പി.കെ ഗണേശൻ
മുപ്പത് കൊല്ലങ്ങൾക്കു മുൻപ് ക്രൗഡ് ഫണ്ടിംഗിലൂടെ ഒഡേസ എന്ന ജനകീയ സിനിമാ പ്രസ്ഥാനം നിർമ്മിച്ച ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ സിനിമയുടെ പുനരവതാരമാണ് പ്രിയനന്ദനന്റെ പാതിര കാലം.
അമ്മ അറിയാനിൽ പുരുഷൻ എന്ന പ്രോട്ടോഗോണിസ്റ്റു കഥാപാത്രം സഞ്ചരിക്കുന്ന വഴികളുണ്ട്. ആ വഴികൾ കേരളത്തിന്റെ വഴികളാണ്, കേരളത്തിലേക്കുള്ള വഴികളാണ്. ആ വഴികളിലൂടെ പുരുഷന്റെ സഞ്ചാരം സമീപ കാലത്ത് ജീവിച്ച ജീവിതങ്ങളുടെ ഉള്ളറകളിലേക്കുള്ള നിലക്കാത്ത പ്രയാണമായി മാറുന്നു. പുരുഷനൊപ്പം പ്രേക്ഷകരും ചേരുന്നു, ചേരേണ്ടി വരുന്നു. ഒഴിഞ്ഞുമാറാനാവില്ല. ഒഴികഴിവില്ല. പ്രേക്ഷകർ പുരുഷന്റെ സുഹൃത്തുക്കളെ പോലെ, സുഹൃത്തുക്കളായി തന്നെ ഒപ്പം ചേരുന്നു. അങ്ങനെ ഒരു നാടിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ഭൂമിശാസ്ത്രം അതുവഴി രൂപപ്പെടുന്നു. പ്രേക്ഷകർക്ക് ആ നിലയിൽ ആ യാഥാർഥ്യത്തെ കണ്ടില്ലെന്നു നടിക്കാനാവില്ല, തള്ളിപ്പറയാനാവില്ല.
ഈ നാട് വീണ്ടും നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. കൊടിയ സാമൂഹിക അനീതി കൺമുന്നിൽ നടമാടുമ്പോൾ മൗനം പാലിക്കാനാവാത്ത, ഒഴിഞ്ഞുമാറി നിൽക്കാനാവാത്ത, കണ്ടില്ലെന്നു നടിക്കാനാവാത്ത, മധ്യവർഗ മൗഢ്യം തൊട്ടു തീണ്ടാത്ത ഒരു യുവത കിട്ടാനുള്ളത് ഒരു വലിയ ലോകം എന്ന് പ്രതീക്ഷിച്ചിട്ടല്ല സമൂഹത്തിന്റെ വിമോചനത്തിനായി സ്വയം ബലിയായത്. ആ യുവതയുടെ രക്തവും, വിയർപ്പും, നോവും, പീഢാനുഭവങ്ങളും ഉള്ളലിഞ്ഞ മണ്ണിലൂടെയാണ് പുരുഷൻ തന്റെ ആത്മഹത്യ ചെയ്ത കൂട്ടുകാരനായ മൃദംഗകലാകാരൻ ഹരിയുടെ മരണം അറിയിക്കാൻ അമ്മയെ തേടി അലയുന്നത്. അലച്ചിലിൽ കേരളത്തിന്റെ സാമൂഹിക ജീവിതം വരുന്നു, ജനങ്ങളുടെ ദുസ്സഹമായ ജീവിതം വരുന്നു. കർഷകർ, മത്സ്യതൊഴിലാളികൾ, തൊഴിലില്ലാത്ത ചെറുപ്പക്കാർ, ഉണ്ണാനും ഉടുക്കാനും തലചായ്ക്കാൻ ഇടവും ഇല്ലാത്ത ആദിവാസികൾ, നാട്ടിൽ നടമാടുന്ന കൊടിയ അഴിമതി, സ്വജനപക്ഷപാതം, സകലതിനും കൂട്ടുനിൽക്കുന്ന അധികാരവർഗം, നാട്ടിലാകെ പടരുന്ന വറുതി, ദാരിദ്ര്യം, സമ്പന്നർ കൂടുതൽ സമ്പന്നരാവുന്ന വൈരുദ്ധ്യം വേറെ, മനുഷ്യാധ്വാനം ചൂഷണം ചെയ്യുന്ന കിരാത വർഗം, അവർക്ക് ഓശാന പാടുന്ന അധികാരമേലാളന്മാർ… ഈ ഭൂമികയിൽ കണ്ണുള്ളത് കാണാനുള്ളതാണ് എന്ന, ഈ ജീവിതം അനീതിക്കെതിരെ യുദ്ധം ചെയ്യാനുള്ളതാണ് എന്ന സ്വയം ബോധ്യത്തോടെ പോരാളികളായി മാറിയ ഒരു തലമുറയുടെ ആത്മകഥ കൂടിയാണ് അമ്മ അറിയാൻ.
യഥാർത്ഥത്തിൽ ഒരു തലമുറയിലെ ക്രീമെന്നു വിളിക്കാവുന്നവർ ത്യാഗമനസോടെ ഉള്ളറിഞ്ഞ് വിപത്കരമായി ആത്മബലിയാവുകയായിരുന്നു. അർജൻറീനിയൻ കവയത്രി സ്വാതന്ത്ര്യത്തെ വിവക്ഷിച്ചതുപോലെ സ്വാതന്ത്ര്യം സ്വപ്നം കാണുകയാണെങ്കിൽ അപകടകരമായി സ്വപ്നം കാണണം എന്ന് ആഹ്വാനം ചെയ്തതുപോലെ
രാഷ്ട്രീയമായി ശേഷക്രിയ നടന്ന ഒരു നാടിന്റെ പൊള്ളുന്ന ഓർമ്മകളിലൂടെ പുരുഷൻ സഞ്ചരിച്ചു.
അവിടെ കഥയില്ല. ഭാവനയില്ല. ആഖ്യാനങ്ങളില്ല. വറുതിയിലൂടെ എന്ന രീതിയിൽ പുരുഷൻ താണ്ടിയ ഓരോ ചുവടും നമ്മുടെ നാടിനെ രാഷ്ട്രീയ സൂചകമായി. ആ പുരുഷൻ ആ കാലത്തിന്റെ അടയാളമാണ്. ഒരു തലമുറ എങ്ങനെയാണ് സ്വന്തം ബലിയിലൂടെ അനീതിക്കെതിരെ കണക്ക് ചോദിച്ഛത്, തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും പോരാടി പൊലിഞ്ഞു തീർന്നത് എന്ന് നമ്മെ വൈയക്തികമായി അമ്മ അറിയാൻ അനുഭവിപ്പിച്ചു.
പുരുഷൻ സീനിൽ ഇല്ലാത്തപ്പോഴും പുരുഷന്റെ ശബ്ദം ആ സിനിമയിൽ നമ്മെ കൂടെ നിർത്തുന്നുണ്ട്, നമ്മുടെ കൂടെ പോരുന്നുണ്ട്. ആ പുരുഷന് മുപ്പത് കൊല്ലങ്ങൾക്കു ശേഷം എന്തു സംഭവിക്കും എന്ന് സിനിമയുടെ പുറത്ത് നിന്ന് ഒന്നാലോചിച്ചു നോക്കൂ. പുരുഷന്റെ തുടർച്ച ഒഴിയാബാധ ആവുന്നുവെങ്കിൽ കാലം എവിടെയോ നാമറിയാതെ നമ്മിൽ സ്തംഭിച്ചു നിൽക്കുന്നുണ്ട്.
അക്കാര്യം പ്രിയനന്ദനന്റെ സിനിമ പാതിരാക്കാലം പറയാതെ ഓർമ്മിപ്പിക്കുന്നു. പാതിരാ കാലം അങ്ങനെ കോപ്പിയാവാതെ
കോപ്പിയാവുന്നു. സിനിമ ഇക്കാലത്തെ കോപ്പിചെയ്യുന്നത് അക്കാലത്തിൻറെ ഒരു സിനിമയുടെ രൂപവും ഉള്ളടക്കവും ഉപയോഗിച്ച്.
അതാണ് ആ സിനിമയുടെ ദൗർബല്യവും പരാജയവും. ഒരു സിനിമ അങ്ങനെ സ്വയം റദ്ദായിപോവുന്നു. അമ്മ അറിയാനിൽ അമ്മയെ അറിയിക്കാനാണ് മുഖ്യകഥാപാത്രത്തിൻറെ സഞ്ചാരമെങ്കിൽ
പാതിരാക്കാലത്ത് അച്ഛനെ അറിയാനാണ് മുഖ്യകഥാപാത്രത്തിൻറെ സഞ്ചാരം.
അമ്മ അറിയാനിൽ പുരുഷനായി അഭിനയിച്ച ജോയ് മാത്യുവിൻറെ വോയ്സ് ഓവറിലാണ് സിനിമ പുരോഗമിക്കുന്നത്. ഒരച്ഛൻ മകൾക്കെഴുതുന്ന ഡയറി കുറിപ്പുകളുടെ ഡിറ്റെയിലിംഗും നരേഷനുമാണ് പാതിരാക്കാലത്തെ അവതരണരീതി. ആ കുറിപ്പുകളിൽ ആദിവാസികളുടെ ജീവിതം ഉണ്ട്, അവർ ജീവിക്കുന്ന കോളനിയിലെ ഇല്ലായ്മകളും വല്ലായ്മകളും ഉണ്ട്, പ്ലാച്ചിമടയിൽ ജലചൂഷണം നടത്തുന്ന കുത്തക കോള കമ്പനിക്കെതിരെ മയിലമ്മയുടെ നേതൃത്വത്തിൽ നടന്ന ആദിവാസികളുടെ ചെറുത്തുനിൽപ്പുകൾ, അവരുടെ നിരാലംബവും നിരാശ്രയവുമായ ജീവിതം, മത്സ്യതൊഴിലാളികളുടെ ദുരിതപൂർണമായ ജീവിതങ്ങൾ, കടലിനെ ഒരേമനസോടെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യതൊഴിലാളികൾക്കിടയിൽ നടക്കുന്ന മതവിഭജനങ്ങൾ, വർഗീയ സംഘർഷങ്ങൾ, നിലവിളിക്കുന്ന കടൽജീവിതങ്ങൾ… അമ്മ അറിയാനിൽ ചിത്രീകരിക്കപ്പെട്ട അതേ ഭൂമിശാസ്ത്രം, ജീവിതം ഏറെക്കുറെ ഏതാണ്ട് അതേ രൂപത്തിൽ പാതിരാക്കാലത്തിൽ കാണാം. മുപ്പതുകൊല്ലങ്ങൾക്കു ശേഷവും ആ ജീവിതങ്ങൾ ഒരടി മുന്നോട്ടു പോയിട്ടില്ല എന്നും കൂടുതൽ ദുരിതമയമാവുകയാണുണ്ടായത് എന്നും അറിയുന്നു. ജഹനാര എന്ന ജർമ്മനിയിൽ റിസെർച്ചു ചെയ്യുന്ന മകളുടെ ഉപ്പ ഉസ്സയിൻ എന്ന മനുഷ്യസ്നേഹി, മനുഷ്യർ നിലവിളിക്കുന്ന ഇടങ്ങളിൽ ഒറ്റക്ക് കണ്ണീരൊപ്പുന്ന, വിശപ്പകറ്റുന്ന ഉസ്സയിൻ, മാവോയിസ്റ്റ് എന്ന് മുദ്രകുത്തപെട്ട് ഇല്ലാതാക്കപെട്ടിരിക്കുന്നു. ഉസ്സയിൻ മാവോയിസ്റ്റേയല്ല. മാവോയിസ്റ്റുകളെ മാടിവിളിക്കുന്ന ജീവിതങ്ങൾ, അവിടെ നടക്കുന്ന ചെറുത്തുനിൽപ്പുകൾ, തത്ഫലമായി അരങ്ങേറുന്ന ഭരണകൂടങ്ങളുടെ അതിക്രമങ്ങൾ, കയ്യേറ്റങ്ങൾ, ഇരകളായി മാറുന്ന ആദിവാസികളടക്കമുള്ള ദുർബലർ, വികസനത്തിന്റെ ഇരകൾ, ഇവർക്കിടയിൽ അവരുടെ ഭാഷയിൽ പറഞ്ഞാൽ ദൈവദൂതനെ പോലെ എത്തുന്ന ഉസൈൻ ഒരു ദിവസം മാവോയിസ്റ്റ് എന്ന് ആരോപിക്കപെട്ട് ഇല്ലാതാവുന്നു.
ഉപ്പക്കെന്തു പറ്റി, ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ചു ഒരു മകൾ ഒറ്റക്ക് ഒരു ഘട്ടം വരെ സുഹൃത്തുണ്ട് കൂടെ നടത്തുന്ന അന്വേഷണങ്ങളിൽ നമ്മുടെ നാടിന്റെ സ്ഥിതി വരുന്നു. മാവോയിസ്റ്റു പ്രതിച്ഛായ വന്നുപെട്ടതിന്റെ തുടർന്ന് സംഭവിച്ച ഉപ്പയുടെ തിരോധാനം അന്വേഷിച്ചു പോവുന്ന മകളുടെ പിന്നാലെ സദാ പോലീസ് യൂണിഫോമിട്ടും യൂണിഫോമിടാതെയും. ജഹനാര എങ്ങനെ വസ്ത്രം ധരിക്കണം, ഏതു വസ്ത്രം ധരിക്കണം, ആരോടൊപ്പം നടക്കണം, ഇരിക്കണം എന്നൊക്കെ മറ്റുള്ളവർ നിർണയിക്കുന്ന സദാചാര പോലീസിങ് വേറെയും, ഇന്നത്തെ യാഥാർഥ്യമാണ്. അമ്മ അറിയാനിൽ നിന്ന് പാതിരാകാലത്തേക്ക് വരുമ്പോൾ കാലത്തിന്റെ ഒരു ഷിഫ്റ്റുണ്ട്, കഥാപാത്രത്തിൽ നടക്കുന്ന മെറ്റമർഫോസിസുണ്ട്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള പരാവർത്തനം. ഇരകളായി മാറിയ ജനതകളുടെ വിമോചനത്തിന് വേണ്ടി പോരാടിയൊടുവിൽ
ഭരണകൂടാതിക്രമങ്ങളുടെ ഇരകളായി മാറിയ നക്സലൈറ്റുകളുടെ രക്തം പുരണ്ട പഴുപ്പ് ചലംവെച്ച മണ്ണിലൂടെയാണ് പുരുഷൻ ചുവട് വെച്ചത്. ഇരകളുടെ വക്കാലത്തുണ്ട് പുരുഷന്റെ വാക്കുകളിൽ, നിരപേക്ഷമാണ് നിലപാട് തറയെങ്കിലും. ഇരകളുടെ പ്രതിനിധിയായി പുരുഷനെ കാണാവുന്നതാണ്. അങ്ങനെയുള്ള പുരുഷനിൽ മുപ്പത് കൊല്ലങ്ങൾക്കു ശേഷം സംഭവിക്കുന്ന രൂപാന്തരമായി ഉസൈനെ കാണുമ്പോൾ പുതിയ കാലത്ത് ഇരയുടെ പ്രതിനിധിയാണ് ഉസൈൻ. പുരുഷൻ മതം മാറിയാൽ ഉസൈൻ ആവുന്ന സ്ഥിതി. ആ നിലയിൽ ഡീകൺസ്ട്രക്ഷന്റെ സാധ്യത ഉണ്ടായിരുന്നു പുരുഷന്. ആ സാധ്യത തുറന്നു കാണിക്കാതെ ഒളിച്ചു കടത്തിയതിന്റെ ദുരന്തം പേറുന്നുണ്ട് പാതിരാ കാലം. ഇസ്ലാമികമായതും മുസ്ലീം പ്രതിച്ഛായ ഉള്ളതുമായ എല്ലാം ആക്രമിക്കപ്പെടുന്നു, വേട്ടയാടപ്പെടുന്നു എന്ന നിലയിൽ ആഗോളതലത്തിൽ തന്നെ വ്യാപകമായി പരാതി ഉയർന്നുവരുന്ന ഇക്കാലത്ത് പ്രതിസിനിമയാവാനുള്ള സാധ്യത പാതിരാ കാലം സ്വയം നശിപ്പിച്ചു. ഇക്കാലത്ത് ഒരു ഉസൈൻ വേട്ടയാടപ്പെടാൻ എന്തിന് അയാളിൽ മാവോയിസ്റ്റ് എന്ന പ്രതിച്ഛായ, അയാൾ മുസ്ലിം ആണ് എന്നത് തന്നെ ധാരാളമല്ലേ ഇരയാക്കപെടാൻ കാരണമായി എന്ന പുതിയ കാലത്തെ രാഷ്ട്രീയ യാഥാർഥ്യത്തിനു മുന്നിൽ പാതിരാകാലം അങ്ങനെ നിരക്ഷരമായി…