Description
പുത്തൻ തലമുറ വ്യാകരണപ്പിശകോടെ എഴുതിയേക്കാവുന്ന ഒരു പേരു മാത്രമാണ് ഖലാസി. എന്നാൽ മനുഷ്യകുലത്തിന്റെ മഹനീയ സംസ്കാരത്തിന്റെ സൂചികയാണ് ഖലാസി എന്ന പേര്. ഐക്യമെന്ന മൂലവാക്യമാണ് കലാസിയുടെ സാരം. സത്യത്തിൽ ഈ വാക്കിന്റെ മുന്നവകാശികൾ ഒരു പക്ഷേ കൊച്ചുറുമ്പുകൾ ആവും. സ്വന്തം ശരീരത്തിന്റെ നൂറിരട്ടി ഭാരം ഉറുമ്പുകൾ താങ്ങുന്നു. അത്യത്ഭുതകരമായ ഈ പ്രക്രിയയുടെ പ്രചോദന കലയാണ് ഖലാസി എന്നും പറയാം.
ചേലേംബ്രയിലെ പരേതനായ മുസ്തഫ ഹാജിയുടെ മാപ്പിള ഖലാസി കഥ പറയുമ്പോൾ എന്ന പുസ്തകമാണ് ഓരോ ഖലാസിയുടെയും ജീവിതം മഹനീയവും സംഭവബഹുലവുമാണെന്ന് എന്നെ ഓർമ്മിച്ചത്.
രചനാപരമായി പരസ്പര ബന്ധമില്ലെങ്കിൽ പോലും രണ്ടു പേരും ഖലാസികൾ ആയിരുന്നതു കൊണ്ടാവണം ഓർമകളുടെ അനുസ്യൂതമായ തുടർച്ച പോലെയാണ് ചാലിയാർ രഘുവിന്റെ മലബാർ കലാസി എന്ന തിരക്കഥാ പുസ്തകവും. അത്യാധുനിക യന്ത്രസാമഗ്രികളുടെ ഈ കാലത്ത് ഖലാസി ജോലികൾക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്നു തോന്നുകയല്ല. മറിച്ച് പ്രസക്തിയുടെ സ്വഭാവം മാറിയെന്നു മാത്രം. ഫിസിക്സ് എന്ന അടിസ്ഥാന ശാസ്ത്രം നിലനിൽക്കുന്നിടത്തോളം ഖലാസിപ്പണിക്കും പ്രസക്തിയുണ്ട്. ആയതു കൊണ്ടു തന്നെ ചരിത്രപരമായ അടയാളപ്പെടുത്തലുകൾ കലാകാരന്റെ കർത്തവ്യമാകുന്നു. അത് ദൃശ്യമാധ്യമത്തിലൂടെ ആവുമ്പോൾ സ്വാധീനം പല മടങ്ങാകുന്നു. ത്രസിപ്പിക്കുന്ന വികാസ മുഹൂർത്തങ്ങൾ കൊണ്ട് ചാലിയാർ രഘുവിന്റെ തിരക്കഥ. ഒരു വലിയ ക്യാൻവാസിലൂടെ കടന്നു പോകുന്ന ഈ തിരക്കഥയുടെ ആദി മധ്യാന്തം ഒറ്റ ഇരുപ്പിന് വായിച്ചു പോകുവാൻ തക്ക വിധം സ്തോഭജനകവും വികാര സാന്ദ്രവുമാണ്. രഘുവിന് മുൻകൂർ അഭിനന്ദനങ്ങൾ. ഖലാസി വെറുമൊരു വാക്കല്ല എന്ന സത്യം വീണ്ടും ഓർമ്മിപ്പിച്ചതിന്. ഒപ്പം മലയാളികൾ ഏറ്റെടുക്കാൻ പോകുന്ന ഒരു നല്ല സിനിമയുടെ തിരക്കഥാ രചയിതാവ് എന്ന നിലയ്ക്കും.
വിനീഷ് മില്ലേനിയം
Reviews
There are no reviews yet.