രോമാഞ്ചം

0
207

സിനിമ

സുർജിത്ത് സുരേന്ദ്രൻ

ഒരു ട്രെയ്‌ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ ഗോപുവിനെയും, ഇടയ്ക്ക് ഒന്ന് വന്നു പോയ ചെമ്പൻ വിനോദിനെയും ഒഴിച്ചു നിർത്തിയാൽ, സംവിധായകൻ ജിത്തു മാധവൻ മുതലങ്ങോട്ട് പുതുമുഖങ്ങളാണ്. ഇൻസ്റ്റാഗ്രാം റീലുകളിലും വെബ്‌സീരിസുകളിലും കണ്ടു പരിചയമുള്ള മുഖങ്ങളാണ് മിക്കതും. ഒതളങ്ങാ തുരുത്തിലെ നത്തും (അബിൻ ബിനോ) ഉത്തമനും ( ജഗതീഷ് കുമാർ) ജോയ് മോനും സിജു സണ്ണിയും നിറഞ്ഞാടുന്നുണ്ട്. ജോളി ചിറയത്ത്, പൂജാ മോഹൻരാജ് എന്നീ ചുരുക്കം ചില നടിമാർ മാത്രമേ ചെറിയ റോളുകളിൽ എത്തുന്നുള്ളൂ.

വർഷങ്ങൾക്ക് മുൻപ് (2007) ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്തെവിടെയോ ഒരു വീട്ടിൽ താമസിച്ചിരുന്ന ഏഴു ചെറുപ്പക്കാർക്കിടയിൽ നടന്ന കഥയാണ് പ്രമേയം. ആ വീട്ടിലും അങ്ങാടിയിലുമായി ഒതുങ്ങി തന്നെയാണ് സിനിമ മുഴുവൻ ചിത്രീകരിച്ചതും. പഴയ ഹോജോബോഡും ആത്മാവും വെച്ചുള്ള കളി ആണെങ്കിലും തിയേറ്ററിൽ ആളുകളുടെ കൂട്ടച്ചിരിക്കുള്ള എല്ലാ ചേരുവകളും ഉണ്ട് എന്നുള്ളതാണ് ഇതിന്റെ ഹൈലൈറ്റ്. അപരിചിതൻ, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങൾ ഹോജോബോഡിനെ പ്രമേയമാക്കിയിട്ടുണ്ടെങ്കിലും, ഇവയിൽ നിന്നും വേറിട്ടൊരു ശൈലിയാണ് രോമാഞ്ചത്തിൽ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ളത്. ചിരി ഓവർലാപ് ചെയ്ത് ഡയലോഗ് മിസ്സായിപ്പോകുന്ന അവസ്ഥയിലായിരുന്നു പടത്തിന്റെ പോക്ക്. പുതിയ നടന്മാരും സൗബിനും സ്‌കോർ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഇടയിലേക്ക് അർജുൻ അശോകിന്റെ എൻട്രി സിനിമയെ കൂടുതൽ രസകരമാക്കി എന്നേ പറയാനുള്ളൂ. “നിങ്ങൾക്കാദരാഞ്ജലി നേരെട്ടെ” എന്ന പാട്ട് അപ്രതീക്ഷിതമായി സിനിമക്ക് വേണ്ടുന്ന സ്ഥലത്ത് തന്നെ കേട്ടപ്പോൾ സത്യം പറഞ്ഞാൽ “രോമാഞ്ചം” വന്നു. അപ്പോഴാണ് അറിയുന്നത് അത് ഇതിലുള്ള പാട്ടാണെന്ന്. സുശിൻ ശ്യാമിന്റെ കയ്യൊപ്പ് പതിഞ്ഞതിനാലാണ് ഈ പാട്ട് കുറേ കാലമായി റീൽസിലും സ്റ്റോറിയിലുമൊക്കെ ഇങ്ങനെ നിറഞ്ഞു കേട്ടുകൊണ്ടിരുന്നത്.

താരമൂല്യങ്ങൾക്കും ബഡ്ജറ്റിനും അപ്പുറം ഒരു സിനിമ എങ്ങനെ ഹൗസ്ഫുള്ളായി ഓടുന്നു എന്നറിയണമെങ്കിൽ ഒരു തവണയെങ്കിലും “രോമാഞ്ചം” പോലുള്ള സിനിമകൾ കാണണം. ഡെയിലി ലൈഫിന്റെ സ്ട്രസ് റിലീഫിന് അത് നല്ലതാണ്. രണ്ടാം ഭാഗത്തിൽ കാണാം എന്നു പറഞ്ഞുകൊണ്ടാണ് പടം അവസാനിക്കുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here