പൂമരം: മികച്ച കലാ ‘ഡോക്യുമെന്‍ററി’യാണ്

0
1108

ബിലാല്‍ ശിബിലി

കലോത്സവങ്ങള്‍. അഞ്ച് വര്‍ഷത്തെ കലാലയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മകള്‍ സമ്മാനിച്ചത് അത് തന്നെയാണ്. കോളേജ് ഫൈന്‍ ആര്‍ട്സ് മുതല്‍ സോണല്‍, യൂണിവേര്‍സിറ്റി കലോത്സവങ്ങള്‍ വരെ. ആ ഓര്‍മകളിലേക്ക് ഒന്ന് പോവാന്‍ പറ്റി. ആ കുളിര്‍ ഒന്നുകൂടി അനുഭവിക്കാനായി. നമ്മള്‍ നടത്തിയ ഓട്ടപാച്ചലുകള്‍ അതുപോലെ തന്നെ കാണാനും പറ്റി. അതാണ്‌ പൂമരം നല്‍കിയത്. അതിനപ്പുറം മറ്റെന്തോ നല്‍കാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷെ…..


മഹാത്മാ സര്‍വകലാശാലാ കലോത്സവം. അഞ്ച് വര്‍ഷമായി കൈവശമുള്ള കിരീടം നിലനിര്‍ത്താനുള്ള സെന്റ്‌ ട്രീസ കോളേജിന്‍റെ പോരാട്ടം. ഭൂതകാല പ്രതാപത്തില്‍ ജീവിക്കുന്ന മഹാരാജാസ് കോളേജ്. കിരീടം തിരിച്ച് പിടിക്കാനുള്ള അവരുടെ ശ്രമം. ഇതാണ് പൂമരം.

കാളിദാസ് ജയറാമിന്‍റെ സിനിമ എന്നും പറഞ്ഞാണ് സിനിമക്ക് ഇത്ര പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. പോസ്റ്റ്റുകളില്‍ കാളിദാസിന്‍റെ ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, കാളിദാസ് സിനിമയിലെ നായകന്‍ ഒന്നുമല്ല. നായകനോ നായികയോ ഇല്ല ഇവിടെ.



കലാരൂപങ്ങള്‍, കവിത, സംഗീതം, പാട്ടുകള്‍ എന്നിവക്ക് തന്നെയാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ആ അര്‍ത്ഥത്തില്‍, ഒരു മികച്ച കലാ ഡോക്യുമെന്‍ററി ആയിട്ടുണ്ട്. സിനിമ ആയിട്ടുണ്ടോ എന്ന് സംശയവുമാണ്.


കലയുടെ പ്രാധാന്യവും അത് നമ്മളില്‍ ഇട്ടേച്ചു പോവുന്ന കുളിരിനെ കുറിച്ചും, ഇന്നത്തെ കാലത്ത് കല കേവലം മത്സരങ്ങള്‍ക്ക് വേണ്ടി മാത്രം ആയിപ്പോവുന്നത്തിന്‍റെ പ്രശ്നങ്ങളും ഒക്കെയാണ് സിനിമ പറഞ്ഞത്. ഓരോ ഇനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. തങ്ങള്‍ അവതരിപ്പിക്കുന്ന ഓരോ കലാരൂപങ്ങള്‍ക്ക് പിന്നിലുമുള്ള അര്‍ത്ഥങ്ങളെ ഉള്‍കൊള്ളാന്‍ കഴിയാത്ത പുതു തലമുറയോടാണ് സിനിമ സംവദിക്കാന്‍ ശ്രമിക്കുന്നതും.

സര്‍ക്കാര്‍ കോളേജും ഐയിഡഡ് കോളേജും തമ്മിലുള്ള അന്തരങ്ങള്‍ ഭംഗിയായി കാണിച്ചിട്ടുണ്ട്. ഒരുവേള അതാണോ സിനിമയുടെ പ്രമേയം എന്നും തോന്നി പോവുന്നുണ്ട്. സര്‍ക്കാര്‍ കോളേജിലെ ഫണ്ട് ക്ഷാമവും തട്ടുകടയിലെ ഭക്ഷണവും അപ്പുറത്തെ ഐയിഡഡ് കോളേജിലെ കുട്ടികളുടെ ഇംഗ്ലീഷില്‍ മാത്രമുള്ള സംസാരങ്ങളും ഒക്കെ അതാണ്‌ കാട്ടിതരുന്നത്.

മഹാരാജാസ് കോളേജിലെ ചെയര്‍മാന്‍ ആണ് കാളിദാസ്. താന്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത തന്‍റെ കോളേജിലെ കുട്ടികള്‍ തല്ല് ഉണ്ടാക്കുന്നതും, അപ്പുറം സെന്റ്‌ ട്രീസയുടെ ചെയര്‍പെര്‍സണ്‍ ഐറിന്‍ തന്‍റെ വിദ്യാര്‍ത്ഥികളെ ഓരോ വീഴ്ചയിലും പ്രചോദനം നല്‍കി പിടിച്ചു എഴുനേല്‍പ്പിക്കുന്നതും കാണിക്കുമ്പോള്‍, അവളാണ് സിനിമയിലെ നായിക എന്ന് തോന്നിപ്പിക്കുന്നുണ്ട്.

നെരൂദ മുതല്‍ ചുള്ളിക്കാടിന്‍റെ വരെ വരികള്‍. ഗോപി സുന്ദറിന്‍റെ സംഗീതവും ഫീല്‍ നല്‍ക്കുന്നത്. പക്ഷെ, അത് മാത്രമായാല്‍ എന്താവും പ്രശ്നം. അതാണ്‌ പൂമരത്തിന്റെയും പ്രശ്നം.

വിഷ്വല്‍സ് മനോഹരം ആയിട്ടുണ്ട്. പക്ഷെ, ഒരേ വിഷ്വല്‍സ് തന്നെ ആവര്‍ത്തിക്കപെടുന്നുണ്ട്. അതുപോലെ ഓരോ മത്സര ഇനങ്ങളും മുഴുവനായി കാണിക്കുന്നുണ്ട്. റിഹേര്‍സലും അവതരണവും ശേഷം വിധികര്‍ത്താക്കളുടെ പ്രകടനവും ഒക്കെയുണ്ട്.

സിനിമക്ക് കഥയില്ല. തിരക്കഥ എഴുതാന്‍ നന്നായി ബുദ്ധിമുട്ടിയിട്ടും ഉണ്ടാവും. അല്ലെങ്കിലും, സിനിമക്ക് പിന്നില്‍ നന്നായി പണി എടുത്തിട്ടിട്ടുണ്ട്, എബ്രിഡ് ഷൈനും കൂട്ടരും. പിന്നില്‍ ഒരുപാട് കലാകാരന്‍മാര്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. കലാരൂപങ്ങളുടെ തനിമ ചോരാതെ തന്നെ ഓരോന്നും കാണിച്ചിട്ടുണ്ട്. ആവര്‍ത്തിക്കുന്നു, പൂമരം ഒരു മികച്ച കലാ ഡോക്യുമെന്‍ററിയാണ്. അതിലെ സിനിമ എത്രത്തോളം ഉണ്ട് എന്നത് ഒന്നുകൂടി ചിന്തിക്കേണ്ടയിരിക്കുന്നു.

താന്‍ ഉള്ള രംഗങ്ങള്‍ കാളിദാസ് നന്നായി ചെയ്തിട്ടുണ്ട്. സംഭാഷണങ്ങള്‍ നന്നേ കുറവ്. മികച്ച കഥാപാത്രങ്ങള്‍ കിട്ടിയാല്‍ കാളിദാസ് ഭംഗിയാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളിലെ ട്രാന്‍സ്ജെണ്ടര്‍ സ്വഭാവം തിയറ്ററില്‍ ചിരിയാണ് പടര്‍ത്തുന്നത്. അവര്‍ അങ്ങനെയാണ് എന്നുള്ള മുന്‍ധാരണ അച്ചുകളാണ് കാരണം. അല്ലെങ്കിലും, ‘ആക്ഷന്‍ ഹീറോ ബിജു’വില്‍ നമ്മള്‍ കണ്ടതാണല്ലോ സംവിധായകന്‍റെ സ്ത്രീ വിരുദ്ധ മുന്‍ധാരണകള്‍.

സിനിമ തീരെ അബദ്ധമാണ് എന്നല്ല പറഞ്ഞു വന്നത്. നന്നായി തുടങ്ങി. നന്നായി അവസാനിപ്പിച്ചു. ഇടക്ക് വെച്ച് സിനിമ മെല്ലെ പോകുന്നു. സിനിമ അല്ലാതായി മാറുന്നു. കലാ ഇനങ്ങളുടെ അവതരണങ്ങളുടെ സമയം അല്‍പ്പം കുറച്ച്, ഇതിനിടയില്‍ ഒരു ‘കഥ’ കൂടി ഉണ്ടായിരുന്നെങ്കില്‍, എന്ന് ആശിച്ചു പോയി.

കലോത്സവ ദിനങ്ങളില്‍ ലീവ് എടുക്കുന്ന കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നു. കോളേജില്‍ അങ്ങനെയുള്ള വിദ്യാര്‍ഥികള്‍ തന്നെയാണ് പകുതിയും. നമ്മള്‍ അവതരിപ്പിക്കുന്നത് കാണാനോ നമ്മള്‍ സംഘടിപ്പിച്ച പരിപാടി അറിയാനോ ഭൂരിഭാഗും പേരും ഉണ്ടാവാറില്ല. അതിനൊക്കെ പിന്നില്‍ ഓടുന്ന ആ കാലത്ത് ഏറ്റവും സങ്കടപെടുത്തിയതും അത് തന്നെ. അങ്ങനെയുള്ള കുട്ടികള്‍ ക്ലാസും കട്ട് ചെയ്ത് പൂമരം കാണാന്‍ വന്നിട്ട് കാര്യമില്ല.

കലയും കവിതയും അത് നല്‍കിയ കുളിരും അനുഭവിച്ചവര്‍ക്ക് പൂമരം ഒരു അനുഭൂതി സമ്മാനിക്കുന്നുണ്ട് എന്ന് തീര്‍ച്ച. ഒരു കലാ യാത്രയാണ് പൂമരം. ഒരു വട്ടം കാണാവുന്നതുമാണ്.

നൂറോളം വിദ്യാര്‍ത്ഥികള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാരും പുതുമുഖങ്ങള്‍. നന്നായി തന്നെ എല്ലാരും ചെയ്തിട്ടുണ്ട്. ഒറ്റ സീനില്‍ സുഹൃത്ത് ജൈസല്‍ പരപ്പനങ്ങാടിയെ കണ്ടപ്പോള്‍ സന്തോഷമായി. പക്ഷെ,  അന്ധനായ അവന് അത് കാണാന്‍ പറ്റില്ലലോ എന്ന സങ്കടവും.

ചിരി പടര്‍ത്തുന്ന രംഗങ്ങള്‍ ആശ്വാസം നല്‍കി.

കാളിദാസ് ജയറാമിന് നല്ല കഥാപാത്രങ്ങള്‍ കിട്ടട്ടെ…
ആശംസകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here