രാക്ഷസിയായി ജ്യോതിക

0
164

36 വയതിനിലെ എന്ന സിനിമയിലൂടെ സെക്കൻഡ് ഇന്നിങ്സ് തുടങ്ങിയ ജ്യോതികയുടെ പിന്നീട് എത്തിയ മകളീർ മട്ടും, നാച്ചിയാർ, കാട്രിൻ മൊഴി എന്നീ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടി. നായികാ പ്രാധാന്യമുള്ള ഈ സിനിമകൾ പ്രേക്ഷകർക്ക് വിനോദത്തോടൊപ്പം സമൂഹത്തിനു, പ്രത്യേകിച്ചു സ്ത്രീ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നല്കിയവയുമായിരുന്നു. വീണ്ടും കാലിക പ്രസക്തിയുള്ള സിനിമയുമായി എത്തുന്നു ജ്യോതിക.

ഡ്രീം വാരിയർ പിക്ച്ചർസ് നിർമ്മിച്ച നവാഗതനായ സൈ. ഗൗതംരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന, “രാക്ഷസി”യാണ് ജ്യോതികയുടെ പുതിയ ചിത്രം. ജൂലൈ 5 ന് “രാക്ഷസി” പ്രദർശനത്തിനെത്തും.

ഗീതാ റാണി എന്ന നായികാ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. നാട്ടിൻ പുറത്തെ സർക്കാർ സ്ക്കൂളിൽ ഗീതാ റാണി ഹെഡ് മിസ്ട്രെസ്സായി എത്തുന്നത് ഈ കഥാപാത്രത്തിനായി ആറു മാസം ജ്യോതിക ആയോധന കലകൾ അഭ്യസിച്ച ശേഷമാണ് അഭിനയിക്കാൻ എത്തിയത്. സ്റ്റുണ്ട് മാസ്റ്റർമാരായ സുദേഷ് – പാണ്ഡിയൻ ജ്യോതികയ്ക്ക് പ്രത്യേകം വടിപ്പയറ്റ്‌ പരിശീലനവും നൽകുകയുണ്ടായത്രെ. “രാക്ഷസി”യിൽ ആക്ഷൻ രംഗങ്ങളിലും ജ്യോതിക കൈയ്യടി നേടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. സർക്കാരുകൾ വിദ്യാർത്ഥി സമൂഹത്തോടും സർക്കാർ വിദ്യാലയങ്ങളോടും പുലർത്തി വരുന്ന അവഗണനകൾ, കുത്തഴിഞ്ഞ വിദ്യാഭ്യാസ നയങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ ലോബികളുടെ നുഴഞ്ഞു കയറ്റം ഇവയൊക്കെ “രാക്ഷസി”യിലെ പ്രതിപാദന വിഷയങ്ങളാണെങ്കിലും വൈകാരികമായ കഥയുടെ അകംബടിയോടെ തികച്ചും ഒരു എന്റർടൈനറായിട്ടാണ് ചിത്രത്തിന് സംവിധായകൻ ദൃശ്യസാഷാത്കാരം നൽകിയിരിക്കുന്നത്.

ജ്യോതികയെ കൂടാതെ പൂർണിമാ ഭാഗ്യരാജ്, ഹരീഷ് പേരടി, കവിതാ ഭാരതി, സത്യൻ, മുത്തുരാമൻ എന്നിവർ മറ്റു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുൽ ബിനോയ് ഛായാഗ്രഹണവും സീൻ റോൾഡൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here