അഭിഷേക് അനിൽകുമാർ
സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് അണിയിച്ചൊരുക്കിയ ഫാമിലി-ആക്ഷൻ- മാസ്സ് എന്റർറ്റൈനർ ആണ് പേട്ട. ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ സൺ പിക്ചേഴ്സ് കലാനിധിമാരൻ ആണ് പേട്ടയുടെ നിർമ്മാണം. കേരളത്തിൽ വിതരണാവകാശം നേടിയത് മാജിക് ഫ്രേയിംസ് ലിസ്റ്റിൻ സ്റ്റീഫനും, പൃഥ്വിരാജിന്റെ പുതിയതായി ആരംഭിച്ച പൃഥ്വിരാജ് പ്രൊഡക്ഷൻസും ആണ്. റാഗിങ്ങിനു പേരുകേട്ട ഒരു കോളേജ്, അവിടെ ഹോസ്റ്റൽ വാർഡൻ ആയി വരുന്ന കാളി എന്നയാൾ. റാഗിങ്ങൊക്കെ നിർത്തലാക്കി അദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ടവൻ ആകുന്നു. പക്ഷേ ചില സംഭവങ്ങൾ ഹോസ്റ്റലിൽ നടക്കുന്ന കാര്യങ്ങൾ കഥയെ മറ്റൊരു വഴിയിലേക്ക് മാറ്റുന്നു. ആരാണ് കാളി, എന്തായിരുന്നു അയാളുടെ ഉദ്ദേശം, എന്തിനായിരുന്നു അയാൾ ആ ഹോസ്റ്റലിലേക്ക് വന്നത് തുടങ്ങി ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം രണ്ടാം പകുതിയിൽ ഉണ്ട്.
സിനിമയിൽ രജനിയുടെ കൂടെ വൻ താര നിരതന്നെയുണ്ട്. വിജയ് സേതുപതി, നവാസുദ്ദിൻ സിദ്ദ്ഖി, ശശികുമാർ, ബോബി സിംഹ, ത്രിഷ,സിമ്രാൻ തുടങ്ങി ഒരുപാട് അഭിനേതാക്കൾ ഉണ്ട്. എല്ലാവരും അവരുടെ കഥാപാത്രം മികച്ചതാക്കി. പലപ്പോഴും ക്യാമറ ഓൺ ചെയ്ത് ഇവരെ അതിനു മുന്നിലേക്ക് അയച്ചത് പോലെ തോന്നി. അത്രയ്ക്കും നാച്യുറൽ ആയിരുന്നു അഭിനയം. രജനി- നവാസുദ്ദിൻ സിദ്ദിഖി ഇവരുടെ രണ്ട് കാലഘട്ടം കാണിക്കുന്നുണ്ട്. പഴയകാലത്തെ രജനിയുടെ എന്റ്രി തന്നെ മാസ്സ് ആണ്. നവാസുദ്ദിൻ സിദ്ദിഖി പഴയകാലഘട്ടം മികച്ചതാക്കി അദ്ദേഹത്തിന്റെ ബോഡിലാങ്ങ്വേജ്, നോട്ടം, തുടങ്ങി വളരെ ചെറിയ എക്സ്‌പ്രഷൻ പോലും നന്നായിട്ടുണ്ട്. അവസാനത്തെ ട്വിസ്റ്റും നന്നായിട്ടുണ്ട്.
മികച്ച ഒരു ടീമിനെതന്നെയാണ് കാർത്തിക് തന്റെ ഈ സിനിമയ്ക്കായി പിന്നണിയിൽ തയ്യാറാക്കി നിർത്തിയത് എന്ന് സിനിമ കണ്ടാൽ മനസിലാകും. സിനിമാറ്റോഗ്രാഫി നിർവ്വഹിച്ചത് എസ്. തിരുനവുക്കരസു. ഇദ്ദേഹത്തെ പ്രത്യേകിച്ച് എടുത്ത് പറയണം, കാരണം സിനിമാറ്റോഗ്രഫി അത്രയ്ക്കും മികച്ചതായിരുന്നു. ഒരു ഫ്രെയിം പോലും വെറുതെ ആയില്ലാ എന്ന് തോന്നും വിധം മികച്ച രീതിയിൽ അദ്ദേഹം അത് എടുത്തിട്ടുണ്ട്. സംഗീത സംവിധാനം അനിരുദ്ദ് രവിചന്ദ്രൻ. പ്രത്യേകിച്ചൊന്നും പറയാനില്ല നിങ്ങൾക്ക് തന്നെ യൂറ്റ്യൂബ് എടുത്ത് നോക്കിയാൽ മനസിലാകും പാട്ടുകളൊക്കെ ഹിറ്റ് ചാർട്ടിൽ ഒന്നാമതാണ്. ഫ്രെയിമുകൾക്ക് അനുയോജ്യമാംവിധം പശ്ചാത്തല സംഗീതം നിർവ്വഹിക്കാൻ അനിരുധിനുള്ള കഴിവ് വർണ്ണിക്കാവുന്നതിലും അപ്പുറത്താണ്. പല സിനിമകളിലായി നമ്മൾ അത് അനുഭവിച്ചവരാണ്. അദ്ദേഹം ചെയ്ത എല്ലാ ഗാനങ്ങളും ഹിറ്റ് ആണ്. എഡിറ്റിംഗ് വിവേക് ഹർഷൻ.
ചിലയിടത്ത് ചില ഷോട്ടുകൾക്ക് അനാവശ്യമായ നീളം കൂടുതലാണ്. അതൊഴിവാക്കമായിരുന്നു, അത്രമാത്രം. പക്ഷെ രജനിയുടെ സ്റ്റൈയിൽ, ആരാധകരുടെ മനസ് ഇതൊക്കെ അറിഞ്ഞ് എഡിറ്റ് ചെയ്തിട്ടുണ്ട് വിവേക്. നല്ല രീതിയിൽ തന്നെ അദ്ദേഹം ജോലി നിർവ്വഹിച്ചു. ഇനി പറയാനുള്ള വ്യക്തി വേറെയാരും അല്ല സാക്ഷാൽ പീറ്റർ ഹൈൻ. ഒന്നമാത് മേക്കപ്പിൽ പിടിച്ച് നിൽക്കുന്നുണ്ടെങ്കിലും സ്റ്റണ്ട് വരുമ്പോൾ രജനിക്ക് ശരീരം പൂർണ്ണമായും വഴങ്ങുന്നില്ല എന്നത് അദ്ദേഹത്തിന്റെ പ്രായക്കൂടുതലും മുൻപ് ശരീരത്തിൽ ഉണ്ടായ അസുഖങ്ങളും ചെറിയ തോതിൽ രജനിക്ക് തന്റെ നീക്കങ്ങളെ ഒരു പരിധിയിൽ നിർത്തുന്നുണ്ട്. എന്നാൽ പേട്ടയിൽ ഇങ്ങേർക്ക് വയസാകുന്നുമില്ലേ, എന്നാ ആക്ഷൻ- സ്റ്റൈയിലാ എന്ന് നമ്മൾക്ക് തോന്നിപ്പിക്കും വിധം രജനി ആക്ഷൻ സീനുകൾ എടുത്തിട്ടുണ്ട്. അതിൽ പീറ്റർ ഹൈനിന് അഭിനന്ദനങ്ങൾ. പീറ്റർ ഹൈൻ വന്നത് ചുമ്മാതങ്ങ് ആക്ഷൻ ചെയ്യാൻ അല്ലല്ലോ.. എല്ലാം മികച്ച ആക്ഷൻ രംഗങ്ങൾ ആയിരുന്നു.
പേട്ട ഒരു ഫാൻസ് പടം ആണ്. കബാലിയിലും, കാലയിലും രജനിയിലെ നടനെ ഉപയോഗിച്ചപ്പോൾ ഷങ്കർ പൂർണ്ണമായും എന്തിരനിലെ രജനിയെ 2.0യിലേക്ക് എടുത്തില്ല . പക്ഷേ പേട്ട… പടം കണ്ടാൽ മനസിലാകും ഇതിന്റെ പിന്നണിയിൽ പ്രവത്തിച്ച എല്ലാവരും നല്ല രജനി ആരാധകർ ആണെന്ന്. എവിടെ ഏത് ആങ്കിളിൽ ഏത് ലൈറ്റിൽ ഏത് പൊസിഷനിൽ ക്യാമറ വച്ചാൽ എങ്ങനെ സെറ്റ് ഒരുക്കിയാൽ രജനി മാസ്സ് ആകും എന്ന് അളന്ന് മുറിച്ച് എടുത്തത് പോലെ തോന്നും വിധം ആരാധകർക്കുള്ള ഒരു പൊങ്കൽ ട്വിസ്റ്റ് ആണ് പേട്ട. ഒന്നാമത്തെ കാരണം മറ്റു പടങ്ങളെ പോലെ ഈ പടത്തിന് പ്രൊമോഷൻ വളരേ കുറവായിരുന്നു. അമിത പ്രതീക്ഷ കൊടുക്കാൻ കാർത്തിക്ക് മുതിർന്നില്ല. അത് മികച്ച ഒരു തീരുമാനമായിരുന്നു.
ഇന്ത്യൻ സിനിമയിൽ രജനിക്ക് മാത്രം ഉള്ള ചില അവകാശങ്ങൾ ഉണ്ട്. 100 പേരെ വേറെ ആര് അടിച്ചിട്ടാലും നമ്മൾക്ക് ദഹിക്കില്ല. പക്ഷേ അത് രജനി ആണെങ്കിൽ തിയറ്ററിൽ പൊടി പറക്കും. പേട്ടയിലെ പ്രകടനം കണ്ടാൽ ഈ പ്രായത്തിൽ ഇങ്ങേർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം സ്റ്റൈയിൽ മന്നൻ സിനിമയിലുടനീളം മാസ്സ് കാണിക്കുന്നു, ആക്ഷൻ ചെയ്യുന്നു, റൊമാൻസ് അഭിനയിക്കുന്നു. അതൊക്കെയും രജനിക്ക് മാത്രം കഴിയുന്ന കാര്യം. സൂപ്പർസ്റ്റാർ എന്ന് വെറുതെ വിളിക്കുന്നതല്ലല്ലോ. ഓരോ പടവും അതിന്റെതായ രീതിയിൽ ആണ് കാണേണ്ടത്. ഉദാ: എന്ന് നിന്റെ മൊയ്തീൻ ഒരു കോമഡി സിനിമയാണെന്നും, സി.ഐ.ഡി. മൂസ ട്രാജഡി സിനിമ ആണെന്നും കരുതി പോയിട്ട് കാര്യമില്ലല്ലോ. സമീപകാലത്ത് ഒടിയന് പറ്റിയതും ഇതൊക്കെ തന്നെ. ഇതൊരു ഫാൻസ് പടം ആണ്. രജനി പടം. അത് അങ്ങനെ തന്നെ കാണണം. ഞാൻ അടക്കമുള്ള രജനി ഫാൻസ് എങ്ങനെ രജനിയെ കാണണോ അങ്ങനെ കാണിച്ച് തന്ന പടം. ഒരു കംപ്ലീറ്റ് എന്റർടൈനർ. തീർച്ചയായും കുടുംബസമേതം തിയറ്ററിൽ പോയി കാണാം. റിലീസ് ചെയ്ത ഇന്നലെ തന്നെ നല്ല അഭിപ്രായങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ വന്നതല്ലെയുള്ളു.
ഇനിമേ താൻ പാക്ക പോറെ, ഇന്ത കാളിയുടെ ആട്ടത്തെ.
Get rajinified
(Feel the BGM :
മരണം..മാസ്സ് മരണം )