്പം ഇനിയൊരിക്കലും കാണാനിടയില്ലാത്തവർക്കൊ പ്പം
(ഓരങ്ങളിൽ)
എന്നിങ്ങനെയുള്ള കണ്ടെത്തൽ ജീവനും പ്രകൃതിയും ചലനങ്ങളും സമയ കാലങ്ങളും കലർന്ന ദൃശ്യാനുഭവങ്ങളാകുന്നു.
ഓരോ മനുഷ്യനിലും ഓർമ്മകളുടെ ഒരു കടലുണ്ട് എന്ന ബെൻ ഓക്രിയുടെ കവിത പോലെ
മനുഷ്യൻറെ ഉള്ളറകളിൽ സ്വപ്നവും ഭാവനയും ഉയർച്ചയും കലർന്ന മറ്റൊരിടം ഉണ്ട്.സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞാണല്ലോ തുടങ്ങിയത്. ഓർമ്മച്ചാലിൽ പിന്നോട്ടു തുഴയാനും, ചിറകുകളുടെയും ചെകിളകളുടെയും ഭാരമിറക്കാനാവാതെയും ഇരുന്ന് മടുക്കുമ്പോൾ, മുങ്ങാംകുഴി ഇടാനും, മുങ്ങി ചാവാൻ കൂടി പഠിക്കണമായിരുന്നു എന്ന ഇച്ഛാഭംഗത്തിൽ നിന്ന് പുറത്ത് കടക്കാനാവാത്തെയും ഓർമ്മകളിലേക്ക് കക്ക് തെന്നിച്ചു പോകുമ്പോൾ
” ഇടകലർന്നുള്ള
ഇരിപ്പിൽ നിന്ന്
പൊങ്ങി
തെല്ലിട മൂകമായ്
നിന്നിട്ട്
സൂര്യനെപ്പോലെഏവരും
ചിതറിപ്പോകുന്നു ”
ഓർമ്മയിലും സ്വപ്നങ്ങളിലും നിറയുന്നത്
” ഓടിക്കളിച്ച മണ്ണിൽ
ഒരു വീട് വക്കണം
മൂന്ന് മുറികളും
തിണ്ണയും ഉള്ള
ഓടിട്ട ഒരു വീട്
എങ്കിലും അവർക്കുള്ള
ഇടം ഒഴിച്ചിടണം ”
(ഒറ്റക്കട്ട)
“തനിച്ചാകുന്ന
നേരങ്ങളിൽ
കണ്ണുകളടച്ച്
തുറസിന്റെ നടുക്കായി
ഒറ്റയ്ക്ക് നിൽക്കുന്ന
ഒരു മരത്തെ
മനസ്സിൽ നട്ടു നനച്ചു
വളർത്തി വലുതാക്കും
(ഒച്ചയനക്കങ്ങൾ )
എന്നിങ്ങനെയുള്ള കൽപ്പനകൾ ആണ്. എല്ലാവർക്കും പാർക്കാൻ ഒരിടം,എല്ലാവരുടെയും സ്വപ്നത്തിൽ മീനുകൾ ഓടിക്കളിക്കുന്ന ഒരിടം,ഈ സ്വപ്നങ്ങൾക്ക് വേണ്ടി ഈ കവിതകൾ തീർക്കുന്ന ഭാഷ ചരിത്രത്തിന് പുറത്തെന്ന് ഒരു കാലം കൽപ്പിച്ച ഭാഷയാണ്. കാലത്തിന്റെ എല്ലാ മെഴുക് മതിലുകളും ഉരുക്കിയുടച്ച് അത് കുതിക്കുകയാണ്.
ഭാഷ എന്നത് പരിഭാഷയുടെ പ്രശ്നം കൂടിയാണെന്ന് സാമാന്യ ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ട്….
പരിഭാഷപ്പെടുത്താൻ ആവാത്ത ജീവിതത്തിൻറെ,
അനുഭവങ്ങളുടെ ഭാഷ കവിതയിലേക്ക് വെളിപ്പെടുകയാണ്.
എപ്പോൾ വേണമെങ്കിലും ഒരു ഭാഷ ഇല്ലാതാകാമെന്ന് ലോകത്തെ മുന്നറിയിച്ചുകൊണ്ട്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...