ഓർമ്മക്കുറിപ്പുകൾ
റഫീഖ് എറവറാംകുന്ന്
പതിവ് പോലെ ജൂൺ ഒന്നിന് സ്കൂളുകൾ തുറന്നു. എന്നാൽ മുൻ വർഷങ്ങളെ പോലെ ഇത്തവണ പ്രവേശനോത്സവം ഇല്ല. പണ്ടൊന്നും അത് ഉണ്ടായിരുന്നില്ല. സാധാരണ അഞ്ചു വയസ് പൂർത്തിയായാൽ സ്കൂളിൽ ചേർക്കും. ചിലർക്ക് ആറും, ഏഴ് വയസ് വരെ പോകാറുണ്ട്. ഉപ്പ വിദേശത്തായത് കൊണ്ട് വീട്ടിലെ അമ്മാവനോ, ജേഷ്ഠനോ ആണ് സ്കൂളിൽ ചേർക്കുവാൻ കൊണ്ടുവരിക. ഉമ്മമാർ പുറത്തിറങ്ങുന്നത് വളരെ അപൂർവ്വമായിരുന്നു.
സന്തോഷത്തോടെയുള്ള സ്‌കൂൾ യാത്രക്ക് മരച്ചട്ടയുള്ള ഒരു സ്ലേറ്റും കുടയുമാണ് കൂട്ടിനുണ്ടാവുക. അതോടൊപ്പം ഒന്നോ രണ്ടോ പെൻസിലും, ഒരു ദിവസം പെൻസിലിന്റെ കാൽ ഭാഗം തീർക്കും. സ്ലേറ്റ് മായ്ക്കാൻ കള്ളിമുൾ ചെടി ശേഖരിച്ച് പാകമാക്കി മുറിച്ച് വെക്കുന്ന ഓർമ്മകൾ മനസ്സിലുണ്ട്.
പുസ്തകങ്ങളെല്ലാം ക്ലാസിൽ നിന്നാണ് ലഭിക്കുക. പുസ്തകത്തിന്റെ തുക ടീച്ചർ മുൻകൂട്ടി പറയും. ചില കുട്ടികളെ ടീച്ചർ മേശയുടെ അരികിലേക്ക് വിളിച്ച് എന്തൊക്കെയോ ചോദിക്കുന്നത് കാണാം. പിന്നീടാണ് മനസ്സിലായത് അവർ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരായിരുന്നു എന്ന്.
വിവേചനമില്ലാതെ ഒന്നോ രണ്ടോ പുസ്തകങ്ങൾ എല്ലാവർക്കും ഒരുപോലെ കൊടുക്കും. മേശയുടെ രണ്ടറ്റത്തും ബെഞ്ചിലും പുസ്തകങ്ങൾ അട്ടിയായി വെച്ചതും പേപ്പറിന്റെ പരിമളവും ഇന്നും അടിച്ചു വീശുന്നുണ്ട്.
ഇന്നത്തെ പോലെ വീട്ടു മുറ്റത്തേക്ക് വാഹന സൗകര്യമില്ലായിരുന്നു അന്ന്. രണ്ടോ മൂന്നോ കിലോമീറ്റർ നടക്കണം. ചെറിയ ക്ലാസുകളിലുള്ളവരെ പ്രദേശത്തെ മുതിർന്ന ക്ലാസ്സിൽ പഠിച്ചിരുന്ന പെൺകുട്ടികളെയാണ് അമ്മമാർ ഏൽപ്പിരുന്നത്.
സ്കൂൾ വിട്ട് വരുന്ന കാഴ്ച്ച ഇന്നോർക്കുമ്പോൾ അതിമനോഹരം തന്നെയായിരുന്നു. സ്കൂളിലേക്ക് വരുന്നത് വ്യത്യസ്ത സമയത്താണെങ്കിലും തിരിച്ചു പോകുന്നത് എല്ലാവരും ഒരേ നേരത്താണ്.
സ്കൂൾ വിട്ട് വീട്ടിൽ പോകുമ്പോൾ പലപ്പോഴും അകമ്പടിയായി മഴയുണ്ടാകും. കുട്ടികളെ കൊണ്ട് റോഡ് നിറഞ്ഞ് , കുട ചൂടിപോകുന്ന ആ കാഴ്ച്ച ചന്തമുള്ളതായിരുന്നു. ഇന്നത്തെ പോലെ പല നിറങ്ങളിലുള്ള കുടകളായിരുന്നില്ല അന്ന്. വലിയ ക്ലാസിൽ പഠിക്കുന്നവർ സൈക്കിളിൽ “കിണി കിണി” മുഴക്കി കയ്യിലോ ചുമലിലോ കുടവെച്ച് പോകുന്ന കാഴ്ച്ച ഇന്ന് ഓർമ്മയിൽ കുളിർക്കാറ്റായി നിൽക്കുന്നുണ്ട്.
ഒരു കുടയിൽ രണ്ടോ മൂന്നോ ആളുകളും തലമാത്രം നനയാതെ വസ്ത്രവും ഉടലും വെള്ളത്തിൽ കുതിർന്ന്, അവർ അവരുടെ പുസ്തകം മാറത്ത് പിടിച്ചിരിക്കുന്ന ദൃശ്യവും കണ്ണുകളിൽ തങ്ങി നിൽക്കുന്നു.
ഒരു ദിവസം നല്ല മഴ, സ്കൂളിൽ പോകാൻ മടിയും, വിളിക്കാൻ താത്തമാർ വന്നു കുറെ വിളിച്ചു. ഉമ്മയും പറഞ്ഞിട്ടും അനുസരിച്ചില്ല, സമയമായപ്പോൾ താത്തമാർ പോയി. വീട്ടിലെ മുറ്റത്ത് വെള്ളത്തിൽ കളിക്കുന്നത് മൂത്താപ്പയുടെ മകൻ (വാപ്പുക്ക) കണ്ടു. വിദ്യാഭ്യാസ കാര്യത്തിൽ കർക്കശക്കാരനായ അദ്ദേഹം നേരെ വന്നു കാര്യം തിരക്കി, എന്റെ എല്ലാ കുസൃതിക്കും അവസാനം എന്നെ സംരക്ഷിക്കാറുള്ള ഉമ്മയും ഇത്തവണ വിചാരണയിൽ എനിക്ക് വേണ്ടി സാക്ഷി പറയാൻ തയ്യാറായില്ല. വളരെ ഗൗരവത്തിൽ ഒരു ശബ്ദം. കണ്ണുനീർ ഒഴിക്കിയിട്ടും ഒരു രക്ഷയും ഉണ്ടായിരുന്നില്ല. വേലിക്കരികിലെ “നീലൂരിചെടി”പൊട്ടിച്ചു. അടികിട്ടുമെന്നായപ്പോൾ പുസ്തകക്കെട്ട് എടുത്ത് സ്‌കൂളിലേക്ക് പുറപ്പെട്ടു.
മഴത്തുള്ളികൾ ശക്തമായി നിലത്ത് പതിയുന്നുണ്ടായിരുന്നു. പാടത്തെ നടവരമ്പിലൂടെ ഞാനും, വാപ്പുക്കയും നടന്നു. കുറെ എത്തിയപ്പോൾ ഒരു കുഞ്ഞിത്തോട്. വെള്ളം ശക്തമായി ഒഴുകുന്നുണ്ടായിരുന്നു. ഇതിൽ ഇരുന്നാൽ സ്കൂളിൽ പോകേണ്ട എന്ന് എന്റെ വക്രബുദ്ധിയിൽ തെളിഞ്ഞു. ആ വിഫല ശ്രമത്തെതുടർന്നു തോട്ടവരമ്പത്ത് നീണ്ടു നിന്നിരുന്ന “ഇഞ്ചിപുല്ല് ” പൊട്ടിച്ചതും ട്രൗസർ ഇട്ട കാലിന്റെ തുടയിൽ അടിയടിച്ചതും നനഞ്ഞ് കൊണ്ട് ബെഞ്ചിൽ ഇരുന്നതും ഇന്നും നന്നായി ഓർക്കുന്നു. പിന്നീട് ഞാൻ കോളേജിൽ പഠിക്കുമ്പോൾ അര മണിക്കൂർ പ്രസംഗിക്കാൻ നാട്ടിൽ അവസരം ലഭിച്ചു. അത് കഴിഞ്ഞതിന് ശേഷം അദ്ദേഹം അന്ന് അടിച്ചത് നന്നായി എന്ന് പറഞ്ഞതും ഓർക്കുന്നു.
പരിഭവങ്ങളില്ലാത്ത ആ കാലം, സ്കൂളിൽ സ്നേഹസമ്പന്നരായ ആ അദ്ധ്യാപകർ ഒന്ന് ശിക്ഷിച്ചാൽ പരാതി ഇല്ലാത്ത ആ നല്ല നാളുകൾ. ഇന്ന് ഓൺലൈൻ പഠനം ടെക്നൊളജിയിലും, അത്യാധുനിക സംവിധാനത്തിലും വിദ്യാഭ്യാസ സമ്പ്രദായം ചുറ്റി തിരിയുമ്പോൾ നമ്മുടെ കുട്ടികളെ ഏറ്റവും ഉയർന്ന നിലയിൽ എത്തിക്കുവാൻ മത്സരം നടത്തുമ്പോൾ ഒന്നോർക്കുക, ഈ കാലഘട്ടത്തേക്കാൾ സാമൂഹികവും സാംസ്ക്കാരിക ബോധവും മൂല്യബോധവും അന്നത്തെ തലമുറയിലും തലമുറക്കും ഉണ്ടായിരുന്നു.
…
മറക്കാനാവാത്ത ഓർമ്മകൾ നിങ്ങൾക്കും ഉണ്ടാകില്ലേ.. ജീവിതദിശ തിരിച്ചുവിട്ട ആളുകൾ, കണ്ണിൽ നിന്നു മായാത്ത കാഴ്ചകൾ അങ്ങനെ , അങ്ങനെ…
പങ്കുവെക്കാനാഗ്രഹിക്കുന്ന ഓർമകൾ എഴുതി അയക്കു…
ഇ–മെയിൽ – editor@athmaonline.in, WhtatsApp : 8078816827