നഗര മാനിഫെസ്റ്റോ

0
137

(കവിത)

അഗ്നി ആഷിക്

 

ഹഥീസ്

മിണ്ടാതെയിരിപ്പുകളുടെ മണിക്കൂർ തുടർച്ച
കൂൾബാറിൽ,തപാലാപ്പീസ് റോഡിൽ,
കിണർ ചുവരിൽ,തിയേറ്റർ കസേരയിൽ
നിശ്വാസത്തിന്റെ ഭാഷയിൽ കൊത്തിയ
നീണ്ട ഹഥീസുകൾ.
പായൽ മറച്ച അതിന്റെ അക്ഷരങ്ങൾ
പിറക്കാത്ത പ്രേമത്തിന്റെ ശ്രാദ്ധത്തിലും
നമ്മൾ മറക്കുന്നതേയില്ല.

മരിപ്പ്

പള്ളിമുറ്റം തിരിഞ്ഞ ഓരോ കബറ് വണ്ടിയും
നോക്കി നഗരം കണ്ണ് തുടയ്ക്കും.
പള്ളിവളവ് തിരിഞ്ഞ കബറിന്
ജീവൻ വയക്കും. നഗരം ചിരിയ്ക്കും.
മരിപ്പിന് പ്രാണൻ പൊന്തിയ
വൈകുന്നേരത്തെ മുഴുവനായ് പള്ളി തൊടിയിലടക്കും.
അവിടെയുണ്ട് മരിപ്പ് ചേർത്ത് കെട്ടി
നിങ്ങളെഴുതിയ പാട്ടുകൾ

പൊന്ത

വില്ലേജ് ഓഫീസിന്റെ മതിലോരം,
ഫിഷ് മാർക്കറ്റിലെ വേസ്റ്റ് ചാലറ്റം,
സ്‌റ്റേഷനാപ്പീസിന്റെ തുറവ്
മൂത്രപ്പുരയിലെ കെട്ടിപ്പിടിത്തത്തിൽ
കൂട്ടിമുട്ടാത്ത നെഞ്ചിടയിലെ താഴ്ച്ച;
അവിടെയൊക്കെയും തഴയ്ക്കുന്നുണ്ട്
കഴപ്പ് കേറിയ പുറമ്പുല്ല്, നഗരപൊന്ത.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

കാത്ത്നില്പ്പ്

കയറിയിറങ്ങിയൊഴുകുന്ന പുഴ
അതിന്റെ അണകെട്ടുന്നത്
നഗരത്തിലെ ബസ് സ്റ്റോപ്പിൽ.
കാത്തുനില്ക്കുന്നവർക്ക് നഗരം റിസർവ്
ചെയ്ത ഷെഡുകൾ.
കാത്ത് നില്ക്കുന്നവരെ മുറുകാതെ കെട്ടിയിടുന്നു.
വന്നിറങ്ങുന്നവരെ കഫെതുരുത്തുകളിലേക്ക്
ആട്ടിയോടിക്കുന്നു.
വാച്ചുനോക്കുന്ന കാത്തു നില്പ്പ്പുദ്വേഗങ്ങളെ പരിഭാഷപ്പെടുത്താതെ കോറിയിടുന്നു
നേരം തെറ്റിയ നഗരം.

മഴ

നഗരമറിയാതെ നഗരത്തിലനവധി മഴയവിഹിതങ്ങൾ.
ആധാരമെഴുത്താപ്പീസിന്റെ ഓട്ടിൽ നിന്ന്
മുറിയാതെമുറിയാതെ മുറിയാതെയൊറ്റലുകൾ.
ആശുപത്രി പാത്തിയിൽ ചാവാതെചാവാതെ ചാവാതെയൊഴുക്ക്.
സെമിത്തേരിയിലെ ഓർമ കുരിശിൽ
ചത്തു ചത്തു ചത്തുപോയവരുടെ
കൺതുള്ളി വീഴ്ച്ച.
നഗരം പിഴച്ചുണ്ടായ സ്ട്രീറ്റിൽ
വഴി വഴി വഴിയെന്നലയുന്ന കുടനടത്തങ്ങൾ.

പ്രാർത്ഥന

റെയിൽ തിണ്ണയിൽ, ചായകടയിൽ, കാരംസ് കൂടാരത്തിൽ
മറന്നുവച്ച കുടകൾ, ബാഗുകൾ, താക്കോലുകൾ.
എവിടെ എന്ന് വിളറി പിടിച്ചോടുന്ന
ഓട്ടോറിക്ഷചേരകൾ.
എത്ര കണ്ണ് തുറുപ്പിച്ചാലും
കിടൈയ്ക്കുന്നില്ല നഗരമൊളിപ്പിച്ച
മുദ്രാവാക്യങ്ങൾ, പ്രാർത്ഥനകൾ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here