ഗിരീഷ് വർമ്മ
സംഭവിച്ച കാര്യങ്ങൾ കലാസൃഷ്ടിയായി രൂപപ്പെടുത്തുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സിനിമയാവുമ്പോൾ പ്രത്യേകിച്ചും. അതും ഒരു ട്രാജഡി സബ്ജക്റ്റ് ആവുമ്പോൾ അതിഭാവുകത്വത്തിന്റെ റീലുകൾ ആവാതെ നോക്കുകയും വേണം. സംഭവവും കഥയും ഇഴചേർന്ന് പോവുകയും വേണം. യഥാർത്ഥ്യങ്ങളെ വീണ്ടും ചലിക്കുന്ന ചിത്രങ്ങളാക്കുമ്പോൾ അത് ചരിത്രത്തിലേക്കൊരു ഈടുവെപ്പ് കൂടിയാണ്. അത്തരത്തിലൊരു സൂക്ഷ്മത ശ്രീ വിനീഷ് ആരാധ്യയ്ക്ക് നിശ്ചയമായും അറിയാം എന്ന് ‘പത്മവ്യൂഹത്തിലെ അഭിമന്യു’ തെളിയിച്ചിരിക്കുന്നു.
മഹാരാജാസ് കോളേജിലേയ്ക്ക് അങ്ങ് ദൂരെ ഇടുക്കിയിലെ വട്ടവട എന്ന ഗ്രാമത്തിൽ നിന്ന് പഠിക്കാനായി വരുന്ന അഭിമന്യു. ക്ലാസ്സിലെ പരിചയപ്പെടലിൽ തന്നെ വട്ടവടയെ അങ്ങിനെ തന്നെ ക്ലാസ്സ് റൂമിൽ കൊണ്ടുവരുകയാണ് അഭി. ആത്മാർത്ഥത തുളുമ്പുന്ന സംസാരം. സൗമ്യഭാഷണങ്ങളിൽ പ്രിൻസിപ്പലിന്റെ വാദമുഖങ്ങളെപ്പോലും ഒടിച്ചു കളയന്നുണ്ട് ഒന്ന് രണ്ട് സീനുകളിൽ. ശക്തമായ ശബ്ദത്തോടെ ക്യാമ്പസ്സാകെ ഇളകി മറിക്കുന്നുമുണ്ട്.
വട്ടവടയിലെ ഒരു കുടുംബത്തിലെ ഏക പ്രതീക്ഷയെയാണ് മത തീവ്രവാദികൾ കത്തിയിൽ കോർത്തെടുത്തത്. മനുഷ്യമുഖം മാത്രമുള്ള മനുഷ്യപ്പറ്റില്ലാത്ത ചെകുത്താൻ സന്തതികൾക്ക് ഇല്ലാതാക്കാൻ കഴിഞ്ഞത് വലിയൊരു സ്വപ്നത്തെയായിരുന്നു. മതവർഗ്ഗീയ തീവ്രവാദികൾക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണാക്കുകയാണ് കലാലയാന്തരീക്ഷത്തെ അധമവാദികൾ. മതങ്ങൾക്കതീതമാണ് ജീവിത സ്വപ്നങ്ങളെന്ന് അവരൊക്കെ ഇനിയും പഠിച്ചെടുക്കേണ്ടിയിരിക്കുന്നു. അഭിമന്യുവിന്റെ കൊലപാതക ശേഷം ഇവർ ഈ സിനിമയിലൂടെ വിചാരണ ചെയ്യപ്പെടുകയാണ്, നമ്മുടെയൊക്കെ മനസ്സുകളിലും. ക്യാമ്പസ്സുകളിലെ പുതിയ പഠിതാക്കൾ ഇവരെ തിരിച്ചറിയുമെന്ന് കരുതുന്നു. മത കാപാലികരെ തീർത്തുമകറ്റി അഭിമന്യുമാർ ആഗ്രഹിച്ച, സ്വപ്നം കണ്ട നല്ല നാളെകൾക്കായി പ്രവർത്തിക്കുക.
സ: സൈമൺ ബ്രിട്ടോയുടെ ശക്തമായ സാന്നിദ്ധ്യം സിനിമയ്ക്ക് കൂടുതൽ കരുത്തേ കുന്നു. വട്ടവടയിലെ രക്തനക്ഷത്രമായ് പുതുമുഖം ആകാശ് ഗംഭീര പ്രകടനം കാഴ്ചവെച്ചു. മറ്റഭിനേതാക്കൾ ഇന്ദ്രൻസും സോനാ നായരും ഒഴിച്ചുള്ളവരൊക്കെ പുതുമുഖങ്ങളാണ്. എല്ലാവരും മികച്ച അഭിനേതാക്കൾ തന്നെ. ബാലുശ്ശേരി സന്ധ്യയിൽ ആദ്യ ഷോയ്ക്ക് സിനിമയിലെ രണ്ട് പുതുമുഖ നായികമാരും വന്നിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ, കവിതകൾ എന്നിവയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സി പി അബൂബക്കറിന്റെ വരികൾ അതിൽ ഉണ്ടായിരുന്നു. എല്ലാവരും കാണണം, നല്ലൊരു ചലച്ചിത്രമാണ്.
നന്ദി ശ്രീ വിനീഷ് ആരാധ്യ