നവമാധ്യമങ്ങളുടെ കടന്നു വരവോടെ ദൃശ്യമാധ്യമരംഗത്ത് നിരവധി പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഇത് വെബ് സീരീസുകളുടെ കാലമാണ്. ഇതാ ആ വിഭാഗത്തിൽ ഏറ്റവും പുതിയ ഒന്ന്, സോളോ വെബ് സീരീസ്. ഏക കഥാപാത്ര നാടകങ്ങൾ, ഒരാൾ തന്നെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാടകങ്ങൾ എന്നിങ്ങനെ നാടകരംഗത്ത് വർഷങ്ങളായി അവതരിപ്പിച്ചു വരുന്ന സോളോ ഡ്രാമകൾ നമുക്ക് പരിചിതമാണ്. സോളോ ഡ്രാമയിലേക്ക് വിഡിയോ മാധ്യമത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വിഡിയോകളുടെ പരമ്പരയാണ് സോളോ വെബ് സീരീസ്.
സുനിൽ സൂര്യ തിരക്കഥയും സംഭാഷണവും രചിച്ച് അനൂപ് കൊച്ചിൻ സംവിധാനം ചെയ്ത ഒരു ഫയങ്കരൻ ഗാമുകൻ ഒക്ടോബർ 19 ന് യൂടൂബിൽ റിലീസ് ചെയ്തു. അഭിനയിച്ചിരിക്കുന്നത് സുനിൽ സൂര്യ തന്നെയാണ്. കാമറ ശരത് കുമാർ സ്റ്റുഡിയോ 91, എഡിറ്റർ പ്രമോദ് ഒടയംചാൽ, പശ്ചാത്തല സംഗീതം സിദ്ധാർത്ഥ് അരംബൻ
പയ്യന്നൂർ വിനീത് കുമാർ എഴുതിയ റിവ്യു വായിക്കാം.
അപാര കാമുകന്‍ -ആദര്‍ശവും യാഥാര്‍ത്ഥ്യവും…
കാലങ്ങള്‍ക്കിപ്പുറം വെബ്സീരീസിലെ പുതിയൊരു പരീക്ഷണത്തെ അതേതലത്തില്‍ ആസ്വദിച്ച് കാണാനായതിന്റെ ആവേശത്തിലാണ് ഞാന്‍.
ഓഷോ ഒരിക്കല്‍ പറഞ്ഞു:
” പ്രണയം മരണത്തേക്കാൾ ആഴമേറിയതാണ്. നിങ്ങളുടെ അഹന്തയെ , മനസിനെ എല്ലാം എടുത്തു മാറ്റി പൂർണമായും അപരൻ മാത്രമായിത്തീരുന്നു… “
മോഷന്‍ ഫ്രെയിംസിന്റെ ബാനറില്‍ വന്ദന സുനില്‍ സൂര്യ നിര്‍മ്മിച്ച് അനൂപ് കൊച്ചിന്‍ സംവിധാനം ചെയ്ത ഒരു അസ്സല്‍ ചിത്രം. ഇതില്‍ ഒരേയൊരു കഥാപാത്രമായുള്ളത് സുനില്‍ സൂര്യയാണ്.
പേരുപോലെത്തന്നെ – ‘ഒരു ഫയങ്കരന്‍ കാമുകന്റെ’ ആത്മകഥനമാണ് ഈ ഏകാംഗ ചിത്രത്തിലുടനീളം. നര്‍മ്മത്തിന്റെ മേമ്പൊടിചേര്‍ത്ത് ആസ്വാദനത്തിന്റെ മറുതലയ്ക്കലെത്തിക്കുന്ന സുനില്‍ സൂര്യയുടെ അഭിനയ മാന്ത്രികത ഇപ്പോള്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല.ജന്മവാസനയായി കിട്ടിയതാണ് അദ്ദേഹത്തിന് കല.
ഒരു കാമുകന്‍ പേപ്പറും പേനയുമായി കാമുകിയെ അഭിസംബോധന ചെയ്യാന്‍ നല്ലതു പോലെ തെളിച്ചമുള്ള ഒരു മുറിയിലിരിക്കുകയാണ്.
പ്രിയപ്പെട്ട സഹോദരി… എന്ന് തുടങ്ങാമെന്ന് കരുതിയപ്പോഴാണ് തന്റെയുള്ളിലെ കാമുകി ആ വാക്ക് തന്നില്‍ തീര്‍ത്തേക്കാവുന്ന ധാരണയെക്കുറിച്ച് കാമുകന്റെ മനസ്സില്‍ ബോധോദയമുണ്ടാക്കുന്നത്. ഇത് മനുഷ്യന്റെ സ്വാഭാവികതയെ വരച്ചുകാട്ടുന്നതായി പ്രേക്ഷകര്‍ക്ക് തോന്നിയാലും അത്ഭുതപ്പെടാനില്ല. നാം ആരെ എങ്ങനെ എപ്പോള്‍ ഏതുവിധേന അഭിസംബോധന ചെയ്യണമെന്ന് ചിന്തിച്ചു കുഴയാറുണ്ട്. നിത്യേന നാം കാണുന്ന അനവധി വാട്സ് ആപ്പ് സന്ദേശങ്ങളുണ്ടാകും. എന്നാല്‍ തന്റെ മൊബൈല്‍ ഫോണില്‍ തെളിഞ്ഞ ഒരു അജ്ഞാതസന്ദേശത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു ചലന ചിത്രമുണ്ടാകുക എന്നത് തീരെ നിസ്സാരമല്ല.
സംഗീതേ എന്ന പേരോടെത്തന്നെ ഒടുവില്‍ കത്തെഴുത്തിലെ അഭിസംബോധനയക്ക് വരയിടുകയാണ് കാമുകന്‍. ഇതിനുപിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ഒരു സാധാരണ പ്രേക്ഷകന്റെ ഊഹാപോഹങ്ങള്‍ക്കപ്പുറം സംവിധായകന്റെ കൂടി കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. അടുപ്പക്കൂടുതലിന് പറ്റിയത് നേരായ പേരുവിളിതന്നെ.
വളഞ്ഞ വഴിയിലൂടെ പ്രണയത്തിന് തിരികൊളുത്താന്‍ വെമ്പല്‍കൊള്ളുന്ന ശരാശരി മലയാളിയായി സുനില്‍ സൂര്യ എന്ന നടന്‍ ഇതില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആ സ്ഥാനത്ത് ഏതൊരു കാമുകനെ പ്രതിഷ്ഠിച്ചാലും മറിച്ചൊരു മാറ്റമുണ്ടാകാനിടയുമില്ല.
വാട്സ് ആപ്പും ഫേസ്ബുക്കും പ്രണയിക്കാനുള്ള കടമ്പകളെ ലഘൂകരിച്ചെങ്കിലും പഴമയെ ആവോളം ജീവിതത്തിലേക്ക് പകര്‍ത്തുന്ന കാമുകന്‍ തന്റെ ആശയെ മാനസച്ചെപ്പിലെവിടെയോ ഒളിപ്പിച്ച് തന്റെ അഭിനവ ബുദ്ധിജീവിതത്തെ ഓഷയുടെ സത്യവചനങ്ങളുടെ മറപറ്റി വിവരിക്കുകയാണ്. ഇത് പൊള്ളത്തരങ്ങളുടെ മറുവശത്തേയ്ക്ക് നമ്മെ വഴിനടത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതുതന്നെ…
പൊള്ളത്തരങ്ങളുടെ പൊളിച്ചെഴുത്തിനും ഒരു സോളോ പെര്‍ഫോമന്‍സിന് ഹേതുവാകാമെന്ന് ബോധ്യമാകുകയാണിവിടെ.
ചിത്രത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചാല്‍ ആദ്യഭാഗത്ത് കാമുകന്‍ നേരിട്ട് ഫ്രെയിമില്‍ വരുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ തന്റെ യഥാര്‍ത്ഥ സ്വത്വം വെളിപ്പെടുത്തുന്നത് കണ്ണാടിയ്ക്കുമുന്നിലാണ്. കണ്ണാടിയിലൂടെ കാമുകന്‍ ഓഷോയുടെ മറനീക്കുകയും കാമുകിക്കു മുന്നിലെറിയുന്ന കേവലമായ ഒരു ചോദ്യത്തിലൂടെ പ്രേക്ഷകനെ തന്റെ യഥാര്‍ത്ഥ മുഖം കാണിച്ചു കൊടുക്കുകയും ചെയ്യുന്നു എന്ന വിചിത്രമായ ഭാവപ്പകര്‍ച്ചയിലാണ് ഫയങ്കരന്‍ കാമുകന്‍ സ്ക്രീന്‍ വിടുന്നത്. കാമുകന്റെ പൊതു ലക്ഷണങ്ങളെ നിസ്സാരവത്കരിക്കുകയും അത് പെണ്ണിനു മുന്നിലെ അന്തസ്സില്ലാത്ത കളികള്‍ മാത്രമാണെന്നും വാതോരാതെ സംസാരിക്കുകയും തന്റെ നിഷ്കളങ്കമായ സ്നേഹത്തെ മൂടിവയ്ക്കുകയും ചെയ്യുന്ന ഒരു കാമുകന്‍ പ്രതീകം മാത്രമാണ്. പ്രേക്ഷകന്റെ അതുവരെയുള്ള ധാരണകളെ അട്ടിമറിച്ചുകൊണ്ടാണ് വേഷപ്രച്ഛന്നനായ കാമുകന്‍ തന്റെ പൊള്ളത്തരങ്ങള്‍ അവസാനപാതിയില്‍ അഴിച്ചുവയ്ക്കുന്നത്. ഇത് ഗതികേടാണ്. അവനവന്റെ ഇഷ്ടങ്ങളെ മൂടിവച്ചുകൊണ്ട് ജീവിതത്തെ സമീപിക്കുന്ന അര്‍ത്ഥശൂന്യതയാണ് ഈ വെബ്സീരീസിന് പ്രചോദനമായതെന്നാണ് ഞാന്‍ കരുതുന്നത്. ഈ ഉദ്യമം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥതലങ്ങളില്‍ ചിന്തയുടെ മറുതീരം തേടാന്‍ ഓരോ പ്രേക്ഷകനെയും പ്രാപ്തമാക്കട്ടെ,വരും എപ്പിസോഡുകൾക്കായി ആസ്വാദകർ ഉണ്ടെന്നു വിഡിയോയിൽ വന്ന കമന്റുകൾ സൂചിപ്പിക്കുന്നു ഗാമുകന്റെ ആദ്യ എപ്പിസോഡ് കാണാം.