നാടിന്റെ ആത്മാവിനെ പേറുന്നവർ

0
590
athmaonline-ormakkurippukal-sreelesh-ak-thumbnail

ശ്രീലേഷ് എ.കെ

ദേവിയെച്ചിയെ കാണുമ്പോൾ പൂത്തു നിൽക്കുന്ന ഒരു മുരിക്കിൻ കൊമ്പാണ് എനിക്ക് ഓർമ വരിക. എപ്പോഴും മുറുക്കി ചുവപ്പിച്ച ചുണ്ടുമായി അല്പം കുനിഞ്ഞു ദേവിയേച്ചി നടന്നു വരും അടുത്ത് എത്തുമ്പോൾ ഒന്ന് നിന്ന് നിവർന്ന് നോക്കി ഒന്ന് നീട്ടി തുപ്പും പിന്നെ ചിറി തുടച്ച് ഒരു ചോദ്യം ഉണ്ടാകും ” ഞ് ഏടാ പോവ്വാനേ ” എന്നായിരിക്കും മിക്കവാറും അത്. പോകുന്നത് ദേവി ഏച്ചി ആണെന്നും നമ്മൾ അവിടെ നിൽക്കുക ആയിരുന്നെന്നും ദേവിയേച്ചി ഓർക്കില്ല. എങ്ങോട്ടും ഇല്ല എന്ന മറുപടി കേൾക്കുമ്പോൾ പറയും, ആ.. നീ ആയിരുന്നോ ഞാൻ വിചാരിച്ചു ബിജു ആണെന്ന്. പുറം കുനിഞ്ഞുള്ള ആ നടത്തം തുടരും. ദേവിയേച്ചി കണ്ണിൽ നിന്ന് മായുന്നവരെ ഞാൻ അവർ നടന്നു പോകുന്നത് നോക്കി നിൽക്കും.

Helen Keller ചോദിച്ച, എന്തൊക്കെയാണ് ഒരു കെട്ടിടത്തെ വീടാക്കി മാറ്റുന്നത്? എന്ന ചോദ്യം മനസിലേക്ക് വരുമ്പോൾ എനിക്കൊരു മറു ചോദ്യം ഉണ്ടാകാറുണ്ട്. എന്തൊക്കെ ആണ് എനിക്ക് ഈ നാട് പ്രിയപ്പെട്ടതാകുന്നത്? ഇവിടെ ജനിച്ചത് കൊണ്ടാണോ? അല്ല, അത് ദേവിയെച്ചിയെ പോലെ ഈ നാടിന്റെ ആത്മാവിനെ പേറുന്നവരാണ്. അവരാണ് ഈ നാടിനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്. അവർക്ക് പകരം കൊടുക്കാൻ എന്തുണ്ട് !

ഒരിക്കൽ പതിവ് പോലെ മുരിക്കിൻ പൂക്കൾ ചുണ്ടിൽ നിറച്ച് ആ പതിവ് നടത്തം നടന്നു വരുന്ന ദേവിയെച്ചിയെ ദൂരെ നിന്ന് ഞാൻ വിളിച്ചു എന്നെ കണ്ടപ്പോൾ “എന്തായിനും അപ്പൊ…” എന്ന്‌ ചിരിച്ചുകൊണ്ട് ഒരു മറുചോദ്യവും തന്നു. ഞാൻ ഒരു ഫോട്ടോ എടുത്തു. അടുത്ത ദിവസം തന്നെ പ്രിന്റ് എടുത്ത് വീട്ടിൽ കൊണ്ട് പോയി. പതിവില്ലാത്ത ആ വരവ് കണ്ടപ്പോൾ ദേവിയേച്ചി യുടെ മുഖത്ത് ഒരു അങ്കലാപ്പ് കണ്ടു, ഇരിക്ക് മോനേ എന്നും പറഞ്ഞ് ദേവിയേച്ചി നിലത്ത് മുറുക്കാൻ ഇരുന്നു, ഞാനും ഇരുന്നു. ഞാൻ കവർ ഓടെ ആ ഫോട്ടോ കൊടുത്തു. ദേവിയെച്ചിക്ക് ഒന്നും മനസിലായില്ല, തുറന്നു നോക്കാൻ പറഞ്ഞപ്പോൾ, ഇതെന്തുന്നപ്പോ ഒരു പൊതിയൊക്കെ എന്ന്‌ പറഞ്ഞ് കവർ തുറന്നു. ഫോട്ടോ എടുത്ത് കുറച്ച് നീട്ടിപിടിച്ചു. ഒരു പൊട്ടി ചിരിയാണ് ഞാൻ പ്രതീക്ഷിച്ചത്. ദേവിയേച്ചി ചിരിച്ചില്ല, കണ്ണ് നിറച്ച് എന്നെ നോക്കി. എന്റെ ഫോട്ടോ ഇതുവരെ ആരും എടുത്തിക്കില്ല മോനേ എന്ന്‌ പറഞ്ഞു. ഒരു തുള്ളി നിലത്ത് വീണത് കൈ കൊണ്ട് തുടച്ച് എഴുനേറ്റു. കോലായിൽ തൂക്കിയിട്ട കണ്ണാടിയുടെ അലുമിനിയം ഫ്രെമിൽ ഫോട്ടോ തിരുകി വച്ച്. ഇവിടെ നിന്നോട്ടെ എനിക്ക് എപ്പോഴും കാണാല്ലോ എന്ന്‌ പറഞ്ഞു. സംസാരിക്കുന്നതിനു ഇടയ്ക്ക് തിരിഞ്ഞും മറിഞ്ഞും ഫോട്ടോ നോക്കി അത് എനിക്ക് കാണാവുന്ന ഉയരത്തിൽ ആണെന്ന് ഉറപ്പുവരുത്തി.

എന്റെ നാടിന്റെ ആത്മാവിനെ നിർവചിക്കുന്നവരോട് ഞാൻ കടം വീട്ടുകയാണോ! എന്റെ കണ്ണ് നിറഞ്ഞു പോയി.

അടുത്തിടെ ഒരിക്കൽ, പഴയ ഫോട്ടോ ഇപ്പോഴും ഉണ്ടോ എന്ന്‌ ചോദിച്ചപ്പോൾ ദേവിയേച്ചി അതെല്ലാം മറന്ന് പോയിരുന്നു. നീട്ടി തുപ്പി ചിറി തുടച്ച് കുറച്ച്നേരം ആലോചിച്ചു. അതൊക്കെ എവിടെയോ പോയി മോനേ എന്ന്‌ നിസ്സഹായമായി പറഞ്ഞു. ഫോട്ടോ എത്ര വേണമെങ്കിലും നമുക്ക് ഇനിയും എടുക്കാലോ അത് പോട്ടെ എന്ന്‌ ഞാൻ അശ്വസിപ്പിച്ചു. എന്റെ നല്ലൊരു ഫോട്ടോ നീ എടുത്ത് തരണം ട്ടോ എന്നും പറഞ്ഞു വീണ്ടും ഒന്ന് നീട്ടിതുപ്പി ദേവിയേച്ചി കുനിഞ്ഞു കൊണ്ടുതന്നെ നടന്ന് പോയി. വീട്ടിതീർക്കാൻ കഴിയാത്ത എന്റെ കടങ്ങൾ ബാക്കിയായി…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here