നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’. മാധവനാണ് നമ്പി നാരായണനായി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍. നമ്പി നാരായണനായി വേഷപ്പകര്‍ച്ച നടത്തിയ മാധവനാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ ഉള്ളത്. ‘കാഴ്ചയിലും അഭിനയത്തിലും താങ്കളായി മാറുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കും’ ഫസ്റ്റ്ലുക്ക് പങ്കുവെച്ചുകൊണ്ട് മാധവന്‍ കുറിച്ചു.
അതേസമയം ചിത്രത്തില്‍ നായികാ കഥാപാത്രം ഉണ്ടായിരിക്കില്ലെന്ന് മാധവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തില്‍ നായിക കഥാപാത്രം ഉണ്ടായിരിക്കില്ലെന്ന് മാധവന്‍ വ്യക്തമാക്കിയത്. ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന സിനിമയുടെ സഹസംവിധായകന്‍ കൂടിയാണ് മാധവന്‍.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി വന്നത്.
ആനന്ദ് മോഹനാണ് റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.