രാത്രികൾ പനിക്കുമ്പോൾ

0
378
rathrikal-panikkumbol-jibu-kochuchira-wp

കവിത

ജിബു കൊച്ചുചിറ

അമ്മയടുത്തില്ലാതെ രാത്രികൾ പനിക്കുമ്പോൾ
ഓർമ്മകൾ കട്ടിലുകടന്നു യാത്ര പോകാറുണ്ട്
അവിടെ,
നനഞ്ഞ  തുണിയുമായി
ഉറക്കം ഒഴിഞ്ഞ് ഇരുട്ടിലിരിപ്പുണ്ടാകും
മധ്യവയസിൽ എത്തിയ
ഒരു നാൽപ്പത്തെട്ടുകാരി.

കട്ടിലിന്റെ ഓരം
ചേർന്നു കിടക്കുന്ന കണവന്റെ
ചിഹ്നം വിളികൾക്ക്
കാതു കൊടുത്ത അതെ മനസിന് പ്രായം
ഇരുപത് തികയാറായി
അതുകൊണ്ടാകാം
പത്തു തികയാത്ത മകന്റെ
മടുപ്പിൽ അവൾക്ക് ചിരി തോന്നിയതും

ഇതു പോലെ എത്ര  രാത്രികൾ
അവൾ പകലാക്കിയിരിക്കുന്നു
അമ്മിണി പശുവിന്റെ
പേറ്റു നോവുകൾക്കിടയിൽ
മണ്ണെണ്ണ വിളക്കുമായി
കാവൽ നിന്നും

മഴപ്പെയ്യുന്ന രാത്രികളിൽ
കോഴിക്കുഞ്ഞുങ്ങളെ
പുതപ്പിനടിയിൽ ഒളിപ്പിച്ച്
ഉറങ്ങാതിരിന്നും

പണിക്കു പോയിട്ട്
ഇതുവരെ മടങ്ങിയെത്താത്ത
പ്രിയമുള്ളവന് ചൂടു കഞ്ഞിയുമായി
കാത്തിരുന്നും

പ്രണയം സിരയിൽ കയറുന്ന
രാത്രികളിൽ പ്രിയപ്പെട്ടവന്റെ
നെഞ്ചിൽ പറ്റിക്കിടന്നും
എത്ര എത്ര രാത്രികൾ.

അതു കൊണ്ട് ഇനി മുതൽ
അമ്മയടുത്തില്ലാത്ത രാത്രികൾ പനിക്കാതിരിക്കാൻ
നമുക്ക് നോമ്പ് നോറ്റ്
പ്രാർത്ഥിക്കാം.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here