നിധിന്‍.വി.എന്‍
പ്രണയത്തിന്റെ അനന്ത സാധ്യതകള്‍ ഇത്രകണ്ട് ഉപയോഗപ്പെടുത്തിയ മറ്റൊരു മലയാള സംവിധായകനും ഉണ്ടാകില്ല. സാഹിത്യ ലോകത്തു നിന്നും ചലച്ചിത്ര ലോകത്തെത്തിയ പത്മരാജന്‍ ദൃശ്യകലയുടെ സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയായിരുന്നു. 1945 മെയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തില്‍ അനന്തപത്മനാഭന്‍ പിള്ളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു.
ഉറക്കംവരാത്ത രാത്രികളില്‍ കഥകളുടെ തറവാടായ ഞവരക്കല്‍ വീട്ടില്‍ അമ്മയുടെ മടിയില്‍ കിടന്ന് കഥകള്‍ കേട്ടു വിസ്മയിച്ചിരുന്ന ആ കുട്ടിയാണ് ശക്തമായ ഭാഷയില്‍ അയത്നമായ എഴുത്തിന്റെ അനായാസതകൊണ്ട് ആരെയും പിടിച്ചിരുത്തുന്ന ഭാവാത്മകതയാല്‍ മലയാളിയുടെ ആസ്വാദനതലത്തെ പാടേ മാറ്റിമറിച്ചത്. കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച “ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍ക്കിടാവ്” എന്ന കഥയാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ “അപരന്‍, പ്രഹേളിക, പുകക്കണ്ണട” എന്നീ ചെറുകഥാ സമാഹാരങ്ങളിലൂടെ ശ്രദ്ധേയനായി. കഥാ രചനയിലെ വൈഭവം നോവല്‍ രചനയിലേക്കും അദ്ദേഹത്തെ ആകര്‍ഷിച്ചു. 1971-ല്‍ എഴുതിയ “നക്ഷത്രങ്ങളേ കാവല്‍” എന്ന നോവല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും, കുങ്കുമം അവാര്‍ഡും നേടി.
“വാടകയ്ക്ക് ഒരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി” എന്നീ നോവലുകളും ദൃശ്യവിസ്മയങ്ങളുടെ ഗന്ധർവ്വനിൽ നിന്നും പിറവിയെടുത്തു. “ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും” ചലച്ചിത്ര ലോകത്ത് പ്രശസ്തനായ ശേഷം അദ്ദേഹം രചിച്ചവയായിരുന്നു. “പെരുവഴിയമ്പലം, രതിനിർവ്വേദം” എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകൾ.
സ്വന്തം കഥയ്ക്ക് ശക്തമായ തിരക്കഥ ഒരുക്കി 1975-ല്‍ പ്രയാണം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. ഭരതനുമായി ചേര്‍ന്ന് ഒട്ടേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ച പത്മരാജന്‍, പകയുടെയും പ്രതികാരത്തിന്റെയും പൊള്ളുന്ന കഥ വാണിയന്‍ തെരുവിനെ പശ്ചാത്തലമാക്കി ഒരുക്കിയ “പെരുവഴിയമ്പല”ത്തിലൂടെ സംവിധായകന്റെ കുപ്പായമണിഞ്ഞു. എന്നാല്‍, കല ജീവിതവൃത്തിയായി സ്വീകരിച്ച കലാകാരന്റെ ഏകാന്തതയും ഭീതിയും നിസ്സംഗതയും ചിത്രീകരിച്ച “ഒരിടത്തൊരു ഫയല്‍വാനി”ലാണ് അദ്ദേഹത്തിന്റെ സംവിധാന പ്രതിഭ കൂടുതല്‍ മികവോടെ തെളിഞ്ഞു കിടക്കുന്നത്. ആത്മസംഘര്‍ഷങ്ങളും ദാമ്പത്യത്തിന്റെ തകര്‍ച്ചയും വിഷയമായ ചിത്രം, അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം, പത്മരാജനെ സമാന്തരസിനിമാ സങ്കല്‍പ്പങ്ങളിലേക്ക് വലിച്ചടിപ്പിച്ചു. ആ വഴിയില്‍ അദ്ദേഹം ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു.
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളില്‍ സോളമന്‍ സോഫിയയോട് ചോദിക്കുന്നുണ്ട്,
“ശലമോന്റെ song of songs വായിച്ചിട്ടുണ്ടോ?”
“ങ്ങ്ഹും”
“നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അതിന്റെ അടുത്ത വരി എന്താനെന്നറിയോ?”
“ഇല്ല!”
“അല്ലെങ്കി വേണ്ട, പോയി ബൈബിള്‍ എടുത്തു വെച്ച് നോക്ക്.”
സോളമൻ പറഞ്ഞതനുസരിച്ച് സോഫിയ ബൈബിള്‍ എടുത്തു നോക്കുന്നു.
“നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ എന്റെ പ്രേമം നിനക്ക് തരും! “
സോളമൻ തന്റെ പ്രണയം സോഫിയയോട് അവതരിപ്പിക്കുന്ന രംഗമാണിത്. ഇതിനേക്കാൾ മനോഹരമായി എങ്ങനെയാണ് ഒരു പെണ്ണിനോട് തന്റെ പ്രണയം തുറന്നു പറയുക. അസാധ്യമായ ഭംഗിയുണ്ട് ആ പ്രണയാഭ്യര്‍ഥനയ്ക്ക്. രണ്ടാനച്ഛൻ മാനഭംഗപ്പെടുത്തിയ സോഫിയയെ സോളമന്‍ തന്റെ ജീവിതസഖിയായി കുടെക്കൂട്ടുന്നു. അതുവരെ നിലനിന്നിരുന്ന സമൂഹത്തിലെ ശീലങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും എതിരെയുള്ള മഹാപ്രതിഭയുടെ പ്രതിഷേധം കൂടിയായിരുന്നു ആ സിനിമ. “നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം” എന്ന കെ.കെ സുധാകരന്റെ നോവലിനെ ആസ്പദമാക്കി പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് “നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ “.
മാനുഷിക വികാരങ്ങള്‍ക്ക് അടിമപ്പെട്ടുപോയ ഗന്ധര്‍വ്വന്റെ കഥ പറഞ്ഞ “ഞാന്‍ ഗന്ധര്‍വ്വന്‍” ഫാന്റസിയിലൂടെ സഞ്ചരിച്ച് ഉന്മാദങ്ങളിലേക്ക് എടുത്തെറിയുന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ പത്മരാജന്‍ സ്വയം നവീകരിക്കുകയും , പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതൊരള്‍ക്കും മനസിലാകും. അദ്ദേഹത്തിന്റെ അവസാന ചിത്രം കൂടിയായിരുന്നു “ഞാന്‍ ഗന്ധര്‍വ്വന്‍”. നായകനും നായികയും കഥാന്ത്യം ഒന്നാകണം എന്നു ശഠിച്ച ആസ്വാദക ഹൃദയത്തിലേക്ക് തുളഞ്ഞു കയറുന്ന മുള്ളുകൊണ്ട് വാക്കിനെ രാകിയെടുത്ത് ദൃശ്യവത്കരിച്ചിരുന്നു പത്മരാജന്‍. പ്രണയവും മഴയും ഇഴപ്പിരിയാത്ത “തൂവനത്തുമ്പികള്‍”, സ്വവര്‍ഗ്ഗാനുരാഗികളുടെ കഥ പറഞ്ഞ “ദേശാടനക്കിളികള്‍ കരയാറില്ല” തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയത്തിന്റെ അര്‍ത്ഥതലങ്ങളിലേക്ക് പുതുഭാവങ്ങള്‍ നല്‍കി. 36 ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച പത്മരാജന്‍ 18 സിനിമകള്‍ സംവിധാനം ചെയ്തു.
“ഞാൻ ഗന്ധർവ്വന്റെ” പ്രിവ്യൂ കാണാനായി കോഴിക്കോടെത്തിയ പത്മരാജനെ ഹൃദയസ്തംഭനത്താൽ 1991 ജനുവരി 24-ന് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പത്മരാജൻ ജീവിച്ചിരുന്നെങ്കിൽ ഇന്നദ്ദേഹത്തിന് 73 വയസ്സ് തികയുമായിരുന്നു. 46 വർഷത്തെ വളരെ ഹ്രസ്വമായ കാലയളവുകൊണ്ട് രാജകീയമാക്കിയിട്ടുണ്ട് അദ്ദേഹം തന്റെ ജീവിതം.