കോവിഡ്കാല ഓർമ്മകൾ – അഞ്ച്
അജുഷ പി വി
ആളുകളും ഓർമ്മകളും ചിലപ്പോൾ പാട്ടുകളായിരിക്കും. ആസ്വാദനമെന്നാൽ ഇന്ദ്രീയാനുഭൂതികളുടെ സംയോജനമാണ്. ഒരിടത്തിരുന്ന് ആ അനുഭവ ലഹരിയിൽ പലലോകത്തിൽ പല മനോനിലയിൽ എത്തിപ്പെടാം. ആളുകളെ പലപ്പോഴും ഓർമ്മയിൽ കൊണ്ടു നടക്കുന്നത് പാട്ടുകളായാണെന്ന് തോന്നാറുണ്ടെനിക്ക്. ഓരോരുത്തർക്കും ഓരോ പാട്ടുകൾ. ചിലർക്ക് ഒന്നിൽ കൂടുതൽ. അവരോടുള്ള ഹൃദയവികാരത്തോടടുത്തു നില്ക്കുന്ന ചില വരികളോ വാക്കുകളോ സംഗീതരസമോ ആകാം കാരണം. പാടിയും കേട്ടും വീണ്ടും വീണ്ടും ആ അനുഭൂതികളുടെ സത്തയെ രസിക്കാൻ ആ പാട്ടുകൾ നിമിത്തങ്ങളാകുന്നു. നീരസങ്ങൾ ഹൃദയബേധകമാവുമ്പോൾ മറന്ന് പോവുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് കരുതിയാലും പിന്നേയും പാട്ടുകളായ് വന്ന് അസ്വസ്ഥപ്പെടുത്തും ചിലർ. ഓരോ കാലത്തേക്കും ഒന്നോ രണ്ടോ പാട്ടുകൾക്കാവും മേൽക്കോയ്മ. ആ കാലം കഴിയുമ്പോൾ ഉപയോഗിച്ച് ഉപേക്ഷിച്ച പ്രിയപ്പെട്ടതെന്തോ പോലെ മാഞ്ഞ് പോകുന്നവയുമുണ്ട്. ചില പാട്ടോർമ്മകൾ കാലത്തെ അതിജീവിച്ച് ജീവശക്തിപോൽ കൂടെ വരുന്നു.
മൂന്നു വർഷം മുൻപ് യൂട്യൂബിലെ പതിവ് തിരച്ചിലുകൾക്കിടയിൽ യാദൃശ്ചികമായി കണ്ണുടക്കിയ ഒരു മ്യൂസിക് ആൽബം. പേരാണ് ആദ്യം ആകർഷകമായി തോന്നിയത്, ചാരുലത. സത്യജിത്ത് റായിയുടെ ചാരുലതയിലെ മാധബി മുഖർജിയുടെ മുഖമാണാദ്യം മനസ്സിലെത്തിയത്. ഒരോ തവണ കാണുമ്പോഴും മറ്റൊരു മുഖം സാധ്യമാവാത്ത വിധം ചാരുലതയായി മനസ്സിൽ പതിഞ്ഞവൾ. നസ്തേനീർ എന്ന ടാഗോറിന്റെ ആത്മകഥാംശമുണ്ടെന്ന് കരുതുന്ന നോവല്ലെയാണ് റായ് ചാരുലതയായി അവതരിപ്പിച്ചത്. സമാനഹൃദയങ്ങൾക്കിടയിൽ നിഷിദ്ധമാക്കപ്പെടുന്ന നഷ്ടപ്രണയം എത്രമാത്രം വേദനയാണെന്ന് പറഞ്ഞു വയ്ക്കുന്നു ടാഗോർ. ഭൂപതിയുടെ ഭാര്യയായ ചാരുലതയുടെ ഏകാന്തവും വിരസവുമായ ജീവിതത്തിൽ അമലെന്ന ചെറുപ്പക്കാരൻ ഉണ്ടാക്കിയ പ്രണയപൂർണ്ണമായ പ്രത്യാശയുടെ കഥ. ഇതിന്റെ അന്തസത്ത ഉൾക്കൊണ്ട സ്വതന്ത്ര്യാവഷ്ക്കാരമാണ് ചാരുലത. പേരിലെ കൗതുകത്താൽ കണ്ട ആ ആൽബം നാളിതുവരെ കഴിഞ്ഞിട്ടും ഉള്ളിലൊരു വികാരമായി ഇന്നും.
തുടക്കത്തിലെ പതിഞ്ഞ സംഗീതം, എന്തോ തിരയുന്ന നായിക കഥാപാത്രത്തിനോടൊപ്പം നമ്മളേയും ഗൃഹാതുരമായ ഓർമ്മകളിലേക്ക് കൊണ്ടു പോകുന്നു. ഏറ്റവും റൊമാൻറിക്ക് ആയി തോന്നിയ ഇന്ത്യൻ നഗരമെന്ന് ചോദിച്ചാൽ കൽക്കത്തയെന്നേ പറയാൻ കഴിയൂ. സംസ്കൃതിയുടെ പ്രൗഢികൊണ്ടും ചരിത്രത്തിന്റെ ശേഷിപ്പുകളും ആചാരങ്ങളും ചരിത്രപുരുഷൻമാരുടെ നിലപാടുകളും കൊണ്ടും വ്യത്യസ്ഥമായ കൽക്കത്ത. പഴയൊരു തറവാടു വീട്ടിൽ നിന്ന് ചാരുവിനെ മൂടൽമഞ്ഞ് നിറഞ്ഞ കൽക്കത്തയുടെ ഹുഗ്ലീ തീരത്തിലെ സ്വപ്ന സദൃശ്യമായ രംഗത്തിലക്ക് കൊണ്ടു പോകുന്നതോടെ ചാരുവിനേയും അമലിനേയും നമ്മൾ അറിഞ്ഞ് തുടങ്ങുന്നു. കഥയിലെ കഥയെന്നോണം പാട്ടിലെ പാട്ടെന്നോണം. വരികളിൽ ഒളിപ്പിച്ച പ്രേമാതുരമായ ബിംബങ്ങളോടു ചേർന്നു നില്ക്കുന്ന ദൃശ്യങ്ങളുടെ അകമ്പടിയിൽ പറഞ്ഞു പോകുന്ന പ്രേമകാവ്യം.
ഓരോ ഫ്രെയിമിലൂടേയും കാണിച്ചു തരുന്നു അവർക്കിടയിലെ സർഗാത്മകമായ അനുരാഗനിമിഷങ്ങൾ. ശ്രുതി നമ്പൂതിരി രചനയും ആവിഷ്ക്കാരവും ചെയ്ത ഈ ആൽബത്തിന്റെ സംഗീതം സുധീപ് പാലനാടിന്റെതാണ്. വരികളിലെ ചില വാക്കുകളുടെ പ്രയോഗങ്ങൾ തരളിതമായ സ്നേഹവികാരം നമ്മളിൽ തോന്നത്തക്കവിധം കാല്പനികമാകുന്നു. അതിരെഴാ മുകിലും, ഏകാകിയായ ഗ്രീഷ്മവും, പനിമതി നിലവുമെല്ലാം ഹൃദയത്തിൽ നനവ് പടർത്താൻ പോന്ന പ്രതീകങ്ങളാണ്. കൽക്കത്തയുടെ തനത് നിഗൂഢ സൗന്ദര്യത്തിന്റെ പിന്നണിയോടെ അമലും ചാരുവും പങ്കുവയ്ക്കുന്ന ഇടങ്ങൾ പോലും അവരുടെ അടുപ്പത്തിന്റെ ആഴവും അന്തസ്സും കാട്ടിത്തരുന്നു. പ്രണയമെന്ന ഒന്നിനെ പങ്കുവയ്ക്കുന്നവരുടെ നിറമാർന്ന മായികലോകം. അവരനുഭവിക്കുന്ന നിറവ്. ഒടുവിൽ പ്രിയപ്പെട്ട എന്തൊക്കെയോ ചാരുവിനെ ഏൽപ്പിച്ച് അപ്രത്യക്ഷനാവുന്ന അമലിന്നെ കാത്തിരിക്കുന്ന ചാരു നമ്മളിൽ ഒരു നെടുവീർപ്പ് ഉണ്ടാക്കുന്നത് ആ വികാരം ഒരിക്കലെങ്കിലും അറിഞ്ഞുപോയതുകൊണ്ടു കൂടിയാണ്. അവസാന ഭാഗത്ത്, മറ്റൊരു കാലത്തെ മറ്റൊരു ചാരുവിനെ സ്വപ്നം കണ്ടതായിരുന്നോ എന്ന കാഴ്ചയിൽ പ്രക്ഷേകർക്ക് ആസ്വാദനത്തിന്റെ മറ്റൊരു സ്വതന്ത്ര്യലോകം തുറന്നു കൊടുത്ത് അവസാനിപ്പിക്കുന്നു ചാരുലതയെ.
ഈ പാട്ട് ഓർമ്മിപ്പിക്കുന്നത് ഒരു പക്ഷേ എന്നിലെ എന്നെ തന്നെയാവാം. ഹൃദയത്തിൽ എക്കാലവും കൊണ്ടു നടക്കുന്ന പ്രണയ സങ്കല്പമാവാം. സ്ക്രീനിലെ ചാരുവിനെ പോലെ സ്വപ്നങ്ങളിൽ ആഘോഷിച്ച പ്രേമജീവിതമാവാം. നിത്യം നിരന്തരം നിതാന്തം എന്നപോൽ അത്രമേൽ ഉൽക്കടമായി എന്നിൽ നിറഞ്ഞ മറ്റെന്തോ ആവാം. ഒടുവിലീ ഇരുളിമ മായുമോ എന്ന പ്രതീക്ഷയുമാവാം. ചില പാട്ടോർമ്മകൾ അറിഞ്ഞിട്ടും അറിയാത്ത വികാരവിചാരങ്ങളെ അനുഭവിക്കലാണ്.
തുടരും…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.