HomeTHE ARTERIASEQUEL 31ഒരു കണിക്കൊന്നയുടെ ആത്മഹത്യ

ഒരു കണിക്കൊന്നയുടെ ആത്മഹത്യ

Published on

spot_imgspot_img

കഥ
പ്രിൻസ് പാങ്ങാടൻ

താഴെ ഗ്രൗണ്ടിൽ നിന്ന കണിക്കൊന്ന ഉണങ്ങി. ഗ്രൗണ്ടിലെന്ന് ആലങ്കാരികമായി പറഞ്ഞതാണ്.ശരിക്കും ഗ്രൗണ്ടിലല്ല.ഗ്രൗണ്ടിന്‍റെ ഒരു വശത്ത് ആലും പുളിയും വേങ്ങമരവും ഒക്കെ നിൽക്കുന്നതിന് സമീപത്ത് തന്നെയായിരുന്നു കണിക്കൊന്നയും നിന്നത്.ഓരോ വിഷുക്കാലത്തും നിറയെ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്ന ഫ്ലാറ്റിലെ മുറിക്കുള്ളിലിരുന്നാൽ കാണാമായിരുന്നു.ആ കൊന്നയാണ് ഉണങ്ങി താഴെ വീഴാറായി നിൽക്കുന്നത്.ലോകത്താദ്യമായി ഫാൻസ് അസോസിയേഷനും എഫ്.ബി പേജും ,’നമ്മുടെ കണിക്കൊന്ന’ എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുമുള്ള കൊന്നമരമാണ് ഉണങ്ങിയത്.
ചുറ്റ്കെട്ടി സംരക്ഷിച്ചിരുന്ന മരമാണ്.അടുത്തെങ്ങും നിൽക്കുന്ന ഒരു മരത്തിനും വാട്ടം പോലും ഇല്ല.എന്നിട്ടും കണിക്കൊന്ന മാത്രം എങ്ങനെ ഇങ്ങനെ ഉണങ്ങിപ്പോയെന്ന് അതിശയിക്കാത്തവരായ ആ കോളനിയിൽ ആരും തന്നെയില്ല.കൊന്ന നിറയെ പൂത്തു നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു ചേലായിരുന്നു.ഒരൊറ്റ എത്തിലെ പൂ മതിയായിരുന്നു കണിവെക്കാൻ.അത്രക്കും പൂവുണ്ടായിരുന്നു.കൊന്ന പൂത്തു തുടങ്ങിയതിൽ പിന്നെ കോളനിയിലെ ആരും കണിവെക്കാൻ പുറത്ത് നിന്ന് പൂവ് വാങ്ങിയിട്ടില്ല.എല്ലാ വീട്ടിലേക്കുമുള്ള പൂവ് ആ കൊന്നമരം തന്നെ തന്നിരുന്നു.ഏഴെട്ട് വർഷമായി.
ആദ്യം ഇലകൾ പാടെ കൊഴിഞ്ഞു.പിന്നെ തുഞ്ചത്ത് നിന്ന് ചില്ലകളിൽ വാട്ടം പിടിച്ചു.അതിനിടെ കൊള്ളാവുന്നൊരു കൊമ്പ് കൊ്ന മരത്തിന്‍റെ തടിയോട് ചേർന്ന് തന്നെ ഉണങ്ങി.ഏതോ കാറ്റിൽ അത് പൊട്ടിഞാന്ന് താഴേക്ക് കിടന്നു.എന്നിട്ടും കൊന്നമരം വെട്ടിമാറ്റണമെന്ന് ആരും അസോസിയേഷനോട് ആവശ്യപ്പെട്ടില്ല.അത്രയ്ക്കും പ്രിയപ്പെട്ടതായിരുന്നു ആ കൊന്നമരം എല്ലാവർക്കും.കൊന്നമരത്തിന്‍റെ കവട്ടയിൽ കൂടുകൂട്ടിയിരുന്ന കിർങ്ങണത്തികൾ തൊട്ടടുത്ത്തന്നെയുള്ള എന്‍റെ കാർഷെഡ്ഡിന്‍റെ മേൽക്കൂരയോട് ചേർന്ന് മഴവെള്ളം താഴെപ്പോകാൻ വെച്ചിരുന്ന പിവിസി പൈപ്പിനുള്ളിലേക്ക് മാറിത്താമസിച്ചു.മഴക്കാലം അല്ലാത്തതിനാൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാൻ ആ പിവിസി പൈപ്പ് കിർങ്ങണത്തികൾക്ക് നല്ല ഓപ്ഷൻ തന്നെയായിരുന്നു.അക്കാര്യത്തിൽ കോളനിയിലെ മറ്റ് പക്ഷി നിരീക്ഷകരെപ്പോലെ എനിക്കും സംശയമി.പുതിയ കാലത്തിനും പരിസരത്തെ മാറ്റങ്ങൾക്കും ഒപ്പം കിളികളും മാറുന്നു.അത് പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യംകൂടി ഓർമ്മയിൽ വന്നത്.സ്ട്രീറ്റ് ലൈറ്റുകളുടെ തൂണിന്‍റെ മുകളിലാണ് ഇപ്പോൾ കൂടുതലും കിളികൾ കൂടുകൂട്ടുന്നത്.ശ്രദ്ധിച്ചിട്ടില്ലേ.സോളാർ പാനലുകൾക്ക് താഴെ ആ പാനലുകൾ ഉറപ്പിച്ചിരിക്കുന്ന കമ്പികൾക്ക് ഇടയിൽ കൂടുകൂട്ടും.പഴയ പോലെ ചകിരിനാരും വാഴനാരും ഒന്നും കിട്ടാനില്ലാത്തതുകൊണ്ടാകാം അവരുടെ കൂടുകൂട്ടലിനും മാറ്റം വന്നിട്ടുണ്ട്.നൂൽക്കമ്പിയും വയറിംങ് കേബിളും ഒക്കെയാണ് കിളിക്കൂടുകളുടെ ഇപ്പോഴത്തെ അസംസ്കൃത വസ്തുക്കൾ.എല്ലാം മാറ്റങ്ങൾക്കും വികസനത്തിനും വിധേയമാകുന്ന ഭൂമിയിൽ കിളികൾ മാത്രമായിട്ട് എന്തിനാണ് മാറാതെയിരിക്കുന്നത്.കൂടുകൾക്ക് കൂടുതൽ ഉറപ്പും കിളികൾ പ്രതീക്ഷിക്കുന്നുണ്ടാകും.ഇപ്പോഴും അപവാദം കുയിലും പ്രാവും മാത്രമാണ്.പ്രാവുകൾ ഫ്ലാറ്റുകളുടെ ഓപ്പൺ ഏരിയകളിലും പാരപ്പെറ്റിന് മുകളിലുമൊക്കെ കൂടുകൂട്ടി.പൂട്ടിയിട്ടിരിക്കുന്ന ഫ്ലാറ്റുകളുടെ ബാൽക്കണിയും പ്രാവുകൾ പ്രയോജനപ്പെടുത്തി.കുയിലുകൾക്ക് പിന്നെ അതൊന്നും പ്രശ്നമേയല്ലല്ലോ.അവർ ഇപ്പോഴും കാക്കകളുടെ കൂട് തേടി നടന്നു.അതിപ്പോ കമ്പികൊണ്ട് കെട്ടിയതായാൽ അവർക്കെന്ത് അല്ലെങ്കിലെന്ത്.
പറഞ്ഞ് പറഞ്ഞ് കാടുകയറിപ്പോയി.കിർങ്ങണത്തികളെപ്പറ്റി ഓർത്തപ്പോൾ പറഞ്ഞു പോയതാണ് ഇത്തിരി കിളിപുരാണം.പ്രശ്നം ഇപ്പോഴും ഉണങ്ങിപ്പോയ കണിക്കൊന്ന തന്നെയാണ്.
ഏതാണ്ട് 150 വർഷമാണ് ഒരു കണിക്കൊന്നയുടെ ശരാശരി ആയുസ്.എന്നിട്ടും ഈ ചെറുപ്രായത്തിൽ കണിക്കൊന്ന എങ്ങനെയാണ് ഉണങ്ങിപ്പോയത്.കോളനിയിലെ സസ്യ,വൃക്ഷ ശാസ്ത്രജ്ഞരും പരിസ്ഥിതി സ്നേഹികളും എന്തിന് വനംവകുപ്പിൽ ജോലിചെയ്യുന്ന ചേച്ചിപോലും വേവലാതിപ്പെട്ടു.പക്ഷേ കണിക്കൊന്ന നാൾക്കുനാൾ ഉണങ്ങിയുണങ്ങി കരിഞ്ഞു.
കൊന്ന ഉണങ്ങിത്തുടങ്ങിയതിന് ഒപ്പം തന്നെയാണ് ഇത്തിരി അപ്പുറത്തേക്ക് മാറി റോഡിനപ്പുറത്ത് നിന്ന വേപ്പും ഇലയെല്ലാം കൊഴിച്ച് ഉണങ്ങി നിന്നത്.പക്ഷേ അടുത്ത മഴയിൽ വേപ്പ് പിന്നെയും മുളപൊട്ടി തഴച്ചു തുടങ്ങി.കണിക്കൊന്നയ്ക്ക് മുളപൊട്ടുന്നുണ്ടോ എന്ന എന്‍റെ അന്വേഷണം വെറുതെയായി.നാൾക്കുനാൾ കൊന്ന ജീവൻ നഷ്ടപ്പെട്ട് താഴെ വീഴാൻ കാത്തു നിന്നു.പറ്റിയ സാഹചര്യം ഒത്തുവന്നാൽ അപ്പോൾ നിലംപതിച്ച് വിശ്രമിക്കാമെന്ന നിലയിലായി കണിക്കൊന്നയുടെ കാര്യങ്ങൾ.

prince
ചിത്രീകരണം : സുബേഷ് പത്മനാഭൻ

കോളനിയിൽ നാലാള് കൂടുന്നിടത്തൊക്കെ കണിക്കൊന്ന ഉണങ്ങിയതായി ചർച്ച.മഴക്കാലത്തും കൊന്ന രക്ഷപ്പെടാതെ ആയതോടെയാണ് ചർച്ച ചൂടുപിടിച്ചത്.അസോസിയേഷൻ ഓഫീസിലിരുന്ന് പ്രസിഡന്‍റും സെക്രട്ടറിയും കൊന്നമരത്തെ നോക്കി നെടുവീർപ്പിട്ടു.ഇതിനി വെട്ടിമാറ്റാൻ എത്രരൂപ ചെലവാകുമെന്നും അതിനിനി എന്തൊക്കെ തയ്യാറെടുപ്പുകൾ ഒരുക്കണമെന്നുമായിരുന്നു അവരുടെ ആലോചന.തടിയ്ക്ക് അധികം കനം വെക്കാത്തോണ്ട് വിറകിന് പോലും ആരും വാങ്ങിക്കൊണ്ട് പോകില്ല.വെട്ടുകാരന് അങ്ങോട്ട് പൈസ കൊടുത്ത് കൊന്ന മുറിച്ച് നീക്കേണ്ട അവസ്ഥയാണ്.ഫലത്തിൽ അസോസിയേഷന് നഷ്ടം തന്നെയാണ് വരാൻ പോകുന്നത്.എന്നാലും ചെയ്തല്ലേ പറ്റൂ.കൊന്നമരം മറിഞ്ഞ് ആരുടെയെങ്കിലും കാർഷെഡ്ഡിന് മുകളിലേക്കോ ഊഞ്ഞാലാടിക്കളിക്കുന്ന കുട്ടികളുടെ മേലെയോ വീണാൻ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.ആദ്യത്തേതാണെങ്കിൽ പരിഹാരം കാണാം.രണ്ടാമത്തെതാണ് സംഭവിക്കുന്നതെങ്കിൽ, അയ്യോ…അത് ആലോചിക്കാൻ പോലും ആകുന്നതല്ല.അസോസിയേഷൻ പ്രസിഡന്‍റിനെ നോക്കി സെക്രട്ടറി നെടുവീർപ്പിട്ടു.
വെട്ടണം, വെട്ടണം, വെട്ടി മാറ്റിയേ പറ്റൂ..സെക്രട്ടറി പ്രസിഡന്‍റിനോടായി പറഞ്ഞു.
എന്നാൽ വെട്ടുകാരനെ കണ്ടുപിടിച്ച് കൊണ്ടുവന്ന് വെട്ടക്കൊണ്ട് പോകാൻ പറയൂ, കെയർ ടേക്കറെ നോക്കി പ്രസിഡന്‍റ് പറഞ്ഞു.
അതൊന്ന് കേൾക്കാനിരുന്ന പോലെ അയാൾ അപ്പോൾ തന്നെ ഫോണെടുത്ത് കുത്തി മരം വെട്ടുകാരെ വിളിക്കാൻ തുടങ്ങി.ഓഫീസിന് പുറത്തിറങ്ങി മൂന്നാല് ചാല് അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഇടയ്ക്കിടെ ഷർട്ടിന്‍റെ കോളർ പിന്നിലേക്ക് പൊക്കിയിട്ടു കെയർടേക്കർ.
ചുമ്മാ കൊടുക്കാമെന്ന് പറഞ്ഞാപ്പോലും ആരും വരുമെന്ന് കരുതുന്നില്ല സാറെ, മൂന്ന് പേരുടെ മെനക്കേടുണ്ടെന്നാ അവന്മാര് പറയുന്നത്.ഹോട്ടലുകാർക്കൊന്നും ഇപ്പം പണ്ടത്തെപ്പോലെ വിറകും വേണ്ടാ.എല്ലാരും ഗ്യസിലല്ലിയോ എല്ലാം ചെയ്യുന്നേ.പിന്നെ ചെറിയ കടക്കാര് വല്ലോം വാങ്ങിയാലായി.അതുകൊണ്ട് പൈസയ്ക്ക് എടുക്കാൻ ആരും വരില്ല…കെയർടേക്കർ പറഞ്ഞു നിർത്തി
എന്നാപ്പിന്നെ ആരോടേലും വന്ന് വെട്ടിക്കോണ്ട് പോകാൻ പറ..മുറിക്കുന്നേന് വല്ല ആയിരം രൂപേം കൊടുക്കാം…
ആയിരത്തഞ്ഞൂറേലും കൊടുക്കേണ്ടി വരും കേട്ടോ സാറെ…ആളുക്ക് അഞ്ഞൂറ് വെച്ചെങ്കിലും കിട്ടാതെ അവന്മാര് വരത്തില്ല.ആയിരത്തൂറേലും കൊടുക്കാമേൽ ആളൊണ്ട്…
ആ…വിളി ..അഞ്ഞൂറ് രൂപേടെ കാര്യമല്ലേ ഒള്ളൂ.വെട്ടിക്കോണ്ട് പോകാൻ പറ.സെക്രട്ടറി പ്രസിഡന്‍റിനെ നോക്കിയിട്ട് പറഞ്ഞു നിർത്തി.അതോടെ ആ ച‍ർച്ച അവസാനിപ്പിട്ട് സംഘം പിരിഞ്ഞു.
എന്നാലും കൊന്നയെങ്ങനെ ഉണങ്ങി.അതൊരു ഉത്തരമില്ലാത്ത ചോദ്യമായി കിടന്നു.
വനംവകുപ്പ് ജീവനക്കാരിയായി ചേച്ചിയുടെ സ്വാധീനത്തിൽ സ്ഥലത്ത് ഉദ്യോഗസ്ഥരെത്തി.കൊന്നമരത്തെ വിശദമായി പരിശോധിച്ചു.
ഇതിപ്പോ പത്ത് വയസിൽ താഴേയുള്ളല്ലോ മരത്തിന്, സാധാരണ പത്ത് നൂറ്റമ്പത് വർഷം ആയുസുള്ള മരമാണ്.ഒരു കാരണവശാലും ഉണങ്ങേണ്ടതല്ല.ഇതാരോ ഉണക്കയതാണ്..വന്ന ഉദ്യോഗസ്ഥരിൽ ഒരാൾ പരിശോധനയ്ക്കും കൂടിയാലോചനകൾക്കും ശേഷം കൂടിനിന്നവരോടായി പ്രഖ്യാപിച്ചു.അതോടെ അവരുടെ ജോലി കഴിഞ്ഞു.എങ്ങാനും തനിയെ ഉണങ്ങിയതാണെന്ന് പറഞ്ഞുപോയാൽ പിന്നെ ഈ ചെറിയ പ്രായത്തിൽ എങ്ങനെ ഉണങ്ങിയെന്ന് കണ്ടേത്തേണ്ടി വരും.അതിന് വിശദമായ അന്വേഷണം നടത്തേണ്ടി വരും.ഇതാകുമ്പോ ഒറ്റവരിയിൽ പ്രശ്നം തീരും.
രാവിലെ മുതൽ ചുറ്റിലും നടന്നുള്ള അന്വേഷണത്തിലും പിറുപിറുക്കലുകളിലും ശേഷിക്കുന്ന ഇത്തിരി ബോധത്തിൽ മരം എല്ലാം കാണുന്നുണ്ടായിരുന്നു.കേൾക്കുന്നുണ്ടായിരുന്നു.അറിയുന്നുണ്ടായിരുന്നു.
വനംവകുപ്പുകാരുടെ അന്വേഷണത്തിലും മറുപടിയിലും തൃപ്തി വരാത്ത കോളനിയിലെ കണിക്കൊന്ന ഫാൻസ് അസോസിയേഷൻ എഫ്.ബി പേജിൽ വിവരം പോസ്റ്റ് ചെയ്യാൻ തീരുമാനിച്ച് അഡ്മിനെ ചുമതലപ്പെടുത്തി.അതനുസരിച്ച് പേജിൽ പോസ്റ്റ് വന്നു.
“നമ്മുടെ കണിക്കൊന്നമരം ഉണങ്ങി.കാരണമെന്തെന്ന് അറിയില്ല.എന്തായാലും അസോസിയേഷൻ മരം വെട്ടിമാറ്റാൻ തീരുമാിച്ചിട്ടുണ്ട്.പ്രിയപ്പെട്ട കൊന്നമരം ഉണങ്ങാൻ എന്താണ് കാരണമെന്ന് കണ്ടെത്താൻ ഈ പോസ്റ്റ് കാണുന്നവരിൽ ആരെങ്കിലും സഹായിച്ചാൽ അതൊരു ഉപകാരമായിരിക്കും.” കൂട്ടത്തിൽ ഒരൊറ്റ ഇലപോലും കാണാത്തവിധം കൊന്ന പൂത്തുലഞ്ഞ് നിൽക്കുന്ന ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേർത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഏതാണ്ട് ഒരു മണിക്കൂർകൊണ്ട് പത്തയ്യായിരം പേർ പോസ്റ്റ് കണ്ടു.പത്തു മൂവായിരം പേർ കമന്‍റും ചെയ്തു.
അയ്യോ….
സോ..സാഡ്
എന്തുപറ്റിയതാ…
കഷ്ടമായിപ്പോയല്ലോ..
രക്ഷപ്പെടുത്താനാവില്ലേ കമന്‍റുകളായിരുന്നു അധികവും..
എഫ്ബി പോസ്റ്റ് കൊണ്ടും രക്ഷയില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് ആ കമന്‍റ് വന്നത്.പീച്ചിയിൽ വനഗവേഷണ കേന്ദ്രത്തിൽ മുൻപെന്നോ ഇന്‍റേൺഷിപ്പ് ചെയ്തിരുന്ന ആളാണെന്ന് പ്രൊഫൈലിൽ എഴുതിയിരിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ആ കമന്‍റ് ഇട്ടത്.
‘വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്താണോ കൊന്നമരം നിൽക്കുന്നതെന്ന് പരിശോധിക്കുക.ഒരുപക്ഷേ വേര് ചീഞ്ഞതായിരിക്കും.കൂട്ടത്തിൽ അവിടുത്തെ മണ്ണും ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.’
വെള്ളം കെട്ടി നിൽക്കുന്നതാണോ എന്ന് ചോദിച്ചാൽ പാടം നികത്തിയ സ്ഥലത്താണ് മൊത്തം ഫ്ലാറ്റുകൾ നിൽക്കുന്നത്.സ്വാഭാവികമായും അടിയിൽ വെള്ളക്കെട്ടുണ്ടാകും.അപ്പോ കാരണം അതാകാം.അമിതമായ വെള്ളത്തിന്‍റെ സ്വാധീനത്താൽ വേര് ചീഞ്ഞ് കൊന്നമരം അകാലചരമം പ്രാപിച്ചതാകാം.എന്തായാലും മണ്ണ് കൂടി പരിശോധിക്കാൻ കൊന്നമരം ഫാൻസ് അസോസിയേഷൻ തീരുമാനിച്ചു.
മൂന്നാല് ദിവസത്തെ ശ്രമത്തിനൊടുവിലാണ് കെയർടേക്കർക്ക് മരംവെട്ടുകാരെ കിട്ടിയത്.അവരിന്ന് കണിക്കൊന്ന വെട്ടാൻ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.രാവിലെ മുതൽ വെട്ടുകാരേം കാത്തിരിക്കുകയാണ് കെയർടേക്കർ.പത്ത് പതിനൊന്ന് മണിയായപ്പോൾ രണ്ട് ബൈക്കുകളിലായി മരംവെട്ടുകാരെത്തി.കെയർടേക്കർ ചത്തുനിൽക്കുന്ന കണിക്കൊന്ന മരം വെട്ടുകാർക്ക് കാട്ടിക്കൊടുത്തു.കൊന്നയ്ക്ക് താഴെ ഫാൻസ് അസോസിയേഷൻകാർ കൂടി നിന്നിരുന്നു.
ഷെഡ്ഡിന് മുകളിൽ വീഴാതെ വെട്ടണം.ഇല്ലേൽ ഇനീ അത് ശരിയാക്കാനും കൂടി പണം കണ്ടെത്തേണ്ടി വരും.നോക്കീം കണ്ടും വെട്ടണം…കെയർ ടേക്കർ വെട്ടുകാരോടായി പറഞ്ഞു.
തോളിൽ കിടന്ന ബാഗിൽ നിന്ന് എന്തൊക്കെയോ പൂജാ വസ്തുക്കൾ എടുത്ത് ഒരു വെട്ടുകാരൻ പുറത്തുവച്ചു.മറ്റൊരാൾ അടുത്ത പറമ്പിൽ നിന്ന വാഴക്കയ്യിൽ നിന്ന് ഇത്തിരി വാഴയില കൊച്ചുപിച്ചാത്തിക്ക് മുറിച്ച് കൊണ്ടുവന്നു.അരലിറ്ററിന്‍റെ സോഡാക്കുപ്പിയിൽ പൈപ്പിൽ നിന്ന് വെള്ളമെടുത്ത് മൂന്നാമത്തെ മരം വെട്ടുകാരനും വന്നു.അവർ കൊണ്ടുവന്ന മഴുവും വടവും കയറും, വെട്ടുകത്തിയും കൊന്നമരത്തിന്‍റെ ചുറ്റുകെട്ടിയതിൽ ചാരിവെച്ചിരുന്നു.
കൂട്ടത്തിൽ പ്രായം ചെന്ന വെട്ടുകാരൻ വാഴയിലയിൽ പൂജാവസ്തുക്കളും ബാഗിൽ നിന്ന് ചെരാതെടുത്ത അതിൽ എണ്ണയൊഴിച്ച് ഒരു തിരിയിട്ട് കത്തിച്ചതും മരത്തിന് ചുവട്ടിൽ വെച്ചു.പിന്നെ എന്തൊക്കെയോ പിറുപിറുത്തു.അതെന്താണെന്ന് കൂടി നിന്നവർക്കൊന്നും മനസിലായില്ല.
അവിടെ നിന്ന് മുറിച്ച് മാറ്റാൻ മരത്തോട് അയാൾ അനുവാദം ചോദിച്ചതാണ്.
മരം വെട്ടിത്തുടങ്ങും മുൻപേ മണ്ണ് പരിശോധിച്ചതിന്‍റെ ഫലവും വന്നു.മണ്ണിന് കാര്യമായ കുഴപ്പമില്ല.
അപ്പോൾ മണ്ണിന്‍റെ കുഴപ്പമല്ല.വേര് ചീഞ്ഞതാകാനാണ് സാധ്യത.അങ്ങനെയാണെങ്കിൽ തൊട്ടുടുത്ത് തന്നെ നിൽക്കുന്ന ബദാംമരത്തിന്‍റെ വേര് എന്താണ് ചീയാത്തത്.കണിക്കൊന്നയേക്കാൾ കട്ടികുറഞ്ഞ മരമാണല്ലോ അത്.ഫാൻസുകാർ പിന്നെയും അസ്വസ്ഥരായി.
അടുത്ത നിന്ന കോളിമരത്തിന്‍റെ മുകളിലേക്ക് അണ്ണാൻ കയറി പോകും പോലെ മരംവെട്ടുകാരിൽ മെലിഞ്ഞയാൾ കയറിപ്പോയി.വടം കെട്ടിയുറപ്പിച്ച് താഴെയിറങ്ങി കണിക്കൊന്നയിലേക്ക് കയറി.ആദ്യം വെട്ടുന്ന ഭാഗത്തിന് മുകളിൽ വെച്ച് വടത്തിന്‍റെ ഇങ്ങേത്തലയ്ക്കൽ കെട്ടിയുറപ്പിച്ചു.താഴെ നിന്ന് മുറിച്ച് വിട്ടു.മരത്തിന്‍റെ തലപ്പ് വെച്ച് കോളിമരത്തിലേക്ക് ചാഞ്ഞ് ഞാന്ന് കിടന്നു.ഒന്നൊന്നര മണിക്കൂറിൽ പണിയും തീർത്ത് അവര് തന്നെ വിളിച്ച എയ്സിൽ മരവും കയറ്റി പറഞ്ഞുറപ്പിച്ച കാശും വാങ്ങി വെട്ടുകാർ കോളനിയിൽ നിന്ന് പോയി.
എയ്സ് കണ്ണിൽ നിന്ന് മറയും വരെ ഫാൻസുകാർ നോക്കി നിന്നു.പിന്നെ അവരും പിരിഞ്ഞു.
മരച്ചുവട്ടിൽ പൂജ ചെയ്ത, മുറിച്ച് മാറ്റാൻ മരത്തോട് അനുവാദം വാങ്ങിയ പ്രായം ചെന്നയാൾ മരക്കഷ്ണങ്ങൾക്കൊപ്പം പിന്നിലാണ് ഇരുന്നത്.
അയാളോടായി കൊന്നമരത്തിന്‍റെ തടി ഇങ്ങനെ പറഞ്ഞു.
മുറിച്ച് മാറ്റി രക്ഷപ്പെടുത്തിയതിന് നന്ദി.ആ ചുറ്റുകെട്ടിയതിന് ഉള്ളിൽ നിന്ന് വീർപ്പുമുട്ടിയിട്ട് ഞാൻ ആത്മഹത്യ ചെയ്താണ്.ചുറ്റുകെട്ടുമ്പോൾ മനുഷ്യരുടെ വിചാരം അവർ ഞങ്ങളെ സംരക്ഷക്കുകയാണെന്നാണ്.എന്നാൽ ആ കെട്ടിനുള്ളിൽ ഞെരിഞ്ഞും തിക്കിയും നിൽക്കുന്ന അവസ്ഥ ഞങ്ങൾക്കേ അറിയൂ.മനുഷ്യൻ സ്നേഹം ഭാവിച്ച് സ്വാർത്ഥത കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.പക്ഷേ വിശാലമായ ലോകമാണ് ഞങ്ങൾക്ക് നഷ്ടമാകുന്നത്…കൊന്നത്തടി ഒന്നു നിർത്തിയിട്ട് പിന്നെയും തുടർന്നു…ഞാൻ സ്വയം അവസാനിപ്പിച്ചില്ലായിരുന്നെങ്കിലും കൊല്ലപ്പെട്ടേനേ. അവിടെയൊരുത്തന്‍റെ വീടിന് തെക്ക് പടിഞ്ഞാറായിട്ടാണ് എന്‍റെ നിൽപ്പെന്നും പറഞ്ഞ് പ്‍രാകാത്ത ദിവസങ്ങളില്ലായിരുന്നു.മുളയ്ക്കുന്നിടത്ത് വളരുകയെന്നല്ലാതെ മാറി നിൽക്കാനൊന്നും ഞങ്ങൾക്കാവില്ലല്ലോ.എന്തായാലും അവിടെ നിന്ന് രക്ഷപ്പെടുത്തിയതിന് നന്ദി.ഞാൻ ആത്മഹത്യ ചെയ്തതാണെന്ന് ആരോടും പറയല്ലേ.

പ്രിൻസ് പാങ്ങാടൻ,മാധ്യമ പ്രവർത്തകനാണ്. പത്തനംതിട്ട സ്വദേശി.ആനുകാലികങ്ങളിൽ കഥകളും നിരൂപണങ്ങളും എഴുതി വരുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

2 COMMENTS

 1. ഒരു കൊന്നമരത്തിൻ്റെ മരണം..
  ചരിത്രമാവുകയാണ്.
  വളരെ നിസാരമായി തോന്നാവുന്ന ഒരു സംഗതി.
  അതിൻ്റെ വ്യത്യസ്തമായ ആങ്കിളുകളിലൂടെ സഞ്ചരിച്ച് ജീവനുള്ളതാക്കി.
  സന്തോഷം
  ആശംസകൾ

 2. ലളിതമായ ഭാഷ കൊണ്ട് ക്ലിഷ്ടമായ ആശയം സംവേദനം ചെയ്യുന്ന കഥയെഴുത്ത് അത്ര എളുപ്പമല്ല. കഥയുടെ പേര് കണിക്കൊന്നയുടെ ആത്മഹത്യ എന്നു കേട്ടപ്പോൾ അല്പം അതിശയമാണ് തോന്നിയത്. മരത്തിൽ മനുഷ്യഭാവം ആരോപിക്കുന്നത് സ്വാഭാവികമല്ലല്ലോ! പക്ഷെ കവിതകളിൽ അത് സാധാരണമാണ്.വയലാറിൻ്റെ കവിതയിൽ (വൃക്ഷം ) മരമാണ് ജീവിതം പറയുന്നത്. ” ഒന്നു മാത്രമുണ്ടോർമ്മ ,പണ്ടേതോ ജലാർദ്രമാം മണ്ണിൻ്റെ തരുനാഭിച്ചുഴിയിൽ കിളിർത്തു ഞാൻ —– ” . കഥകളിലെ പ്രകൃതിയിലേക്ക് മനുഷ്യഭാവം പകരുന്ന ഹൃദ്യമായ ഒരു കാഴ്ച തന്നെയാണ് ഈ കഥ ആവിഷ്കരിക്കുന്നത്. വായിച്ചുതീരുമ്പോഴേക്ക് കൊന്നമരം നമ്മോടൊപ്പം ജീവിച്ച ഒരാളായി മാറുന്നു. മനുഷ്യന് മാത്രമുള്ള അവസ്ഥയാണ് ഒറ്റപ്പെടൽ എന്ന് നാം ചിന്തിച്ചവസാനിപ്പിക്കുന്നിടത്താണ് സാമൂഹ്യജീവിതത്തിൻ്റെ പ്രകൃതിപാഠം ആരംഭിക്കുന്നത്. ഭയവും സന്തോഷവും വേദനയും പരസ്പരം കൈമാറുന്ന സസ്യങ്ങളെക്കുറിച്ച് ശാസ്ത്രം തിരിച്ചറിഞ്ഞ് ബോധ്യപ്പെട്ട കാലമാണ് ഇത്. മരം മുറിക്കൽ മാത്രമാണ് മരങ്ങൾ നേരിടുന്ന പ്രശ്നം എന്ന മിഥ്യാബോധം ഈ കഥയിലൂടെ മാറ്റി വായിക്കപ്പെടട്ടെ!. ചുറ്റും അളന്ന് തിരിച്ച് സിമൻ്റ് കെട്ടി ഒതുക്കിയ നിൽപ്പിടങ്ങളിൽ മരങ്ങളെ കൂച്ചുവിലങ്ങിട്ട് നിർത്താനുള്ള പ്രവണത ശമിക്കാൻ ഈ കഥ ഒരു പ്രചോദനമാകും. അല്ലാത്തിടങ്ങളിൽ വേരുകൾ ഞെരിഞ്ഞമർന്ന് , ആത്മഹത്യാ മുനമ്പിലെ വേപഥുപൂണ്ടമരങ്ങളെ മരണത്തിന് ദാക്ഷിണ്യമില്ലാതെ വിട്ടുകൊടുക്കേണ്ടി വരുമെന്ന് പ്രിൻസ് ഓർമ്മപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...