പ്രപഞ്ചകം

0
307
athmaonline-prapanchakam-divakaran-vishnumangalam-thumbnail

ദിവാകരൻ വിഷ്ണുമംഗലം

സത്യത്തിൻ പ്രഭയൊന്നാലേ
ലോകം വാഴുന്നു, നിത്യവും
നിസ്തുലം നിൻ കരസ്പർശം
വീണമീട്ടുന്നു ജീവനിൽ

നിന്നിലേ സാദ്ധ്യമാകുന്നെൻ
ഹൃദയാകാശദർശനം
കണ്ണുനീർത്തുള്ളിയിൽ വാനിൻ
വർണ്ണരാജിത്തിളക്കവും

സ്വപ്‌നത്തിൻ സ്മരണയ്ക്കുള്ളിൽ
വിളങ്ങും താരകാവലി
ഹൃത്തിനാഹ്ലാദമേകാനായ്
നിവർത്തുന്നു നിശാമുഖം

അനാദികാലദൂരത്തിൽ
നിന്നുമെത്തുന്ന ദീപ്തമാം
അറിയാത്ത മഹാകാശ-
കേന്ദ്രത്തിൽ കാന്തശക്തി നീ

പ്രപഞ്ചത്തിൻ രഹസ്യങ്ങൾ
അറിയാനാർക്കു സാദ്ധ്യമാം?
അതിന്നു മുന്നിലീ നമ്മൾ
അണുവിൻമാത്ര മാത്രമാം

ഇരുൾ തിങ്ങുന്ന രാവിന്നു
വെളിച്ചം തൂകുവാനിതാ
മലതാണ്ടി വരുന്നെന്നും
മഹാജ്യോതി പ്രതാപവാൻ

ജ്ഞാനദീപം കൊളുത്തുന്നു
കാവ്യമായ് അക്ഷരങ്ങളിൽ
തൂവെളിച്ചം വീശിടുന്നൂ
ജീവിതത്തിൻ പഥങ്ങളിൽ

ആനന്ദത്തിന്റെ തേനുണ്ണാൻ
നിമിഷങ്ങൾ വിടർത്തുമാ
ചാരുചിത്രപതംഗങ്ങൾ
ലോകമാം വനികയ്ക്കകം

പകർത്തുന്നൂ സർവ്വമേക
സ്വരൂപത്തിന്റെ മാത്രയെ-
ന്നിറവായേക ചൈതന്യ-
മേതിലും വെളിവാക്കി നീ

കനിവായ് സ്നേഹമായെന്നിൻ
നിറയൂ കാവ്യഭാവനേ
കദനക്കടലിൽ നിന്നും
മുക്തി നിൻ സത്യദർശനം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here