പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് മാനാഞ്ചിറ മൈതാനത്ത് പൊതുജനങ്ങൾക്കായി ചലച്ചിത്ര പ്രദർശനം ആരംഭിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ കമൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചിത്രമായി അമിത് മസൂർക്കർ സംവിധാനം ചെയ്ത ഓസ്‌കാർ നാമനിർദേശം ലഭിച്ച ന്യൂട്ടൺ പ്രദർശിപ്പിച്ചു. നിറഞ്ഞ സദസ്സായിരുന്നു.
കലയേയും കലാകാരന്മാരെയും അകമഴിഞ്ഞു സ്നേഹിക്കുന്നവരാണ് കോഴിക്കോട്ടുകാർ. ഈ ചലച്ചിത്ര മേളയെയും അവർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് മേയർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പൊതു ജനങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് ഇങ്ങനെ ഒരു പ്രദർശനമെന്നും, അവർ കണ്ടിരിക്കേണ്ട സിനിമകൾ തന്നെ ആണ് പ്രദർശിപ്പിക്കുക എന്നും അധ്യക്ഷ പ്രസംഗത്തിൽ കമൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രദീപ് കുമാർ എംഎൽഎ, പ്രദീപ് ചൊക്ലി, മഹേഷ് പഞ്ചു, കെ ജെ തോമസ് എന്നിവർ സംസാരിച്ചു.
ഇന്ന് (ഞായര്‍) നിർമാല്യം പ്രദർശിപ്പിക്കും. 15 വരെ എന്നും വൈകിട്ട് ഏഴ് മണിക്കാണ് പ്രദര്‍ശനം.